പ്രസിഡൻസിയും പ്രതിസന്ധിയും
വി.ആർ. സത്യദേവ്
പ്രതിസന്ധികൾ ഡെണാൾഡ് ട്രംപിനു പുത്തരിയല്ല. വ്യക്തി ജീവിതത്തിലും ബിസിനസിലും നിരന്തരമായ പ്രതിസന്ധികളെ അതിജീവിച്ചാണ് അമേരിക്കൻ പ്രസിഡണ്ടു പദവിവരെയുള്ള ട്രംപിന്റെ കുതിപ്പ്. പ്രസിഡണ്ടു പദവിയിലെത്തിയപ്പോഴാവട്ടെ ആ പ്രതിസന്ധിയുടെ ആഴവും പരപ്പും ഏറുകയുമാണ്. അതിനു കാരണങ്ങൾ പലതാണ്. താൻ പിടിച്ച മുയലിനു കൊന്പു മൂന്നെന്നതാണ് ട്രംപിന്റെ ശൈലിയെന്ന ദുഷ്പേര് പണ്ടേയുണ്ട്. എന്നാലിപ്പോൾ കാര്യങ്ങൾ അവിടവും കടന്നിരിക്കുന്നു. ഭരണപരിചയമില്ലായ്മയാണ് ട്രംപിന്റെ ഏറ്റവും വലിയ കുഴപ്പമെന്നാതാണ് ട്രംപ് വിരോധികൾ ഇപ്പോളുന്നയിക്കുന്ന പ്രധാന കാര്യം. എന്തൊക്കെ ആകാം, എന്തൊക്കെ പാടില്ല എന്ന തിരിച്ചറിവില്ലായ്മ മൂലമുള്ള എടുത്തു ചാട്ടം രാജ്യത്തിന്റെ പെരുമയും ഭദ്രതയും മതേതരത്വവുമൊക്കെ അപകടത്തിലാക്കുമെന്ന് പൊതുവെ ട്രംപ് വിരുദ്ധരായ അമേരിക്കൻ മാധ്യമങ്ങളും ഡെമോക്രാറ്റിക് പക്ഷവും ആശങ്കപ്പെടുന്നു. ട്രംപിനെതിരെ പ്രതിഷേധജ്വാലകളുയർത്താനുള്ള ഒരവസരവും പ്രതിപക്ഷവും മാധ്യമങ്ങളും പാഴാക്കുന്നില്ല. തെരുവിലെ പ്രതിഷേധത്തിനപ്പുറം നിയമപരമായും പ്രസിഡണ്ടിന്റെ തീരുമാനങ്ങൾക്കെതിരേ ആവുന്നതെല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ് ട്രംപ് വിരുദ്ധർ.
പ്രസിഡണ്ട് ട്രംപിന്റെ പുതിയ ഉത്തരവുകളിൽ ഏറ്റവും വിവാദമായത് ഏഴുരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള പ്രവേശന വിലക്കു തന്നെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തെണ്ണൂറു ദിവസത്തേക്കായിരുന്നു പ്രവേശന വിലക്ക്. ഇറാഖ്, ഇറാൻ, സിറിയ, സോമാലിയ, സുഡാൻ, യെമൻ, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നൽകേണ്ടതില്ലെന്നായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ ഉത്തരവ്. ഇതിനൊപ്പം നാലുമാസത്തേയ്ക്ക് രാജ്യത്തേയ്ക്ക് ഈ രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥികളെ പ്രവേശിപ്പിക്കേണ്ടന്നും ഉത്തരവിലുണ്ടായിരുന്നു. ആയിരക്കണക്കിന് അഭയാർത്ഥികളെയും ഗ്രീൻകാർഡുള്ളവരെപ്പോലും ബുദ്ധിമുട്ടിലാക്കിയ ഈ ഉത്തരവിനെതിരേ ആഗോള തലത്തിൽ തന്നെ പ്രതിഷേധവുമുയർന്നിരുന്നു. എന്നാൽ ഈ ഉത്തരവിന് പിറ്റേന്നു തന്നെ തിരിച്ചടിയും ഉണ്ടായിരുന്നു. പുതിയ ഉത്തരവിന്റെ ഫലമായുള്ള യാത്രാ വിലക്കു മൂലം ന്യൂയോർക്കിലെ കെന്നഡി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ രണ്ട് ഇറാഖികളുടെ മോചനത്തിനായി സമർപ്പിക്കപ്പെട്ട ഹർജിയിൽ വന്ന കോടതി വിധിയായിരുന്നു ട്രംപിന്റെ തീരുമാനത്തിന് തുടക്കത്തിലേ തിരിച്ചടിയായത്. ജില്ലാ ജഡ്ജി ആൻ ഡോണെല്ലിയുടെ വിധിയെ തുടർന്ന് ഇറാഖികൾക്ക് രാജ്യത്ത് പ്രവേശനാനുമതി ലഭിച്ചിരുന്നു.
