യഷ്മിത ഹാപ്പിയാണ്
കൂക്കാനം റഹ്്മാൻ
കായിക രംഗത്ത് ഇന്ത്യയ്ക്കഭിമാനമായി മാറിയ ഒരു പെൺകുട്ടിയുണ്ട് കാസർഗോട്ടെ ഉൾനാടൻ ഗ്രാമമായ ബദിയടുക്കയിൽ. അധികമാരും അറിയാതെ പോയി യഷ്മിതയെന്ന ഈ പെൺകുട്ടി ഇന്ത്യയ്ക്കുവേണ്ടി പോരാടി നേടിയ വിജയ കാര്യം. പലപ്പോഴും പിന്നോക്ക പ്രദേശങ്ങളിൽ അധിവസിക്കുന്ന പിന്നോക്കക്കാരുടെ നേട്ടങ്ങൾ തമസ്‌ക്കരിക്കപ്പെടുകയാണ്. അതിനുള്ള തെളിവിലൊന്നാണ് യഷ്മിതയെന്ന ദളിത് പെൺകുട്ടി നേടിയ വിജയം വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്.
ഏഷ്യയിലെ വളരെയേറെ പ്രചാരത്തിലുള്ള ഒരു ഗെയ്മാണ് ത്രോ ബാൾ. ആ മേഖലയിൽ തന്റെ പ്രാവീണ്യം തെളിയിച്ച പെൺകുട്ടിയാണ് യഷ്മിത. അവളുടെ ടീമാണ് ഇക്കഴിഞ്ഞ ഡിസംബറിൽ കോലാലംപൂരിൽ നടന്ന ജൂനിയർ ഏഷ്യൻ ത്രോബാൾ ചാന്പ്യൻഷിപ്പ് മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി വിജയക്കൊടി നാട്ടിയത്. ഏഴ് പേരടങ്ങുന്ന ഇന്ത്യൻ ടീമിലെ മറ്റംഗങ്ങൾ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പിറന്നവളാണ് യഷ്മിത. അവൾ കാസർഗോഡ് അഗൽപാടിയിലെ അന്നപൂർണ്ണേശ്വരി ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. കൂലിപ്പണിക്കാരായ സുബ്ബണ്ണനായിക്കിന്റെയും സുമതിയുടെയും മൂന്നുമക്കളിൽ രണ്ടാമത്തേതാണ് യഷ്മിത. ചേച്ചി പൂർണ്ണിമ മംഗളൂരുവിൽ ബിടെക്ക് വിദ്യാർത്ഥിനിയും അനിയൻ ശിവകുമാർ ഏഴാം ക്ലാസുകാരനുമാണ്.
പഠനത്തിൽ മിടുക്കിയായ യഷ്മിത എസ്.എസ്.എൽ. സി പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കുന്ന യഷ്മിതയ്ക്ക് എഞ്ചിനീയറാവണമെന്നാണ് ആഗ്രഹം. എട്ടാം ക്ലാസുമുതൽ ത്രോബാളിൽ സമ്മാനിതയായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ പ്ലയർ ആയിരുന്നു. ടെന്നീസ്, ബാഡ്മിന്റൺ എന്നിവയിലും യഷ്മിത മികവ് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് വെളിയിൽ പോയി കളിക്കാൻ അവസരം ലഭ്യമായതിൽ യഷ്മിത അഭിമാനം കൊള്ളുന്നു. ഇതിന് വഴിയൊരുക്കിയവരെയൊക്കെ എന്നും നന്ദിയോടെ സ്മരിക്കുന്നു. കായികരംഗത്ത് തന്റെ കഴിവു കണ്ടെത്തി പ്രോത്സാഹിപ്പിച്ചവർ പലരുമുണ്ടെങ്കിലും ഹൈസ്‌ക്കൂൾ പഠനകാലത്തെ കായികാദ്ധ്യാപകനായ ശശികാന്ത് സാറാണ് ഈ രംഗത്തേക്ക് യഷ്മിതയെ കൈ പിടിച്ചുയർത്തിയവരിൽ പ്രധാനിയെന്ന് അവൾ സ്മരിക്കുന്നു. വിദ്യാഭ്യാസ കാര്യത്തിലും, സാന്പത്തിക കാര്യത്തിലും പിന്നോക്കക്കാരാണെങ്കിലും യഷ്മിതയെ പ്രോത്സാഹിപ്പിക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും അച്ഛനുമമ്മയും ഏറെ സഹായിച്ചു കൊണ്ടിരിക്കുകയാണ്.
