ഗൃ­ഹാ­തു­രത്വത്തി­ന്റെ­ ആർ­ദ്രത വർ­ഷി­ക്കു­ന്ന മധ്യകേ­രളത്തി­ലെ­ ഉത്സവങ്ങൾ


മധു കെ.

കേരളീയ സംസ്കാരത്തിന്റെ ഒരവിഭാജ്യ മണ്ധലങ്ങളിലൊന്നാണ് വ്യത്യസ്ത മതവിഭാഗങ്ങളുടെ ആഘോഷങ്ങളും ഉത്സവങ്ങളും. ഉച്ചനീചത്വങ്ങൾ വ്യാപകമായി നിലനിന്നിരുന്ന കാലത്തുപോലും ജാതിമതചിന്തകൾക്കതീതമായി ഇത്തരം ഉത്സവങ്ങളിൽ കേരളത്തിലെ സമസ്ത ജനങ്ങളും പങ്കുകൊണ്ടിരുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ച് കേരളത്തിലെ ഉത്സവങ്ങളിലും നമുക്ക് മാറ്റങ്ങൾ കാണാൻ കഴിയും. ഓരോന്നിനും അതിന്റേതായ തനിമയും മികവും ദർശിക്കാമെങ്കിലും ക്ഷേത്രോത്സവങ്ങളുടെ കാര്യത്തിൽ മധ്യകേരളത്തിലെ ഉത്സവങ്ങളാണ് മികച്ചു നിൽക്കുന്നത്. ഉത്സവങ്ങളിലെ ‘ക്ലാസിക് മാതൃകൾ’ നമുക്ക് കാണാൻ കഴിയുക അവിടങ്ങളിലാണ്.

വേദകാലഘട്ടത്തിനു ശേഷം ആവിർഭവിച്ച ബൗദ്ധ കാലഘട്ടത്തിലാണ് ഭാരതത്തിൽ ക്ഷേത്രങ്ങളും ഉത്സവാ
ഘോഷങ്ങളും നിലവിൽ വന്നതെന്നാണ് അഭിജ്ഞമതം. വരേണ്യവിഭാഗങ്ങളുടെ ചൂഷണത്തിന്റെ മുഖം ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിലെ ക്ഷേത്രങ്ങൾ കലയും സംസ്
കാരവും സാഹിത്യവും സംഗീതവുമെല്ലാം സമന്വയിക്കുന്ന പ്രദേശിക സർവ്വകലാശാലകളായിരുന്നു. തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് ജീവസന്ധാരണത്തിനുള്ള വേദിക കൂടിയായിരുന്നു ക്ഷേത്രങ്ങൾ.

തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പൂരങ്ങളും വേലകളും ഉത്സവക്കന്പക്കാരുടെ ഉത്സവലഹരിയെ പരമകാഷ്ഠയിലെത്തിക്കുന്നവയാണ്. പകൽ മുഴുവൻ പണിയെടുത്ത് രാത്രി താളമേളങ്ങളുടേയും ആനകളുടേയും ഭംഗിയിൽ മുഴുകി, മറ്റെല്ലാം മറന്ന് സങ്കടത്തോടെ ഉത്സവസീസൺ വിടപറയുന്ന അനേകായിരങ്ങളെ നമുക്ക് ഈ ജില്ലകളിൽ കാണാം. അവരിൽ പണ്ധിത−പാമര ഭേദമോ ജാതിമത ഭേദമോ ധനിക−ദരിദ്ര ഭേദമോ ഇല്ല.

പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങൾ ക്ലാസിക് മാതൃകകൾ എന്നു വിശേഷിപ്പിക്കുന്പോഴും അവ തമ്മിൽ ഘടനാപരമായ ചില വ്യത്യാസങ്ങൾ നമുക്കു കാണാം. പാലക്കാട് ജില്ലയിലെ വേലകളും പൂരങ്ങളും കുറേക്കൂടി നാടനാണ്. നെന്മാറ−വല്ലങ്ങി വേല, കുനിശ്ശേരി കുമ്മാട്ടി, അന്തിമഹാകാളൻ കാവ് കാളവേല, മച്ചാട് (തിരുവാണിക്കാവ്−തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ) കുതിരവേല എന്നിവയെല്ലാം ചില ഉദാഹരണങ്ങൾ. മറ്റൊന്ന് ഇവയിലധികവും മേളങ്ങളെക്കാൾ വെടിക്കെട്ടിനു പ്രധാന്യമുള്ള ഉത്സവങ്ങളാണ് എന്നതാണ്. ഇനി മേളങ്ങളിൽ തന്നെ ചെണ്ടമേളത്തേക്കാൾ പഞ്ചവാദ്യത്തിനാണ് ഇവിടങ്ങളിൽ പ്രാമുഖ്യം. ചുരുക്കത്തിൽ കലാപരതയുടേയും ദൃശ്യഭംഗിയുടെയും ചിട്ടയായ ക്രമീകരണത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ നോക്കുന്പോൾ ഉത്സവങ്ങളുടെ പൂർണത അനുഭവവേദ്യമാകുന്നത് തൃശ്ശൂർ ജില്ലയിലെ ഉത്സവങ്ങളിലാണ്. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം, കുട്ടനല്ലൂർ പൂരം, ഇരിങ്ങാലക്കുട കുടൽമാണിക്യം ക്ഷേത്ര ഉത്സവം, ഗുരുവായൂ‍ർ ഉത്സവം എന്നിവയെല്ലാം അറിയപ്പെടുന്ന ചിലതു മാത്രമാണ്. എന്നാൽ തദ്ദേശീയമായി മാത്രം ആഘോഷിക്കുന്നതും അതേസമയം ഗംഭീരങ്ങളുമായ നിരവധി ഉത്സവങ്ങൾ തൃശ്ശൂർ ജില്ലയിൽ വേറെയുമുണ്ട്.

 

