ഇത് യാഥാർത്ഥ്യമാകട്ടെ...
ജനിച്ചു വീഴുന്ന ഒരു പെൺകുഞ്ഞ് അമ്മമാരുടെ ആശ്വാസമായിരുന്നു പണ്ട്, ഇന്നത് നെഞ്ചിലെ തീക്കനലാവുന്നുണ്ടോ എന്ന സംശയാണ് കാലം നമുക്ക് നൽകുന്നത്. നമ്മുടെ വേദ പാരന്പര്യത്തിൽ സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകിയിരുന്നു. രാധയും കൃഷ്ണനും, ലക്ഷ്മിയും നാരായണനും, ഗൗരിയും ശങ്കരനും തുടങ്ങി ആദ്യം സ്ത്രീയുടെ പേരുകളെടുത്തു പറഞ്ഞുള്ള ആ പ്രാമുഖ്യത്തിൽ തന്നെ ഒരു പാട് അർത്ഥങ്ങളുണ്ടായിരുന്നു. ധനം, വിദ്യ, പ്രതിരോധം തുടങ്ങിയ പ്രമുഖ വകുപ്പുകളെല്ലാം സ്ത്രീകൾക്കാണ് നൽകിയിരുന്നത്. ഇതെല്ലം നിയന്ത്രിച്ചിരുന്നത് സ്ത്രീകളാണ്. എന്നാൽ ആ കാലഘട്ടങ്ങൾ നമുക്കന്യമായിട്ടു തന്നെ അനേകായിരം വർഷങ്ങളായി. അതിശ്രേഷ്ഠങ്ങളായ സംസ്കാരങ്ങളും മതപാഠശാലകളും അനേകം മൂല്യസന്പുഷ്ടമായ ഗ്രന്ഥങ്ങളും നല്ല സന്ദേശവാഹികളായ പുരാണ കഥകളും ഒക്കെ നിറഞ്ഞ സന്പൽ സമൃദ്ധമായ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ ഭയാനകം ആണ്. ഏതെല്ലാം ഘട്ടത്തിൽ എങ്ങനെ ഒക്കെ ആണ് സമൂഹം ഇത്തരത്തിൽ വന്നു പെട്ടതെന്നത് പഠന വിധേയമാക്കേണ്ടുന്നതും പരിഹാരം കാണേണ്ടതും ഓരോ പൗരന്റെയും കടമയാണ്. ഇത് അതി കഠിനമാണെങ്കിലും നമ്മൾ ഇന്ന് തുടക്കം കുറിച്ചില്ലെങ്കിൽ വരും തലമുറ നേരിടേണ്ടി വരുന്നത് ഇതിലും ഭീകരാന്തരീക്ഷം തന്നെ ആവും. ധാർഷ്ട്യവും ഭയമില്ലായ്മയും അലസതയും നമ്മെ ജീവിതചര്യകളിൽ നിന്നും അകറ്റിയപ്പോൾ സംസ്കാരത്തിന്റെ നാശവും കുടുംബ− സ്നേഹബന്ധങ്ങളുടെ മൂല്യവും ഇല്ലാതായി. കച്ചവട മനസ്സ് എളുപ്പത്തിൽ കാര്യങ്ങൾ നേടിയെടുക്കാൻ പരക്കം പായുന്പോൾ അരുതെന്നു പറയാൻ ആളില്ലാതായി. എല്ലാം നിശബ്ദം കണ്ടു നിന്നപ്പോൾ നഷ്ടപെട്ടതോ വിലമതിക്കാനാവാത്ത പലതും.
