അതിവേഗം ബഹു ദ്രോഹം ?


വി.ആർ. സത്യദേവ് 

 

രു ജല്ലിക്കെട്ടുകാളയുടെ കരുത്തോടെ കുതിക്കുന്ന ഡൊണാൾഡ് ട്രംപെന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ കടുത്ത നടപടികളാകുന്ന പൂഞ്ഞയിൽ അമേരിക്കൻ നിയമക്കരുത്തിന്റെ പിടി വീണിരിക്കുന്നു. ഏഴു രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രസിഡണ്ട് ട്രംപിന്റെ ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഇത്. ഇതുമൂലം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുക്കപ്പെട്ടിരുന്ന രണ്ട് ഇറാഖികൾക്ക് അമേരിക്കയിൽ തുടരാമെന്നാണ് ജില്ലാ കേടതിയുത്തരവ്. താൽക്കാലികമായെങ്കിലും പ്രസിഡണ്ടിന്റെ നടപടികൾക്ക് ഇതൊരു തിരിച്ചടി തന്നെയാണ്.

മുന്പൊരു പ്രസിഡണ്ടും കാട്ടാത്ത ധൃതിയോടെയാണ് അമേരിക്കയുടെ പുതിയ രാഷ്ട്ര നായകൻ ഡൊണാൾഡ് ട്രംപിന്റെ നടപടികൾ. ലോകത്തെവിടെയായാലും രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പലതും ജലരേഖകളാവുകയാണ് പതിവ്. തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കടുത്ത നിലപാടുകൾ മൂലം വിവാദങ്ങളുടെ വേലിയേറ്റമുണ്ടാക്കിയ ട്രംപിന്റെ വാഗ്ദാനങ്ങളിൽ പലതും കേവലം തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുമെന്നായിരുന്നു ലോകം പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും. കടുത്ത നിലപാടുകാരനായ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയത് കടുപ്പം കുറച്ച പ്രസ്താവനകളുമായിരുന്നു. പ്രസിഡണ്ടു പദവിയേൽക്കൽ ചടങ്ങിലും ഇങ്ങനെയൊരു മയപ്പെടൽ തന്നെയാണ് ദൃശ്യമായത്. എന്നാൽ തുടർന്നിങ്ങോട്ടു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് േസ്റ്റൽ മന്നൻ രജനീകാന്തിന്റെ ൈസ്റ്റലിൽ പറഞ്ഞാൽ ‘സൊന്നത് സെയ്്വേൻ’ എന്നതരത്തിലുള്ള നടപടികളാണ്. 

