കു­ടയ്ക്കു­ കീ­ഴിൽ കു­റു­കു­ന്ന കൗ­മാ­രം...


ധനേഷ് പത്മ

 നിക്ക് സ്വാതന്ത്യം വേണം, ഞാൻ എവിടെ ഇരിക്കണം എങ്ങിനെ ഇരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്, അതിന് തടയിടാൻ ഒരു സേനക്കാരും ഇങ്ങോട്ട് വരണ്ട... ആ അലർച്ചയ്ക്ക് ഒരു കപ്പ് വെള്ളം തലയിൽ വീഴുന്നതിന്റെ ആയുസ്സേ ഉണ്ടായുള്ളു, എണീറ്റ് കോളേജിൽ പോടാ... നീ ആരോടാ ഈ അലറി ഒച്ചവെയ്ക്കുന്നത്(അമ്മ). വെള്ളത്തിൽ വീണ കോഴിയെ പേലെ ഇരുവശത്തേയ്ക്കും തലകുടഞ്ഞ് ഞാൻ എണീറ്റു. നീ എണീക്കുന്നോ അതോ ഞാൻ ഇനി വടിയെടുക്കണോ... ഇന്നാട്ടിൽ കിടന്നാലും ഇരുന്നാലും വടിയാണല്ലോ... ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ? അച്ഛൻ പത്രം വായിച്ച് ഉമ്മറത്തിരുപ്പുണ്ട്. ഒരു കപ്പ് കാപ്പിയുടെ ചൂട് ആറി തണുക്കുന്പോലെ വലിയ വാർത്തകൾ വായിച്ച് അച്ഛൻ ചെറിയ കോളം വാർത്തയിലേയ്ക്കെത്തി തുടങ്ങിയിരിക്കുന്നു.

കുളിച്ച് ടീവിക്ക് മുന്പിൽ വന്നിരുന്ന എന്നോട് അമ്മ, നീ ഇന്ന് കോളേജിൽ പോകുന്നില്ലേ? ഇല്ല ഞാനിന്ന് മറൈൻഡ്രൈവിൽ കിസ് ഓഫ് ലൗ സമരത്തിൽ പങ്കെടുക്കാൻ പോകുവാ. കുറേ സദാചാരവാദികൾ ഇറങ്ങിയിട്ടുണ്ട്. മനുഷ്യരൊന്ന് ഒരുമിച്ചിരുന്നാൽ സഹിക്കാത്ത കുറേ സേനക്കാർ, അവർക്കെതിരെ ഇന്ന് കടുത്ത സമരത്തിനാ ആഹ്വാനം ചെയ്തിരിക്കുന്നത്.

പേപ്പറിനിടയിലൂടെ ചെറുതായൊന്ന് തലയുയർത്തി എന്റെ ആവേശത്തിന് നേരെ അച്ഛനൊരു നോട്ടമെറിഞ്ഞു. നിങ്ങളിത് കേൾക്കുന്നില്ലേ? അമ്മ അച്ഛനോട് ചോദിച്ചു. നീയീ വീടിന്റെ പടിയിറങ്ങില്ല, അവന്റെയൊരു സമരോം കിസ് ഓഫ് ലൗവും. നിങ്ങൾക്കൊക്കെ പ്രാന്തോണാടാ? നീയൊക്കെ പൊതുവിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് ഞെളിഞ്ഞ് നിന്ന് പറയുന്നുണ്ടല്ലോ നാണമില്ലാത്തവൻ.

ദേ അമ്മേ എന്റെ നിലപാടിനെ ചോദ്യം ചെയ്യരുത്. ഇന്നാട്ടിൽ സ്വാതന്ത്ര്യം വേണം. അത് ഞങ്ങൾ നേടിയെടുക്കും. ഇവിടെ ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാൽ എന്ത് സംഭവിക്കാനാണെന്ന് എനിക്കൊന്ന് അറിയണം. അമ്മ ഫോൺ ബെല്ലടിച്ചത് എടുക്കാൻ എന്നെ തന്നെ പിറകിലോട്ട് നോക്കി റൂമിലേയ്ക്ക് പോയി. അനിയത്തിയാണ് ഫോണിനപ്പുറത്ത്. അവൾ അമ്മയുടെ സുഖവിവരങ്ങൾ തിരക്കുന്നു. അമ്മയോട് മിണ്ടാൻ കൊതിയായതുകൊണ്ടാണ് രാവിലെ തന്നെവിളിച്ചത്. ഹോസ്റ്റലിൽ നിന്ന് പഠിക്കുവാ നിന്റെ പെങ്ങൾ, കണ്ടോ അവളും നിന്നെപോലെ കോളേജിൽ തന്നെയല്ലേ. ഒരു ഇയറിന്റെ വ്യത്യാസമല്ലേ നിങ്ങൾ തമ്മിൽ ഉള്ളു, അവളിന്ന് കോളേജിൽ പോകുന്നുണ്ട്.

അവള് പോണേ പോട്ടെ ഞാൻ പോകില്ല. നീ പോകേണ്ട, പക്ഷെ സമരത്തിന് ഇവിടുന്ന് പോയാ നീയീ പടി പിന്നെ കയറിയേക്കരുത് പറഞ്ഞേക്കാം, അമ്മയുടെ ഭീഷണി.

അല്ലെങ്കിലും നീയൊക്കെ എന്ത് സമരത്തിനാ പോകുന്നത് നടുറോട്ടിൽ ഉമ്മവെച്ച് കളിക്കാനോ? നിനക്കൊക്കെ
എന്ത് സ്വാതന്ത്ര്യമാ വേണ്ടത് പബ്ലിക്കായി കിസ് ചെയ്യാനുള്ള സ്വാതന്ത്ര്യമോ? അല്ല അപ്പോ അവർ അടിച്ചോടിച്ചതിനെ അമ്മ ന്യായീകരിക്കുകയാണോ?!(ഞാൻ )

ഒരിക്കലുമല്ല, നിങ്ങളെ തല്ലാൻ അവരെ ആരും നിയമിച്ചിട്ടില്ല. അങ്ങനെ നിങ്ങളെ തല്ലിയിട്ടുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യണം, നിയമപരമായി മുന്നോട്ട് പോകണം. പിന്നെ നിയമം! പുച്ഛത്തോടെ ഞാൻ മുഖം തിരിച്ചു.

മറൈൻ ഡ്രൈവിൽ ഉണ്ടായ ചൂരൽ പ്രയോഗമല്ലെ നിന്നെ ഇത്ര രോഷം കൊള്ളിക്കുന്നത്. ഞാനും കണ്ടിരുന്നു ഇന്നലെ ടീവിയിൽ. ഒരു തടിയൻ വടിയെടുത്ത് തല്ലിയോടിക്കാൻ വരുന്നു. ശിവസേനയുടെ പ്രതിഷേധമോ അങ്ങനെയെന്തോ അല്ലേ?

അതേ അമ്മേ അത് തന്നെ. അവിടെ രണ്ട് മനുഷ്യരാ ഒരുമിച്ചിരുന്നത്. അത് ഈ കോന്തൻമാർക്കറിയോ? ഒരുമിച്ചിരുന്നവരെ ആണും പെണ്ണുമായി കണ്ട് അതിനെ അശ്ലീലമാക്കാനാ അവരുടെ പരിപാടി. അതിവിടെ നടക്കില്ല.

നിക്ക്, നീ ഇടയിൽ കയറാതെ. ഞാൻ ചോദിക്കട്ടെ. എന്താണ് ഒരുമിച്ചിരിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതുകൊണ്ട് നീ ഉദ്ദേശിക്കുന്നത്. അത് അമ്മേ പ്രണയിക്കുന്നവർ സ്വസ്ഥമായി ഒരിടത്തിരുന്നോട്ടെ അതിനിവർക്കെന്താ? ഇവരെന്തിനാ മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നത്. അമർത്തിയൊന്ന് മൂളിയ ശേഷം അമ്മ തുടർന്നു.

