ട്രംപ്... ട്രാപ്പിസ്റ്റ്
വി.ആർ. സത്യദേവ്
ആഗോള രാഷ്ട്രീയ വർത്തമാനങ്ങൾ മാത്രം പരിഗണിക്കുകയാണെങ്കിൽ ഈ വാരവും വിശകലനങ്ങൾ അമേരിക്കൻ നായകൻ ഡൊണാൾഡ് ട്രംപിനെ ചുറ്റിപ്പറ്റിത്തന്നെയാകണം. ജനാധിപത്യ സംവിധാനത്തിലെ നാലാം തൂണായ മാധ്യമങ്ങളുടെ ആവശ്യകതയും സത്തയും പ്രാധാന്യവും തന്നെ ചോദ്യം ചെയ്യുന്ന നടപടികളാണ് കഴിഞ്ഞുപോകുന്ന വാരം അമേരിക്കൻ പ്രസിഡണ്ടിൽ നിന്നുണ്ടായിരിക്കുന്നത്. തന്റെ വാർത്താ സമ്മേളനത്തിൽ നിന്നും പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികളെ പുറത്താക്കാൻ സമീപകാലത്തൊന്നും ഒരു ജനാധിപത്യ രാഷ്ട്രനായകന്മാരും ധൈര്യം കാട്ടിയിട്ടില്ല. എന്നാൽ അത് സർവ്വ സാദ്ധ്യതകളുടെയും സർവ്വ സ്വാതന്ത്ര്യങ്ങളുടെയും നാടായ അമേരിക്കയിൽ സംഭവിച്ചിരിക്കുന്നു. ട്രംപിന്റെ വാർത്താ സമ്മേളനത്തിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ടത് ചില്ലറക്കാരല്ല. ലോകത്തെ തന്നെ മാറ്റിമറിക്കാനും നേതാക്കളെ വാഴിക്കാനും വീഴിക്കാനും വരെ കഴിവുണ്ടെന്ന് നമ്മളൊക്കെ ഇതുവരെ ധരിച്ചു വശായിരുന്ന സി.എൻ.എന്നും ബി.ബി.സിയും വരെയുള്ള മാധ്യമങ്ങളുടെ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ നിന്നും പുറത്തു പോവേണ്ടി വന്നു. വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും കുത്തൊഴുക്കുകൾക്കു വഴിമരുന്നിട്ട് ട്രംപ് ഭരണം തുടരുന്ന വാർത്തയും വിശേഷങ്ങളും കൂടുതൽ ചർച്ചചെയ്യുന്നത് നമുക്ക് പിന്നീടാവാം.
ട്രംപിനെക്കാളും ഈ വാരം പ്രാധാന്യം ട്രാപ്പിസ്റ്റിനാണ്
അന്വേഷണ കുതുകികളായ മനുഷ്യരെ എന്നും അഭിരമിപ്പിക്കുന്ന ചോദ്യമാണ് ഭൂമിക്കു വെളിയിൽ ജീവൻ ഉണ്ടായിരിക്കുമോ എന്നത്. ബാഹ്യാകാശത്തേയ്ക്കു തുറന്നു വെച്ച ആയിരക്കണക്കിന് ദൂരദർശിനികളുടെ സഹായത്തോടേ ലോകത്തിന്റെ വിവിധയിടങ്ങളിലിരുന്ന് ആയിരക്കണക്കിന് കണ്ണുകൾ നിരന്തരം തേടിക്കൊണ്ടിരിക്കുന്നത് ഇക്കാര്യമാണ്. അറിയാനുള്ള ആകാംഷ എന്നതിനുമപ്പുറം വരും തലമുറകളുടെ ആവശ്യം കൂടിയാണ് ഭൂമി പോലെ ജീവിക്കാൻ കഴിയുന്ന ഗ്രഹങ്ങൾ ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ ഉണ്ടോ എന്ന അറിവ്. പല കാരണങ്ങൾ കൊണ്ടും ഭൂമിയിൽ മനുഷ്യന് അനാദികാലം അധിവസിക്കാവുന്ന സാഹചര്യം അതിവേഗം ഇല്ലാതാവുകയാണ്. മനുഷ്യ കുലത്തിന്റെ അതിജീവനത്തിന് പുതിയ ഇടങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതീക്ഷയാണ് മംഗൾയാനടക്കമുള്ള നമ്മുടെ ചൊവ്വ പര്യവേഷണങ്ങളുടെയെല്ലാം ചാലകശക്തി. ചൊവ്വയിൽ ജലസാന്നിദ്ധ്യമുണ്ടെന്ന സൂചനകളെ അതുകൊണ്ടാണ് മനുഷ്യകുലം അത്യാഹ്ലാദപൂർവ്വം സ്വീകരിക്കുന്നത്. അധിവസിക്കാൻ പുത്തനാകാശങ്ങൾ തേടിക്കൊണ്ടേയിരിക്കുകയാണ് നമ്മൾ.