തൃശ്ശൂർ പൂരം

ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളാൽ കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ആഘോഷമായി തൃശ്ശൂർ പൂരം മാറിയിട്ടുണ്ട്. ഒരു നഗരത്തിന്റെ മധ്യത്തിൽ ലക്ഷക്കണക്കിനാളുകൾക്കു നടുവിൽ ഏതു നിമിഷവും അപകടകരങ്ങളായേക്കാവുന്ന ആനകളും വെടിക്കെട്ടുമെല്ലാം ഉൾപ്പെടുന്ന മറ്റൊരാഘോഷം ലോകത്തിലെവിടെയെങ്കിലും നടക്കുമെന്നു തോന്നുന്നില്ല. നഗരം അതിന്റെ യാന്ത്രികമായ പദചലനങ്ങളാൽ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്പോഴും വടക്കുനാഥന്റെ പശ്ചാത്തല ഭൂമിയായ തേക്കിൻകാട് മൈതാനത്തിൽ കാലെടുത്തു വെയ്ക്കുന്പോൾ തന്നെ നാം ഒരു ഗ്രാമീണ സ്വച്ഛത അനുഭവിച്ചു തുടങ്ങും. അതിവിശാലമായ ക്ഷേത്രമതിൽക്കെട്ടിനുള്ളാകെ മറ്റൊരു ലോകമാണ്. ഇതിനകത്തു കയറിയാൽ തിരക്കേറിയ ഒരു നഗരമധ്യത്തിലാണെന്നു നമുക്ക് ഒരിക്കലും തോന്നുകയില്ല. മേടമാസത്തിലെ പൂരം നക്ഷത്രത്തിൽ നടക്കുന്ന തൃശ്ശൂർ പൂരം കേരളത്തിലെ ഏറ്റവും വലിയ ആനകൾ, മികച്ച ആനച്ചമയങ്ങൾ എന്നിവയാൽ അനുഗൃഹീതമാണ്. മാത്രമല്ല നാടിന്റെ എല്ലാ ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും തൃശൂർ പൂരത്തെ വിഖ്യാതമാക്കി. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച പാണ്ടിമേളം തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യത്തിൽ ഏറ്റവും മികച്ചത് തിരുവന്പാടി വിഭാഗം അവതരിപ്പിക്കുന്ന മഠത്തിൽ വരവ് സമയത്തെ പഞ്ചവാദ്യമാണ്. കലയെന്നത് ആപേക്ഷികമായി അനുഭൂതി പകരുന്ന ഒന്നാണെങ്കിലും ഘടനാപരമായ സവിശേഷതകൾ കൊണ്ടാണ് അവ ഏറ്റവും മികച്ചതാണെന്നു പറയുന്നത്. ഇതൊക്കെയാണെങ്കിലും ചരിത്രത്തിന്റെയും പ്രകൃതിഭംഗിയുടെയും ആനുകൂല്യത്തിന്റെ കാര്യത്തിൽ തൃശ്ശൂർപൂരത്തെ വെല്ലുന്ന രണ്ട് ഉത്സവങ്ങൾ പെരുവനം−ആറാട്ടുപുഴ പൂരങ്ങളാണ്. തൃശ്ശൂർ പൂരത്തിന് ബോധപൂർവ്വം സൃഷ്ടിച്ചതിന്റെ ഫലമായുള്ള കൃത്രിമത്വത്തിന്റെ സ്പർശം അനുഭവപ്പെടുന്പോൾ ബാക്കി രണ്ടും ഉത്സവക്കന്പക്കാരിൽ സ്വപ്നസദൃശ്യമായ ഭ്രമാത്മകത സൃഷ്ടിക്കുന്ന ഉത്സവങ്ങളാണ്. തൃശ്ശൂർ പൂരത്തിന് കേവലം മുന്നൂറോ നാന്നൂറോ വർഷത്തെ പഴമ മാത്രമുള്ളപ്പോൾ 2015 ഏപ്രിലിൽ നടന്നത് 1433ാമത് പെരുവനം−ആറാട്ടുപുഴ പൂരങ്ങളാണ്. പഴമയുടെ ഈ അനുഭവങ്ങളുടെ മുൻതൂക്കം തന്നെയാണ് പെരുവനം−ആറാട്ടുപുഴ പൂരങ്ങളുടെ മഹത്വത്തിനടിസ്ഥാനം.

 

പെരുവനം പൂരം

തൃശ്ശൂർ−കൊടുങ്ങല്ലൂർ വഴിയിൽ എട്ട് കിലോമീറ്റർ കഴിഞ്ഞുള്ള ചേർപ്പിലാണ് പെരുവനം മഹാദേവക്ഷേത്രം. കേരളത്തിലെ പഴയ 32 ഗ്രാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമമായിരുന്നു പെരുവനം. പെരുവനം ഗ്രാമക്കാരുടെ ഗ്രാമക്ഷേത്രമാണിത്. തിരുവിതാംകൂർ ദേവസ്വവും കൊച്ചിൻ ദേവസ്വവും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏകക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരട്ടയപ്പൻ (ശിവൻ) ആണ് പ്രധാന പ്രതിഷ്ഠ. ശ്രീകോവിലിലെ പീഠത്തിൽ രണ്ട് ലിംഗങ്ങളുണ്ട്. പടിഞ്ഞാറോട്ട് അഭിമുഖമായി വട്ടശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. മൂന്ന് നിലകളുള്ള ക്ഷേ്രതത്തിന്റെ മൂന്നാമത്തെ നില അഷ്ടകോണമാണ്. വാസ്തുവിദ്യയുടെ അതിമനോഹരമായ മാതൃകയാണ് പെരുവനം മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിൽ. പണ്ട് ഈ ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്് 108 ദേവീദേവന്മാർ പങ്കെടുത്തിരുന്നുവത്രേ. കാലാന്തരത്തിൽ രാജഭരണവും ഗ്രാമപ്പൊലിമയും ഇല്ലാതായതോടെ ഉത്സവം നിലച്ചു. എങ്കിലും പഴയ സ്മൃതികൾ അയവിറക്കിക്കൊണ്ട് പണ്ടത്തെ ഉത്സവത്തിന്റെ വ
ലിയ വിളക്കു ദിവസം ഇന്നും പെരുവനത്തിനടുത്ത പ്രദേശത്തെ 13ഓളം ദേവീദേവന്മാർ ഇരട്ടയപ്പനെ വണങ്ങാൻ എത്തുന്നു. ഇതാണിന്നു നാം കാണുന്ന പെരുവനം പൂരം.

