നേരെ നോക്കാതെ മേലോട്ട് നോക്കുന്ന മലയാളി !


സേവ്യർ ഇലഞ്ഞിക്കൽ

സ്വന്തമായൊരു വീട്: ഏതൊരു പ്രവാസിയുടെയും വലിയൊരു സ്വപ്നം (പ്രവാസി അല്ലാത്തവരുടെയും). ഇവിടെ പ്രവാസിക്ക് പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. മറ്റ് ഏത് പ്രവാസികളെക്കാളും ഏറെ ചൂഷണത്തിന് വിധേയമാകുന്ന ഒരു പ്രവാസി സമൂഹമാണ് ഗൾഫ് മേഖലയിലുള്ള കേരളീയർ. കേരളീയരെ വല വീശി പിടിക്കാൻ വള്ളവും വലയുമായി ഗൾഫിലേയ്ക്ക് വരുന്നവർ ഏറെയാണ്. മലയാളികൾ വലയിൽ കുടുങ്ങുമെന്ന് അവർക്ക് നന്നായറിയാം. കാരണം സാക്ഷരതയുടെയും ബുദ്ധിയുടെയും ഒരു വലിയ കിരീടം മലയാളി തന്റെ തലയിൽ അണിഞ്ഞിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഇവിടെ ആരുമില്ല. എന്തെന്നാൽ മറ്റുള്ളവരുടെ തലയും നഗ്നമാണ്.

1990ന് ശേഷമാണ് മലയാളി നേരെ നോക്കുന്നതിൽ നിന്നു വ്യതിചലിപ്പിച്ച് മേലോട്ട് നോക്കാൻ തുടങ്ങിയത്. (നേരെ നോക്കുന്നത് വീട്, മേലോട്ട് നോക്കുന്നത് ഫ്ളാറ്റ്) മുന്പ് നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ഫ്ളാറ്റ് മാനിയ പ്രാന്തപ്രദേശങ്ങളെയും ഗ്രാമങ്ങളെയും കാർന്നു തിന്നാൻ തുടങ്ങിയതോടെ ഗൾഫിലേയ്ക്ക് വരുന്ന ചെറുതും വലുതുമായ ഉദാരമതികളായ ഫ്ളാറ്റു മുതലാളിമാരുടെ ഏജന്റുമാർ കൊണ്ടുവരുന്ന ബഹുവർണ ചിത്രങ്ങളും ലഘുലേഖകളും വീഡിയോ ക്ലിപ്പിങ്ങുകളും കണ്ട് ഗൾഫ് മലയാളി ഒരുപാട് മയക്കത്തിലാകുന്നു. 30, 40 ലക്ഷം രൂപ വിലയുള്ള ഫ്ളാറ്റിന് ആറോ ഏഴോ ലക്ഷം രൂപ കൊടുത്താൽ ബാക്കി ബാങ്ക് ലോൺ അതും അവർ ശരിയാക്കി കൊള്ളും. ഗൾഫുകാരന്റെ വർഷങ്ങളുടെ സന്പാദ്യം ഒരു ചെക്ക് ലീഫിലാക്കി ഏജന്റ് സ്ഥലം വിടുന്നു. പാവം മലയാളി മയക്കം വിട്ടുണരുന്പോൾ കേരളത്തിൽ അങ്ങിനെ ഒരു ഫ്ളാറ്റ് സമുച്ചയവുമില്ല. അതിനുവേണ്ടി ഒരിഞ്ചു സ്ഥലം പോലും എവിടെയും വാങ്ങിയിട്ടില്ല എന്നറിയുന്നു. അപ്പോ നേരെ നോക്കാൻ പോലും കെൽപ്പില്ലാതെ തല താഴുന്നു. കാലാകാലങ്ങളായി ഈ വഞ്ചനാ പ്രവണത തുടരുന്നു. ആട്, മാഞ്ചിയം, തേക്ക് എന്തിനേറെ രാജസ്ഥാൻ മരുഭൂമി വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. എന്നിട്ടും ഗൾഫ് മലയാളികൾ പഠിക്കില്ല. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല.