ട്രംപ് പറഞ്ഞവാക്കുകൾ പാലിക്കുന്പോൾ തെരഞ്ഞെടുപ്പു വേളയിൽ അദ്ദേഹത്തെ അനുകൂലിച്ചവർ പോലും ഒന്നു ഞെട്ടുകയാണ്. പറയുന്നത്ര എളുപ്പമല്ല പല കാര്യങ്ങളും ചെയ്യാനെന്ന് നമുക്കറിയാം. പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ തന്നെയും കഴിയില്ല. അതിനു കാരണങ്ങൾ പലതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തെടുക്കാൻകഴിഞ്ഞ നേതാക്കളും ലോക ചരിത്രത്തിൽ തന്നെ അത്യപൂർവ്വമാണ്. അങ്ങനെയുള്ള പച്ചപ്പരമാർത്ഥങ്ങളെല്ലാം പഴങ്കഥയാക്കിക്കൊണ്ടാണ് ട്രംപിന്റെ അതിവേഗം, ബഹുദൂരം പരിപാടി. (ഇക്കാര്യത്തിൽ സാക്ഷാൽ ശ്രീമാൻ ഉമ്മൻ ചാണ്ടിയെയും കടത്തിവെട്ടുകയാണ് അമേരിക്കൻ പ്രസിഡണ്ട്. താരതമ്യത്തിന് മുൻകൂർ ജാമ്യമെടുക്കുന്നു.) മുൻ പ്രസിഡണ്ട് ബറാക് ഒബാമ കൊണ്ടുവന്ന സാമൂഹ്യസുരക്ഷാ പദ്ധതിയായ ഒബാമ കെയർ പദ്ധതിയുടെ വഴിമുടക്കുന്ന ഉത്തരവിൽ ഒപ്പിട്ടുകൊണ്ട് ഭരണമാരംഭിച്ച ട്രംപ് അവിടുന്നിങ്ങോട്ട് അനുവർത്തിക്കുന്നത് തനി ബുൾഡോസർ ശൈലി തന്നെയാണ്. കടുത്ത തീരുമാനങ്ങളാണെങ്കിൽ പോലും ഇച്ഛാശക്തിയുണ്ടെങ്കിൽ അവ നടപ്പാക്കാമെന്നതാണ് ട്രംപ് ലോകത്തിനു നൽകുന്ന സന്ദേശം. അതേസമയം രാഷ്ട്രീയ, ഭരണപരിചയത്തിന്റെ അഭാവം മൂലം നിയമ നൂലാമാലകൾ പരിശോധിക്കാതെയും പരിഗണിക്കാതെയും തിരക്കിട്ടു നടപടികളെടുത്താൽ ഇപ്പോൾ ജില്ലാകോടതിയിൽ നിന്നുണ്ടായതുപോലെ തിരിച്ചടികളുണ്ടാകാമെന്ന യാഥാർത്ഥ്യം ട്രംപിനെ ഓർമ്മിപ്പിക്കുന്നതു കൂടിയാണ് ഈ സംഭവം. 

ദേശീയ സുരക്ഷ പരിഗണിച്ച് 7 രാജ്യങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിലേയ്ക്കു പ്രവേശിപ്പിക്കേണ്ടതില്ലെന്ന പ്രസിഡണ്ടിന്റെ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇറാൻ, ഇറാഖ്, സിറിയ, സോമാലിയ, സുഡാൻ, യെമെൻ, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രസിഡണ്ടിന്റെ ഉത്തരവിലൂടെ നിരോധനം വന്നിരിക്കുന്നത്. ഇവിടെ നിന്നുള്ളവരെ മൂന്നുമാസത്തേയ്ക്ക് രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും നാലുമാസത്തേയ്ക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കേണ്ടതില്ലെന്നുമാണ് നിയമം. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടേ അമേരിക്കയിലെ വിവിധ വിമാനത്താ
വളങ്ങളിലായി നൂറുകണക്കിനാൾക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. അഭയാർത്ഥികളായി അമേരിക്കയിലേക്കു കുടിയേറാൻ ഇറങ്ങിത്തിരിച്ച നിരവധിയാൾക്കാർ വിവിധ രാജ്യങ്ങളിൽ വിമാനത്തിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടും ദുരിതത്തിലായി. ഉത്തരവിലെ അവ്യക്തതകൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

ട്രംപിന്റെ ഇസ്ലാം വിരുദ്ധതയാണ് പുതിയ ഉത്തരവിൽ വ്യക്തമാവുന്നത് എന്നാണ് വിമർശകരുടെ പ്രധാന ആരോപണം.ഉത്തരവിലൂടെ പ്രവേശ നിരോധനം നടപ്പാക്കപ്പെട്ടവയെല്ലാം ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളുമാണ്. എന്നാൽ ഇസ്ലാം അനുകൂലികൾ മാത്രമല്ല ഉത്തരവിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഉത്തരവുമൂലം രാജ്യത്തേക്ക് മികച്ച വ്യക്തിത്വങ്ങളെത്താത്ത സാഹചര്യമാണുണ്ടാവുകയെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആശങ്കപ്പെട്ടു. ഫെയ്സ് ബുക്ക് നായകൻ മാർക് സുക്കർബർഗ്ഗ്, നോബൽ സമ്മാന ജേത്രി മലാല യൂസുഫ് സായ് എന്നിവരും പ്രമുഖ സ്ഥാപനങ്ങളായ ആപ്പിളും ഊബറുമൊക്കെ ഉത്തരവിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ഉത്തരവ് ദൗർഭാഗ്യകരമാണ് എന്ന് അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളും ട്രംപിനെതിരേ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.

