സംഘർഷങ്ങളില്ലാത്ത ലോകം
വി.ആർ. സത്യദേവ്
തിരുനൽവേലിയിൽ 1197 ഏക്കർ, വലാജാപ്പെട്ടിൽ 200 ഏക്കർ, ശിരുവത്തൂരിൽ വലിയ ഫാം ഹൗസ്, ഗംഗൈ അമരനിൽ നിന്നും പിടിച്ചുപറിച്ച 22 ഏക്കർ ഫാംഹൗസ്, അറംബാക്കത്തെ കല്യാണമണ്ധപം, 24000 ചതുരശ്ര അടി വിസ്തൃതിയുള്ള വേദനിലയമെന്ന അത്യാഡംബര വസതി, പ്രാഡോയടക്കം ആഡംബര കാറുകളുടെ നീണ്ട നിര, പതിനായിരക്കണക്കിന് സാരികൾ, കിലോക്കണക്കിന് സ്വർണം, അധികാരം, ചൊൽപ്പടിക്ക് നിൽക്കാൻ കോടിയോളം പോന്ന അനുയായികൾ... എല്ലാമുണ്ടായിട്ടും ഒടുവിൽ സർവ്വശക്തയും അതി സന്പന്നയുമായ തമിഴകത്തിൻ്റെ അമ്മാ ദുരൂഹത ബാക്കിയാക്കി ആറടി മണ്ണിലേക്ക് ഒതുങ്ങപ്പെട്ടിരിക്കുന്നു. വെറുംകയ്യോടെയാണ് അമ്മായുടെ യാത്ര.
ഇതു കണ്ടാലെങ്കിലും നമ്മളൊക്കെ അത്യാർത്തിയും അഹങ്കാരവും വിട്ട് യാഥാർത്ഥ്യബോധമുള്ളവരാകണം. ഇത് ഇന്നു കാലത്തു കിട്ടിയ ഒരു വാട്സ് ആപ് സന്ദേശത്തിൻ്റെ സ്വതന്ത്ര വിവർത്തനമാണ്. പോസ്റ്റിലെ കണക്കുകളുടെ ആധികാരികത പരിശോധിച്ചിട്ടില്ല. യഥാർത്ഥ സ്വത്ത് ഇതിലും പലമടങ്ങാകാനാണ് സാദ്ധ്യത. മനുഷ്യ ജീവിതത്തിൻ്റെ അതി നിസ്സാരത കൃത്യമായും ബോധ്യപ്പെടുത്തുന്നത് തന്നെയാണ് ഈ സന്ദേശം.
പക്ഷേ ഒരിക്കലും അതു തിരിച്ചറിയാനോ തിരിച്ചറിഞ്ഞിട്ടും അതിനനുസരിച്ചു ജീവിക്കാനോ നമ്മളിൽ ഭൂരിപക്ഷത്തിനും കഴിയുന്നില്ല. എന്തിനെന്നറിയാത്ത പോരാട്ടങ്ങളിൽ നമ്മൾ മുഴുകിപ്പോയിരിക്കുന്നു. സഹജീവികളെ ശത്രുക്കളായി മാത്രം കണ്ടു നിരന്തരം പോരടിക്കാൻ നമ്മൾ ശീലിച്ചിരിക്കുന്നു. സൗഹൃദം വാഴേണ്ടിടങ്ങളിൽ വിരോധത്തിന് ഇടം കൊടുത്തിരിക്കുന്നു. മായികമായ അധികാരത്തിനും നൈമിഷികമായ സുഖങ്ങൾക്കുമായി എന്തും ചെയ്യാനൊരുക്കമാണ് നമ്മൾ. ചോരച്ചൊരിച്ചിലിലൂടെ ലോകത്തെ സ്വന്തം ചൊൽപ്പടിക്കു നിർത്താൻ ശ്രമിച്ച ഹിറ്റ്ലറും സ്റ്റാലിനും തൈമൂറും മഹാനെന്നു ലോകം വിളിച്ച അലക്സാണ്ടറുമൊക്കെ കാലത്തോടേറ്റു ചരിത്രം മാത്രമായത് നമ്മൾ പാഠപുസ്തകങ്ങളിലും വായിച്ചു മനപ്പാഠമാക്കിയിരിക്കുന്നു. മനപ്പാഠമാക്കിയിട്ടും അതൊന്നും മനസ്സിലാക്കാനും അതിനനുസരിച്ചു ജീവിക്കാനും നമുക്കാവുന്നില്ല. അത് ലോകത്തിൻ്റെ പൊതു സ്വഭാവമാണ്. സ്വാർത്ഥത്തിനായി നമുക്കു മുന്നിലുള്ള എളുപ്പ മാർഗ്ഗം ഉന്മൂലനം മാത്രമാണ്. ട്രംപ്, കൊറിയ, ചൈന, സിറിയ, ഇറാഖ്, സുഡാൻ.... പദങ്ങളിലെല്ലാം പൊതുവായുള്ളത് സംഘർഷത്തിൻ്റെ ലാഞ്ജന തന്നെ. ലോകത്തിന് നന്മയും സുഖങ്ങളും നൽകാൻ ശേഷിയുള്ളവർ പലതും കടും പിടുത്തത്തിൻ്റെയും അധികാരഹുങ്കിൻ്റെയും തേരുകളിലേറി രക്തപ്പുഴകളൊഴുക്കുന്ന തിരക്കിലാണ്.
പതിവുപോലെ ട്രംപ് അമേരിക്കൻ ഐക്യനാടുകളിൽ ബെറുപ്പിക്കൽസിൻ്റെ പുത്തനദ്ധ്യായങ്ങൾ ചമയ്ക്കുന്ന തിരക്കിലാണ്. ഉടനടി നടപടികളിൽ എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രംപിന് അത്യാവശ്യം ബോധ്യമുണ്ടെങ്കിലും എന്താണ് അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്ന് ഏറ്റവും അടുപ്പക്കാർക്കുപോലും നല്ല തിട്ടമില്ല. ഒരു രാഷ്ട്ര നായകനോട് ഏറ്റവുമടുപ്പമുള്ള ഔദ്യോഗിക സ്ഥാനങ്ങളിലൊന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേ
ത്. ട്രംപ് ഭരണഭാരമേറ്റപ്പോൾ ഈ സ്ഥാനത്ത് നിയമിതനായത് മൈക്കേൽ ഫ്ലിന്നായിരുന്നു. ആളിപ്പോൾ പണിയില്ലാതെ വീട്ടിലിരുപ്പാണ്. വൈസ് പ്രസിഡണ്ടിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിൽ തട്ടിയാണ് ഫ്ലിന്നിൻ്റെ പണി പോയത്. അടുത്തത് ആരെന്നാണ് കണ്ടറിയേണ്ടത്.