ഗൾഫിലേയ്ക്കു വരുന്ന എല്ലാ കന്പനിക്കാരും ഗൾഫുകാരെ പറ്റിച്ചു എന്നു പറയുന്നില്ല. ചില നല്ല കന്പനിക്കാരും വന്നു, പലർക്കും ഫ്ളാറ്റു കിട്ടുകയും ചെയ്തു. അങ്ങിനെ കിട്ടിയവർക്ക് കിട്ടി കഴിഞ്ഞപ്പോൾ കിട്ടേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായി. കടമായും പലിശക്കെടുത്തും പറഞ്ഞ തുക അടച്ചു കഴിയുന്പോഴാണ് ഏജന്റുമാർ പറയാത്ത ചില കാര്യങ്ങൾ നാം അറിയുന്നത് സർക്കാറിലേക്കടക്കേണ്ടതായ നികുതികളാണ് അതിൽ പ്രധാനം. സർവ്വീസ് ടാക്സ്, വാറ്റ്, വർക്കേഴ്സ്, വെൽഫെയർ ടാക്സ് ഇവയെല്ലാം കൂടെ അടച്ചു തീരുന്പോൾ ഫ്ളാറ്റു വിലയുടെ ഏതാണ്ട് 25 ശതമാനത്തോളം വരും. എല്ലാ പൊല്ലാപ്പും കഴിഞ്ഞ് ഫ്ളാറ്റ് കൈമാറുന്പോൾ ഒരു ബില്ലും കാണും. ആ ബില്ലു കാണുന്പോൾ ഏതൊരാളുടെയും കണ്ണു തള്ളും. വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ, വാട്ടർ കണക്ഷന് ഒന്നര ലക്ഷം രൂപ ഇങ്ങിനെ പല ഇനത്തിലായി ഒരു ഒടുക്കത്തെ ബില്ലിൽ ഏഴോ എട്ടോ ലക്ഷം രൂപയായിരിക്കും അടക്കാൻ പറയുന്നത്. ചോദ്യങ്ങളൊന്നും വേണ്ട സംശയങ്ങൾ ബാക്കിയാണ്. 50ഉം 60 ഫ്ളാറ്റുകളും ബിൽഡിംഗ് വെള്ളത്തിന്റെയും വൈദ്യുതിയുടെ കണക്ഷന് എത്ര കോടി രൂപ കൊടുക്കണം? ആ കടന്പയും കടന്ന് ഫ്ളാറ്റിലേക്ക് കയറുന്പോഴാണ് മറ്റൊരു സംശയം. 1500 സ്ക്വയർ ഫീറ്റ് എന്ന് പറഞ്ഞ് രേഖാമൂലം നാം എടുത്ത ഫ്ളാറ്റ് അളന്നു നോക്കുന്പോൾ 1100 സ്ക്വയർ ഫീറ്റിൽ കൂടുതൽ കാണില്ല. ഓടി ഓഫീസിൽ ചെല്ലുന്പോൾ അവരുടെ വിശദീകരണം കോറിഡോർ, ലിഫ്റ്റ് എന്നിവ ഉൾപ്പെടുത്തിയാണ് നിങ്ങളുടെ ഫ്ളാറ്റിന്റെ വിസ്തീർണം 1500 സ്ക്വയർ ഫീറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടി ചന്തക്കു പോയ പോലെ അവിടെ നിന്നും മടങ്ങി വരുന്പോൾ ഒരാശ്വാസം. എത്രയോ പേർ ഫ്ളാറ്റ് കിട്ടാതെ വഞ്ചിതരായിരിക്കുന്നു. അവരിലൊരാളായില്ലല്ലോ ഞാൻ എന്ന് ദൈവത്തിനു സ്തുതി പറഞ്ഞിരിക്കുന്പോഴാണ് ഓഫീസിൽ നിന്നും ഒരു സന്ദേശം, നിങ്ങളു‍‍െട ഫ്ളാറ്റിൽ നിങ്ങൾ താമസിക്കുന്നില്ലെങ്കിൽ മാസം 2500 രൂപ വെച്ച് അയച്ച് തരണം, മെയ്ന്റൻസ്, സെക്യൂരിറ്റി, വൈദ്യുതി എന്നിവയിലേക്കാണ് പണം. അയച്ചു കൊടുത്തേ പറ്റൂ. വേറെ വഴിയില്ല. ഫ്ളാറ്റ് ആർക്കെങ്കിലും വാടകക്ക് കൊടുക്കാമെന്നു കരുതിയാൽ ഗൾഫിൽ നിന്നും നാട്ടിൽ ചെല്ലുന്പോൾ അവർ ഒഴിഞ്ഞു തന്നില്ലെങ്കിലോ കേസോ, കൂട്ടമോ ആയാൽ പ്രശ്നം കൂടുതൽ വഷളാകും. ഓതാൻ പോയപ്പോ ഒള്ളതും പോയി എന്ന മട്ടാകും. ഇനി മേൽനോട്ടത്തിന് ഒരാളെ ഏൽപ്പിക്കാമെന്നു കരുതിയാൽ 2500നു പുറമേ ടിയാന് ശന്പളവും കൊടുക്കണം. പിന്നെ ബന്ധുക്കൾ. അതിലും ഭേദം അന്യർ തന്നെ എന്ന ചിന്താഗതിക്കാരാണ് ഒട്ടുമിക്കവരും.

മേൽ വിവരിച്ച ഫ്ളാറ്റു കാര്യങ്ങൾ എല്ലാ ഗൾഫു മലയാളികളെയും ബാധിക്കുന്ന പ്രശ്നമേയല്ല. കേവലം ഒന്നോ രണ്ടോ ശതമാനം ഗൾഫുകാരെ മാത്രമേ ഇത് ബാധിക്കുന്നുള്ളൂ. മറ്റുള്ളവർക്ക് ഇതിലും സങ്കീർണ്ണമായ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ട്. നമുക്ക് മലയാളികൾക്ക് നേരെ നോക്കി നടന്നാൽ പോരെ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed