പഠി­ച്ചു­, കു­ട്ടി­കളും ക്യാ­മറക്കണ്ണു­ നോ­ക്കാൻ...


രാജീവ് വെള്ളിക്കോത്ത് 

 

ന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് ആകാശവാണിക്കു വേണ്ടി പ്രത്യേകം സജ്ജമാക്കിയ മുറിയിൽ എത്തണമെന്ന അനൗൺസ്മെന്റ് കേൾക്കുന്പോൾ യുവജനോത്സവ വേദിയിൽ നിന്ന് ആ മുറിയുടെ ഏതെങ്കിലും വിടവിലൂടെ എത്തിനോക്കാൻ സാധിച്ചാൽ, ഹെഡ് ഫോണും വെച്ച് കറങ്ങുന്ന, സ്കൂളിനു മുന്നിൽ അഭിമാനത്തോടെ ഇരിക്കുന്ന സമ്മാനാർഹരെ അസൂയയോടെയായിരുന്നു മറ്റു വിദ്യാർത്ഥികൾ ഒരു കാലത്തു നോക്കിയിരുന്നത്. ഇന്നിപ്പോൾ ആകാശവാണി ആർക്കും വേണ്ട. വിവിധ ടിവി ചാനലുകളുടെ ഒവി വാൻ എവിടെയിരിക്കുന്നവോ അവയ്ക്കു സമീപം ഏതു വിധേനയും ശ്രദ്ധ നേടാനായി മത്സരത്തിൽ സമ്മാനം ലഭിച്ചവരും അല്ലാത്തവരും മത്സരിച്ചെത്തുന്ന കാലമാണിത്. ചാനലുകാർക്കും സമ്മാനം കിട്ടുന്നവരെ മുഖം കാണിക്കുന്നതിനേക്കാൾ ഇഷ്ടം വ്യത്യസ്തത തന്നെ. 

കണ്ണൂരിന്റെ മണ്ണിൽ വീണ്ടും ഒരു യുവജനോത്സവം കൂടി വന്നെത്തിയിരിക്കുകയാണ്. കലാപവും രാഷ്ട്രീയ കൊലപാതകങ്ങളും കണ്ണൂരിന് ഭീതിയുടെ മുഖം നൽകുന്പോൾ, കണ്ണൂരുകാരുടെ സഹൃദയത്വം മറ്റുള്ള ജില്ലക്കാർക്ക് കൂടി നേരിട്ടറിയാനുള്ള അവസരമാണിത്.

ഇനി കേരളത്തിന്റെ ചാനൽപ്പട മുഴുവനും പ്രതിഭകളുടെ ജാതകം നോക്കിയിരിക്കും. പതിവിൽ നിന്ന് വ്യത്യസ്‍തതകൾ ഒന്നും തന്നെയില്ലാതെ ഈ കലോത്സവവും കഴിയുന്പോൾ സ്‌പോൺസേർഡ് പരിപാടികൾ ലൈവും അല്ലാതെയും ലൈവ് ആയി എത്തിക്കാൻ അവസരം ലഭിക്കുന്ന ചാനലുകാർക്കാണ് ഇത് കൊയ്ത്തുകാലം. എല്ലാ ചാനലുകളിലും മുന്പ് കയറിപ്പറ്റിയ സ്വാധീനമുള്ളവർ ഉണ്ടെങ്കിൽ പ്രതിഭകളെ വളർത്താനും തളർത്താനും ആകുന്ന കാലഘട്ടമാണിത്. സമ്മാനം ലഭിച്ചവരെ ഒരു നോക്ക് കാണിക്കാതെ വയ്യെങ്കിലും സമ്മാനം ലഭിക്കാത്തവരെയും ഉയർത്തിക്കൊണ്ടുവരാൻ ഇന്ന് ചാനലുകൾക്കാവുമെന്നതാണ് ചാനലുകാരെ ജനകീയമാക്കുന്നത്. വിധികർത്താക്കൾക്കു വില്ലൻമാർ നൃത്ത വിഭാഗം തന്നെ.

