കരുത്തോടെ പെൺകുട്ടികൾ മുന്നോട്ടു തന്നെ...
കൂക്കാനം റഹ്്മാൻ
ഉൾനാടൻ ഗ്രാമങ്ങളിൽ പോലും സ്ത്രീകളെയും, പെൺകുട്ടികളെയും വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും, വഴിയരികിലും മറ്റും തള്ളിയിടുകയും ചെയ്യുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ വാർത്താമാധ്യമങ്ങളിൽ ഒന്നോ രണ്ടോ ദിവസം വാർത്തയായി വന്നിട്ടുണ്ടാവും, പിന്നെ അത് സമൂഹം മറക്കുകയും ചെയ്യും.
എന്നാൽ ഫെബ്രുവരി 23ന് കൊച്ചിയിൽ ഒരു യുവനടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് എത്രമാത്രം വാർത്താപ്രധാന്യമാണ് മാധ്യമങ്ങൾ നൽകിയത്? ആ സംഭവം സമൂഹം വളരെ ഗൗരവത്തോടെ കാണുകയും പ്രതികരിക്കുകയും ചെയ്തു. ഭരണതലത്തിൽ അതീവജാഗ്രതയുണ്ടായി. പ്രതികളെ വലയിലാക്കാൻ പോലീസ് കിണഞ്ഞ് ശ്രമിക്കുകയും ചെയ്തു. ഒരു സാദാ പെൺകുട്ടിക്കാണ് ഇത്തരമൊരനുഭവം ഉണ്ടായിരുന്നതെങ്കിൽ ഇവരൊക്കെ മെല്ലെപ്പോക്കിൽ ഒടുങ്ങുമായിരുന്നു...
തൊട്ടടുത്ത ദിവസത്തെ മാധ്യമങ്ങളിൽ ഇരയായ യുവ സിനിമാനടിയുടെ പേരു വിവരങ്ങളും പ്രതികളുടെ പേരു വിവരങ്ങളും വലിയ പ്രാധാന്യത്തോടെ വാർത്തയായി വന്നു. പീഡനത്തിനിരയായ വ്യക്തിയുടെ പേരു വിവരങ്ങൾ പുറത്തറിയിക്കരുതെന്ന് വാർത്താമാധ്യമങ്ങൾക്ക് നിയമ പ്രകാരം വിലക്കുണ്ട്.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 228 എ(1) പ്രകാരം, ലൈംഗിക പീഡനത്തിനിരയാവുന്ന വ്യക്തിയുടെ പേരുവിവരം പത്ര മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ പാടില്ല. പക്ഷേ പല വാർത്താമാധ്യമങ്ങളും നടിയുടെ പേർ വെളിപ്പെടുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തിൽ പീഡനത്തെക്കാളുപരി തട്ടിക്കൊണ്ടുപോയി എന്ന സംഭവത്തിനാണ് പ്രാധാന്യം നൽകിയത്. പീഡനം നടന്നുവെന്ന വിവരം പുറത്തായശേഷം ഇരയുടെ പേര് സൂചിപ്പിക്കാതെ ‘യുവനടി’ എന്ന് മാത്രം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യാൻ തുടങ്ങി.
യുവനടി തന്റേടം കാണിച്ചു. തനിക്കുണ്ടായ പീഡനാനുഭവം നേരിട്ടു ചെന്ന് പോലീസിൽ അറിയിക്കുകയും, പരാതി നൽകുകയും ചെയ്തു. ഇതുമൂലം തനിക്കെന്ത് മാനഹാനി വരും എന്ന് ചിന്തിക്കാതെ, സമൂഹം അപമാനിക്കപ്പെടുമെന്ന ഭയമില്ലാതെ യുവനടി കാണിച്ച മനോധൈര്യം ഇതുപോലെ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാതൃകയാണ്.
ഇത്തരം അനുഭവമുണ്ടായവർ വീടുകളിൽ പതുങ്ങിയിരിക്കുകയും, പുറത്തിറങ്ങി പ്രതികരിക്കാതിരിക്കുകയും ആകെ മനോവ്യഥയിലാണ്ട് പ്രയാസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാവുന്നത്. എന്നാൽ തനിക്കുണ്ടായ അനുഭവം വേറൊരു പെണ്ണിനും ഉണ്ടാവരുത് എന്ന ചിന്തയോടെ മനോധൈര്യം കൈവരിച്ച് ഇറങ്ങി പുറപ്പെട്ട യുവനടി അനുമോദനമർഹിക്കുന്നു.
മാന്യയും സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയുമായ പ്രസ്തുത നടി പോലീസിലൊന്നും പരാതി നൽകില്ല എന്ന ഉറച്ച വിശ്വാസക്കാരനായിരുന്നുപോലും പിടിയിലായ പ്രതി പൾസർ സുനി. തന്റെ ഇമേജ് തകർന്നടിയും എന്ന വിശ്വാസം മൂലം എല്ലാം രഹസ്യമായി വെക്കും യുവനടി എന്നാണ് അവൻ കണക്കുകൂട്ടിയത്.