ജൂനിയർ ത്രോബാൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം കിട്ടിയ ആ ധന്യമുഹൂർത്തം മറക്കാൻ കഴിയില്ലെന്ന് ആവേശത്തോടെ യഷ്മിത പറഞ്ഞു. ഒരു ലക്ഷത്തോളം രൂപ ചെലവ് വേണ്ടിവരും എന്നറിഞ്ഞപ്പോൾ അൽപം പ്രയാസം തോന്നി. പക്ഷേ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ അദ്ധ്യാപകരും ബന്ധുജനങ്ങളും പ്രചോദനമേകി. ഷെഡ്യൂൾഡ് ട്രൈബൽ ഡിപ്പാർട്ടുമെന്റിൽ നിന്ന് 50,000 രൂപ അനുവദിച്ചു കിട്ടി. ബാക്കി വരുന്നത് വീട്ടുകാരും നാട്ടുകാരും സഹായിച്ചു.
ട്രെയിനിലാണ് ഡൽഹിയിൽ എത്തിയത്. കൂടെയുള്ള ടീം അംഗങ്ങളെ മുൻപരിചയമില്ലെങ്കിലും ഡൽഹിയിൽ വെച്ച് പരിചിതരായി. കോലാലംപൂരിലേക്ക് പുറപ്പെടുന്നതുവരെ ഡൽഹിയിൽ വെച്ച് തീവ്രപരിശീലനം സിദ്ധിച്ചു. ടീമിന്റെ ആത്മവിശ്വാസം വർദ്ധിക്കാൻ പരിശീലനം ഇടയാക്കി. 28നാണ് കോലാലംപൂരിൽ മത്സരം അരങ്ങേറിയത്. ഞങ്ങളുടെ ടീം സർവശ്രദ്ധയും ബുദ്ധിയും ഉപയോഗപ്പെടുത്തി പോരാടിക്കൊണ്ടിരുന്നു. പാകിസ്ഥാനി പെൺകുട്ടികളോടാണ് അവസാന റൗണ്ടിൽ പോരാടേണ്ടി വന്നത്. ഇഞ്ചോടിഞ്ച് പൊരിഞ്ഞ മത്സരമായിരുന്നു. 25−24 സ്‌കോറിനാണ് ഞങ്ങൾ വിജയ കിരീടമണിഞ്ഞത്. യഷ്മിത പറയുന്നു.
യഷ്മിതയും ടീമും ഇന്ത്യയ്ക്കു വേണ്ടിയാണ് കളിച്ചത്. ഇന്ത്യയുടെ അഭിമാനമാണ് അവരിലൂടെ നേടിയെടുത്തത്. ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ബന്ധപ്പെട്ടവർ ആഹ്ലാദത്തോടെ ടീമിനെ വരവേറ്റു. അവിടെ നിന്ന് കേരളത്തിലേക്ക് ട്രെയിൻ കയറിയ യഷ്മിത കാസർഗോട്ടെത്തിയപ്പോൾ ചെറിയൊരു ആൾക്കൂട്ടമേ അവളെ സ്വീകരിക്കാനുണ്ടായുള്ളു. അവൾ ജീവിച്ചു വരുന്ന കുന്പടാജെ പഞ്ചായത്ത് ജനപ്രതിനിധികളും അവളുടെ രക്ഷിതാക്കളും അടങ്ങുന്ന ചെറിയൊരു ആൾക്കൂട്ടം മാത്രമായിരുന്നെങ്കിലും അവളെ തുറന്ന ജീപ്പിൽ കയറ്റി പട്ടണം ചുറ്റിയതും സ്വീകരിച്ചതും യഷ്മിത അഭിമാനത്തോടെ ഓർക്കുന്നു.