ഭൂതകാലത്ത് പൂർവികർ ചെയ്ത പലകാര്യങ്ങളും ശാസ്ത്രീയമായിരുന്നു. ഈ വർത്തമാനകാലത്തിന്റെ അവസ്ഥ അതല്ല. മനുഷ്യ ജീവനു തന്നെ വില കൽപ്പിക്കാത്ത ഇന്നത്തെ അവസ്ഥയ്ക്ക് ആഹാര രീതി വലിയ പങ്കു വഹിക്കുന്നുണ്ട്. തെറ്റായ ഭക്ഷണ രീതിയും, ക്രൂരമായ രീതിയിൽ ജന്തുക്കളെ കൊന്നു തിന്നുന്നതിലൂടെയും മദ്യം, മയക്കുമരുന്ന്, കറുപ്പ്, കഞ്ചാവ് എന്നിവയുടെ ഉപയോഗവും സമൂഹത്തിൽ കുറ്റവാസന ഉടലെടുക്കുന്നതിനു മുഖ്യ കാരണങ്ങളിൽ ഒന്നാണ്. ഇന്ന് ഓരോ സെക്കന്റിലും മനുഷ്യജീവനുകൾ ആക്രമിക്കപ്പെടുകയാണ്. മറ്റു പല കാര്യങ്ങളിലും പ്രകീർത്തിക്കപ്പെടുന്ന കേരളത്തിന് അക്രമം നടക്കുന്ന കാര്യത്തിലും ഇന്ന് ഒന്നാം സംസ്ഥാന പട്ടം കിട്ടിയിരിക്കുന്നു! പുതിയ കണക്കു പ്രകാരം കൊച്ചിയിലാണ് ഏറ്റവും കൂടുതൽ ഗുണ്ടാവിളയാട്ടം എന്നറിയുന്പോൾ തലകുനിക്കുന്നവരുടെ എണ്ണം പോലും ഇന്ന് വിരളമാവും. ഇതൊന്നും തങ്ങളുടെ വിഷയങ്ങളല്ല എന്ന് പറയാനും മലയാളികൾക്ക് സാധിക്കുന്നു. സ്വന്തം കൂരയിൽ മൊബൈലിനുള്ളിൽ തളച്ചിടുന്ന തലമുറയിലേക്കു നമ്മൾ കൂപ്പു കുത്തപ്പെട്ടിരിക്കുന്നു.
എങ്ങനെയും സ്ത്രീയെ തന്റെ അടിമയാക്കലാണ് പുരുഷത്വം എന്ന് വിളിച്ചോതുന്ന ഒട്ടേറെ രചനകളും സിനിമകളും പുറത്തിറങ്ങുന്പോൾ കൈയടിച്ചു സ്വീകരിച്ച നമ്മളാരും അന്ന് അറിഞ്ഞില്ല ഭാവിയിൽ പെണ്ണിന് ഈ നാട്ടിൽ നിൽക്കക്കള്ളിയില്ലാതാകുമെന്ന്. സമൂഹം പല മാധ്യമങ്ങളിലൂടെയും കൊടുക്കുന്ന സന്ദേശം എത്ര ബാലിശമാണെങ്കിലും അറിഞ്ഞോ അറിയാതെയോ നമ്മളതിൽ സമരസപെട്ടു പോകുന്നു. ഒരുപക്ഷെ പ്രതികരിച്ചാലും ആരും കേൾക്കാതെ അടിച്ചമർത്തപ്പെടുകയാണ് സ്ത്രീത്വം. ഉപഭോഗ വസ്തുവായി മാത്രമേ സ്ത്രീയെ കാണാനാകൂ എന്ന് വീണ്ടും വീണ്ടും പലരും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇതിനൊരറുതി വേണം. സമര മുറകളിലൂടെ നമ്മൾ പലതും നേടി എടുത്തിട്ടുണ്ട്. നാളത്തെ കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്കിലും ഇതൊക്കെ പിടിച്ചുവാങ്ങിയേ പറ്റൂ. എങ്ങിനെ ഇതിനൊക്കെ നമുക്ക് മാറ്റങ്ങൾ ഉണ്ടാക്കാം. അക്കമിട്ടു നമുക്കും നേടാനേറെ ഉണ്ട്.