അല്ല ഞാനൊന്ന് ചോദിക്കട്ടെ നിനക്കെത്ര വയസ്സായി? എനിക്ക് 20 കഴിഞ്ഞു അതമ്മയ്ക്കറിയില്ലേ, എന്തേ? അല്ല നീ പ്രണയിച്ചിട്ടുണ്ടോ? അത്... അത്... ഇല്ലമ്മേ പ്ലസ്ടുവിനൊക്കെ പഠിക്കുന്പോ.... കഷ്ടം 20 വയസ്സായത്രേ, ഒരു പ്രണയമുണ്ടെന്നത് പോലും ഉറപ്പിച്ച് പറയാൻ കഴിയാത്തവനാ സമരത്തിന് ഇറങ്ങി പുറപ്പെടുന്നത്.

എടാ പ്രണയിക്കുന്നതൊന്നും ഒരു കുഴപ്പം പിടിച്ച കാര്യമല്ല. പക്ഷെ ഇന്നത്തെ കാലത്ത് പ്രണയം പല തരത്തിലുണ്ടെന്നതാണ് സത്യം. നിന്റെ അച്ഛൻ എന്നെ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. അന്നൊക്കെ ഒരുമിച്ചൊരിടത്ത് വെച്ച് കാണുക എന്നത് തന്നെ രണ്ട് പേരെയും ക്ഷണിച്ച വല്ല കല്യാണങ്ങൾക്കോ മറ്റോ പോകുന്പോഴാണ്. അന്നത്തെ പോലെയല്ല ഇന്നെന്ന് അറിയാം പക്ഷെ കാലം മാറിയതിനനുസരിച്ച് പ്രണയം ഒരു കുടയുടെ മറവിലേയ്ക്ക് ഒളിച്ചെത്തി തുടങ്ങിയിട്ടുണ്ട്. നീ അത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഉണ്ട്, ശ്രദ്ധിച്ചിട്ടുണ്ട്. അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ അതിനിപ്പോ അമ്മയ്ക്കെന്താ?

ആണ് ഓരോരുത്തരുടെ ഇഷ്ടമാണ്. 18 വയസ്സെന്ന പ്രായപൂർത്തിയുടെ അതിർവരന്പ് കഴിഞ്ഞാൽ സ്വന്തമായുണ്ടാകുന്ന ചില തീരുമാനങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന പോരാണ് ഇഷ്ടം. ആയിക്കോട്ടെ നിങ്ങടെ ഇഷ്ടം തന്നെ. അതിന് പബ്ലിക് പ്ലേയ്സ് തിരഞ്ഞെടുക്കണോ. പ്രണയിക്കുന്പോ എന്തിനാ നിങ്ങൾ മരത്തിന്റെ മറവിലേയ്ക്കും കുടയുടെ അടിയിലേയ്ക്കും പതുങ്ങുന്നത്.

അമ്മ വെറുതെ കാട് കേറരുത്. ഞങ്ങൾക്ക് ഒരുമിച്ചിരിക്കണം, പ്രണയിക്കണം. നിന്നെയൊക്കെ പറഞ്ഞ് മനസ്സിലാക്കുക എന്നത് തന്നെ ഹിമാലയം നടന്ന് കയറുന്നതിനും വലിയ പണിയാ! അമ്മ ചൂടായികൊണ്ട് അടുക്കളയിലേയ്ക്ക് പോയി. ഞാൻ ടീവിയിലേയ്ക്ക് നോക്കി, വാർത്തയിൽ ഇന്ന് നടക്കാനിരിക്കുന്ന സമരത്തെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ചാനലുകാരും എന്റെ കൂടെയുള്ളതുപോലെ എനിക്ക് തോന്നി. അമ്മ അടുക്കളയിൽ നിന്ന് ഉറക്കെ പറയുന്നുണ്ട്, ചാനലിൽ ഇവരുടെ അലർച്ച കേട്ടാൽ തോന്നും ഇന്ന് ഇരുട്ടിവെളുക്കുന്പോഴേക്കും നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന്.

