ഭാ­രതമെ­ന്ന് കേ­ട്ടാൽ അഭി­മാ­നപൂ­രി­തമാ­കണം അന്തഃരംഗം...


സുമ സതീഷ് 

അതിപുരാതന കാലത്ത് ഇന്നത്തെ ഇന്ത്യാ ഉപഭൂഖണ്ധം മുഴുവൻ ഭരതൻ എന്ന ചക്രവർത്തി ഭരിച്ചിരുന്നു എന്നാണ് നമ്മുടെ പുരാണങ്ങൾ പറയുന്നത്. അങ്ങിനെ ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തെന്നും അതല്ല, സരസ്വതി ദേവിയുടെ മറ്റൊരു നാമമായ ‘ഭാരതി’യിൽ നിന്നാണ് ‘ഭാരതം’ എന്ന നാമകരണം ഉണ്ടായതെന്നും രണ്ടഭിപ്രായമുണ്ട്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമായ വേദങ്ങളിൽത്തന്നെ ഭാരതം എന്ന പരാമർശമുണ്ട്. കാലാന്തരത്തിൽ സിന്ധു നദിയുടെ പേരിൽ നിന്നാണ് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായത്. 

ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ ഉപഭൂഖണ്ധത്തിലേത്‌. ഒട്ടേറെ വർഷങ്ങൾക്കു മുന്പ് ഇന്ത്യയിലേക്ക്‌ ആദ്യത്തെ കുടിയേറ്റമുണ്ടായെന്നും പിന്നീടത് സിന്ധു നദീതട സംസ്കാരമായെന്നും കരുതപ്പെടുന്നു. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ− ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്‌ ആഴമേകി. 

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കൈയടക്കി. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തി പ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യ ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായി. ഇന്ത്യയുടെ ഒരു ഭാഗം പാകിസ്ഥാൻ എന്ന പേരിൽ വിഭജിച്ച്‌ മറ്റൊരു രാജ്യമാകുന്നത്‌ കണ്ടാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്‌. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. 

1950 ജനുവരി 26−നാണ്‌ ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ രാജ്യമായി ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്‌. ഇതു റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. നിയമ നിർമ്മാണം, ഭരണ നിർവഹണം, നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ മൂന്നു തട്ടുകളായാണ്‌ ഭരണ സംവിധാനം. രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണ്‌. കര− നാവിക− വ്യോമ സേനകളുടെ കമാൻഡർ− ഇൻ− ചീഫും രാഷ്ടപതിയാണ്‌. സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്‌. ഇതിൽ 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും 22 ഔദ്യോഗിക ഭാഷകളുമാണ് നിലനിൽക്കുന്നത്.

ലോക ഭാഷയായ സംസ്‌കൃതം രൂപം കൊണ്ട ഭാരതഭൂമി, രാമന്റെയും കൃഷ്‌ണന്റെയും നബിയുടെയും ക്രിസ്തുവിന്റെയും ബുദ്ധന്റെയും ഭൂമിയാണ്. ലോകത്തെ മുഴുവനുമായും, സർവ്വ മതങ്ങളെയും രണ്ടു കൈയും നീട്ടി സ്വീകരിച്ച പുണ്യ ഭൂമിയാണിത്. ത്യാഗത്തിന്റെയും നിഷ്പക്ഷതയുടെയും സന്ദേശം നൽകി സത്യത്തിന്റെ പാതയിലേക്ക് നയിക്കുന്ന, പ്രകൃതിയെയും ഭൂമിയിലെ സസ്യലതാദികളെയും ബഹുമാനിക്കുന്ന, സത്യവും ധർമ്മവുമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഉദ്‌ഘോഷിക്കുന്ന സന്പൽ സമൃദ്ധമായ രാഷ്ട്രം. നാനാത്വത്തിൽ ഏകത്വം എന്ന മികച്ച ദർശനവും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വേദമന്ത്രത്തിലൂടെ ലോകത്തിന്റെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരേ ഒരു രാഷ്ട്രം കൂടിയാണ് നമ്മുടെ പ്രിയ ഭാരതം. 

ലോകജനതയ്ക്കു ഏതു തരത്തിലുള്ള അറിവാണോ ആവശ്യമുള്ളത് അത് നേടിത്തരാൻ ഭാരതവും ഇവിടെയുള്ള ജനസമൂഹവും എന്നും മുന്നിൽ തന്നെ ആണ്. അതുകാരണം ഏത് തരം അറിവിന്റെയും സ്രോതസ്സ് എന്നും നമ്മുടെ ഭാരതം തന്നെയായി നിലനിൽ‍ക്കുന്നു. ലോഹതന്ത്രവും ഗണിതശാസ്ത്രവും ആരോഗ്യശാസ്ത്രവും ജ്യോതിശാസ്ത്രവും 51 ശാഖകളുള്ള അഥർവ്വവേദവും ഭാരതത്തിന്റെ സംഭാവനകളാണ്. സർ ഐസക് ന്യൂട്ടൻ മുന്നേ വിശ്വാമിത്ര മഹർഷി തന്റെ വേദ പുസ്തകത്തിൽ പ്രകാശത്തിന്റെ ഏഴു നിറങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്രകാശ വേഗതയെ പറ്റിയും നമ്മുടെ ആചാര്യന്മാർ കൃത്യമായി പരാമർശിച്ചിട്ടുണ്ട്, ഗ്രാവിറ്റിയുടെ നിർവ്വചനങ്ങൾ പോലും ജ്യോതിശാസ്ത്രത്തിൽ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. തുല്യ ശക്തികൊണ്ട് ആകർഷിക്കപ്പെടുന്ന ഗോളങ്ങൾ എവിടെ പതിക്കാനാണെന്നു 1148−ൽ ഭാസ്കരാചാര്യൻ തന്റെ വരികളിൽ ചോദിച്ചിരുന്നു. ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ആര്യഭട്ടനാണെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ‘ആര്യഭടീയം’ ഉജ്ജ്വല ഗ്രന്ഥമാണ്, ആദ്യ സാറ്റലൈറ്റ് ഉപഗ്രഹത്തിനു ആര്യഭട്ട എന്ന് നാമകരണത്തിനാധാരം. പതഞ്ജലി മഹർഷി ആണ് പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന് പറഞ്ഞാൽ പോലും അതിശയിക്കേണ്ട. മത്സ്യാവതാരം തൊട്ടു കൃഷ്ണാവതാരം വരെ എല്ലാ പരിണാമ സൃഷ്ടികളേയും കുറിച്ചു തന്റെ യോഗശാസ്ത്രത്തിൽ അദ്ദേഹം വിവരിക്കുന്നു. 