ഇറാഖികളായ ഹമീദ് ഖാലിദ് ദർവ്വീഷ്, സമീർ അൽ ഷാവി എന്നിവർ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ കുടുങ്ങിയതാണ് വലിയ പ്രതിഷേധങ്ങൾക്കു വഴിെവച്ചത്.അമേരിക്കയിൽ ഒർലാണ്ടോ, ബോസ്റ്റൺ, ഫിലഡൽഫിയ, അറ്റലാൻ്റ, സിയറ്റിൽ, വാഷ്ംഗ്ടൺ, ചിക്കാഗോ എന്നീ വിമാനത്താവളങ്ങളിലൊക്കെ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ആൾക്കാരാണ്. മതിയായ യാത്രാ രേഖകളും അനുമതിയും ഉണ്ടായിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ നൂറുകണക്കിന് യാത്രക്കാർക്ക് ഇരുവരുടെയും മോചനത്തിനു വഴിവെച്ച കോടതി തീരുമാനം ഗുണകരമാകും. ഇരുവരെയും രാജ്യത്തു പ്രവേശിപ്പിക്കാനുള്ള ജില്ലാ ജഡ്ജി ആൻ ഡോണെല്ലിയുടെ ഉത്തരവ് ട്രംപിന്റെ കുതിപ്പിനുള്ള കടിഞ്ഞാൺ തന്നെയാണെന്ന് ട്രംപ് വിരുദ്ധർ വിലയിരുത്തുന്നു. എന്നാൽ പ്രസിഡണ്ടിന്റെ ഉത്തരവ് ഭാഗീകമായി മാത്രമാണ് കോടതി മരവിപ്പിച്ചിട്ടുള്ളത്. നാലുമാസത്തേയ്ക്ക് പുതിയ അഭയാർത്ഥികളെ രാജ്യത്തേയ്ക്ക് സ്വീകരിക്കേണ്ടതില്ലെന്ന ഉത്തരവ് നിലനിൽക്കുകയാണ്. 

പ്രസിഡണ്ടിന്റെ പുതിയ ഉത്തരവുമൂലം വിദേശരാജ്യങ്ങളിൽ നിന്നുള്ള 109 യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. 173 പേരോട് വിമാനം കയറേണ്ടെന്ന് നിർദ്ദേശിച്ചിരിക്കുന്നു. 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമേരിക്കൻ മണ്ണിൽ ആജീവനാന്ത വാസത്തിനുള്ള അനുമതി പത്രമായ ഗ്രീൻ കാർഡുള്ളവർപോലും പുതിയ ഉത്തരവിന്റെ പേരിൽ ബുദ്ധിമുട്ടുകയാണ്. വിലക്കുള്ള രാജ്യങ്ങളിലെ സന്ദർശനത്തിനുശേഷം രാജ്യത്ത് തിരികെ പ്രവേശിക്കണമെങ്കിൽ പ്രത്യേക നടപടിക്രമങ്ങൾക്കു വിധേയമാകണം. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെയും േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റിന്റെയും അനുമതിയോടെ മാത്രമേ ഇനി ഇത്തരക്കാർക്ക് പുനപ്രവേശനം സാദ്ധ്യമാവുകയുള്ളൂ. 

രാജ്യത്തിന്റെ പ്രതിരോധ സെക്രട്ടറിയായി ജെയിംസ് മാറ്റിസ് അധികാരമേറ്റ ഉടനായിരുന്നു പുതിയ ഉത്തരവിൽ ട്രംപ് ഉത്തരവിട്ടത്. രാജ്യത്തെ പല അക്രമ സംഭവങ്ങൾക്കും ഉത്തരവാദികൾ ഇത്തരത്തിലെത്തുന്ന വിദേശികളാണ് എന്ന ന്യായമാണ് ട്രംപ് ഉന്നയിക്കുന്നത്. സാൻ ബർണാഡിനോയിൽ അടുത്തിടെ 14 പേർ കൊല്ലപ്പെട്ട സംഭവവും ഇത്തരത്തിലുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അത്തരത്തിലുള്ള കുറ്റവാളികളെ രാജ്യത്തിനാവശ്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. കാലം പുതിയതാണെന്ന് പ്രസിഡണ്ട് എല്ലാവരെയും ആവർത്തിച്ചോർമ്മിപ്പിക്കുന്നു. 