നാറ്റോ, റഷ്യ തുടങ്ങിയ വിഷയങ്ങളിൽ വൈസ് പ്രസിഡണ്ട് മൈക് പെൻസ് നടത്തിയ പ്രസ്താവനകൾ കാണുന്പോൾ അദ്ദേഹവും ട്രംപിൻ്റെ അപ്രീതിക്ക് പാത്രമാകാനിടയുണ്ടന്നാണ് ഇക്കാര്യത്തിൽ ട്രംപ് വിരുദ്ധർ പറയുന്നത്. നാറ്റോയോട് തികച്ചും അനുകൂലമായ നിലപാടാണ് അമേരിക്കയുടേതെന്നും റഷ്യ എതിർപക്ഷത്ത് തന്നെയാണെന്നുമാണ് പെൻസ് ഇന്നലെ പറഞ്ഞത്. ട്രംപിൻ്റെ പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് ഇത്. ഇതിനെക്കുറിച്ചു പക്ഷേ ട്രംപ് ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എന്നാൽ ഇന്നലെ ഫ്ലോറിഡയിലെ പാർട്ടി സമ്മേളനത്തിൽ നയവ്യതിയാനമില്ലാതെ അമേരിക്കയെയും സൈന്യത്തെയും ശാക്തീകരിക്കുന്ന നടപടികളുമായി സധൈര്യം മുന്നോട്ടു പോകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ വിമർശന ശരങ്ങളെയ്യുന്ന മാധ്യമങ്ങളെ നുണയന്മാരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നുണയന്മാരേ വെറുതേ വിടാൻ ഉദ്ദേശമില്ലന്നു ട്രംപ് പറയുന്പോൾ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ ഗതി എങ്ങോട്ട് എന്നത് വ്യക്തം. ഉത്തരകൊറിയയുമായി ബന്ധപ്പെട്ടും ഇത്തവണയുമുള്ളത് ആഹ്ലാദമുണ്ടാക്കുന്ന വർത്തമാനമല്ല. ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നിൻ്റെ അർത്ഥ സഹോദരൻ്റെ ദുരൂഹമരണമാണ് അതിൽ പ്രധാനം. സ്വന്തം കുടുംബത്തെ കാണാൻ മക്കാവുവിലേക്കു പോകാൻ ക്വലാലംപൂരിൽ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഉത്തരകൊറിയൻ മുൻ നായകൻ കിം ജോംഗ് ഇല്ലിൻ്റെ ആദ്യ പുത്രനായ കിം ജോംഗ് നാമിനെ വാടകക്കൊലയാളികൾ കൊലപ്പെടുത്തിയത്. കിം ജോംഗ് ഉന്നുമായി അത്ര സൗഹാർദ്ദത്തിലായിരുന്നില്ല നാം. മാത്രമല്ല കിം ജോംഗ് ഉൻ വേട്ടപ്പട്ടികൾക്ക് ഇട്ടുകൊടുത്തു ക്രൂരമായി കൊലപ്പെടുത്തിയ അമ്മാവൻ ജാംഗ് സോംഗ് തെയ്ക്കുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമായിരുന്നു കിം ജോംഗ് നാം. നാമിനെ കൊലപ്പെടുത്തിയ സംഘം പിടിയിലായിട്ടുണ്ട്.
അധികാരമുറപ്പിക്കാനായുള്ള ഉന്മൂലനങ്ങളുടെ കഥകൾക്ക് ദേശഭാഷാന്തരങ്ങളില്ല. ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡാനിൽ നിന്നുള്ള ചോരക്കളിയുടെ വൃത്താന്തങ്ങളും ശരി വയ്ക്കുന്നത് ഇക്കാര്യം തന്നെയാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ സൗത്ത് സുഡാൻ വർഷങ്ങളായി ആഭ്യന്തര കലാപത്തിൻ്റെ പിടിയിലാണ്. തലസ്ഥാനമായ ജൂബയിൽ തുടരുന്ന ഏറ്റവും പുതിയ പോരാട്ടത്തിൽ നാനൂറോളം ആൾക്കാർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ പോരാട്ടം ജൂബയിലെ ഒരു ദേവാലയത്തിൽ മാത്രം 200 ഓളമാൾക്കാരുടെ ജീവനെടുത്തു. തെരുവിൽ സംഘർഷമുണ്ടാകുന്പോൾ ജനങ്ങൾ ദേവാലയങ്ങളെയാണ് അഭയ സ്ഥാനങ്ങളായി കണ്ടിരുന്നത്. ഇത്തവണ അക്രമികൾ ദേവാലയങ്ങൾക്കുള്ളിലേക്കും പോരാട്ടം വ്യാപിപ്പിക്കുകയായിരുന്നു.