വിവാദ ഉത്തരവു വന്ന് ഒരാഴ്ച്ചക്കിടെ രാജ്യവ്യാപകമായി തന്നെ പ്രസിഡണ്ടിന്റെ ഉത്തരവ് റദ്ദു ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഫെഡറൽ ജഡ്ജി ജയിംസ് റോബർട്സാണ് പ്രസിഡണ്ടിന്റെ ഉത്തരവിനും നടപടികൾക്കും കനത്ത ആഘാതമാകുന്ന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടേ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എതിരെയുള്ള പ്രസിഡണ്ടിന്റെ വിലക്ക് ഫലത്തിൽ അസാധുവായിരിക്കുകയാണ്. ഒരു ലക്ഷത്തോളമാൾക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. അറുപതിനായിരമെന്നത് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്മെൻ്റിന്റെ കണക്കാണ്. എന്നാൽ നിയമ വകുപ്പു പറയുന്നത് ഒരുലക്ഷത്തോളമാൾക്കാർ പ്രസിഡണ്ടിന്റെ ഉത്തരവുമൂലം ബുദ്ധിമുട്ടിലായെന്നാണ്. ലോകത്തെ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അമേരിക്കയിൽ സുപ്രധാനമായ രണ്ടു വകുപ്പുകൾ തമ്മിൽ പോലും അവശ്യം വേണ്ട ഏകോപനമില്ലാത്ത അവസ്ഥയാണ് കണക്കുകളിലെ വൈരുദ്ധ്യം കാണിക്കുന്നതെന്ന് വിമർശകർ പറയുന്നു.
അതേസമയം നിയമപോരാട്ടങ്ങളിലും വിധികളിലും പോലും രാഷ്ട്രീയം കടന്നുകൂടുന്നുണ്ട് എന്നൊരു വാദവും ശക്തമാവുകയാണ്. ട്രംപിന്റെ ഉത്തരവു വന്നയുടൻ അതിനെതിരെ വിധി പ്രഖ്യാപിച്ച ജില്ലാ ജഡ്ജി ആൻ ഡോണെല്ലി, ഒബാമ ഭരണകൂടത്തിന്റെ ആളാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അമേരിക്കൻ മാധ്യമങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ ഫെഡറൽ ജഡ്ജി ജെയിംസ് റോബർട്സിന്റെ വിധിയും ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം. വിർജീനിയ, മസാച്യുസെറ്റ്സ്, മിച്ചിഗൺ, ന്യൂയോർക്ക് തുടങ്ങിയ കോടതികളിലും പ്രസിഡണ്ടിന്റെ ഉത്തരവിനെതിരെയുള്ള കേസുകൾ പരിഗണനയിലാണ്.
പ്രസിഡണ്ടിന്റെ ഉത്തരവു താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് മതപരമായ വിവേചനമാണെന്ന ഹർജിക്കാരുടെ വാദത്തോട് കോടതി യോജിച്ചിട്ടില്ല. പ്രസിഡണ്ടിന്റെ ഉത്തരവിലൊരിടത്തും മതപരമായ പരാമർശങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല ദേശീയ സുരക്ഷയെ കരുതിയുള്ളതാണ് പ്രസിഡണ്ടിന്റെ ഉത്തരവെന്നും വിധിന്യായത്തിൽ പറയുന്നു. അങ്ങനെവരുന്പോൾ വിധി പൂർണ്ണമായും പ്രസിഡണ്ടിന് എതിരാണെന്നു വിലയിരുത്താനാവില്ല. ഏഴു ദിവസത്തേക്കു മാത്രമാണ് ബോസ്റ്റൺ ഫഡറൽ കോടതിയുടെ മരവിപ്പിക്കൽ. തിരക്കിട്ട ഉത്തരവു നടപ്പാക്കിയപ്പോഴുണ്ടായ ബുദ്ധിമുട്ടു പരിഹരിക്കുകയാണ് കോടതി ഇപ്പോൾ ചെയ്തിരിക്കുന്നത്. നിയമപരമായ അനുമതിയും രേഖകളും കൈവശമുള്ള ആയിരങ്ങൾക്ക് ഗുണകരമാണ് കോടതിയുത്തരവ്. എന്നാൽ ഇക്കാര്യമെന്നും പരിഗണിക്കാതെയാണ് കോടതി വിധിയോടുള്ള ട്രംപിന്റെ പ്രതികരണം. വിധി തികച്ചും മണ്ടത്തമാണെന്നും ജഡ്ജി മണ്ടനുമെന്നാണ് ട്രംപ് തുറന്നടിച്ചത്. സംഗതി കോടതിയലക്ഷ്യമാണോയെന്നത് വരും ദിവസങ്ങളിലറിയാം. നിയമപ്രശ്നങ്ങൾ പക്ഷേ കോടതിയലക്ഷ്യത്തിനും അപ്പുറത്തേക്കാണ് പോകുന്നത്.
