ചരിത്രം വഴിമാറുമ്പോൾ
വി.ആർ. സത്യദേവ്
പാശ്ചാത്യ ദൃശ്യമാധ്യമങ്ങൾ ആവർത്തിച്ചു വിശേഷിപ്പിച്ചിരുന്നതുപോലെ അമേരിക്കയിൽ സമാധാനപരമായ ഒരു അധികാരമാറ്റം സംഭവിച്ചിരിക്കുന്നു. എട്ടു വർഷം നാടിനെ നയിച്ച മാന്യനായ, ആദ്യ ആഫ്രോ അമേരിക്കനായ പ്രസിഡണ്ട് ബറാക് ഒബാമ അധികാരക്കസേരയിൽ നിന്നും ഇറങ്ങി ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമേരിക്കൻ നായകൻ അധികാരമേറ്റിരിക്കുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനപ്രീതിയുള്ള പ്രസിഡണ്ടെന്ന അവമതിയോടെയാണ് ഡൊണാൾഡ് ട്രംപെന്ന ബിസിനസുകാരൻ പൊതുഭരണ രംഗത്തെ മുൻ പരിചയങ്ങളില്ലാതെ അമേരിക്കയുടെ ഭരണാധിപനാകുന്നത്. ട്രംപ് അധികാരമേറ്റത്തോടെ അദ്ദേഹത്തിനനെതിരായ പ്രതിഷേധങ്ങൾ അതിശക്തമായിരിക്കുന്നു. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി തൊട്ട് ഇതര ഭൂഖണ്ധങ്ങളിലെ അതിവിദൂര നഗരങ്ങളോളം ആ പ്രതിഷേധം വ്യാപിച്ചിരിക്കുന്നു.
ഇന്നലെ അമേരിക്കൻ തലസ്ഥാനത്തു നടന്ന പ്രതിഷേധ റാലിയിൽ അഞ്ചു ലക്ഷത്തിലധികം പേർ പങ്കടുത്തന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വെള്ളിയാഴ്ച നടന്ന പ്രസിഡണ്ട് ഇനാഗുറേഷനിൽ പങ്കടുത്തവരുടെ എണ്ണത്തെക്കാൾ അധികമാണ് ഇതെന്നാണ് റിപ്പോർട്ട്. രണ്ടര ലക്ഷമാൾക്കാർ മാത്രമാണ് ഇനോഗുറേഷനിൽ പങ്കടുത്തത് എന്നാണ് മാധ്യമങ്ങൾ പുറത്തുവിടുന്ന കണക്ക്. 2001ൽ പ്രസിഡണ്ട് ഒബാമ അധികാരമേറ്റപ്പോഴുള്ള ചിത്രങ്ങളും വെള്ളിയാഴ്ചത്തെ ചിത്രങ്ങളും താരതമ്യം ചെയ്താണ് പത്രങ്ങൾ കണക്കു നിരത്തുന്നത്. എന്നാൽ പതിനഞ്ചു ലക്ഷം പേരെങ്കിലും ചടങ്ങിനെത്തിയെന്നാണ് ട്രംപ് പക്ഷം അവകാശപ്പെടുന്നത്. കാര്യങ്ങളുടെ കിടപ്പുവശം പരിശോധിക്കുന്പോൾ അതൊരൽപ്പം കടന്ന അവകാശവാദം തന്നെയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇത്തവണത്തേതെന്നായിരുന്നു പുതിയ പ്രസ് സെക്രട്ടറി സീൻ സ്പൈസറുടെ പ്രസ്താവന. സി.ഐ.എയുടെ നായകനായി മൈക് പോംപിയെ നിയമിച്ച വിവരം അറിയിക്കാനുള്ള വാർത്താ സമ്മേളനത്തിലായിരുന്നു ഉദ്ഘാടന മഹാമഹത്തിലെ ആളെണ്ണത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും അവകാശവാദങ്ങളും. വാർത്താസമ്മേളനത്തിന്റെ ഏറിയ ഭാഗം സമയവും സ്പൈസർ ഉപയോഗിച്ചത് മാധ്യമങ്ങളെ കുറ്റപ്പെടുത്താനായിത്തന്നെ ആയിരുന്നെന്നതും കൗതുകകരമായി. സി.ഐ.എ ആസ്ഥാന സന്ദർശന വേളയിൽ പ്രസിഡണ്ട് ട്രംപിനെക്കാണാൻ ഏജൻസിക്ക് ഒരു ഡയറക്ടർ പോലുമില്ലാതിരുന്ന സാഹചര്യമുണ്ടായത് ഡെമോക്രാറ്റുകളുടെ അനാവശ്യ കടുംപിടുത്തങ്ങൾ മൂലമായിരുന്നന്നും സ്പൈസർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രസിഡണ്ടിന്റെ അടുത്ത പരിപാടികളെക്കുറിച്ചുള്ള സൂചനകളും മാധ്യമപ്രവർത്തകർക്ക് ആവോളം ഉപദേശങ്ങളും നൽകി അവരുടെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാതെയുമായിരുന്നു സ്പൈസറുടെ വാർത്താസമ്മേളനം പൂർത്തിയായത്.