അടുക്കളയിൽ നിന്ന് തിരിച്ചെത്തി അമ്മ എന്നോട് വീണ്ടും കയർത്തു. നിനക്കൊക്കെ പബ്ലിക്കായി കിസ് ചെയ്തിരിക്കാൻ കൂടെ അനുവാദം കിട്ടിയാ എന്നെ പോലുള്ള മാതാപിതാക്കൾക്ക് പെൺകുട്ടികളെ കുറിച്ചുള്ള ആദി വിട്ടൊഴിഞ്ഞ നേരമുണ്ടാകില്ല. അവനൊക്കെ കൊടിപിടിക്കാനിറങ്ങുന്നു. അല്ല ഞാനൊന്ന് ചോദിക്കട്ടെ മോൻ കഴിഞ്ഞ ദിവസങ്ങളിലെ പത്രത്തിലെ വാർത്തകൾ ശ്രദ്ധിച്ചിരുന്നോ? അതിൽ പതിനാറ് തികയാത്ത പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടെന്നും സഹിക്കവയ്യാതെ സഹോദരികളായ ആ രണ്ട് പെൺകുട്ടികളും തൂങ്ങിമരിച്ചതുമൊക്കെ വായിച്ചിരുന്നോ? തീർത്തും അലക്ഷ്യമായി ഞാൻ തലവെട്ടിച്ചു.

അതെ, നിനക്കൊക്കെ അതിനൊന്നും വലിയ പ്രാധാന്യം കാണില്ല. കാരണം അവരൊക്കെ കുട്ടികളല്ലേ, സംഘടിക്കാൻ കെൽപ്പില്ലാത്തവർ. വോട്ടുമില്ലാത്തവർ. നിന്റെയൊക്കെ ഈ ആവേശം മറ്റുള്ളവരോടുള്ള വെറുപ്പിനെയാണ് കാണിക്കുന്നത്. നിന്നെപ്പോലുള്ള യുവത്വം തീർത്തും കണ്ണടയ്ക്കുന്നത് ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിന് ചെറിയ തോതിലെങ്കിലും കാരണമാകുന്നുണ്ട്. 

അമ്മയെന്താ ഈ പറയുന്നത്? ഇതൊക്കെ ആര് വിചാരിച്ചാലും തടയാൻ കഴിയില്ല.

നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത വിഷയമായതിനാലാണ് ഇത്തരത്തിൽ കയ്യൊഴിഞ്ഞ് പിൻമാറാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. നാട്ടിൽ ഇന്ന് കുറ്റകൃത്യങ്ങൾ ചെയ്താലും പിടിപാടുണ്ടെങ്കിൽ ശിക്ഷ ലഭിക്കാതെ പുറത്തിറങ്ങാം. പക്ഷെ കൂട്ടമായി കുറ്റവാളികളെ കടുത്ത രീതിയിൽ ശിക്ഷിക്കണമെന്ന് സംഘടിച്ച് ജനം ആവശ്യപ്പെട്ടാൽ മേലധികാരികൾക്ക് അവരെ രക്ഷിക്കാൻ കൂട്ടുനിൽക്കാൻ സാധിക്കില്ല. ഇവിടെ വികാരിയും സന്യാസിയും മൊയ്ല്യാരും നടത്തുന്ന നെറികേടിനെ നിങ്ങളെപോലുള്ള യുവത ഒരു കൊടിയുടെ കീഴിലും അണിനിരക്കാതെ എതിർക്കാൻ തുനിഞ്ഞാൽ ഒരു പരിധിവരെ ഇതിനൊക്കെ തടയിടാൻ സാധിച്ചേക്കും. അല്ലാതെ റോട്ടിൽ കിടന്നും ഇരുന്നും ഉമ്മവെച്ച് നേരിടുന്ന സമരം എന്താവശ്യമാണ് ഉയർത്തുന്നതെന്ന് ചിന്തിച്ച് നോക്ക്.