തൊഴിലാളി വർഗ്ഗത്തോടുള്ള കൂറ് ശ്രീ. ചാണക്യൻ തന്റെ അർത്ഥ ശാസ്ത്രത്തിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്‌. വിഷ്ണുശർമ്മ എ.ഡി 505−ൽ എഴുതിയ ‘പഞ്ചതന്ത്രം’ എന്ന പുസ്തകം അമേരിക്കയിലെ ഇന്നും പാഠ്യ വിഷയമാണ്. ഓക്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽ ഇരുപതിനായിരത്തോളം ഇന്ത്യയിലെ താളിയോലകളും ഹോവാർഡ് യൂണിവേർസിറ്റിയിൽ 442 ഋഗ്വേദ ഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും അവ ഇന്നും ശാത്രജ്ഞമാർ പഠന വിധേയമാക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഭഗവദ് ഗീത ഇല്ലായിരുന്നെങ്കിൽ ‘E=MC2’ ഉണ്ടാകില്ലെന്ന് പറഞ്ഞ ഐൻസ്റ്റീൻ മരണം വരെ ഭഗവത് ഗീത കൈയിൽ കൊണ്ട് നടന്നിരുന്നു. ബി.സി 2985ൽ‍ ജനിച്ച കൃഷ്ണനെ പറ്റിയും ഹൈന്ദവ പുരാണപ്രകാരം 15 ലക്ഷം വർഷം മുന്നേ ഉണ്ടായ രാമ−രാവണയുദ്ധവും പുഷ്പകവിമാനവും ഇന്ന് അമേരിക്കൻ ഗവേഷകരിൽ നിന്നറിയുന്പോഴാണ് നമുക്ക് ബോധ്യം വരുന്നത്. 1947 വരെ വിദേശികളുടെ കടന്നാക്രമണത്തിൽ നമ്മുടെ സംസ്‍കാരത്തിന് ഏറെ ക്ഷതം സംഭവിച്ചിരുന്നു. പരസ്പര സ്‌നേഹവും പങ്കുവയ്ക്കലും ഈശ്വര വിശ്വാസവും നമ്മുടെ മുഖമുദ്ര ആയിരുന്നു. പിന്നീട് ധ്യാനം, വേദാന്തം തുടങ്ങിയ യഥാർത്ഥ ആദ്ധ്യാത്മിക ആശയങ്ങളെക്കുറിച്ച് നമ്മൾ മറന്നു. ആദ്ധ്യാത്മിക ജ്ഞാനത്തിനു മാത്രമേ മാറ്റങ്ങളുണ്ടാക്കാൻ കഴിയുകയുള്ളൂ. ഇല്ലാത്തവനിൽ ഉത്തരവാദിത്തബോധം ഉളവാക്കാനും, ഉള്ളവരെ സ്‌നേഹിക്കാനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കാനും അതിനു കഴിയും.

ഭാരതത്തിൽ ജനിച്ച എല്ലാവരും ഭാരത സനാതന ധർമ്മത്തിന്റെ തുല്യ അവകാശികളാണ്. പതിനായിരം വർഷം പാരന്പര്യമുള്ള ഭാരതത്തിന്റെ പൈതൃകം ഇവിടുത്തെ ഓരോ ജനതയുടെതുമാണ്. മാതൃരാജ്യത്തെ സ്നേഹിക്കുന്നതിലും, ഭാരതാംബയെ ബഹുമാനിക്കുന്നതിലും നാം മടി കാണിക്കേണ്ടതില്ല. നമ്മുടെ കുറ്റങ്ങൾ യോജിച്ച് നിന്ന് പരസ്പരം പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതേസമയം എത്ര തന്നെ ആക്രമിക്കപെട്ടാലും ഭാരതം അതിന്റെ എല്ലാ പ്രൗഢിയോടെ തന്നെ നിലനിൽക്കും. അറിയേണ്ടവർ ഭാരതത്തെ നന്നായി പഠിച്ചു വെക്കുന്നുണ്ട്. അതാണ് നമ്മുടെ സംസ്കാരത്തിന്റെ മൂല്യം. ഔന്നിത്യത്തോടെ, സന്പൽസമൃദ്ധിയോടെ ഉന്നതങ്ങളിൽ അഗ്രഗണ്യയായി ഭാരതാംബ എന്നും വിഹരിക്കുക തന്നെ ചെയ്യും ഒപ്പം ഓരോ ഭാരതീയന്റെയും അന്തഃരംഗം എന്നും അഭിമാനപൂരിതമായി തന്നെയിരിക്കുമെന്നതും തീർ‍ച്ച. 

ജയ് ഭാരത്...

You might also like

Most Viewed