കേരളമേ, നീ ലജ്ജിച്ച് തല താഴ്ത്തണം
കൂക്കാനം റഹ്്മാൻ
സ്വയം ബോധ്യമില്ലാത്ത കാപാലികൻമാരുടെ നാട്ടിൽ ജിവിക്കേണ്ടിവരുന്ന പെൺകുട്ടികളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. അവർ ആക്രമിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലായിട്ടും വേണ്ട സംരക്ഷണമില്ലാത്ത സ്ഥിതി നിലനിൽക്കുന്നു. അക്രമം ശീലമാക്കിയ പുരുഷമേലാളനെ ബോധവൽക്കരിക്കാൻ നിൽക്കുന്നവർ ബോധമില്ലാത്തവർ. പകരം വേണ്ടത് ശരിയായ ശിക്ഷാ നടപടി, ശരിയായ സ്ത്രീ സുരക്ഷ.
വാളയാറും, കൊട്ടിയൂരും മറ്റ് പലയിടങ്ങളും പീഡനവാർത്തകളാൽ കോളങ്ങൾ നിറയുന്പോൾ സുരക്ഷയെ കുറിച്ച് വറ്റിവരണ്ട വായകൊണ്ട് വിളിച്ചു കൂവാം എന്നല്ലാതെ പ്രയോജനമെന്ത്? ഇന്നും ഒരു പീഡന വാർത്തയുണ്ട് കേൾക്കുന്നു. വാളയാറിൽ തന്നെ അത് സംഭവിച്ചിരിക്കുന്നു. വൈദികനും, സന്യാസിയും, മൊയ്്ലിയാരുമെല്ലാം നൻമ പറഞ്ഞുകൊടുക്കാൻ തയ്യാറാവാത്തിടത്ത് ഈ നാടിന്റെ പോക്ക് ഏത് ദിശയിലേയ്ക്ക്? പറഞ്ഞ് നീട്ടുന്നില്ല, ഈ ആത്മഹത്യാ കുറിപ്പൊന്നു നോക്കു... ആത്മഹത്യാകുറിപ്പാണെങ്കിലും പക്ഷെ അവൾ ആത്മഹത്യ ചെയ്തിട്ടില്ല. പെൺകുട്ടിയായി ജനിക്കേണ്ടി വന്നതിൽ സമൂഹത്തിന് നേർക്ക് അവളെയ്യുന്ന ചോദ്യശരങ്ങൾ കേൾക്കുന്പോൾ ലജ്ജകൊണ്ട് തലതാഴ്ത്തേണ്ടി വരും.
“ഞാൻ ജീവിതം അവസാനിപ്പിക്കുന്നു. ഇനിവയ്യ ഈ സമൂഹത്തിൽ ജീവിച്ചുപോകാൻ. അപവാദങ്ങൾ സഹിക്കാൻ പറ്റുന്നതിലുമപ്പുറമായിപ്പോയി. പ്രചരിപ്പിക്കുന്നതിൽ ഒരു തുള്ളി സത്യമെങ്കിലും ഉണ്ടെങ്കിൽ ഇതിലും ഇതിലപ്പുറവും കേൾക്കാമായിരുന്നു. ഞാൻ ഈ ഭൂമുഖത്ത് നിന്ന് മറഞ്ഞാൽ എന്നെ മാനസികമായി തളർത്തിയവർക്ക് ആത്മസംതൃപ്തി ഉണ്ടാവുമോ? ഇല്ല അതൊരിക്കലുമുണ്ടാവില്ല. പാവം എന്റെ അമ്മയും, അച്ഛനും, അനിയനും മാത്രമെ പ്രയാസമുണ്ടാവൂ എന്നെനിക്കറിയാം.