അതേസമയം രാജ്യത്തേയ്ക്ക് അഭയം തേടിയെത്തുന്നത് തീവ്രവാദികളല്ല തീവ്രവാദ ഭീതിയിൽ നിന്നും ഭയന്നോടുന്നവരാണ് എന്നതാണ് മനുഷ്യാവകാശപ്രവർത്തകരുടെ നിലപാട്. ഇത്തരക്കാർക്കു മുന്പിൽ സാദ്ധ്യതകളുടെ വാതിൽ കൊട്ടിയടയ്ക്കുന്നത് അമേരിക്കയ്ക്കു ചേർന്നതല്ലെന്ന് രാജ്യാന്തര അഭയാർത്ഥികാര്യ സമിതി നായകൻ ഡേവിഡ് മിലിബാൻഡ് പറയുന്നു. പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ ട്രംപിനോട് അടിയറവുപറഞ്ഞ മുൻ പ്രധമ വനിത ഹിലരിക്ലിന്റണും ഉത്തരവിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. താനും ജനങ്ങൾക്കൊപ്പമുണ്ടന്ന ഹിലരി വ്യക്തമാക്കി. ട്രംപിന്റെ ഉത്തരവ് വീണ്ടുവിചാരമില്ലാത്തതാണെന്ന കോടതിയുടെ നിരീക്ഷണവും ട്രംപ് വിരോധികൾ ഉയർത്തിക്കാട്ടുന്നു. 

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുന്പോഴും കൂടുതൽ കടുത്ത നടപടികളുമായി മുന്നോട്ടു പോവുകയാണ് പ്രസിഡണ്ട് ട്രംപ്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ മതിൽ ശക്തമാക്കുകയും ബാക്കിയുള്ള ഇടങ്ങളിൽ മതിൽ നിർമ്മിക്കുക എന്നതും. ഇതുമായും ട്രംപ് മുന്നോട്ടു പോവുകയാണ്. അതിർത്തിയിൽ നിരീക്ഷണവും സുരക്ഷയും കൂടുതൽ ശക്തമാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചു കഴിഞ്ഞു. 

ഓരോ കാര്യങ്ങൾക്ക്, പ്രത്യേകിച്ച് ചില രാഷ്ട്രങ്ങൾക്കും കന്പനികൾക്കുമൊക്കെയായി അമേരിക്കൻ സർക്കാരിൽ സ്വാധീനം ചെലുത്തുന്ന ലോബിയിംഗിനെതിരെയുള്ള നടപടികളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മുൻഗാമിയായ ബറാക് ഒബാമയുടെ ചുവടുപിടിച്ചാണ് ഉത്തരവെന്ന് ട്രംപ് പറയുന്പോഴും പുതിയ ഉത്തരവ് കൂടുതൽ കടുത്തതാണ് എന്നു തന്നെയാണ് വിലയിരുത്തൽ. രണ്ടുവർഷത്തേയ്ക്കായിരുന്നു ഒബാമ ഏർപ്പെടുത്തിയ വിലക്കെങ്കിൽ ഇപ്പോൾ അത് അഞ്ചുവർഷത്തേയ്ക്കാണ്. ഐ.എസ്സിനെതിരായ ശക്തമായ നടപടികളും ഉടനുണ്ടാകുമെന്നാണ് സൂചന. ഇതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കാൻ ഉന്നതാധികാര സമിതിക്കുതന്നെ അധികാരമേറ്റ് ഒറ്റയാഴ്ചക്കുള്ളിൽ രൂപം നൽകിക്കഴിഞ്ഞു. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, സംയുക്ത സേനാ മേധാവി ജോസഫ് ഡൺഫോർഡ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേൽ ഫ്ളിൻ, ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസ്സേർട്ട് എന്നിവരൊക്കെ ഇതിനുള്ള സമിതിയിൽ അംഗങ്ങളാണ്. ഒരുമാസത്തിനുള്ളിൽ ഇതിനുള്ള പദ്ധതി സമർപ്പിക്കാനാണ് ഉത്തരവ്. കാര്യങ്ങൾ ഈ വേഗതയിലാണ് നീങ്ങുന്നതെങ്കിൽ ലോകക്രമം അതിവേഗം പുനനിശ്ചയിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അത് ലോകത്തിനു പൊതുവേ ഗുണപരമാവുമോ ലോകത്തെ കൂടുതൽ സംഘർഷങ്ങളിലേക്കു നയിക്കുമോ എന്നു കണ്ടുതന്നെ അറിയണം. 