പതിവ് പോലെ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ മത്സരിക്കാൻ എത്തുന്പോൾ കലാപം ഉണ്ടാകുന്നത് കൂടുതലും നൃത്ത വിഭാഗത്തിൽ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഓരോ ജില്ലകളിൽ നിന്നും മികച്ച പരിശീലകരുടെ ശിക്ഷണത്തിൽ വളരെ നാളത്തെ അദ്ധ്വാനവും പരിശീലനവും നേടി വരുന്നത് സമ്മാനം നേടുക എന്ന ലക്ഷ്യത്തോടെയാണ്. തന്റെ മകനോ മകളോ ആണ് മറ്റുള്ളവരെക്കാൾ ഏറ്റവും നന്നായി നൃത്തം ചെയ്യണമെന്നത് ഏതൊരു രക്ഷിതാക്കൾക്കും മനസ്സിൽ ഉണ്ടാകുന്ന ആഗ്രഹം പോലെ മത്സര വീര്യം ഒട്ടും ചോരാതെ നില നിർത്താൻ അവരുടെ ഗുരുക്കന്മാരും തയ്യാറാകുന്നു. എന്നാൽ ഈ ഗുരുക്കന്മാർക്കാവട്ടെ ഇതേ രീതിയിലുള്ള പല ജില്ലകളിൽ നിന്നുള്ള ശിഷ്യന്മാരും ഇതേ വേദിയിൽ മത്സരിക്കാനും ഉണ്ടാകും. കേരളത്തിലെ കലാമണ്ധലം, അടയാർ കലാക്ഷേത്ര, ആർ.എൽ വി കോളേജ്, തുടങ്ങി ഏതെങ്കിലും സ്ഥാപനങ്ങളിലെ പ്രമുഖർ വിധികർത്താക്കൾ ആയി വരുന്പോൾ അവരുമായി ഏതെങ്കിലും തരത്തിലുള്ള പരിചയമോ ബന്ധമോ കാത്തു സൂക്ഷിക്കുന്നവരോ, അല്ലെങ്കിൽ അവരുടെ ശിഷ്യ പരന്പരയിൽപ്പെട്ടവരോ കുട്ടികളുടെ ഗുരുക്കന്മാർ ആയിട്ടുണ്ടാവുമെന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ഇക്കാര്യം ഒരു സിബിഐ സംഘത്തിന്റെ അന്വേഷണ ത്വരയോടെ പരിശോധിക്കാൻ രക്ഷിതാക്കളും മത്സരിക്കുന്ന വിദ്യാർത്ഥികളുടെ ഗുരുക്കന്മാരും പരസ്പരം ഒരു കായിക മത്സരവും വേണ്ടിവരുന്നുണ്ട്. ദൗർഭാഗ്യവശാൽ മികച്ച കലാകാരന്മാർ ആയിപ്പോയതിന്റെ പേരിൽ വിധികർത്താക്കളും പോലീസിന്റെ കർശന നിരീക്ഷണത്തിൽ എന്ന് മാത്രമല്ല ഒന്ന് വീട്ടിലേയ്ക്കു ഫോൺ ചെയ്യാൻ പോലും ആവാത്ത അവസ്ഥയിലാണ്‌. ഇങ്ങനെ സ്വാതന്ത്ര്യമില്ലാതെ വിധി നിർണ്ണയിക്കേണ്ടിവരുന്ന ജഡ്ജിമാർ സുപ്രീം കോടതിയിൽ പോലും ഉണ്ടാകില്ല.

ഒരു ജില്ലയിൽ നിന്ന് ഒരു ഇനത്തിന് സമ്മാനാർഹമാകുന്ന ഒരു ഇനം വെച്ച് കണക്കു കൂട്ടിയാൽ ഓരോ ഇനത്തിനും പതിനാലു കുട്ടികളാണ് മത്സരിക്കേണ്ടത്.എന്നാൽ അടുത്തകാലത്തായി കോടതി ഉത്തരവിന്റെയും അപ്പീൽ കമ്മറ്റികളുടെയും ബലത്തിൽ മത്സരിക്കാൻ എത്തുന്നവരുടെ ബാഹുല്യം വർദ്ധിക്കുകയാണ്. തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടേണ്ട യോഗ്യതയുണ്ട് എന്ന് എല്ലാവർക്കും തോന്നിത്തുടങ്ങിയതാണ് ഇതിനു കാരണം. അങ്ങനെ തോന്നിയില്ലെങ്കിലും വലിയ അത്ഭുതവുമില്ല. കാരണം ജില്ലാ യുവജനോത്സവത്തിൽ വിധികർത്താവായി വരുന്ന ചിലരുടെ യോഗ്യത കേട്ടാൽ തന്നെ ഇത്തരം ഒരു ചിന്ത വന്നു കൂടായ്കയുമില്ല. കാസർഗോഡ് ജില്ലയിൽ പ്രശസ്ത പിന്നണി ഗായകന്റെ ഡ്രൈവർ ആയിരുന്ന വ്യക്തിയാണ് പോലും പല സംഗീത ഇനങ്ങൾക്കും ജഡ്ജിപ്പണി ചെയ്തത്. സംഗീതാധ്യാപകൻ ലളിതഗാനത്തിന് വിധികർത്താവായി വന്നുകഴിഞ്ഞാൽ അടുത്ത ദിവസം ചിലപ്പോൾ ഓട്ടൻ തുള്ളലിനും വിധി നിർണ്ണയിക്കാൻ ഇരിക്കേണ്ടി വരും. ഇതിനൊക്കെ മൊത്ത കരാർ എടുക്കുന്ന ചില വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്‌ഥരും ഉണ്ട്. ഇവർ വർഷങ്ങളായി ഇത്തരം വിധി കർത്താക്കളെ കൊണ്ട് വരുന്പോൾ അടുത്ത വർഷം അവരുടെ യോഗ്യത അനൗൺസ് ചെയ്യുന്പോൾ ഇത് കൂടി പറയും “നിരവധി ജില്ലാ യുവജനോത്സവങ്ങളിൽ വിധികർത്താവായി ഇദ്ദേഹം ഇരുന്നിട്ടുണ്ട്....”