ഇത്തരം അപവാദ പ്രചാരണങ്ങളുണ്ടായാലോ, ലൈംഗിക അക്രമണത്തിന് വിധേയരായാലോ തന്റെ കർമണ്ധലത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള മനോഭാവമാണ് മിക്ക വ്യക്തികളിലും കണ്ടുവരുന്നത്. ഇവിടെ യുവനടി അവർ അനുഭവിച്ച പ്രയാസങ്ങളുടെ വാദപ്രതിവാദങ്ങൾ കെട്ടടങ്ങും മുന്പേ ഷൂട്ടിംഗ് ലൊക്കേഷനിൽ ഭാവഭേദമന്യേ എത്തിയതും പ്രശംസിക്കപ്പെടേണ്ടതാണ്.
സമൂഹം മൊത്തം അവരോടൊപ്പം സപ്പോർട്ടീവായി നില കൊണ്ടു എന്നതും, ജാതി− മത രാഷ്ട്രീയ ഭേദമെന്യേ സർവ്വരും അവർക്കുനേരിട്ട പീഡനാനുഭവത്തിൽ പ്രതിഷേധിച്ചുവെന്നതും യുവനടിക്ക് മാനസികധൈര്യം കൈവരിക്കാൻ സാധിച്ചിട്ടുണ്ടാവും. ഈയൊരു സംഭവം മൂലം സമൂഹം ഉണർന്നിരിക്കയാണ്. പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന പീഡനങ്ങൾ മറച്ചു വെയ്ക്കാതെ
സ്വയം വെളിച്ചത്തുകൊണ്ടുവരണമെന്നും സമൂഹമാധ്യമ
ങ്ങളിൽ അത്തരം സംഭവങ്ങൾ വെളിവാക്കുന്നതിൽ കുണ്ഠിതപ്പെടേണ്ടതില്ലെന്നും തിരിച്ചറിവുണ്ടായിക്കഴിഞ്ഞു.
ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി തെറ്റാണെങ്കിലും, ഇത്തരം സന്ദർഭങ്ങളിൽ വേട്ടക്കാരെ പരസ്യമായി വെളിപ്പെടുത്തുകയും അവരുടെ ചെയ്തികളെ വ്യക്തമാക്കപ്പെടുകയും ചെയ്യുന്ന ധൈര്യവതികളെ സമൂഹം അറിയേണ്ടേ? അവരുടെ പേര് വെളിപ്പെടുത്തുക തന്നെ വേണം. എങ്കിലേ അവരെ തിരിച്ചറിഞ്ഞ് ആരാധിക്കാനും, അനുകരിക്കാനും, അനുമോദിക്കാനും മറ്റുള്ളവർക്ക് സാധ്യമാവൂ.
∗∗∗∗∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗∗∗∗∗
ഈ കഴിഞ്ഞ ഫെബ്രുവരി 23 ന് ഉച്ചസമയത്ത് തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ യുവതീ−യുവാക്കളായ രണ്ടുപേർ ഇരിക്കുകയായിരുന്നു. സദാചാര പോലീസിനേക്കാളും ആൺ-പെൺ സൗഹൃദം കാര്യക്ഷമമായി വീക്ഷിക്കുന്ന രണ്ടു വനിതാപോലീസുകാർ ഇവരെ നോട്ടമിടുന്നു. യുവതീ−യുവാക്കൾ പരസ്പരം തോളത്ത് കയ്യിട്ടാണിരിക്കുന്നത്. വനിതാപോലീസുകാർക്കിത് സഹിച്ചില്ല. വനിതാപോലീസുകാർ അവരുടെ അടുത്തെത്തി.
പോലീസുകാർ ആജ്ഞാപിച്ചു. ‘ഇത്തരം വൾഗർ’ പരിപാടികൾ പൊതുസ്ഥലത്ത് പാടില്ല. യുവതി വിട്ടുകൊടുത്തില്ല. എന്തു വൾഗർ പരിപാടിയാണ് ഞങ്ങൾ ചെയ്തത്? പരസ്പരം കൈ തോളത്തിട്ടിരിക്കുന്നത് വൾഗറാണോ? അന്യോന്യം വാക്കുതർക്കമായി. അതെല്ലാം ഇവർ ഫേസ്ബുക്കിൽ റെക്കാർഡ് ചെയ്തു. നവമാധ്യമങ്ങളിൽ മിനുറ്റുകൾ വെച്ച് ഇക്കാര്യം പ്രചരിച്ചു. സമൂഹം ചർച്ച ചെയ്യാൻ തുടങ്ങി...