1. പരാതിക്കാരിയെ തെളിവെടുപ്പിനെന്നും പറഞ്ഞ് വിളിപ്പിക്കുന്ന ആക്രമണം നിർത്തലാക്കണം. മാനസികനില തകർക്കുന്ന ഒരു നിലപാടും അവർക്കു നേരെ ഉണ്ടാവരുതെന്നു ഉറപ്പാക്കണം. സൈബർ സെൽ ആക്രമണം അതിരു കടക്കുന്നതിനും കടിഞ്ഞാണിടണം. ആർക്കും എന്തും പറയാമെന്ന ധാരണ പലർക്കുമുണ്ട്. വ്യക്തിയെയും സംഘടനയെയും മാധ്യമങ്ങൾ വഴി അസഭ്യമായ ഭാഷയിൽ വിമർശിക്കുന്നവരെ കണ്ടെത്തി ശിക്ഷകൾ നടപ്പാക്കണം. പലരും പരാതികൾ കൊടുത്തതായി നമ്മളറിയുമെങ്കിലും ശിക്ഷ നടപ്പാക്കിയതായി കേട്ടിട്ടില്ല. ധ്രുതഗതിയിൽ അതുണ്ടാവണം. വിദേശങ്ങളിലൊക്കെ സൈബർ സെൽ സസൂക്ഷ്മം പരിശോധിക്കുന്നതായും പലരെയും അറസ്റ്റ് ചെയ്തതായും നമ്മൾ വായിച്ചിട്ടുണ്ട്. ഒരു മൗസ് ക്ലിക്ക് പോലും രജിസ്റ്റർ ആകുന്നത് കണ്ടെത്താനാകുന്ന വിപുലമായ സംവിധാനങ്ങൾ ഉള്ള ഈ മേഖല അനാവശ്യമായി നിരന്തരം മോശമായ കാര്യങ്ങൾ വീക്ഷിക്കുന്നവരെ പേരും ഫോട്ടോയും വെച്ച് മാധ്യമങ്ങളിലൂടെ അറിയിച്ച് ശിക്ഷിക്കണം. അപ്പോഴെ പലരുടെയും അസുഖങ്ങൾ മാറി കിട്ടൂ. ഉഹാപോഹങ്ങളുടെ പേരിൽ വാർത്തകൾ പടച്ചു വിട്ടു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടക്കുന്നവർക്കും താക്കീതു നൽകണം.
2. അക്രമിയുടെയും ആക്രമിക്കപ്പെട്ട വ്യക്തിയുടെയും രാഷ്ട്രീയവും നിറവും ജാതിയും നോക്കിയാവരുത് ശിക്ഷയും നീതിയും നടപ്പാക്കേണ്ടത്. തങ്ങളുടെ അണിയിൽ പെട്ടവൻ തെറ്റ് ചെയ്താൽ അതംഗീകരിക്കാനും അവനെ തിരുത്താനും അല്ലെങ്കിൽ പുറത്താക്കാനും രാഷ്‌ട്രീയക്കാർ തയ്യാറാകണം. ‘മാംസത്തിന്’ വില പറയുന്ന അരാഷ്ട്രീയവാദികളെ അടുപ്പിക്കരുത്. അക്രമി ആരായാലും കുറ്റക്കാരാണെന്ന് കണ്ടാൽ ശിക്ഷ കടുത്തതാവണം. മുഖം മറച്ചു പിടിക്കാനും തിന്നു കൊഴുക്കാനും അനുവദിക്കരുത്. തീർപ്പ് പെട്ടെന്നാവണം. തെരുവിലൂടെ പണ്ട് നടത്തിയത് പോലെ കണ്ടാലാർക്കും അറപ്പു തോന്നുന്ന രീതിയിൽ ശിക്ഷിക്കണം. സെല്ലിൽ അടച്ചു മൃഷ്ടാന്ന ഭോജനവും മൊബൈലും പട്ടു മെത്തയും നൽകിയുള്ള എല്ലാ ഏർപ്പാടുകളും നിർത്തലാക്കുക. രാഷ്ട്രീയക്കാരനും, വലിയ പിടിയുണ്ടെന്നു വിശ്വസിക്കുന്ന ഒരുത്തനും കുറ്റവാളിയെ രക്ഷിക്കാൻ തുനിയരുത്. തുനിഞ്ഞാൽ അയാളെ പിടിച്ച് അകത്തിടണം. കുറ്റങ്ങളുടെ തീവ്രത അനുസരിച്ചു സെല്ലുകൾ അറേഞ്ച് ചെയ്യണം. അതായത് വിശപ്പകറ്റാൻ ആപ്പിളോ റൊട്ടിയോ കട്ടവനേയും കൊടും കുറ്റക്കാരനായി കാണരുത്. അവനു വയറു നിറയെ ഭക്ഷണം കൊടുക്കുക. അക്രമികളെ എല്ലു മുറിയെ പണി എടുപ്പിച്ചു തരിശു ഭൂമിയിലെല്ലാം വിളവിറക്കാൻ പറ്റിയാൽ ഗംഭീരം.