ഗിറ്റാറിന് എത്ര സ്ട്രിംഗ്സ് എന്നുണ്ടെന്ന് പോലും അറിയാത്തവരെ ഗിറ്റാർ മത്സരത്തിനും കർണ്ണാട്ടിക് സംഗീത വിദഗ്ദ്ധനെ വെേസ്റ്റൺ ഉപകരണ വാദനത്തിനും വിധികർത്താക്കൾ ആയി നിയമിക്കപ്പെടുന്ന കാഴ്ചകളും ജില്ലാ കലോത്സവങ്ങളിൽ സാധാരണമാണ്.സമ്മാനം ലഭിക്കാതാകുന്പോൾ പണമുള്ള ചില രക്ഷിതാക്കൾ മാത്രം ഇതിനെതിരെ പരാതികൾ കൊടുക്കുന്നു. പണമില്ലാത്തവന്റെ സംഗീതം രോദനമായി മാറുകയും ചെയ്യുന്നു.

ഇനി അപ്പീൽ കമ്മിറ്റികളുടെ കാര്യമാണ് അതിലും രസം. ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ നിന്നും പിരിഞ്ഞ അദ്ധ്യാപകർ, അല്ലെങ്കിൽ വിദ്യാഭ്യാസ ഓഫീസുമായി അടുത്തു പരിചയമുള്ള ചില  സ്വാധീനമുള്ള ഉദ്യോഗസ്‌ഥർ തുടങ്ങിയവരൊക്കെയാണ് അപ്പീൽ കമ്മിറ്റിയിൽ കുട്ടികളുടെ പരാതി കേൾക്കുന്നത്. വടക്കൻ ജില്ലയിലെ സ്വാധീനമുള്ള രാഷ്ട്രീയ നേതാവിന്റെ ഭാര്യ പോലും അപ്പീൽ കമ്മറ്റിയിൽ തീർപ്പ് കൽപ്പിക്കാൻ ഉണ്ടായിരുന്നുവത്രെ. പണ്ടെങ്ങോ നടന്ന യുവജനോത്സവത്തിൽ ഒപ്പനയിൽ മണവാട്ടി ആയി ഇരുന്നതാണ് അവരുടെ അപ്പീൽ കമ്മിറ്റിയിലേക്കുള്ള പ്രവേശനത്തിന് കാരണമായി പറയുന്നത്.

ഇങ്ങനെ ഉപജില്ലകളിൽ നിന്ന് ആരംഭിക്കുന്ന അപ്പീലുകളും പരാതികളും സംസ്‌ഥാന തലം വരെ നീളുന്നു. സ്‌കൂളിൽ നിന്നും മൂന്നാം സ്‌ഥാനം നേടുന്ന വിദ്യാർത്ഥിക്കു ഉപജില്ലയിലേയ്ക്കു പ്രവേശനം നിഷേധിച്ചാൽ അപ്പീൽ വഴിയോ കോടതി വഴിയോ ഉപജില്ലയിൽ മത്സരിക്കാം. അവിടെയും സമ്മാനം ലഭിച്ചില്ലെങ്കിൽ പണമുണ്ടെങ്കിൽ കോടതി വഴി ജില്ലയിലും മത്സരിക്കാം. ഇനി അവിടെയും പിന്തള്ളപ്പെട്ടാൽ കോടതി വഴി വീണ്ടും സംസ്ഥാന തലത്തിലും മത്സരിക്കാവുന്ന സ്ഥിതിയാണുള്ളത്. അവിടെ എങ്ങാനും ഒരു എ ഗ്രേഡ് നേടാനായാൽ മുടക്കുമുതലിന് ലാഭം കിട്ടിയ പ്രതീതി.