ആ ഗതിയിലുള്ള അന്വേഷണത്തിലെ വലിയൊരു നാഴികക്കല്ലായ കണ്ടെത്തലാണ് ഇക്കഴിഞ്ഞവാരം ശാസ്ത്ര ലോകം സ്ഥിരീകരിച്ചിരിക്കുന്നത്. ഭൗമസമാനമായ മൂന്നു ഗ്രഹങ്ങളടങ്ങുന്ന ഒരു പുത്തൻ സൗരയൂഥം തന്നെയാണ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപിനെക്കാൾ ഈ വാരം പ്രാധാന്യം ട്രാപ്പിസ്റ്റിനാണെന്നു പറഞ്ഞത്. ആ പുതിയ സൗരയൂഥത്തിനു ശാസ്ത്ര ഗവേഷകർ നൽകിയിരിക്കുന്ന പേരാണ് ട്രാപ്പിസ്റ്റ് വൺ.
ഫെബ്രുവരി 22നാണ് ട്രാപ്പിസ്റ്റ് വൺ സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. സൂര്യനിൽ നിന്നും 39.5 പ്രകാശവർഷങ്ങൾ അകലെയാണ് ട്രാപ്പിസ്റ്റ് വണ്ണിന്റെ സ്ഥാനം. വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കിടെയാണ് ട്രാപ്പിസ്റ്റ് വണ്ണിനെ കണ്ടെത്തി സ്ഥിരീകരിച്ചത്. ഒരു കുള്ളൻ നക്ഷത്രവും അതിനെ ചുറ്റുന്ന 7 ഗ്രഹങ്ങളുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ സ്വന്തം സൗരയൂഥത്തിന്റെ ഒരു സന്പൂർണ്ണ ചെറുപതിപ്പാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ കണ്ടെത്തലും സ്ഥിരീകരണവുമാണ് ഇത്. കണ്ടെത്തപ്പെട്ട് ഏഴു ഗ്രഹങ്ങളും ഭൂമിയോട് ഏറെക്കുറേ അടുത്ത വലിപ്പമുള്ളവയാണ്. അതിൽ തന്നെ മൂന്നെണ്ണം പലതരത്തിലും ഭൂഗോളത്തിന്റെ സഹോദര ഗ്രഹങ്ങളെന്നു തോന്നിപ്പിക്കുന്നവയും. സ്വന്തം സൂര്യനുമായുള്ള ഇവയുടെ അകലം വിലയിരുത്തുന്പോൾ ഈ മൂന്നിലും വെള്ളത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെ ഏറെയാണ്. വെള്ളമുണ്ടായാൽ ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ജീവന്റെ സാന്നദ്ധ്യമുണ്ടെന്ന് നിലവിൽ നമുക്ക് ഉറപ്പുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ശാസ്ത്രം വലിയ വളർച്ചയും വികാസവും നേടിയെന്ന് നമ്മൾ അവകാശപ്പെടുന്പോഴും നമ്മൾ ആർജ്ജിച്ച അറിവുകളെല്ലാം എത്രത്തോളം ചെറുതാണെന്ന് വിളിച്ചോതുന്നതാണ് ഇത്.
അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു...