ട്രംപിന്റെ ഉത്തരവിനെതിരേ മറുപടി വിലക്കു ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരെ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കില്ലെന്ന നിലപാട് പ്രസിഡണ്ട് ഹസ്സൻ റൗഹാനി തന്നെയാണ് പരസ്യമാക്കിയത്. രാജ്യങ്ങൾ തമ്മിൽ മതിലുകൾ തീർക്കേണ്ട കാലത്തല്ല നമ്മൾ ജീവിക്കുന്നതെന്ന് റൗഹാനി അഭിപ്രായപ്പെട്ടു. എന്നാൽ പൊതു സുരക്ഷക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്നവരെ നാടുകടത്തുമെന്ന പുത്തൻ പ്രഖ്യാപനവുമായാണ് ട്രംപ് ഇതിനെ നേരിടുന്നത്. ട്രാൻസ് പസഫിക് പങ്കാളിത്ത ചർച്ചകളിൽ നിന്നും അമേരിക്ക പിന്മാറുന്നതായും ട്രംപ് വ്യക്തമാക്കുന്നു. 

ഇത്തരം കടുത്ത തീരുമാനങ്ങൾക്കെതിരേ മാധ്യമങ്ങളും ഡെമോക്രാറ്റിക് പക്ഷവും എതിർപ്പും പ്രചാരണങ്ങളും ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. എന്നാൽ ഇത് അത്ര എളുപ്പമാവില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഡെമോക്രാറ്റിക് പക്ഷം അതീവ ദുർബ്ബലാവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഒബാമയുടെ ഭരണകാലത്ത് അദ്ദേഹത്തിന് പല തീരുമാനങ്ങളും നടപ്പാക്കാനാവാതെ പോയത് സെനറ്റിലെയും കോൺഗ്രസിലെയും റിപ്പബ്ലിക് ഭൂരിപക്ഷം മൂലമായിരുന്നു. ട്രംപിനാവട്ടെ ഈ രണ്ടു ഘടകങ്ങളുടെയും ഉറച്ച പിന്തുണയാണുള്ളത്. സ്വന്തം പാർട്ടിക്കുള്ളിൽ പോലും അദ്ദേഹത്തിനെതിരെ ശക്തമായ എതിർപ്പുള്ളവരുണ്ട് എന്നാണ് ട്രംപ് വിരുദ്ധരുടെ പക്ഷം. പക്ഷേ ഡെമോക്രാറ്റുകളെക്കാൾ കെട്ടുറപ്പോടെയാണ് നിലവിൽ റിപ്പബ്ലിക് പാർട്ടി പ്രവർത്തിക്കുന്നത്. ഇത് ട്രംപിന് ഏറെ ഗുണകരമാണ്. എന്നാൽ ലോകത്തെ വലിയൊരു വിഭാഗത്തിന്റെ ആശങ്ക അധികരിപ്പിക്കുന്നതാണ് പ്രസിഡണ്ട് ട്രംപിന്റെ ഈ നടപടികളെന്ന കാര്യത്തിൽ തർക്കമില്ല.

You might also like

Most Viewed