സ്പൈസറുടെ വാർത്താ സമ്മേളനം പ്രധാനമായും വ്യക്തമാക്കുന്നത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തുണ്ടായ സംഭവവികാസങ്ങളിലെ മാധ്യമങ്ങളുടെ പങ്കിൽ ഭരണകൂടത്തിനുള്ള കടുത്ത അതൃപ്തി തന്നെയാണ്. ഭൂരിപക്ഷം മാധ്യമങ്ങളും തെരഞ്ഞെടുപ്പു വേളയിൽ ഡൊണാൾഡ് ട്രംപിനെ എതിർക്കുകയായിരുന്നു. ട്രംപിനെ അപമാനിക്കാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തച്ചുതകർക്കാനും ആവുന്നതെല്ലാം ചെയ്യാനുമുള്ള ഒരവസരവും നഷ്ടമാക്കാതിരിക്കാൻ രാജ്യത്തെ പ്രധാന മത്സരങ്ങളെല്ലാം പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. അതിനുള്ള ഉപാധികളിലൊന്നായിരുന്നു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ അഭിപ്രായ വോട്ടെടുപ്പുകൾ. സി.എൻ.എന്നും വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്കറും അടക്കമുള്ള മാധ്യമങ്ങളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു.
ഈ മാധ്യമങ്ങളെല്ലാം കൂടി എഴുതിയും പറഞ്ഞും സ്വന്തം സർവ്വേകളിൽ വോട്ടിട്ടും ഓരോ ദിവസവും ട്രംപിനെ തോൽപ്പിച്ചുകൊണ്ടിരുന്നു. അതിനെല്ലാം വലിയ വലിയ ന്യായങ്ങളും ട്രംപിന്റെ ദോഷങ്ങളും ഹിലരിയുടെ മികവുമെല്ലാം ഇവർ നിരത്തിക്കൊണ്ടുമിരുന്നു. പക്ഷേ യഥാർത്ഥ വോട്ടുപെട്ടി തുറന്നപ്പോൾ എട്ടു നിലയിൽ പൊട്ടിയത് മാധ്യമങ്ങളുടെ പ്രഖ്യാപനങ്ങളായിരുന്നു. അതിനപ്പുറം പൊട്ടിത്തകർന്നത് മാധ്യമങ്ങളെക്കുറിച്ച് പൊതു സമഹത്തിനുണ്ടായിരുന്ന വിശ്വാസവുമാണ്. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയുടെ കാര്യവും ഇതിനു സമാനമായിരുന്നു. മാധ്യമ അഭിപ്രായ വോട്ടെടുപ്പു ഫലങ്ങൾക്കും മാധ്യമങ്ങളും വിദഗ്ദ്ധരെന്ന് അവകാശപ്പെടുന്നവരും ചേർന്നു നടത്തിയ വിലയിരുത്തലുകൾക്കും പൊതു ധാരണകളെന്ന തരത്തിൽ പ്രചരിപ്പിച്ച വിലയിരുത്തലുകൾക്കും കടക വിരുദ്ധമായിരുന്നു ബ്രെക്സിറ്റിന്റെ ഫലം. ബ്രെക്സിറ്റ്, അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പു ഫലങ്ങളൊക്കെ കൂട്ടി ചേർത്ത് വിവരമില്ലാത്ത ജനം വിരുദ്ധമായി ചിന്തിക്കുന്നുവെന്ന ഒരു പുത്തൻ തിയറിയുമായി ഈ കടലാസുപുലികൾ ഏറെത്താമസിയാതെ രംഗത്തെത്തിയേക്കാം. ഇത് വാസ്തവത്തിൽ മാധ്യമങ്ങളുടെ അവശേഷിക്കുന്ന വിശ്വാസ്യത കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ.