 

പെരുവനം നടയും പഞ്ചാരിമേളവും

ഇരുപത്തൊന്നാനകളെ നിരത്തി എഴുന്നള്ളിക്കാവുന്ന അതിവിശാലമായ മതിലകമാണ് പെരുവനം ക്ഷേത്രത്തിനുള്ളത്. പെരുവനം നടയിലാണ് പഞ്ചാരിമേളം ഉടലെടുത്തതെന്നാണ് വിശ്വാസം. അതെന്തായാലും മറ്റെവിടെ നിന്ന് (ഉദാ: കുട്ടനല്ലൂർ പൂരത്തിന്റെ പഞ്ചാരി, ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ പൂരത്തിന്റെ പഞ്ചാരി, എടക്കുന്നി ഉത്രംവിളക്കിന്റെ പഞ്ചാരി, തൃപ്രയാർ ഏകാദശിക്കുള്ള പഞ്ചാരി മുതലായവ) പഞ്ചാരിമേളം കേൾക്കുന്നതിനേക്കാൾ ആസ്വാദകന് മേളത്തിന്റെ പൂർണത അനുഭവപ്പെടുക പെരുവനം നടയിലെ പഞ്ചാരിയാണെന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ വർഷം 2015 മാർച്ച് 29ന് സതീശൻ മാരാരുടെ പ്രമാണത്തിൽ സന്ധ്യയ്ക്ക് ഏഴ് മണിക്ക് ചാത്തക്കുടം ശാസ്താവിന്റെ കയറ്റത്തിനുള്ള പഞ്ചാരിമേളവും രാത്രി 11 മണിക്ക് ഊരകത്തമ്മതിരുവടിയുടെ കയറ്റിനുള്ള പഞ്ചാരിയും പുലർച്ചെ നാല് മണിക്ക് ചേർപ്പ് ഭഗവതിയുടെ വിശ്വോത്തരമായ കിഴക്കോട്ടിറക്കത്തിനുള്ള സാക്ഷാൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിേമളവും ഇതൊരിക്കൽ കൂടി തെളിയിച്ചു. ദേവ സംഗമത്തിന്റെ മഹത്വമറിയിച്ച് കേരളത്തിലെ മേള ചക്രവർത്തിമാർ കൊട്ടിക്കയറുന്പോൾ തെച്ചിക്കാട്ടുകാവ് രാമചന്ദ്രൻ, പുതുപ്പള്ളി കേശവൻ, ശിവസുന്ദർ, ദേവസ്വം ശിവകുമാർ, തിരുവന്പാടി ചെറിയ ചന്ദ്രശേഖരൻ തുടങ്ങിയ നിരവധി ഗജവീരന്മാർ സാക്ഷ്യം വഹിക്കുന്ന പെരുവനം കിഴക്കെ നടയിലെ എഴുന്നള്ളിപ്പ് കാണാത്ത ഒരു മലയാളിയുടെ ജീവിതം അപൂർവ്വമായിരിക്കുമെന്നത് അവിതർക്കിതമാണ്. രണ്ടു ഭാഗം ഉയർത്തി താഴെ നടുവിൽ ആളിക്കത്തുന്ന തീപ്പന്തങ്ങൾക്കു പിന്നിൽ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടമണിഞ്ഞ് ദേവീദേവന്മാരെ തലയിലേറ്റി നിൽക്കുന്ന സഹ്യപുത്രന്മാരും അവർക്കു മുന്പിലായി ഏതൊരു മേളാസ്വദകനേയും വിലോഭിതമാക്കുന്ന പെരുവനം കുട്ടൻമാരാരെപ്പോലുള്ള മേളവിദഗ്ദന്മാരും അണിനിരക്കുന്പോൾ മുകളിൽ നക്ഷത്രങ്ങൾക്കു നടുവിൽ ഏറെക്കുറെ പൂർണ്ണരൂപിയായ ചന്ദ്രന്റെ പാൽപ്രഭയും ചേരുന്ന ധന്യനിമിഷങ്ങൾ വാക്കുകൾക്കതീതമായ സൗന്ദര്യത്തിന്റെ നേർക്കാഴ്ചയാണ്. പെരുവനം ക്ഷേത്രത്തിന്റെ കിഴക്കെ നടയുടെ അറ്റത്തായി തൊടുകുളവും അതിനനുബന്ധമായി അതിവിശാലമായ പാടവും കാണുന്പോൾ പ്രകൃതിയും കലയും സമന്വയിക്കുന്ന മറ്റൊരു മഹാപൂരത്തിന് കൂടിയാണ് നാം സാക്ഷ്യം വഹിക്കുക.