പ്ലസ്ടുവിന് പഠിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ച് അച്ഛനുമമ്മയ്ക്കും എന്തെല്ലാം പ്രതീക്ഷകളുണ്ടാവും. ആ പ്രതീക്ഷകളെല്ലാം അസ്തമിക്കുമെന്ന ചിന്ത എന്നെ വേദനിപ്പിക്കുന്നു. എന്റെ സ്‌ന്തോഷ ദുഃഖങ്ങളിൽ എന്നും പങ്കുകൊണ്ട് സമാധാനിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന അവരുടെ വേദന എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്. എങ്ങിനെയമ്മേ ഞാനിനി ജീവിക്കുന്നത്? സുഹൃത്തുക്കളുടെ മുഖത്ത് എങ്ങിനെ നോക്കും? എല്ലാവരും എന്നെ തെറ്റിദ്ധരിച്ചില്ലേ? അച്ഛനോടുള്ള വിരോധവും അസൂയയും എനിക്കിട്ട് തീർക്കുകയാണവർ.
അച്ഛൻ നല്ല അദ്ധ്വാനിയാണ്. ഒന്നുമില്ലായ്മയിൽ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ ഉയർച്ചയുടെ പടവുകൾ ഓരോന്നായി കയറുകയായിരുന്നു എന്റെ പ്രിയപ്പെട്ട അച്ഛൻ. അമ്മയും രാപകലന്യേ അവർക്കാവും വിധം അച്ഛന് കൂട്ടായിനിന്ന് പ്രവർത്തിക്കുകയാണ്. പഠിത്തത്തോടൊപ്പം ഞാനും അനിയനും കാർഷിക പ്രവർത്തികളിൽ അവരോടൊപ്പം അദ്ധ്വാനിക്കും. കഠിനാധ്വാനത്തിലൂടെ ഒരു കൊച്ചു കുടുംബം ഉയർന്നുവരുന്നതിൽ അവർ അസൂയാലുക്കളാവുന്നതെന്തിനാണ്? ഞങ്ങളുടെ നാട്ടിൽ അച്ഛന് അടുത്ത സുഹൃത്തുക്കളായി വിരലിലെണ്ണാവുന്നവരേയുള്ളു. അതിലൊരാൾ നാട്ടിലെ അറിയപ്പെടുന്ന സാന്പത്തിക ശേഷിയുള്ള വ്യക്തിയാണ്. ആശയപരമായി ആ വ്യക്തിയും അച്ഛനും വളരെ അടുപ്പത്തിലാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് കാര്യങ്ങളൊക്കെ വിദേശത്താണ്. എങ്കിലും ആറാറുമാസം കൂടുന്പോൾ നാട്ടിൽ വരും. കുടുംബത്തോടൊപ്പം താമസിച്ച് തിരിച്ചു പോവും. അദ്ദേഹത്തിനും നാട്ടുകാരുമായുള്ള ബന്ധം കുറവാണ്. എന്നെക്കുറിച്ച് നാട്ടിൽ പരന്ന ആദ്യ വാർത്ത ഇങ്ങിനെയായിരുന്നു.
‘അവൾ സ്‌കൂളിൽ തലകറങ്ങി വീണു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവൾക്ക് മാസവൃത്തിയായിട്ടുണ്ട്.’ ഇങ്ങിനെയൊരുസംഭവം ഇതേവരെ ഉണ്ടായിട്ടില്ല. നട്ടാൽ മുളയ്ക്കാത്ത കളവാണിത്. ഇത് പറഞ്ഞു പരത്താൻ ആളുകൾക്ക് നൂറ് നാക്കായിരുന്നു... അൽപം സൗന്ദര്യം കൂടിപ്പോയത് എന്റെ കുറ്റമല്ലല്ലോ? പഠനത്തിൽ മുന്നിലായത് എന്റെ അദ്ധ്വാനം കൊണ്ട് മാത്രമാണ്. ഇത് കൊണ്ടാവുമോ നീചമായ രീതിയിൽ ഇത്തരമൊരാരോപണം പറഞ്ഞു പരത്താൻ ചിലരെ പ്രലോഭിപ്പിച്ചത്? ചില യുവാക്കൾ എന്റെ പിറകേ നടക്കാറുണ്ട്. ഞാനവരെ മൈന്റ് ചെയ്യാറില്ല. അതും ഒരു കാരണമാവുമോ ഇതിന്? തുടർക്കഥകൾ പിന്നെയും വന്നു. ഞാൻ സാന്പത്തിക ശേഷിയുള്ള ആ മനുഷ്യന്റെ വീട്ടിൽ ട്യൂഷന് ചെല്ലാറുണ്ടെന്നും, അദ്ദേഹത്തിന്റെ ഭാര്യയാണ് ട്യൂഷൻ ടീച്ചറെന്നും, ടീച്ചർ വീട്ടിലില്ലാത്ത സമയത്ത് ആ വ്യക്തിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നും പ്രചാരണമുണ്ടായി.
