പാ­ലപൂ­ക്കു­ന്ന ഇടവഴി­കളി­ലൂ­ടെ­....


മനു കാരയാട്

കവിതകളുടെ’ഗന്ധ’മെന്തെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുത്തരം അത് ആസ്വാദകന്റെ മനോമുകുരത്തിൽ അനുഭപ്പെടുന്ന അനുഭൂതിയുടെ മണമെന്നാകും ഞാൻ പറയുക. അപ്പോൾ അനുഭൂതിക്കും ഗന്ധമോ? എന്ന വിമർശനങ്ങൾക്ക് മുന്നിൽ പതിവുപോലെ വിനയാന്വീതനാകുക മാത്രമാകും പോംവഴി. കാരണം ഓരോ കവിതയും ഓരോ വായനക്കാർക്കും നൽകുന്നത് വ്യത്യസ്തമായ അനുഭൂതികൾ തന്നെയാകും. അതുകൊണ്ടു തന്നെയാണ് ഒരേ കൃതികൾ വ്യത്യസ്ത രീതികളിൽ വായിക്കപ്പെടുകയും ചർച്ചയ്ക്ക് വിധേയമാകുകയും ചെയ്യുന്നത്.

കവിതകളുടെ എണ്ണത്തിലല്ല കാര്യമെന്നും എഴുതിയ കവിതകളുടെ അകക്കാന്പ് എത്രത്തോളം ദൃഢമുള്ളതാണെന്ന് വയനാലോകം വിലയിരുത്തുന്പോൾ മാത്രമാണ് ഓരോ സൃഷ്ടിയും വളർച്ചയുടെ പൂർണ്ണത കൈവരിക്കുന്നത്. 

അത്തരം ഒരു പിടി കവിതകളിലൂടെ എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന യുവകവയത്രിയാണ് ശ്രീമതി. ആഷാ രാജീവ്.

ആഷയുടെ കവിതകൾ കാവ്യഭംഗിയുടെ ആലങ്കാരികതക്കപ്പുറത്ത് നാം കടന്നു പോകുന്ന വഴികളും, അനുഭവസത്യങ്ങളും, നിരാശയിൽപ്പെട്ടുഴറുന്പോഴും പ്രതീക്ഷകളുടെതുരുത്തുകളുമൊക്കെ നിറഞ്ഞു നിൽക്കുന്നതാണ്.

നടന്നു നീങ്ങുന്നത് ഒരുപക്ഷേ പാല പൂക്കുന്ന ഇടവഴികളിലൂടെയാണെങ്കിലും ചെന്നെത്തുന്നത് കനൽ പൂക്കുന്ന മരു വരൾച്ചയിലുമായേക്കും. അങ്ങനെ ഒരേ സമയം പ്രത്യാശയുടെയും യാഥാർത്ഥ്യത്തിന്റെയും വിവിധ തലങ്ങൾ ഒരേ കവിതകളിൽ ഇരുളും വെളിച്ചവുമെന്നതു പോലെ ഇഴചേർത്ത് നെയ്യുന്നത് ആഷയുടെ പല രചനകളിലും കാണാൻ കഴിയും.

പാല പൂക്കുന്ന ഇടവഴികളിലൂടെ നടന്നും തളർന്നും വഴിതെറ്റിയപ്പോൾ ചെന്നു നിന്നത് ഉത്തരം കിട്ടാത്ത ദിക്കിൽ!’

ഇങ്ങനെ കവയത്രി എഴുതിയത് ഇന്നത്തെ കപട പ്രണയത്തിന്റെ ഇരകളായി മാറുന്ന യുവതയുടെ നേർച്ചിത്രം തന്നെയാണ്. ഇതാകട്ടെ കവിതയിൽ തലയെടുപ്പോടെ നിവർന്നു നിൽക്കുന്നുമുണ്ട്.

സ്വപ്നങ്ങൾ ചങ്ങലക്കിടുന്പോഴാണ് മനസ്സിൽ നിരാശയുടെ വിഷാദമൊട്ടുകൾ വിരിയുന്നത്.തേടി തോൽക്കുന്നതിന് പോലും വിജയത്തിന്റെ മധുരമുണ്ടാകുന്നത് നാം പരിശ്രമത്തിനൊടുവിലാണ് പരാജയം സ്വീകരിച്ചതെന്ന തിരിച്ചറിവുള്ളതിനാലാണ്. എന്നാൽ ഓരോ സ്വപ്നങ്ങളും ഹൃദയത്തിൽ വിടരാമൊട്ടുകളായി മുരടിച്ച് നിൽക്കുകയും പുറന്തോട് കൽഭിത്തി പോലെ കഠിനമാകുന്പോഴുമാണ് മൃത്യു വരിച്ച ആഗ്രഹങ്ങളെ ഗർഭാവസ്ഥയിൽ പേറേണ്ട ഗതികേട് നമ്മുടെ സ്ത്രീകൾക്കുണ്ടാകുന്നത്. അത്തരം വനിതകളുടെ മനോവിചാരങ്ങൾ അക്ഷരങ്ങളിലൂടെ പുതിയൊരു അനുഭവ ലോകം തന്നെ തീർക്കുന്നുണ്ട് ആഷയുടെ ചില കവിതകളിൽ.

