രാഷ്ട്രീയം പറയുന്ന ഒരു മെക്സിക്കൻ അപാരത


മെക്സിക്കോയിലല്ല, കഥ നടക്കുന്നത് കേരളത്തിലെ മഹാരാജാസ് കോളേജ് ക്യാംപസിൽ. ഇടതുരാഷ്ട്രീയം ചുവപ്പിച്ച് ചാലിച്ചൊരുക്കിയ ചിത്രം ഇതിനോടകം യുവനിര ഏറ്റെടുത്തു കഴിഞ്ഞു. കോളേജ് ക്യാംപസിലെ രാഷ്ട്രീയം പ്രധാനപ്രമേയമാകുന്ന ചിത്രത്തിൽ ക്യാംപസിലെ പ്രണയവും മറ്റു രസകരമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഒരു സാധാരണ പ്രക്ഷേകനെ ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

രണ്ട് പ്രധാന വിദ്യാർത്ഥി സംഘടനകൾ. എസ്.എഫ്.വൈ, കെ.എസ്.ക്യു. തുടർച്ചയായി കോളേജ് യൂണിയൻ ഭരിച്ചുപോന്നിരുന്ന കെ.എസ്.ക്യുവിന് മേൽ എസ്.എഫ്.വൈ നേടുന്ന വിജയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടൊവിനോയുടെ കഥാപാത്രം പോൾ ക്യാംപസിൽ ആദ്യമൊക്കെ പൈങ്കിളി പശ്ചാത്തലമുള്ള കഥാപാത്രമാണ്. ക്യാംപസിൽ പ്രേമിച്ച് നടക്കുന്ന പോൾ പക്ഷെ രാഷ്ട്രീയം തലയ്ക്ക് പിടിച്ച ആളല്ല. പിന്നീടെപ്പോഴോ സുഹൃത്ത് സുഭാഷ് (നീരജ് മാധവ്) രാഷ്ട്രീയത്തിന്റെ ട്രാക്കിലേയ്ക്ക് പോളിനെ എത്തിക്കുന്നു. നീരജ് തന്റെ കരിയറിലെ മികവുറ്റ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരിയായ രാഷ്ട്രീയ കുതതന്ത്രങ്ങൾ എല്ലാം ചേരുന്ന ഒരു പക്ക രാഷ്ട്രീയ പ്രവർത്തകനായി നീരജ് തകർത്തഭിനയിച്ചു. ഉറ്റ എതിരാളിയായി രൂപേഷ് പീതാംബരന്റെ കെ.എസ്.ക്യു നേതാവുകൂടെ അഭിനയം മികച്ചതാക്കിയപ്പോൾ രാഷ്ട്രീയ പശ്ചാത്തലമുള്ള ക്യാംപസിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രേക്ഷകനെ തീർച്ചയായും മെക്സിക്കൻ അപരാത ആവേശഭരിതമാക്കും.

ഭൂരിഭാഗവും മഹാരാജാസ് കോളേജിൽ ചിത്രീകരിച്ച ചിത്രത്തിൽ ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ ടോം ഇമ്മട്ടി നല്ല രീതിയിൽ ക്യാംപസ് കൈകാര്യം ചെയ്തിട്ടുണ്ട്. അനൂപ് കണ്ണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പന്റേതാണ് സംഗീതം. ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെല്ലാം അഭിനയം മികച്ചതാക്കിയപ്പോൾ പശ്ചാത്തല സംഗീതം കൊണ്ട് ഗോപി സുന്ദർ ആവേശംകൊള്ളിച്ചു. ചിത്രത്തിന് വേണ്ടി കഥയെഴുതുന്പോൾ ടോം ഇമ്മട്ടി ഒരു മെക്സിക്കൻ അപാരത എന്ന് ചിത്രത്തിന് എന്തുകൊണ്ട് പേരിട്ടു എന്ന് ചിത്രം കണ്ടിറങ്ങുന്പോൾ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്. രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ടൊവിനോ തോമസ് മലയാള നായകനിരയിലേയ്ക്ക് കാലെടുത്തുവെച്ചു. നോട്ടംകൊണ്ടും ഭാവങ്ങൾകൊണ്ടും ഒരു സന്പൂർണ്ണ എസ്.എഫ്.വൈ നേതാവായി ടൊവിനോ തിളങ്ങിയപ്പോൾ കഥാപാത്രം  തീയേറ്ററുകളിൽ കയ്യടി നേടി. തീർത്തും ഇടതുപക്ഷ ചായ്്വോടെ പുറത്തിറക്കിയ ചിത്രം എല്ലാതരം പ്രക്ഷകരേയും ഏതളവിൽ തൃപ്തിപെടുത്തും എന്നത് പ്രവചനാതീതമാണ്.

You might also like

Most Viewed