ഫെഡറൽ ജഡ്ജിയുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകിയിരിക്കുകയാണ് നിയമ വകുപ്പ്. രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിൽ നിന്നും ഏതൊരു അന്യ നാട്ടുകാരനെയും വിലക്കാൻ അമേരിക്കൻ കോൺഗ്രസ് തന്നെ പ്രസിഡണ്ടിന് നിയമപരമായ അധികാരം നൽകിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചാണ് കോടതി ഉത്തരവു റദ്ദു ചെയ്തിരിക്കുന്നത് എന്നാണ് നിയമവകുപ്പിന്റെ പക്ഷം. ഉത്തരവ് രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ളതാണെന്ന് കോടതി തന്നെ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏതു നിയമത്തിന്റെ പിൻബലത്തിലാണ് കോടതി അമേരിക്കൻ കോൺഗ്രസിന്റെ തന്നെ അധികാരത്തെ മറികടന്നതെന്ന് ജഡ്ജി വിശദീകരിക്കേണ്ടി വന്നേക്കാം. എന്നാൽ അതിലുപരി കോടതിയെ കാട്ടി തന്നെ പേടിപ്പിക്കുക എളുപ്പമല്ലെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് ഇതിലൂടെ നൽകുന്നത്. മുള്ളിനെ മുള്ളുകൊണ്ടുതന്നെയെടുക്കുകയെന്ന തന്ത്രമാണ് ജഡ്ജിക്കെതിരായ അപ്പീലിലൂടെ നിയമവകുപ്പും ട്രംപും പ്രയോഗിച്ചിരിക്കുന്നത്. പരിചയമില്ലാത്തയാളെന്ന് എതിർപക്ഷം ആരോപിക്കുന്ന ട്രംപിനെ വിലകുറച്ചു കാണുന്നത് എതിരാളികളുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും.
ഇതൊക്കെയാണെങ്കിലും ആഗോളതലത്തിൽ തന്നെ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുകയാണ്. ട്രംപിന്റെ കടുത്ത നടപടികൾ തന്നെയാണ് അതിനൊരു പ്രധാന കാരണം. ആരെയും എന്തങ്കിലും കാരണം മൂലമോ ഒരു കാരണവും കൂടാതെയോ എതിർക്കുകയും വിരോധിക്കുകയും ഒക്കെ ചെയ്യാം. എന്നാൽ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ വ്യക്തിക്കെതിരെയുള്ള തുടച്ചയായ ആക്ഷേപങ്ങൾ ജനാധിപത്യ അമേരിക്ക പൂർണ്ണമായും അംഗീകരിക്കാനുള്ള സാദ്ധ്യത കുറവാണ്.
മാത്രമല്ല തെരഞ്ഞെടുപ്പു വേളയിൽ രാജ്യത്തെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളാണ് ട്രംപ് ഇപ്പോൾ ഉത്തരവുകളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങൾക്കൊപ്പം വലിയൊരു വിഭാഗത്തിന്റെ പിന്തുണയാർജ്ജിക്കാനും ഇത്തരം നീക്കങ്ങൾ ട്രംപിനെ സഹായിച്ചേക്കാം. ഒരു ജർമ്മൻ പ്രസിദ്ധീകരണത്തിൽ വന്ന ട്രംപ് വിരുദ്ധ കാർട്ടൂണിനെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കുന്നത് ഇതാണ്. ക്യൂബൻ അഭയാർത്ഥിയായി അമേരിക്കയിലെത്തിയ ഏദൽ റോഡ്രിഗ്വസായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യ പ്രതിമയുടെ തലയറുത്ത് ആയുധവുമായി നിൽക്കുന്ന പ്രസിഡണ്ട് ട്രംപിന്റെ കാർട്ടൂൺ വരച്ചത്. ഇതിനിടെ ഒരു പശ്ചിമേഷ്യൻ രാജ്യം തങ്ങളുടെ മണ്ണിലേയ്ക്ക് ഏറെ അകലെ നിന്നല്ലാത്ത മറ്റൊരു രാജ്യത്തിന്റെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ കാര്യവും ട്രംപ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റേത് കടുത്തതും തിടുക്കത്തിലുമുള്ള തീരുമാനങ്ങളാണ്. നിയമപരമായ നൂലാമാലകളിലും ആഗോള തലത്തിൽ തന്നെയുള്ള പ്രതിഷേധത്തിനും അത് വഴിവച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒരുപക്ഷേ വലിയ പ്രതിസന്ധികൾക്കും വഴിവച്ചേക്കാം. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.