ബ്രെക്സിറ്റിന്റെ കാര്യത്തിലും അമേരിക്കൻ തെരഞ്ഞെടുപ്പിലും മാധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അജണ്ട നിർണ്ണയിക്കാൻ അതിശക്തമായ ശ്രമം നടത്തി എന്നതാണ് വാസ്തവം. അച്ചടി മഷിപുരണ്ട വാക്കുകൾക്കും ടെലിവിഷനിലൂടെയെത്തുന്ന വൃത്താന്തങ്ങൾക്കുമുള്ള വിശ്വാസ്യതയാണ് ഇവിടെ വില്ലനായത്. തങ്ങൾക്ക് ശരിയെന്ന കാര്യത്തിൽ ഓരോ മാധ്യമങ്ങളും ഉറച്ചു നിൽക്കുന്നത് തെറ്റല്ല. എന്നാൽ വിലയിരുത്തലുകൾ നടത്തുന്പോൾ തങ്ങളുടെ വിശ്വാസങ്ങൾക്കപ്പുറത്തുള്ള വാസ്തവങ്ങൾ കാണാനും അവകൂടി പരിഗണിക്കാനും വിദഗ്ദ്ധർക്കാവണം. അല്ലെങ്കിൽ പ്രവചനങ്ങൾ പിഴയ്ക്കുമെന്നതിന്റെ ഉദാഹരണങ്ങൾ സമീപകാല രാഷ്ട്രീയത്തിൽ നമുക്ക് എത്രവേണമെങ്കിലും കാണാം. അതു തന്നെയായിരുന്നു ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പു വിശകലനത്തിലും പ്രവചനത്തിലും ആ രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾക്കും സംഭവിച്ചത്. ഫോക്സ് ന്യൂസ് മാത്രമായിരുന്നു കുറച്ചെങ്കിലും ഇങ്ങനെയുള്ള ട്രംപ് വിരുദ്ധ മാധ്യമ ധ്രുവീകരണത്തിനു വഴിപ്പെടാതിരുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ ആ മാധ്യമങ്ങളുടെ ആത്യന്തികമായ പരാജയമാണ് ഇവിടെ സംഭവിച്ചത്. പരിചയ സന്പന്നരായ ആ മാധ്യമങ്ങൾക്ക് തീർച്ചയായും സ്വന്തം താൽപ്പര്യങ്ങളുണ്ടായിരുന്നു. ആ താൽപ്പര്യങ്ങൾ അതിശക്തമായിരിക്കെയും പൊതു സമൂഹത്തിന്റെ മനസ്സറിയാൻ അവർ അന്പ് പരാജയപ്പെട്ടു എന്നു കരുതാനാവില്ല. അത് അറിയാനുള്ള ഒരുപാടു മാർഗ്ഗങ്ങളും സംവിധാനങ്ങളും മാധ്യമങ്ങൾ കാലാകാലങ്ങളായി വിജയകരമായി ഉപയോഗിച്ചു പോരുന്നതാണ്. ഇത്തവണ ആ സംവിധാനങ്ങളെല്ലാം ഒറ്റയടിക്കു പരാജയപ്പെട്ടു എന്നു കരുതുന്നത് മൗഢ്യമാണ്.
ജനഹിതം തങ്ങളുടെ താൽപ്പര്യത്തിനു വിരുദ്ധമാണെന്നറിഞ്ഞതോടേ മാധ്യമ വിശ്വാസ്യത ഉപയോഗിച്ച് അതിന്റെ ഗതി തിരിച്ചു വിടാൻ നിക്ഷിപ്ത താൽപ്പര്യക്കാരായ മാധ്യമങ്ങൾ പലപ്പോഴും മുതിരാറുണ്ട്. ഇത്തരത്തിലൊരു ശ്രമം തന്നെയാണ് ബ്രെക്സിറ്റിന്റെ കാര്യത്തിലും അമേരിക്കൻ തെരഞ്ഞെടുപ്പു വേളയിലും കണ്ടത്. ജനവികാരം രൂപീകരിക്കുന്നതിലെ മാധ്യമശക്തി ഒരു സത്യമാണ്. എന്നാൽ അതിശക്തമായ പൊതു വികാരത്തെ എല്ലായ്പ്പോഴും തങ്ങൾ ഇച്ഛിക്കുന്ന വഴികളിലൂടെ തിരിച്ചു വിടുകയെന്നത് മുഖ്യധാരാ മാധ്യമങ്ങൾക്ക് ഇനി എളുപ്പമാവില്ല. മുഖ്യധാരാ മാധ്യമങ്ങളെക്കാൾ ശക്തമായി നവമാധ്യമങ്ങൾ സമൂഹത്തിൽ ഇടപെടുന്നതാണ് ഇതിനൊരു പ്രധാന കാരണം. ഒപ്പം സ്വന്തം ശക്തിയിലും സ്വാധീനത്തിലും അന്ധമായി അഭിരമിക്കുന്ന പ്രമുഖ പത്രങ്ങളൊക്കെ നിക്ഷിപ്ത താത്പര്യങ്ങൾ മൂലം യാഥാർത്ഥ്യങ്ങൾ അറിഞ്ഞോ അറിയാതെയോ അവഗണിച്ച് വിലയിരുത്തലുകളും നടത്തുന്നു.