ഈ പറഞ്ഞകാര്യങ്ങളൊന്നും ഉണ്ടായതല്ല. എനിക്ക് ആ വീടോ, ആ വ്യക്തിയേയോ ഇതേവരേയ്ക്കും അറിയില്ല. അങ്ങുനെയൊരു ട്യൂഷന് ഞാൻ എവിടെയും പോകാറുമില്ല. കെട്ടിച്ചമച്ച അപവാദ കഥ. എത്ര മനോഹരമായിരുന്നു! ഭാവനാപൂർണ്ണമായിരുന്നു! ഇങ്ങിനെയും പറഞ്ഞു പരത്താൻ നാക്കുപൊന്തുന്നല്ലോ ചില വ്യക്തികൾക്ക് എന്ന് ചിന്തിക്കുന്പോൾ അത്ഭുതം തോന്നുന്നു. ഞാൻ സ്‌കൂളിൽ തളർന്നു വീണതും, ആശുപത്രിയിൽ അഡ്മിറ്റായതും, എനിക്കറിയുക പോലുമില്ലാത്ത വ്യക്തിയുടെ വീട്ടിൽ ട്യൂഷന് ചെന്നതും, അദ്ദേഹത്തിന്റെ ഭാര്യയാണ് ട്യൂഷൻ ടീച്ചറെന്നും, ഭാര്യ വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹവുമായി അരുത്താത് ചെയ്തെന്നും, അതാണിങ്ങിനെ സംഭവി
ച്ചതെന്നും പറഞ്ഞു പരത്തിയ കെട്ടുകഥ എന്നെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് ഈ നുണക്കാർക്കറിയില്ലേ?
അവർക്കും പെണ്‍മക്കളും പെങ്ങന്മാരും ഉണ്ടാവില്ലേ? ഇല്ലാക്കഥ പറഞ്ഞുപരത്താൻ ആളുകൾക്കെന്ത് ഉത്സാഹമാണ് നമ്മുടെ നാട്ടിൽ? ഏതോ ഒരുത്തൻ മെനഞ്ഞുണ്ടാക്കിയ കഥയാണിത്. ചെവിക്കുചെവി ഈ നുണ വ്യാപിച്ചു. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വന്നു. സ്‌കൂൾ പഠനം മുടങ്ങി. അടുത്തകൂട്ടുകാർക്കൊക്കെ സത്യമറിയാം. ഞാൻ സ്‌കൂളിൽ ഇതേവരെ കുഴഞ്ഞുവീണിട്ടില്ല. പിന്നെങ്ങിനെ ബാക്കിയുള്ള കഥകൾ ഉണ്ടാവും. അവരെന്നെ സാന്ത്വനിപ്പിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ സമാധാനപ്പെടുത്തുന്നുണ്ട്. അതുപോരല്ലോ? നാട്ടുകാരെയും, സ്‌കൂളിലെ മറ്റു കൂട്ടുകാരെയും എങ്ങിനെ ബോധ്യപ്പെടുത്തും? ഇക്കാര്യം സൂചിപ്പിച്ച് പരാതികൊടുത്താലോ എന്നാലോചിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്യും എനിക്ക് സംശയമുള്ളവരുടെ പേരു വിവരം എഴുതി പരാതിപ്പെട്ടാൽ അവരെ േസ്റ്റഷനിലേയ്ക്ക് വിളിപ്പിക്കും.
