അറബ് ലോകത്തിന്റെ പ്രിയങ്കരനായ അഹമ്മദ്


സ്വന്തം ലേഖകൻ

2017 പിറന്ന് നാളുകളായപ്പഴേയ്ക്കും രാജ്യത്തെ തേടിയെത്തിയ ആദ്യത്തെ ദുഃഖവാർത്തയാണ് ശ്രീ ഇ.അഹമ്മദിന്റെ വിയോഗ വാർത്ത. തന്റെ പ്രവർത്തനമേഖലയിലെ ജോലികൾക്കിടയിൽ തന്നെയായിരുന്നു അഹമ്മദ് ദേഹം വെടിഞ്ഞത്. ഇന്നലെ പാർലമെന്റിൽ എത്തിയ അദ്ദേഹത്തിന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽവെച്ച് മരണപ്പെടുകയുമായിരുന്നു.

മുസ്ലീംലീഗിന്റെ തേരാളി എന്ന് അറിയപ്പെടുന്ന ശ്രീ ഇ അഹമ്മദ് അറബ് ലോകത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അറബ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടൽ വിലമതിക്കാനാവാത്തതാണ്. 2004−ൽ അഹമ്മദിന്റെ ഇടപെടലിനെ തുടർന്ന് ഹജ്ജ് ക്വോട്ടയിൽ വൻ വർദ്ധനവുണ്ടായി. 72,000 ആയിരുന്നത് 1,70,000 ആയി വർദ്ധിപ്പിച്ചു. അറബ് ഉച്ചകോടികളിലടക്കം ഇന്ത്യയ്ക്ക് പ്രാതിനിധ്യം ലഭിക്കാൻ കാരണം ഇ.അഹമ്മദിന് അറബ് രാഷ്ട്രങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ്. അറബ് രാജ്യങ്ങളിലെ ഭരണതലവന്മാരുമായും രാജകുടുംബങ്ങളുമായും അത്ര ശക്തമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഏറ്റവും കൂടുതൽ ലോകരാഷ്ട്ര ഉച്ചകോടികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി എന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്. ഐക്യരാഷ്ട്രസഭയിൽ 10 തവണയാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇറാഖിൽ മൂന്ന് ഇന്ത്യൻ ഡ്രൈവർമാരെ അൽഖ്വയ്ദ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയപ്പോൾ അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിൽ തന്റെ വ്യക്തി ബന്ധങ്ങൾ അദ്ദേഹം സമർത്ഥമായി ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റേയും യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും പ്രശംസയും അദ്ദേഹത്തെ തേടിയെത്തി.

2004ൽ ഇറാഖിൽ ഇന്ത്യക്കാരെ ബന്ദിയാക്കിയപ്പോൾ ഇടപെടുകയും ഗൾഫ് രാജ്യങ്ങളിൽ കടുത്ത തൊഴിൽനിയമങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോൾ അയവുണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്തത് അഹമ്മദിന്റെ നയതന്ത്രനീക്കങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയിൽനിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു അഹമ്മദ്. ഇസ്ലാംമത വിശ്വാസികളുടെ പരിപാവന പ്രാർഥനാേഗഹമായ മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ അപൂർവ്വം നേതാക്കളിലൊരാളായിരുന്നു അഹമ്മദ്. 

സൗദി സർക്കാർ നിതാഖത്ത് പ്രഖ്യാപിച്ചപ്പോൾ അവിടെയുള്ള ഇന്ത്യക്കാർക്കായി കാര്യമായ ഇടപെടുവാൻ അഹമ്മദിന് സാധിച്ചിരുന്നു. വിസാ നിയമത്തിൽ ഇളവുണ്ടാക്കാനും അവധി നീട്ടിവാങ്ങുവാനുമെല്ലാം അഹമ്മദ് നിരന്തരം പരിശ്രമിച്ചു. ഇതിനായി നിരവധി തവണ അദ്ദേഹം സൗദി രാജാവിനെ നേരിൽ കണ്ടിരുന്നു. വിദേശകാര്യസഹമന്ത്രിയായിട്ടായിരുന്നു കൂടുതൽ കാലവും പ്രവർത്തിച്ചതെങ്കിലും രണ്ടാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഒരു ആറ് മാസത്തോളം മാനവവിഭവശേഷി മന്ത്രാലയത്തിലും ഇ.അഹമ്മദ് മന്ത്രിയായി ഉണ്ടായിരുന്നു.