പക്ഷേ ഇതല്ലല്ലോ വേണ്ടിയിരുന്നത്? ഇന്ത്യയ്ക്കു വേണ്ടികളിച്ച് ഏഷ്യാ വൻകരയിലെ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ− അതിൽ അംഗമായ കളിക്കാരിക്ക് ഇത്തരമൊരു സ്വീകരണം മതിയോ? ഇവിടെയാണ് ദളിതരോടുള്ള സമീപനത്തിൽ പൊതു സമൂഹം കാണിക്കുന്ന അവജ്ഞയെക്കുറിച്ച് ചിന്തിക്കേണ്ടത്. പലപ്പോഴും ദളിത് വിഭാഗത്തിൽ പെട്ടവർ ഉയരങ്ങളിലെത്തുന്പോൾ അവർക്കത് റിസർവേഷൻ മുഖേന കിട്ടിയതല്ലേ എന്ന് അധിക്ഷേപിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ സ്വന്തം അദ്ധ്വാനം കൊണ്ടും, ബുദ്ധി ശക്തി കൊണ്ടും നേടിയെടുത്തതാണ് വിജയമെന്ന് ഇനിയും അംഗീകരിക്കാൻ സമൂഹം തയ്യാറാവുന്നില്ല.
യഷ്മിതയ്ക്ക് കിട്ടിയ അംഗികാരം റിസർവേഷൻ മൂലം ലഭിച്ചതല്ലായെന്ന് എല്ലാവർക്കും അറിയാം. അതവളുടെ കഴിവു കൊണ്ടുമാത്രം ലഭ്യമായ കാര്യമാണ്. അങ്ങിനെയൊരു ചിന്തയുണ്ടെങ്കിൽ അവൾക്ക് ലഭിക്കേണ്ട സ്വീകരണവും, അംഗീകാരവും, പ്രചാരണവും ഇങ്ങിനെയായിരിക്കില്ല എന്നു വേണം ചിന്തിക്കാൻ.
ദളിത് വിഭാഗത്തിൽ പെട്ട ഐ.എ.എസുകാരനായ എന്റെ ഒരു സുഹൃത്ത് സൗഹൃദ സംഭാഷണത്തിൽ പങ്കുവെച്ച കാര്യം ഇവിടെ സ്മരിക്കുകയാണ്. അദ്ദേഹം നടപ്പിലാക്കിയ ചില പരിഷ്‌കാര ഇടപെടലുകളെ അവജ്ഞയോടെ തള്ളിപ്പറഞ്ഞ ചില മാന്യവ്യക്തികളുണ്ടായിരുന്നു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു ഇവന്മാരുടെ വിചാരം ഞാൻ സംവരണത്തിലൂടെ കടന്നുവന്ന് ഐ.എ.എസ് നേടിയവനെന്നാണ്. പഠിച്ച് റാങ്ക് നേടിയിട്ടാണ് ഈ രംഗത്തെത്തിയതെന്ന് ഇവന്മാർക്കറിയോ? ഉള്ളിൽത്തട്ടിയ ഒരു വികാരം അദ്ദേഹം പ്രകടിപ്പിച്ചതാണ്. ഇന്നും ജാതീയ വിവേചനം അവസാനിച്ചിട്ടില്ല. ദളിത് വിഭാഗത്തിൽ പെട്ടവരായത് കൊണ്ടു മാത്രം അർഹതയുള്ള അംഗീകാരം തട്ടിപ്പറിച്ചു കളയുന്ന രീതി ഇന്നുമുണ്ട്.