അമ്മ പോയി ചായ എടുത്തുകൊണ്ട് വന്നേ വെറുതെ തത്വങ്ങൾ പറഞ്ഞു നിക്കാതെ. ഞാൻ മൊബൈൽ എടുത്തു, ഡാ നീ റെഡിയായോ നമുക്ക് പോണ്ടേ മറൈൻ ഡ്രൈവിലേയ്ക്ക്. ഞാൻ കൂട്ടുകാരനെ വിളിച്ചു. ഇപ്പോൾ തന്നെ പോണോ? വൈകീട്ടല്ലേ, കൂട്ടുകാരന്റെ മറുപടി. നമുക്ക് പോകാം, അങ്ങെത്തുന്പോഴേക്കും ഉച്ചയാകും. തയ്യാറെടുപ്പുകളൊക്കെ ഉണ്ടാകില്ലേ? ഓകെ.

കുടിച്ച ചായകപ്പുമായി അച്ഛൻ പതിയെ നടന്ന് അമ്മയുടെ അടുക്കിലേയ്ക്ക് ചെന്നു. നിങ്ങളെന്താ മനുഷ്യാ ഇതിനൊന്നും പറയാത്തത്. അവൻ ദേ സമരത്തിനൊക്കെ പോകുമെന്ന് പറയുന്നു. ‘നീ പറഞ്ഞിട്ട് മനസ്സിലാകാത്തവന് ഞാൻ പറഞ്ഞാൽ തലയിൽ കയറോ’? അച്ഛൻ അത് പറഞ്ഞ് തൽസ്ഥാനത്ത് തന്നെ തിരിച്ച് വന്നിരുന്നു. യാത്രപറച്ചിലിന്റെ ഭാഗമായി നീട്ടിവിളിച്ച് ഞാൻ പറഞ്ഞു ‘അമ്മേ ഞാൻ പോകുവാ’. നിക്ക് ഒരു മിനിറ്റ്. അമ്മ ഫോണെടുത്ത് അനിയത്തിയെ വിളിച്ചു. മോളെ നീ കോളേജിൽ പോയോ? ഇല്ലമ്മെ പോകാൻ ഒരുങ്ങുവാ, എന്തേ? അനിയത്തി ചോദിച്ചു. ഒന്നുമില്ല, നീയിന്ന് കോളേജിൽ പോകേണ്ട, ഇങ്ങോട്ട് വാ നമുക്കൊരിടം വരെ പോകാം. അമ്മ ഫോൺ വെച്ചു. അനിയത്തി അത് അനുസരിക്കുമെന്ന് എനിക്കറിയാം. അതെന്തിനാ അമ്മേ അവളെ വിളിച്ചുവരുത്തുന്നത്? ഞാൻ ചോദിച്ചു. ഒന്നുമില്ല, നീ തനിച്ച് പോകേണ്ട ഞാനും അവളും കൂടെ വരാം സമരത്തിന്. കിസ് ഓഫ് ലൗവിൽ പങ്കെടുത്ത് സമരത്തെ വിജയിപ്പിക്കാലോ. സമരം വിജയിച്ച് ഇതിനൊരു പരിഹാരം ഉണ്ടായാൽ ഞങ്ങൾക്കും ‘അഹങ്കരിക്കാലോ’ ഞങ്ങളുടെ സാന്നിദ്ധ്യവും സമരത്തിൽ ഉണ്ടായിരുന്നുവെന്ന്. സ്തംഭിച്ചു പോയി ഞാൻ. ഏയ് അതൊന്നും ശരിയാവൂല. അമ്മേം അവളുമൊന്നും വരണ്ട അങ്ങോട്ട്, ഞാൻ പറഞ്ഞു. അതെന്താ വന്നാല്. സമരത്തിൽ വ്യക്തികളെല്ലേ പങ്കെടുക്കുന്നത്, അവിടെ അമ്മയും പെങ്ങളുമൊന്നുമില്ലാലോ. നമുക്ക് പരസ്പരം ഉമ്മവെച്ച് പ്രതിഷേധിക്കാം. സത്യത്തിൽ ഞാൻ പെട്ടു. ഫോണെടുത്ത് ഞാൻ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു ഞാൻ പോകുന്നില്ല സമരത്തിന് നീ വിട്ടോ. ഇല്ലെടാ എന്റെ കൂടെ അമ്മയും വരുന്നുണ്ടെന്ന് വാശിപിടിക്കുന്നു ഞാനും പോകുന്നില്ല, കൂട്ടുകാരന്റെ മറുപടി. അവൻ അപ്പുറത്ത് ഫോൺ കട്ട് ചെയ്തതും ഇവിടെ ടീവി ഓഫായതും ഒരുമിച്ചായിരുന്നു. അമ്മ ആശ്വാസത്തോടെ പറയുന്നുണ്ട് ഹൊ ഇപ്പോഴാ ഒരു സമാധാനമായത്.