അവർ എന്നോട് കൂടുതൽ ശത്രുതയോടെ പെരുമാറും. പെൺകുട്ടിയെ അപമാനിച്ചവരെ ചോദ്യം ചെയ്തു എന്ന് വാർത്ത വരും. പോലീസിന്റെ ഭാഗത്തുനിന്ന് എനിക്ക് നേരെ ചോദ്യങ്ങൾ ഉണ്ടാവും. ഇങ്ങിനെയൊരു തെറ്റ് വന്നിട്ടുണ്ടോ എന്നറിയാൻ കൂലംകഷമായി ചോദ്യം ചെയ്യപ്പെടും. ഇതൊക്കെ ഞാൻ സഹിക്കേണ്ടെ? എന്തെങ്കിലും ചെറിയ തോതിലെങ്കിലും നടക്കാതെ ഇത്തരമൊരു പ്രശ്‌നം പുറംലോകമറിയോ! നാട്ടുകാരുടെ അടക്കിപ്പിടിച്ച സംസാരം ഇങ്ങിനെയായിരിക്കില്ലേ? ഇതെല്ലാം ചിന്തിക്കുന്പോഴാണ് ജീവിച്ചിരിക്കാൻ കഴിയില്ല എന്ന തോന്നലുണ്ടാകുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ പടച്ചുണ്ടാക്കിയ കെട്ടുകഥയുടെ ചുരുളഴിക്കാൻ പറ്റുമോ എന്നതിനെ കുറിച്ചും സ്വയം ചിന്തിച്ചു.
അതിന്റെ അന്വേഷണം സ്‌കൂളിൽ നിന്ന് തന്നെ തുടങ്ങി. സ്‌കൂളിലെ വേറൊരു ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസിൽ തളർന്നുവീണിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. അക്കാര്യം നടന്നത് കുറേ മാസങ്ങൾക്കുമുന്പാണ്. ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണം മൂലം തളർന്നുവീണതാണാകുട്ടി. അവളെ ആശുപത്രിയിലെത്തിച്ചത് ഒരു ജീപ്പിലാണ്. ജീപ്പിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരിലൊരാൾ എന്റെ അച്ഛനായിരുന്നു. ജീപ്പിലുണ്ടായിരുന്ന ചെറുപ്പക്കാർ നാട്ടിൽ ഈ വിവരം പറഞ്ഞുകാണും. അച്ഛനോടു വ്യക്തിവൈരാഗ്യമുള്ളവർ ഇക്കാര്യം എന്റെ പേരിൽ ചാർത്തിയതാവാം. അതിന് പൊടിപ്പും തൊങ്ങലും ചാർത്തിയതാവാം. അന്ന് ആ ജീപ്പിൽ യാത്ര ചെയ്ത മറ്റുള്ളവരോടൊക്കെ ഇക്കാര്യം പറഞ്ഞ് അച്ഛൻ അന്വേഷിച്ചു. അവരാരും പറഞ്ഞില്ല, അറിഞ്ഞില്ല എന്നാണ് സൂചിപ്പിച്ചത്... ഞാൻ പോകുന്നു... എന്നെപ്പറ്റി അപവാദം പറഞ്ഞവരെ കണ്ടെത്തണം. മാന്യമായ ശിക്ഷകൊടുക്കണം. ഇനിയൊരു പെൺകുട്ടിക്കും ഇത്തരം അനുഭവമുണ്ടാകരുത്. അച്ഛനും അമ്മയും അനിയനും എനിക്കു മാപ്പുതരണം...”
പക്ഷെ കുറിപ്പെഴുതി പൂർത്തിയായി ആത്മഹത്യക്ക് മുന്നിട്ടിറങ്ങിയ പെൺകുട്ടി പിന്തിരിഞ്ഞു. ഷാൾ ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കിട്ടു നിന്ന അവൾ കുരുക്കഴിച്ച് താഴെയിറങ്ങി... ഇല്ല. മരിക്കില്ല. ഈ കുറിപ്പ് പുറത്തറിയിക്കണം... ഇത്തരക്കാരോട് സന്ധിയില്ലാതെ പോരാടണം. സമൂഹം സഹായിക്കുമെന്ന് പ്രതീക്ഷയോടെ...