പോലീസ് യുവതീ−യുവാക്കളുടെ രക്ഷിതാക്കളെ വരുത്തി. അവർ വിവാഹിതരാവാൻ പോകുന്നവരാണ്. അവരെക്കുറിച്ച് ഞങ്ങൾക്ക് പരാതിയില്ല എന്ന് രക്ഷിതാക്കൾ പറഞ്ഞതോടെ പോലീസ് വിഷമവൃത്തത്തിലായി. പോലീസിനേയും ഇത്തരം നോട്ടക്കാരെയും പുച്ഛിക്കാൻ അവർ ചെയ്തത് അടുത്തദിവസം തന്നെ വിവാഹിതരാവുകയും കൂട്ടുകാരൊത്ത് പോലീസ് പിടിക്കപ്പെട്ട അതേ മ്യൂസിയം ഗ്രൗണ്ടിൽ വന്ന് കേക്ക് മുറിച്ച് സുഹൃത്തുക്കളുമായി വിവാഹമാഘോഷിക്കുകയുമായിരുന്നു.
എന്തിനും ഏതിനും കുറ്റം മാത്രം കാണുകയും ആണിനേയും പെണ്ണിനെയും എവിടെ കണ്ടാലും ബന്ധുക്കളെന്നോ അച്ഛനും− മകളുമെന്നോ ഭാര്യാ− ഭർത്താക്കന്മാരെന്നോ വ്യത്യാസമില്ലാതെ സംശയത്തോടെ മാത്രം വീക്ഷിക്കുന്നവരുടെ നേർക്കുള്ള വെല്ലുവിളിയാണ് തിരുവനന്തപുരത്തുകാരായ എസ് വിഷണുവും, എസ്.എ ആതിരയും നടത്തിയത്.
തിരുവനന്തപുരം പേരൂർക്കട ലോ കോളേജിൽ സ്വാശ്രയ മുതലാളിത്ത സംസ്‌കാരത്തിനു നേരെ ശബ്ദമുയർത്തിയത് അവിടുത്തെ വിദ്യാർത്ഥികളായ പെൺപുലികളാണ.് അവിടെ പോരാടി നിന്നത് വിദ്യാർത്ഥിനികളുടെ സ്വതന്ത്ര സഖ്യമാണ്. കോളേജ് പ്രിൻസിപ്പാൾ ലക്ഷ്മിനായരുടെ ഏകാധിപത്യ ഭരണത്തിനു തിരശ്ശീല വീഴ്ത്തുകയെന്നതായിരുന്നു പെൺകുട്ടികളുടെ സമരലക്ഷ്യം. ജാതീയതയും, ലിംഗ നീതി നിഷേധവും അവർ നടത്തി. പെൺകുട്ടികൾ ഛർദ്ദിക്കുന്ന പക്ഷം ടി.സി കൊടുത്തുവിടുമെന്ന് രക്ഷാകർത്താക്കളോട് പോലും പറയുകയെന്നാണ് പ്രിൻസിപ്പാളിന്റെ നടപടി എന്നാണ് സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥിനി നേതാക്കൾ പറയുന്നത്.
ആൺകുട്ടികളും പെൺകുട്ടികളും രണ്ടുമീറ്റർ അകലത്തിൽ നിന്ന് സംസാരിക്കണമെന്ന് പോലും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും, ആൺ− പെൺ സൗഹൃദം മറ്റുരീതികളിൽ വ്യഖ്യാനം ചെയ്യപ്പെടുന്നത് അരോചകമാണെന്നും പെൺകുട്ടികൾ തുറന്നു പറയുന്നു. അസഭ്യപ്രയോഗങ്ങൾ, പരസ്യമായ അവഹേളനങ്ങൾ, ഇന്റേണൽ മാർക്ക് നൽകാതിരിക്കൽ, സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് വിദ്യാർത്ഥികളുടെ സ്വകാര്യതമാനിക്കാതിരിക്കൽ തുടങ്ങിയ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിച്ച പ്രിൻസിപ്പാളിനെതിരെ സമരത്തിലുറച്ച് നിന്ന് വിദ്യർത്ഥികൾ പോരാടി വിജയം നേടി.
പ്രിൻസിപ്പാളിന്റെ ഏകാധിപത്യഭരണം പൊതുജനങ്ങൾക്കുമുന്നിൽ എത്തിക്കുകയെന്നതായിരുന്നു പെൺകുട്ടികളുടെ ലക്ഷ്യം. അവർ ഒറ്റക്കെട്ടായി നിന്നു. ഭീക്ഷണികൾക്കു വഴങ്ങിയില്ല, പെൺകരുത്ത്. സമരമുഖത്ത് നിന്ന് പോരാടിയ പെൺകുട്ടികളെ മറ്റു രീതിയിൽ താറടിച്ചു കാണിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ നേരിടാനുള്ള കരുത്തുമായി പെൺകുട്ടികൾ മുന്നോട്ടു തന്നെ...