ഞാൻ പുറത്തിറങ്ങി അടുത്ത ജംഗ്ഷനിലേയ്ക്ക് നടന്നു. അവിടെ മാതാപിതാക്കളുടെ ഒരു യോഗം നടക്കുന്നുണ്ട്. കൊടിയുടെ നിറമോ മതത്തിന്റെ ലേബലോ ഇല്ല. കരഞ്ഞുകലങ്ങിയ കണ്ണും പിടയ്ക്കുന്ന നെഞ്ചുമായി കുറച്ച് മാതാപിതാക്കൾ. മുദ്രാവാക്യങ്ങളോ തെരുവു നാടകങ്ങളോ അവരെ ആവേശം കൊള്ളിക്കുന്നില്ല. നീട്ടിപിടിച്ച മൈക്കിലൂടെ അവർ അവരുടെ പെൺകുട്ടികൾക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നു. ചിലർ ചില നിർദ്ദേശങ്ങൾ ആരായുന്നു. ഇതിനൊരു പരിഹാരം വേണം. പ്രണയത്തിന്റെ പേരുപറഞ്ഞ് മറൈൻഡ്രൈവ് പോലുള്ള പാർക്കുകളിൽ നടക്കുന്ന തോന്ന്യാസങ്ങൾക്ക് തടയിടണം. കൃത്യമായ നിരീക്ഷണം വേണം. സർക്കാർ സംരക്ഷണത്തിൽ പാർക്കുകളുടെ നിയന്ത്രണം. സെക്യൂരിറ്റി ക്യാമറകൾ. തെറ്റായ പ്രവണതകൾ പബ്ലിക്കിൽ നടക്കുന്നുണ്ടെങ്കിൽ കയ്യോടെ പിടികൂടി നൽകാവുന്ന ബോധവൽക്കരണം. ശേഷം അത് അവർ ഉൾക്കൊള്ളുന്നില്ലെങ്കിൽ തക്കതായ ശിക്ഷ. ഇത്തരത്തിൽ ഒരു സുരക്ഷയുണ്ടാകണം. ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടികളാണ് വലുത്... ആ പറച്ചിലിൽ ശരിക്കും തേങ്ങലുകൾ ഉണ്ടായിരുന്നു... 

ഒരു പത്ത് വർഷത്തിന് ശേഷം എനിക്കൊരു പെൺകുഞ്ഞ് ജനിച്ചാൽ ഞാനും ഇത്തരത്തിലാകും ചിന്തിക്കുക എന്ന് മനസ്സിലാക്കി ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു നടന്നു...

You might also like

Most Viewed