അധികാരത്തിൻ്റെ തലപ്പത്തുള്ള രണ്ടു പ്രധാനികൾ തമ്മിലുള്ള തർക്കങ്ങളാണ് രാജ്യത്തെ കലാപഭൂമിയാക്കി നിർത്തിയിരിക്കുന്നത്. സാൽവാ കിർറാണ് രാജ്യത്തിൻ്റെ പ്രസിഡണ്ട്. ഔദ്യോഗിക പക്ഷമെന്നു വിളിക്കപ്പെടുന്നത് കിർറിൻ്റെ പക്ഷമാണ്. എതിർ പക്ഷത്തുള്ളത് രാജ്യത്തിൻ്റെ വൈസ് പ്രസിഡണ്ടും അദ്ദേഹത്തിൻ്റെ അനുയായികളുമാണ്. ഗോത്ര വൈരമാണ് യഥാർത്ഥത്തിൽ ഈ പോരാട്ടത്തിൻ്റെ ആണിക്കല്ല്. രാജ്യത്തെ ഏറ്റവും പ്രമുഖ ഗോത്രമായ ഡിങ്ക വിഭാഗക്കാരനാണ് പ്രസിഡണ്ട്. ന്യൂയെർ വിഭാഗക്കാരാണ് വൈസ് പ്രസിഡണ്ട് മാച്ചർ.
രാജ്യത്തിൻ്റെ സ്ഥിതി അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭാ അധികൃതർ തന്നെ വ്യക്തമാക്കുന്നു. പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തു നിന്നും അത്യാവശ്യമില്ലാത്ത യു.എൻ ഉദ്യോഗസ്ഥരെ ഐക്യരാഷ്ട്ര സഭ പിൻവലിച്ചു കഴിഞ്ഞു. സാധാരണഗതിയിൽ സംഘർഷമേഖലകളിലെ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥർക്കു നേരേ കലാപകാരികൾ ആക്രമണം അഴിച്ചു വിടാറില്ല. എന്നാൽ കഴിഞ്ഞ ദിവസമാരംഭിച്ച ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭാ സേനയുടെ ഭാഗമായി സേവനമനുഷ്ടിച്ചു പോന്ന ഒരു ചൈനീസ് സൈനികന് ജീവൻ നഷ്ടമായി. ഇതോടെയാണ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാൻ യു.എൻ തീരുമാനിച്ചിരിക്കുന്നത്.
അതീവ ദയനീയമാണ് സൗത്ത് സുഡാൻ്റെ സ്ഥിതി. രാജ്യം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലാണ്. ഐക്യരാഷ്ട്ര സഭാ മിഷൻ്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കലാപത്തെ തുടർന്ന് ആയിരത്തിലേറെപ്പേർ ഓടിപ്പായെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ ഗതി എന്താവുമെന്ന് പറയാറായിട്ടില്ല. സ്വാതന്ത്ര്യം കിട്ടി ഒരുകൊല്ലമായപ്പോൾ ആരംഭിച്ച ആഭ്യന്തര കലാപത്തിന് നാലുവയസ്സ് പ്രായമാകുന്പോഴേക്കും രാജ്യം തമ്മിലടിച്ച് ഇല്ലാതാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇതൊക്കെ കാണുന്പോഴാണ് നമ്മുടെ ഭരണഘടനയുടെയും ഭരണ സംവിധാനങ്ങളുടെയും കരുത്തും മേന്മയും വ്യക്തമാവുന്നത്.
തിരിക്കിനിടെ ഇതിൻ്റെയൊന്നും നിരർത്ഥകതയെക്കുറിച്ച് ആലോചിക്കാനും ആശങ്കപ്പെടാനും നമുക്കാർക്കും നേരമില്ല. ആരെങ്കിലുമൊക്കെ ആലോചിച്ചാലും ഇതൊക്കെ ഇങ്ങനെ തന്നെ തുടരുകയും ചെയ്യും.