 

പൂരങ്ങളുടെ പൂരമായ ആറാട്ടുപുഴ പൂരം

എല്ലാ വർഷവും മീനമാസത്തിലെ പൂരം നക്ഷത്രത്തിലാണ് ആറാട്ടുപുഴ പൂരം നടക്കുന്നത്. ഇത് കേരളത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ ഉത്സവമാണ്. ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിന് 3000 വർഷത്തിലേറെ പഴക്കമുണ്ട്. പണ്ട് 101 ദേവീദേവന്മാർ ഈ പൂരത്തിൽ പങ്കെടുത്തിരുന്നുവത്രേ. എന്നാലിപ്പോൾ 23 ദേവീദേവന്മാരാണ് ഈ ദേവസംഗമത്തിനെത്തുന്നത്. എഴുപത്തിയഞ്ചോളം ആനകൾ ഈ പൂരത്തിൽ പങ്കെടുക്കുന്നു. തൃശ്ശൂർ നഗരത്തിൽ നിന്ന് 13 കിലോമീറ്ററോളം ദൂരെയാണ് ആറാട്ടുപുഴ ശാസ്താക്ഷേത്രം. കരിവന്നൂർ പുഴയുടെ സമീപത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.

അതിവിശാലമായ ആറാട്ടുപുഴ പാടത്ത് ദേവസമാഗമത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരെ (ശ്രീരാമൻ) മധ്യത്തിൽ നിർത്തി വലതുഭാഗത്ത് ശ്രീ ഭൂദേവിയായ ചേർപ്പ് ഭഗവതിയും ഇടതുഭാഗത്ത് ഊരകത്തമ്മത്തിരുവടിയും പിന്നെ ഇരുഭാഗത്തും മറ്റ് ദേവീദേവന്മാരും നിരന്ന് എഴുപതിലധികം ആനകളും കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന താളമേള വിദഗ്ദ്ധരും ഒത്തുചേർന്ന് പാണ്ടിമേളം അവതരിപ്പിക്കുന്ന പുലർച്ചെ നാല് മണിക്കുള്ള കൂട്ടിയെഴുന്നെള്ളിപ്പ് സ്വർഗീയാനുഭൂതി പകരുന്ന കാഴ്ചയാണ്. ഈ മാസ്മരിക സംഗമത്തിന് സാക്ഷ്യം വഹിക്കാൻ മുപ്പത്തിമുക്കോടി ദേവതകളും പിതൃക്കളും ഗഗനചാരികളായി ഉണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നെള്ളിപ്പ് കണ്ടാൽ വൈകുണ്ധദർശനത്തിനു സമമാണെന്നു പറയുന്നത്. 