1938 ഏപ്രിൽ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദ് ജനിച്ചത്. തലശേരി ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലിഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അഭിഭാഷക ബിരുദം മാറ്റിവച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അഹമ്മദ് 25 വർഷം ലോക്സഭാഗംവും 18 വർഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വർഷങ്ങളിൽ കേരള നിയമസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ അഞ്ചുവർഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാം യുപിഎ സർക്കാരിൽ റയിൽവേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോർഡിന് ഉടമയാണ് അഹമ്മദ്. 

കേരളത്തിൽ അണികൾക്കും നേതൃത്വത്തിനും ഒരു പോലെ പ്രിയപ്പെട്ട നേതാവായിരുന്നു അഹമ്മദ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ സുരക്ഷിതമായ മണ്ധലങ്ങളാണ് ഇ.അഹമ്മദിന് മത്സരിക്കാനായി മുസ്ലീംലീഗ് നീക്കിെവച്ചിരുന്നത്. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പകുതിയിലേറെ തവണയും അദ്ദേഹം ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. ഇതിൽ നിന്നും തന്നെ അഹമ്മദ് എത്രത്തോളം ജനപ്രിയനായിരുന്നു എന്ന് നമുക്ക് വിലയിരുത്താം. 2004−ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിനും യുഡിഎഫിനും അഭിമാനിക്കാവുന്ന വിജയമാണ് അഹമ്മദ് നേടിയത്. ആകെയുള്ള ഇരുപത് സീറ്റുകളിൽ 19ഉം എൽഡിഎഫ് നേടിയപ്പോൾ മഞ്ചേരിയിൽ നിന്ന് പൊന്നാനിയിലേയ്ക്ക് മാറി മത്സരിച്ച അഹമ്മദ് അവിടെ ജയിച്ചു. പൊന്നാനിയിൽ ഒരു ലക്ഷം ഭൂരിപക്ഷം പിടിച്ചാണ് അന്ന് അഹമ്മദ് ജയിച്ചത്.

2004 മുതൽ തുടർച്ചയായ അഞ്ച് വർഷം വിദേശകാര്യ സഹമന്ത്രിയായ ശേഷമായിരുന്നു 2009ൽ ഇ അഹമ്മദ് റെയിൽവേ സഹന്ത്രിയായി സ്ഥാനമേറ്റത്. അഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിന് ദേശീയ മാനം നൽകിയ കാലഘട്ടം കൂടിയായിരുന്നു അത്. റെയിൽവേ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ഓഗസ്റ്റിൽ അദ്ദേഹം നടത്തിയ റെയിൽവേ ജനസന്പർക്ക പരിപാടി ദേശീയ ശ്രദ്ധയാകർഷിച്ചു. റെയിൽവെയിൽ ചില തിരുത്തുകളും പരിഹാരങ്ങളും ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ജനസന്പർക്ക യാത്രയുടെ തുടക്കം. യാത്രയിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും പരിഹരിക്കാൻ ശ്രമം നടന്നു എന്നതായിരുന്നു ഇന്നും റെയിൽവെ ജനസന്പർക്കത്തോടൊപ്പം ഇ അഹമ്മദിന് പേരും കൂട്ടിവായിക്കപ്പെട്ടത്.

റെയിൽവേ മന്ത്രിയായപ്പോൾ മലപ്പുറം ജില്ലയിലെ എല്ലാ േസ്റ്റഷനുകളും വികസിപ്പിക്കാൻ അഹമ്മദിന് കഴിഞ്ഞു. നിരവധി ട്രെയിനുകൾക്ക് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു. ഇക്കാലം കൊണ്ട് പത്തൊന്പതോളം ട്രെയിനുകളാണ് കേരളത്തിന് ലഭിച്ചത്. ഇതുകൊണ്ടൊക്കെ തന്നെ ഇ.അഹമ്മദ് സാഹിബിന്റെ ജനസന്പർക്കം എന്നും ഒരുപടി മുന്നിൽ തന്നെയായിരുന്നു.

You might also like

Most Viewed