നിരവധി രക്ഷിതാക്കളും അദ്ധ്യാപകരും ഉപജില്ലാ സ്‌കൂൾ കലോത്സവ അപ്പീൽ തീരുമാനങ്ങൾ‍ക്കെതിരേ പരസ്യമായി രംഗത്തിറങ്ങുന്ന പതിവ് കാഴ്ചയ്ക്ക് ഇക്കുറിയും കുറവുണ്ടായില്ല. അപ്പീലുകളുടെ പരിഗണനയിൽ കണ്ണൂരിലെ ഒരു സബ്ജില്ലയിൽ ഭരണകക്ഷിയിൽ പെട്ട ഒരു അദ്ധ്യാപക സംഘടനയുടെ ഇടപെടലിലൂടെ അർഹതപ്പെട്ടവർ പുറത്താകാൻ‍ കാരണമായതെന്ന് വ്യാപക പരാതി ഉണ്ടായി. അതുകൊണ്ട് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ‍ അർ‍ഹത നേടുന്നതിന് കോടതിയെ സമീപിച്ചാണ് പലരും അടുത്ത ഘട്ടത്തിൽ മത്സരിച്ചത്. 1000 രൂപ ഫീസടച്ച് 106 പേരാണ് ഈ ഒരു വിദ്യാഭ്യാസ ജില്ലയിൽ മാത്രം അപ്പീൽ നൽ‍കിയിരുന്നത്. ഇതിൽ 31 എണ്ണം മാത്രമാണ് അംഗീകരിച്ചത്. ബാക്കി 75 എണ്ണവും തള്ളപ്പെട്ടു. ഇതിൽ നിന്നു 75,000 രൂപയാണ് വിദ്യാഭ്യാസ വകുപ്പിനു ലഭിച്ചത്. അതേ അവസരം അദ്ധ്യാപക സംഘടനയുടെ ജില്ലാ −സംസ്ഥാന നേതാക്കൾ ശുപാർ‍ശ ചെയ്ത പലരും അപ്പീലിൽ കയറിക്കൂടുന്നുണ്ടെന്നും ആരോപണമുണ്ട്. കണ്ണൂർ ജില്ലയിലെ തന്നെ ഒരു ഹയർ സെക്കന്ററിയിൽ ഹയർ സെക്കന്ററി പദ്യം ചൊല്ലൽ, ഹൈസ്‌കൂൾ ലളിതഗാനം, ഹയർ‍സെക്കന്ററി ശാസ്ത്രീയ സംഗീതം, ഹയർ‍സെക്കന്ററി ഹിന്ദി ഉപന്യാസം എന്നിവയിൽ യാതൊരു മാനദണ്ധവും പരിഗണിക്കാതെയാണ് അപ്പീലുകൾ അംഗീകരിച്ചതെന്നാണ് അപ്പീൽ നിരസിക്കപ്പെട്ടവർ ആരോപിക്കുന്നത്.