വ്യക്തികൾ ആരായിരുന്നാലും അർഹതയുള്ളവരെ ആദരിക്കാനും, അംഗീകരിക്കാനും ഇനിയും നാം എത്ര കാതം സഞ്ചരിക്കേണ്ടി വരും? പഠനത്തിലായാലും, കായിക രംഗത്തായാലും, ഭരണ മേഖലയിലായാലും മേൽജാതി കീഴ്ജാതി വിവേചനം ഇന്നും നിലനിൽക്കുന്നു. അതിന്റെയൊരു സൂചനയായിട്ടുവേണം മറാഠി വിഭാഗത്തിൽപെട്ട യഷ്മിത നേടിയ വിജയത്തെ വേണ്ട രീതിയിൽ അംഗീകരിക്കാതെ പോയത്.
ഇതൊക്കെയാണെങ്കിൽ യഷ്മിതയുടെ വ്യക്തി ജീവിതത്തിൽ ജാതീയത പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. എല്ലാവരും തുല്യതയോടെ മാത്രമെ കാണുകയും ഇടപെടുകയും ചെയ്യുന്നുള്ളു. പെൺകുട്ടികളുടെ ഇടയിൽ കാണുന്ന ഒളിച്ചോട്ടത്തെയും പ്രണയ ചാപല്യത്തെയും കുറിച്ച് യഷ്മിതയ്ക്ക് വ്യക്തമായ ധാരണയുണ്ട്. സ്‌പോർട്‌സിലോ, പഠനത്തിലോ, കലാരംഗത്തോ ശ്രദ്ധ പതിപ്പിക്കുന്ന പെൺകുട്ടികളിൽ ഇത്തരം ചാപല്യങ്ങൾ കാണില്ല. കാരണം അവർ അതിൽ മാത്രമേ കൂടുതൽ താൽപര്യവും ശ്രദ്ധയും കാണിക്കൂ. അപ്പോൾ മനസു മുഴുവൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ മുഴുകുന്പോൾ ഏടാകൂടങ്ങളൊന്നും തലയിൽ കയറ്റി വെക്കാൻ സമയവും സന്ദർഭവും ഉണ്ടാവില്ല. യഷ്മിത പറയുന്നതാണ് ശരിയെന്ന് തോന്നുന്നു.
ഇന്നും ഇന്ത്യയിലെ 565 ഗ്രാമങ്ങളിൽ എൺപതു ശതമാനത്തിലും തൊട്ടുകൂടായ്മ നിലനിൽക്കുന്നു. 47 ശതമാനം ഗ്രാമങ്ങളിൽ പാല് വിൽക്കുന്നതിന് ദളിതർക്കു നിരോധനമുണ്ടിന്നും. പ്രാദേശിക ചന്തകളിൽ തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കാൻ ദളിതർക്കു വിലക്കുണ്ട്. ദളിതർക്കും മേൽജാതിയിൽ ഉള്ളവർ എന്ന് പറയുന്നവർക്കുമായി പ്രത്യേക പാത്രങ്ങൾ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. കൃഷിയിടങ്ങൾ നനയ്ക്കുന്നതിനുവേണ്ടി വെള്ളമെടുക്കാൻ ദളിതർക്ക് അനുവാദമില്ലാത്ത ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ. ഇക്കാര്യങ്ങൾ സൂചിപ്പിച്ചത് ലോക ബാങ്ക് റിസർച്ച് ഗ്രൂപ്പിനു വേണ്ടി കർലാഹോഫ് തയ്യാറാക്കിയ പഠന രേഖയിലാണ്.
ജനസംഖ്യാ കണക്കിൽ ലോകത്തെ രണ്ടാമത്തെ ശക്തിയായ ഇന്ത്യ വലിയ ഭൗതിക വളർച്ചയിലേക്കു പോകുന്നതിനുള്ള പ്രധാന തടസം ജാതീയതയുടെ പേരിൽ അകറ്റി നിർത്തപ്പെട്ട മനുഷ്യരുടെ എണ്ണം ഉയർന്ന തോതിൽ തുടരുന്നതാണ്.