3. സിനിമാ ലോകം സ്ത്രീ കഥാപാത്രങ്ങൾക്ക് മൂല്യമുണ്ടാക്കാൻ ശ്രമിക്കുക. ഹീറോയിസവും കള്ളുകുടിയും പെണ്ണിനെ കീഴ്പെടുത്തലും ഉണ്ടെങ്കിലേ സിനിമ ആകൂ എന്നൊന്നില്ല. അടുത്ത കാലത്തെ ‘ദൃശ്യം’ അതിനൊരു തെളിവല്ലേ? താഴേക്കിറങ്ങി പാവങ്ങൾക്ക് വേണ്ടി സിനിമ ചെയ്തു നോക്കൂ. ജനങ്ങൾ മൊത്തമായും നിങ്ങൾക്കൊപ്പമാവും. കായിക പ്രിയയായ, നന്നായി മറ്റുള്ളവരുടെ വേദന അറിയുന്ന, സാമൂഹ്യസേവനം അനുഷ്ഠിക്കുന്ന, പുസ്തക പ്രേമിയായ എന്നും ക്രീയേറ്റീവായി ചിന്തിക്കുന്ന അല്ലെങ്കിൽ പ്രതിയോഗിയെ തകർക്കുന്ന ബലമുള്ളവളായ സ്ത്രീയുടെ കഥ സൗന്ദര്യത്തിനു ഒരു പ്രാധാന്യവും നൽകാത്ത നല്ല ജനകീയ നായികമാരെ വെച്ച് സിനിമ എടുത്താൽ സിനിമയെ ആരും സ്വീകരിക്കില്ല എന്നുണ്ടോ? അങ്ങനെ ഉള്ള കുറെ എണ്ണം ഇറങ്ങിയാൽ തന്നെ നാടിന്റെ അശ്ലീലതകൾ ക്രമേണ മാറി വരില്ലേ?, ഇതൊക്കെ നായകന്മാർക്കെ പറ്റു എന്നാണോ? ശ്രീ. ശ്രീനിവാസനെ പോലെയുള്ളവർ പറയുന്ന ആദർശമാണ് ജനങ്ങൾക്കിഷ്ടം. ശ്രീനിവാസന്റെ ചിന്തിപ്പിക്കുന്ന ഡയലോഗുകൾക്കു എത്രയോ ഉദാഹരണങ്ങളുണ്ട്. അതിലെ ‘കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ തേങ്ങയെക്കാളും കൂടുതൽ ബിരുദധാരികളാണ്’, എന്ന് പറഞ്ഞപ്പോൾ, അത് നമ്മെ വല്ലാതെ ചിന്തിപ്പിച്ചില്ലേ?. നാട്ടിലെ ഫാക്ടറികളും വ്യവസായങ്ങളും വനമില്ലാതാക്കി. കൃഷി ചെയ്യാൻ ഭൂമിയും കർഷകരും കേരവൃക്ഷവുമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ പോലും കിട്ടാത്ത നാടായി കേരളം. മണ്ണിലേക്കിറങ്ങി പ്രകൃതിയെ സംരക്ഷിക്കാനും ജനങ്ങളെ നന്മയിലേക്ക് നയിക്കാനും സിനിമക്കാവും. അതെത്രയോ വട്ടം തെളിയിച്ചിട്ടുണ്ട് പഴയകാല മൂല്യമുള്ള സിനിമകൾ. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളത്തിലെ സിനിമകൾ കടുത്ത സ്ത്രീവിരുദ്ധതയും ആണത്ത ആഘോഷങ്ങളിലും ജാതീയതയിലും കെട്ടിമറയുന്നു. ‘പ്രേമം’ പോലുള്ള സിനിമ ജനങ്ങൾ ഇങ്ങനെ ഏറ്റെടുത്തെങ്കിൽ അത് സമൂഹം അധഃപതിക്കുന്നതിന്റെ ആരംഭം എന്ന് പറയാതെ വയ്യ. ഏറ്റവും പുതിയ ‘മുന്തിരിവള്ളികൾ പൂക്കുന്പോൾ’ എന്ന സിനിമ പോലും പരിശോധിക്കുന്പോൾ നല്ലൊരു സന്ദേശത്തിലൂടെയാണ് സമാപിക്കുന്നതെങ്കിലും സ്ത്രീയെ ഏതു രീതിയിലാണ് ഉദ്ഘോഷിക്കുന്നത്. ചിന്തിച്ചാലറിയാം. സ്ത്രീപക്ഷ എഴുത്തുകാരോടും സ്ത്രീസ്വാതന്ത്ര്യം അവകാശപെടുന്നവരോടും ലോകത്തിനു പുച്ഛം തോന്നാനുള്ള കാരണമന്വേഷിച്ചു പോകേണ്ടതില്ല. കണ്ണ് തുറന്നാൽ നമുക്ക് കാണാം. പുതുവർഷം ആരംഭിച്ചിട്ട് രണ്ടുമാസം തികഞ്ഞില്ല. ഇക്കാലങ്ങളിലെ കേസ് മാത്രം എടുത്താൽ തന്നെ സർവകാല റെക്കോർഡ് ആണ് കേരളത്തിൽ മാത്രം. രജിസ്റ്റർ ചെയ്തതിന്റെ എത്രയോ ഇരട്ടിയാകും പുറത്തറിയാത്ത കേസുകൾ. എന്നിട്ടും ഘോരഘോരം പ്രസംഗിച്ചു നടക്കുന്നവരും ആചാരാനുഷ്ഠാനങ്ങളെ വെല്ലു വിളിച്ചു എവിടെയും വലിഞ്ഞു കേറാൻ നോക്കുന്നവരും ഉറഞ്ഞു തുള്ളേണ്ടുന്നത് പാവം പെണ്ണുങ്ങൾക്ക് നീതി കിട്ടുന്നതിന് വേണ്ടി ആയിരുന്നെങ്കിൽ. സിനിമകൾക്കൊപ്പം ചാനലുകളിലെ സീരിയലുകളെ പരിഷ്‌കരിച്ചില്ലെങ്കിൽ അത് സ്ത്രീകളെ, കുഞ്ഞുങ്ങളെ മാത്രമല്ല സമൂഹത്തെയും മോശമായി ബാധിക്കുമെന്നുറപ്പാണ്.
4. നമ്മുടെ വിദ്യാഭ്യാസ മേഖല പൊളിച്ചെഴുതണം. കാലാന്തരങ്ങളായി തുടർന്ന് പോകുന്ന വിദ്യാഭ്യാസ രീതി മാറ്റിയേ പറ്റൂ. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന കച്ചവടവൽക്കരിക്കപ്പെട്ട− വിദ്യഭ്യാസ രീതി കുഞ്ഞു മക്കൾക്ക്, ഉപകാരപ്രദവും ചിന്തനീയവും സഹപാഠിയെ അറിയാനുള്ള വേദിയും ഗുരുക്കളെ ബഹുമാനിക്കുന്ന ഇടവും പെൺകുഞ്ഞുങ്ങൾ ഈശ്വരന്റെ സൃഷ്ടിയിൽ വിലപ്പെട്ട ഒന്നാണെന്ന അറിവും നേടികൊടുത്ത് അവരുടെ ഒക്കെ സംരക്ഷകരാണ് നമ്മളെന്ന് ആൺ കുട്ടികളെ പഠിപ്പിച്ചു കൊടുക്കാനും. സിനിമകളിലൂടെ കാണുന്ന ബന്ധങ്ങളല്ല യാഥാർത്ഥ്യമെന്നും എല്ലാ ബന്ധങ്ങൾക്കു പല മാനങ്ങളുണ്ടെന്നും ഓരോന്നിനും സമയവും കാലവും ഉണ്ടെന്നും കുട്ടികളെ നന്നേ ചെറുപ്പത്തിലേ പഠിപ്പിച്ചു വരാനുള്ള വേദി ആവണം വിദ്യാലയങ്ങൾ. ഇന്നത്തെ മക്കൾ ഒരുതരം മാസ്മരിക വലയത്തിലാണ്. എന്തോ എങ്ങിനെയോ ഒഴുകി നടക്കുന്നു. ചിലർ നീന്തി കരകേറുന്നു. മറ്റു ചിലർ മുങ്ങി താഴുന്നു. അതിനെല്ലാം അവസാനം ഉണ്ടാവണം. എല്ലാർക്കും നീതി കിട്ടണം. ഓരോരുത്തരും ഒപ്പത്തിനൊപ്പം അവരവർക്കഭിരുചിയുള്ള മേഖലയിൽ ശോഭിക്കണം. അല്ലാതെ താങ്ങാനാവാത്ത പാഠഭാഗങ്ങളും ജീവിതത്തിൽ എവിടെയും ഉപകരിക്കാത്ത