എന്നു നാലപ്പാട്ടു നാരായണമേനോൻ കണ്ണുനീർത്തുള്ളിയിൽ കുറിച്ചത് പച്ചപ്പരമാർത്ഥമെന്ന സത്യം ആവർത്തിച്ചു വ്യക്തമാകുന്നു. പ്രപഞ്ചത്തിന്റെ വിദൂര കോണുകളിലെവിടെയെങ്കിലുമൊക്കെ ഭൗമസമാന കോളങ്ങളും ജീവന്റെ തുടിപ്പുമൊക്കെ ഉണ്ടായേക്കാമെന്നത് എന്നും മനുഷ്യ ഭാവനയെ തൊട്ടുണർത്തിയിട്ടുള്ള ചിന്തയാണ്. എണ്ണമറ്റ സാഹിത്യകൃതികളും സിനിമകളുമൊക്കെ ഇതിനെ അധികരിച്ച് ഉണ്ടായിട്ടുമുണ്ട്. എന്നാൽ പ്രായോഗികമായ മുന്നേറ്റങ്ങൾക്ക് ഭാവനയുടെ യത്ര വേഗത കൈവരിക്കുക പ്രയാസകരമാണ്. ഈ അറിവുകൾ വികസ്വരമാകുന്നത് അതിവേഗമാണ് എന്നത് ഏറെ ആശ്വാസകരമാണ്. നൂറ്റാണ്ടകളായി നമ്മളാർജ്ജിച്ചതിനെക്കാളേറെ വിവരങ്ങളാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഈ രംഗത്തുണ്ടായിരിക്കുന്നത്. 2009ൽ അമേരിക്ക സ്ഥാപിച്ച കെപ്ലർ ദൂരദർശിനിയാണ് ഇക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയത്. അന്നു മുതലിങ്ങോട്ട് 2330 ലേറെ അന്യ ഗ്രഹങ്ങളാണ് കെപ്ലറിന്റെ സഹായത്തോടേ ശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ആകെ മൂവായിരത്തി അഞ്ഞൂറിലേറെ ഗ്രഹങ്ങളാണ് വിവിധ ദൂരദർശിനികളുടെ സഹായത്തോടേ ഇത്തരത്തിൽ കണ്ടു രേഖപ്പെടുത്തിയിരിക്കുന്നത്.
സൗരയൂഥത്തിനു വെളിയിൽ ഗ്രഹങ്ങളുണ്ടെന്ന ശാസ്ത്ര ലോകത്തിന്റെ സ്ഥിരീകരണത്തിന് കാൽ നൂറ്റാണ്ടു കാലം മാത്രമാണ് പ്രായം. പോളീഷ് വംശജനായ അലെക്സാണ്ടെർ വോൾസ്സാനും (Aleksander Wolszczan) കനഡയിൽ ജനിച്ച ഡെയ്ൽ എ ഫ്രെയിലും (Dale A Frail) ചേർന്ന് 1992ലായിരുന്നു ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ കാര്യം ആദ്യമായി സ്ഥിരീകരിച്ചത്. ഭൂമിയിൽ നിന്നും 2300 പ്രകാശവർഷമകലെ ഭ്രമണം ചെയ്യുന്ന ഒരു പൾസറിന്റെ ഗ്രഹത്തിനെയായിരുന്നു അന്നു കണ്ടെത്തിയത്. ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസറുകളെന്നു വിളിക്കുന്നത്. പ്യൂർട്ടോ റിക്കോയിലെ അരീബ വാനനിരീക്ഷണകേന്ദ്രവുമായി സഹകരിച്ചായിരുന്നു വോൾസ്സാനും ഫ്രെയിലും ഈ സുപ്രധാന കണ്ടു പിടുത്തം നടത്തിയത്.
1995 ആയപ്പോഴേയ്ക്കും സൂര്യനെപ്പോലെ ഒരു നക്ഷത്രത്തെ വലം വെയ്ക്കുന്ന ഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരം കിട്ടി. 95 ഒക്ടോബറിലായിരുന്നു മൈക്കേൽ മേയർ (Michel Mayor), ദീഡീർ ക്വലോസ് ( Didier Queloz) എന്നീ നിരീക്ഷകർ പെഗാസി ബി (51 Pegasi b)യെന്ന ഗ്രഹത്തെ കണ്ടെത്തിയത്. സൂര്യനിൽ നിന്നും നാലു പ്രകാശ വർഷത്തിനടുത്ത് അകലമുള്ള പ്രോക്സിമ സെൻ്റൗറി (Proxima Centauri) എന്ന നക്ഷത്രത്തിനെ ചുറ്റുന്ന പ്രോക്സിമ ബിയെന്ന ഗ്രഹത്തെ നിരീക്ഷകർ 2016ൽ കണ്ടത്തിയിരുന്നു. അതിനെയെല്ലാം കവച്ചു വെയ്ക്കുന്നതാണ് ഇക്കഴിഞ്ഞയാഴ്ചത്തെ ട്രാപ്പിസ്റ്റിന്റെ കണ്ടെത്തൽ. സൂര്യസമാനമായൊരു നക്ഷത്രത്തെ ഇത്രയധികം ഗ്രഹങ്ങൾ ചിട്ടയോടെ ചുറ്റുന്ന ഇത്രയധികം ഗ്രഹങ്ങളെ ഒന്നിച്ചു കണ്ടെത്തുന്നത് ഇത് ആദ്യമായാണ്.