ടിവി ചാനലുകൾ സജീവമായതാണ് കലാമത്സരങ്ങളിൽ സംസ്ഥാന തലത്തിലേയ്ക്ക് കയറിക്കൂടാൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തള്ളൽ ഉണ്ടാകാനുള്ള വലിയൊരു കാരണം. അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും പേരും സിനിമ എന്ന വർണ്ണലോകത്തേയ്ക്കുള്ള ചുവടുവെപ്പിനും കാരണമാകുമെന്ന ചിന്തയുമാണ് അത്തരത്തിലുള്ള പ്രതീക്ഷകളിൽ പ്രതിഭകളെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ചില മികച്ച പ്രതിഭകൾ വർഷം തോറും ഇല്ലെന്നു പറയാനാകില്ല. പക്ഷെ യുവജനോത്സവ മാനുവലിലെ ഇപ്പോഴും മാറ്റാതെ കിടക്കുന്ന നിയമങ്ങൾ യഥാർത്ഥ പ്രതിഭകൾ രംഗത്തു വരുന്നതിന് ഇപ്പോഴും തടസ്സമാകുന്നുണ്ട്. കലാമത്സരങ്ങളിലെ ഗ്രൂപ്പ് സിസ്റ്റമാണ് ഇതിനൊരു പ്രധാന കാരണം. സംഗീതവിഭാഗങ്ങളിൽ ഏതെങ്കിലും രണ്ടോ മൂന്നോ ഇനങ്ങൾ മാത്രമേ ഒരു സ്‌കൂളിൽ നിന്നും സബ്ജില്ലാ തലത്തിലേയ്ക്ക് മത്സരിക്കാൻ കഴിയു. ഉദാഹരണത്തിന് സ്‌കൂളിൽ ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലുമായി നാല് കുട്ടികൾ വിജയിച്ചാലും ഉപജില്ലയിൽ രണ്ടു മത്സരാർത്ഥികളെ മാത്രമേ മത്സരിപ്പിക്കാനാവുകയുള്ളൂ. അപ്പോൾ ഏതെങ്കിലും ഒരു വിദ്യാർത്ഥി അവിടെ തഴയപ്പെടുന്നു. ചിലപ്പോൾ ഉപജില്ലയിൽ മറ്റു സ്‌കൂളുകളിൽ നിന്ന് മത്സരിക്കാനെത്തുന്നത് സ്‌കൂളിൽ തഴയപ്പെട്ട കുട്ടിയേക്കാളും കഴിവുകുറഞ്ഞ കുട്ടിയായിരിക്കും. വീണ, വയലിൻ, നാദസ്വരം, ഓടക്കുഴൽ, ചെണ്ട, ഗിറ്റാർ, തബല , മൃദംഗം, മദ്ദളം തുടങ്ങിയ പത്തോളം ഇനങ്ങളിൽ നിന്ന് ഒരു സ്‌കൂളിൽനിന്നു 3 ഇനങ്ങൾ മാത്രമേ അടുത്ത സബ്ജില്ലാ മത്സരത്തിന് അയക്കാൻ കഴിയുകയുള്ളൂ. ഇവിടെ സ്‌കൂളിൽ ചെണ്ട നന്നായി വായിക്കാനറിയുന്നവനും ഗിറ്റാർ വായനക്കാരനും നാദസ്വരക്കാരനും എല്ലാം ഉണ്ടെങ്കിലും അവിടെ അധ്യാപകർ തീരുമാനിക്കുന്ന 3 കുട്ടികളാണ് സബ് ജില്ലയിലേയ്ക്ക് മത്സരിക്കുക. സബ് ജില്ലയിൽ നാദസ്വരത്തിന് ചിലപ്പോൾ മറ്റു സ്‌കൂളുകളിൽ നിന്ന് ആരും മത്സരത്തിന് ഇല്ലെങ്കിൽ സ്‌കൂളിൽ നിന്ന് അയക്കാതിരുന്ന നാദസ്വര വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടുന്നു. സംസ്‌ഥാന തലത്തിൽ ആ കുട്ടിയുടെ അത്രയും കഴിവില്ലാത്തവർ അംഗീകാരം നേടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പല അപാകതകളും നിറഞ്ഞ മാനുവൽ പരിഷ്കരിക്കാനും പലപ്പോഴും നിയമിക്കപ്പെടുന്നത് അതാത് സമയത്തെ വിദ്യാഭ്യാസ വകുപ്പ് കൈയാളുന്നവരാണ്. മികച്ച കലാകാരന്മാരെയും യുവജനോത്സവ പ്രതിഭകളെയും അടക്കം ഉൾപ്പെടുത്തി സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യുവജനോത്സവ മാനുവൽ പരിഷ്കരിക്കുകയും യഥാർത്ഥ പ്രതിഭകളെ കണ്ടെത്താനുള്ള സമഗ്ര പദ്ധതി സ്‌കൂളിൽ നിന്നും തന്നെ ആരംഭിക്കുകയും ചെയ്‌താൽ മാത്രമേ ക്യാറക്കണ്ണുകൾ ഒപ്പിയെടുക്കേണ്ട യഥാർത്ഥ കലാകാരൻമാരെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഇനിയും ക്യാമറക്കണ്ണുകളെ നോക്കി കുട്ടികളും രക്ഷിതാക്കളും നടക്കും... എന്നെയും ലോകത്തിനു മുന്പിൽ അവതരിപ്പിക്കാമോ എന്ന ചോദ്യവുമായി...

You might also like

Most Viewed