വിഷയങ്ങളും അടിച്ചേൽപ്പിക്കുന്പോൾ രക്ഷിതാക്കളോ അധ്യാപകരോ കുട്ടികളുടെ സർഗ്ഗ ശേഷിയോ മറ്റു കഴിവുകളോ കണ്ടെത്താതെ നിരന്തരം മികച്ച വിജയത്തിനായി മാത്രം പീഡിപ്പിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതി മാറ്റി മറിച്ചേ മതിയാകൂ. എല്ലാ നേട്ടങ്ങളും അവരവരുടേതാവണം. സ്കൂൾ− കോളേജ് വിദ്യാഭ്യാസ കാലഘട്ടങ്ങൾ ആസ്വദിച്ച് പഠിച്ചുകൊണ്ട് ജീവിക്കാനുള്ളതാണ്. തങ്ങളുടെ റേറ്റിംഗ് കൂട്ടാനായി കച്ചവട കണ്ണുകളോടെ കുട്ടികളെ ഇരകളാക്കുന്ന അധികാരികളെ ഉന്മൂലനം ചെയ്ത്, ഇനി ഒരു ആത്മഹത്യയും ജിഷ്ണുമാരും ഉണ്ടാവരുത് എന്നുറപ്പാക്കണം.
5. ഇനിയുള്ളതാണ് ഏറ്റവും പ്രധാനം. ഇതിനു ജനം ഒന്നടങ്കം മുന്നിട്ടിറങ്ങണം. ഏതു ന്യായം പറഞ്ഞാണെങ്കിലും ക്രിമിനലുകൾക്ക് വക്കാലത്തു പിടിക്കാൻ വരുന്നവരെ നാടുകടത്തണം. സൗമ്യയുടെയും ജിഷയുടെയും ഘാതകരെ ഉള്ളം കൈയിൽ കൊണ്ടുനടക്കുന്ന ഒരു നിയമജ്ഞനും നമ്മുടെ നാട്ടിൽ കൊടികുത്തി വാഴരുത്. സമൂഹത്തോടുള്ള കടപ്പാട് അവർ ഓർക്കുക. ഇത്തരം കുറ്റവാളി− കൂട്ടാളി വക്കീലന്മാരെ കോടതിയിൽ കയറാൻ പോലും ജനം അനുവദിക്കരുത്. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും അങ്ങനെ കിട്ടുന്ന പണം അവരിവിടുന്നു ഉണ്ടു വീർക്കേണ്ട. ഈ വലിയൊരു ഉത്തവാദിത്വം സമൂഹം ഏറ്റെടുത്താൽ തന്നെ പല കേസിനും വിജയം കാണാം നമുക്ക്.
നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. രാഷ്ര്ടീയം മറന്നു ജനങ്ങൾക്ക് വേണ്ടി ഉറച്ച തീരുമാനങ്ങൾ എടുക്കാനും സദാചാര പോലീസിന്റെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനും മുഖ്യമന്ത്രിക്കും, വിദ്യഭ്യാസമേഖലയെ ശുദ്ധീകരിക്കാൻ രവീന്ദ്രൻ മാഷിനും, ഭൂമാഫിയകളെ വറുതിയിലിരുത്താൻ ബന്ധപെട്ടവർക്കും, കർഷകരെ മുന്നോട്ടു നയിക്കാൻ കൃഷി മന്ത്രിക്കും മറ്റെല്ലാ അധികാരികൾക്കും എല്ലാ ശക്തിയും ലഭിക്കാൻ നല്ലവരായ കേരളജനത ഒന്നടങ്കം പ്രാർത്ഥിക്കുന്നു.
പണ്ടാണെങ്കിൽ, “കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരന്പുകളിൽ”. ഇന്നാണെകിൽ, “കേരളമെന്നു കേട്ടാൽ തിളക്കുന്നു ചോര ലോകജനതയ്‌ക്ക് ഞരന്പുകളിൽ” എന്ന് പാടാൻ ഇടവരുത്താതിരിക്കട്ടെ...