പൂരം കഴിഞ്ഞ് രാവിലെ സംഗമത്തിനെത്തിയ ദേവീദേവന്മാർ കരിവന്നൂർ പുഴയിലെ മന്ദാരക്കടവിൽ ആറാട്ട് നടത്തുകയും അടുത്തവർഷം കാണാമെന്നു പറഞ്ഞ് പരസ്പരം ഉപചാരം ചൊല്ലി പിരിയുകയും ചെയ്യുന്ന കാഴ്ച ഹൃദയാവർജ്ജകമാണ്. ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ഈ നേരമത്രയും എല്ലാവർക്കും യാത്രാമംഗളങ്ങൾ നേർന്ന് തന്റെ നിലപാടു തറയിൽ നിൽക്കുന്നുണ്ടാകും. വ്യത്യസ്ത ദേശക്കാരായ ആളുകൾക്ക് ഭിന്നതകൾ മറന്ന് എങ്ങനെ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നതിന്റെ പ്രായോഗിക പരിശീലനം നൽകുന്നതിനു കൂടിയായിരിക്കാം പൂർവ്വസൂരികൾ ഇങ്ങനെയൊരു വിശിഷ്ട ദേവസംഗമം രൂപപ്പെടുത്തിയതിന് കാരണം. വ്യത്യസ്ത ദേശ പരദേവതമാർ ഒത്തുചേർന്ന് പരസ്പരം സ്നേഹബഹുമാനങ്ങൾ പങ്കുവെയ്ക്കുന്പോൾ ദേശവാസികളെന്തിനു പരസ്പരം പോരടിക്കണം? മഹത്തായ ഐക്യബോധത്തിന്റെ ഒരു അന്തർധാര ഇവിടുത്തെ അനുഷ്ഠാനങ്ങളിലൊക്കെ നമുക്കു കാണാൻ കഴിയും. അതിവിശാലമായ പാടം, ആകാശത്ത് പൂർണ ചന്ദ്രൻ. പലഭാഗങ്ങളിലൂടെ കയറിവരുന്ന മേളങ്ങൾ, തലങ്ങും വിലങ്ങും നടക്കുന്ന ആനകൾ, പാടത്തിനറ്റത്ത് മണ്ണെണ്ണ വിളക്കും വെച്ച് ഭാവി പ്രവചിക്കുന്ന കൈനോട്ടക്കാർ, ചുക്കുകാപ്പിയും രാമച്ച വിശറിയും വിൽക്കുന്ന കച്ചവടക്കാർ. സംഗമത്തിനെത്തുന്ന ദേവീദേവന്മരെക്കുറിച്ചുള്ള പറഞ്ഞാൽ തീരാത്ത ഐതിഹ്യങ്ങൾ ഈ മണ്ണിൽ നമോരുത്തരും ബാഹ്യമോടികളഴിഞ‍്ഞു വീണ് കുട്ടിത്തം പുനർജനിക്കുന്ന സാധാരണ മനുഷ്യരായിത്തീരുന്നു. ഇത് ഗൃഹാതുരത്വത്തിന്റെ ആർദ്രത വിരിയുന്ന കർമ്മഭൂമിയാണ്. സ്വപ്നങ്ങളുടെ മായികലോകത്ത് വിഹരിച്ചിരുന്ന ഒരു കുട്ടിക്കാലത്തേക്ക് അൽപ്പസമയമെങ്കിലും തിരിച്ചു പോകാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുന്നുവോ, തീർച്ചയായും അടുത്ത മീനമാസത്തിലെ പൂരത്തിന് ആറാട്ടുപുഴയിലെത്തുക. അവിടെ മേളവും ആനകളും വെടിക്കെട്ടുമെല്ലാം നമുക്കു കിട്ടുന്ന ബോണസ്സുകളാണ്.

You might also like

Most Viewed