അടുക്കളയാണ് സ്ത്രീയുടെ ലോകമെന്ന പഴഞ്ചൻ കാഴ്ചപ്പാട് പുതുകാലത്തും ചർച്ച ചെയ്യപ്പെടേണ്ടി വരുന്നത് സ്ത്രീയുടെ കുറവ് കേടല്ലെന്നും സമൂഹം അവളെ നോക്കി കാണുന്ന കാഴ്ചയുടെ മഞ്ഞളിപ്പാണെന്നും ‘സമ്മാനം’ പോലുള്ള ചില കവിതകൾ വ്യക്തമാക്കുന്നുമുണ്ട്.

ആഷ രാജീവിന്റെ എടുത്ത് പറയത്തക്ക മറ്റൊരു രചനയാണ് ‘നാട്ടു വിളക്കണയുന്പോൾ’ എന്ന കവിത. ഇത് പ്രധാനമായും ദ്വിതീയ വീക്ഷണക്കോണുകളിലൂടെയാണ് വായനക്കാരുമായി സംവദിക്കുന്നത്.

ഒരു −ഗ്രാമങ്ങൾക്ക് മീതെയുള്ള നാഗരികതയുടെ കടന്നുകയറ്റം. അതുമല്ലെങ്കിൽ നാഗരികതയുടെ ചെറുതലോടലുകൾ പ്രത്യക്ഷപ്പെടുന്പോഴേക്കും അതിലേക്ക് കൂടുതൽ വേഗതയോടെ ചെന്നെത്താനുള്ള ത്വര സ്വയം ഉടലെടുക്കുക.

മുള്ളേറ്റവളുടെ ചുണ്ടിൽ

നിണ നിറമണിഞ്ഞതും

നാഗരികതയവളിൽ നടമാടി..!

ഈ വരികൾ ശ്രദ്ധേയം.

രണ്ട് −ഗ്രാമവിശുദ്ധിയുമായി ജീവിക്കുന്ന ഒരു പെൺകുട്ടി പൊടുന്നനെനാഗരിക ജീവിതത്തിലോട്ട് കടക്കുന്പോഴുണ്ടാകുന്ന ശാരീരിക മാനസിക തളർച്ചയുടെ അനന്തര ഫലങ്ങൾ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുക.

ഈ രണ്ട് വീക്ഷണങ്ങളിലൂടെയും പരിശോധിക്കുകയാണെങ്കിൽ ‘നാടുവിളക്കണയുന്പോൾ’ മികച്ച കവിതകളുടെ ഗണത്തിൽപ്പെടുന്നുമുണ്ട്.

സ്ത്രീ വിഷയങ്ങൾ കവിതയാക്കുന്നതിൽ പ്രത്യേകശ്രദ്ധയും, കാഴ്ചപ്പാടും പുലർത്തുന്ന എഴുത്തുകാരി കൂടിയാണ് ആഷാ രാജീവ്. സ്ത്രീ സർവ്വം സഹയാണെന്ന ചൊല്ല് അന്വർത്ഥമാക്കുന്ന ഒത്തിരി ഇടങ്ങൾ അവരുടെ കവിതകൾ പരിശോധിച്ചാൽ നമുക്ക് കണ്ടെത്താനാവുമെങ്കിലും പുതിയ കാലത്തിലെ പെണ്ണിന്റെ മുഖം വരച്ചു കാട്ടുന്നതിൽ അവർ പിന്നോക്കം നിൽക്കുന്നുമുണ്ടെന്നത് പറയാതെ വയ്യ.

കടപുഴകി വീണിട്ടും

കരഞ്ഞില്ല, വിതുന്പിയില്ല

ഇലകൾ പൊഴിച്ചില്ല

നനവ് പടർന്ന മണ്ണിലേക്ക്

വേരുകൾ തിരിഞ്ഞാഴ്ന്നു!

ഇത് ഒരു കടപുഴകിയ മരത്തിന്റെ വേദന മാത്രമായി കാണാതെ മുൻ കവിതകളെ ചൂണ്ടിക്കാട്ടിയ പോലെ സ്ത്രീകൾ അനുഭവിക്കുന്ന വേർതിരിവിന്റെയും, സ്വപ്ന−മോഹഭംഗങ്ങളുടെയുമൊക്കെ ആകെ തുകയാണ് ഈ വരികൾ എന്നു പറയുന്നതാവും ഉത്തമം.

വായന വളരുകയാണ് ഒപ്പം കവിതകളും എങ്കിലും ചില പുഴുക്കുത്തുകൾ രണ്ടിലും ഒളിഞ്ഞു കിടക്കുന്നുമുണ്ട്.

എഴുത്തുകാരുടെ മുഖ സൗന്ദര്യം നോക്കി കവിതകൾ വായിക്കുന്ന ചില വിചിത്ര രീതി പൂർണ്ണമായും മാറിയിട്ടില്ല. എന്നാലും ആഷാ രാജീവിന്റെ കവിതകൾ ഇതിനെയെല്ലാം മറികടന്ന് വായനാലോകം സ്വീകരിക്കുമെന്നതിൽ തർക്കമില്ല.

വാൽക്കഷണം:

വരകൾ പൊത്തിലൊളിച്ച് മലയിറങ്ങിയ കുഞ്ഞു പുലികൾ പൂച്ചകളായി വേഷമിട്ട് മറ്റേത് രംഗത്തെന്ന പോലെ സാഹിത്യ രംഗത്തുമുണ്ട്. ശ്രദ്ധിക്കുക.... പതുങ്ങിയിരിക്കുന്നതിന് പകരം അക്ഷരത്തുന്പിലെ മൂർച്ച രാകി മിനുക്കുക..!

You might also like

Most Viewed