ബെൽജിയത്തിലെ ലീഗേ സർവ്വകലാശാലയിലെ മൈക്കേൽ ഗില്ലണിന്റെ ( Michaël Gillon) നേതൃത്വത്തിലുള്ള സംഘം ഭൗമസമാനമായ 3 ഗ്രഹങ്ങളെ 2015ൽ തന്നെ കണ്ടെത്തിയിരുന്നു. ചിലെയിലെ ലാ സില്ല വാന നിരീക്ഷണാലയത്തിലെ ട്രാൻസിറ്റിംഗ് പ്ലാനെറ്റ്സ് ആൻഡ് പ്ലാനെറ്റെസിമൽസ് സ്മോൾ ടെലെസ്കോപ് (Transiting Planets and Planetesimals Small Telescope) അഥവാ ട്രാപ്പിസ്റ്റ് (TRAPPIST) ഉപയോഗിച്ചായിരുന്നു ഈ ഗ്രഹ ദർശനം. ഈ ടെലസ്കോപ്പിന്റെ ചുരുക്കപ്പേരാണ് ഇപ്പോൾ നക്ഷത്ര സമൂഹത്തിനു നൽകിയിരിക്കുന്നത്. ഇതിനൊപ്പം അമേരിക്കൻ ബഹിരാകാശ ഗവേഷണ കോന്ദ്രമായ നാസയുടെ സ്പിറ്റ്സർ ടെലസ്കോപ്പും ചിലെയിലെ അറ്റക്കാമാ മരുപ്രദേശത്ത് ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വി.എൽ.ടി സംവിധാനവുമൊക്കെ ഈ നിരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ മൈക്കേൽ ഗില്ലേണിനൊപ്പം മേരിലാൻഡ് സർവ്വകലാശാലയിലെ ഡ്രെയ്ക് ഡെമിംഗും (Dr. Drake Deming) ചേർന്നാണ് സന്പൂർണ്ണ ട്രാപ്പിസ്റ്റ് സൗര
യൂഥത്തിന്റെ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളിലൊന്നായ വ്യാഴത്തിന്റെയത്ര വലിപ്പമാണ് ട്രാപ്പിസ്റ്റ് വണ്ണിലെ കേന്ദ്ര നക്ഷത്രത്തിനെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. സൂര്യനെക്കാളും വളരെ ചൂടുകുറഞ്ഞ കുള്ളൻ നക്ഷത്രമാണ് ഇതെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ആകെയുള്ള ഏഴു ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിൽ വെള്ളവും ജീവൻ തന്നെയും ഉണ്ടായേക്കാമെന്നതാണ് ഈ കണ്ടെത്തലിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗ്രഹങ്ങളൊക്കെ അവയുടെ സൂര്യനെ ചുറ്റാൻ ഒന്നു മുതൽ 15 ഭൗമ ദിവസം വരെയാണത്രേ എടുക്കുന്നത്. ഗ്രഹങ്ങളുടെ ഒരു ഭാഗത്ത് സ്ഥിരമായി പകലും മറുഭാഗത്ത് സ്ഥിരമായി രാത്രിയുമാണെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കിൽ ഒരു ഭാഗത്ത് വലിയ ചൂടും മറുഭാഗത്ത് ക്രമാതീതമായ തണുപ്പും അനുഭവപ്പെടാം. അങ്ങനെയാണെങ്കിലും അവയിൽ ജലമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.
കടന്പകൾ ഏറെയാണ്. എങ്കിലും പ്രതീക്ഷകൾ അസ്തമിക്കാതെ കാക്കുക എന്നതാണ് പ്രധാനം. നമ്മൾ ഇതുവരെ അറിഞ്ഞതും അനുഭവിച്ചതും ആവില്ല നാളെകളിലെ ലോകം. ട്രംപുകളെക്കാൾ അതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ് ട്രാപ്പിസ്റ്റുകൾ. സ്വയം തീർത്ത ട്രാപ്പുകളിലും ട്രംപുകളിലും നിന്നു രക്ഷപെടാൻ നാളത്തെ മനുഷ്യന് ട്രാപ്പിസ്റ്റുകൾ അനിവാര്യമാണ്.