ഇത് മാധ്യമങ്ങൾക്കും ഭരണസംവിധാനങ്ങൾക്കു ഗുണകരമല്ല. അമേരിക്കയിൽ മാധ്യമങ്ങളോട് സൗഹാർദ്ദപരമായൊരു ബന്ധമല്ല തുടക്കത്തിൽ ട്രംപ് ഭരണകൂടം പുലർത്തിപ്പോരുന്നത്. മറ്റുപല വിഷയങ്ങളിലും പ്രചാരണ വേളയിലേതിൽ നിന്നും മയപ്പെടുത്തിയതും പ്രായോഗികവുമായ തീരുമാനങ്ങളാണ് ട്രംപിൽ നിന്നുമുണ്ടാകുന്നത്. എന്നിട്ടും മാധ്യമങ്ങൾ തന്നെ തുടർന്നും വേട്ടയാടുകയാണെന്ന ബോധം അദ്ദേഹത്തിനുണ്ടാകുന്ന തരത്തിലാണ് രാജ്യത്തെ പ്രമുഖ പത്രങ്ങളും ചാനലുകളും പ്രവർത്തിക്കുന്നത്. ജയിക്കാൻ തനിക്കാവശ്യമില്ലാതിരുന്ന മാധ്യമങ്ങളെ തുടർന്നും തനിക്ക് ആവശ്യമില്ലെന്നു തീരുമാനിക്കുകയും മികച്ച ഭരണം കാഴ്ചവെയ്ക്കുകയും ചെയ്താൽ നവമാധ്യമങ്ങളുടെ വർത്തമാനകാലത്ത് കൂടുതൽ പരിക്കേൽക്കുക ഇവിടെ മാധ്യമങ്ങൾക്കു തന്നെയാവും. മറുവശത്ത് ട്രംപ് അനുകൂല നിലപാടെടുക്കൽ ബ്രെയ്റ്റ് ബാർട്ട് Breitbart പോലുള്ള നവമാധ്യമങ്ങളെ പ്രസിഡണ്ട് ട്രംപ് കരുതലോടെ ഒപ്പം നിർത്തുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രസിഡണ്ട് അധികാരമേറ്റിട്ടും രണ്ടും കൽപ്പിച്ച് രാജ്യത്തെ മാധ്യമങ്ങളൊക്കെ ട്രംപ് വിരുദ്ധത കുത്തി നിറയ്ക്കുന്നതിൽ മത്സരം തുടരുകയാണ്. ബ്രിട്ടണിൽ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനവും വൻ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ജനം പ്രതിഷേധിക്കുന്പോൾ ട്രംപുമായി മികച്ച ബന്ധമുണ്ടാക്കാൻ അമേരിക്കക്കു പറക്കാനൊരുങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ഫലമെന്തായാലും ട്രംപിനെ പുറത്താക്കാതെ അടങ്ങില്ലെന്ന വാശിയിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് മാധ്യമങ്ങളും ഡെമോക്രാറ്റിക് പക്ഷവും.
പ്രസിഡണ്ട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രതിഷേധങ്ങളരങ്ങേറുന്നത് അമേരിക്കയിൽ പുതുമയല്ല. പ്രസിഡണ്ട് ബുഷ് ജൂണിയർ അധികാരമേറ്റപ്പോഴും ഏകദേശം സമാനമായ സമരങ്ങൾക്ക് അമേരിക്ക വേദിയായി. എന്നാലത് അൽപ്പായുസ്സായിരുന്നു. ആ പ്രതിഷേധങ്ങളുടെയും എതിർപ്പിന്റെയും പോറലേൽക്കാതെ ഉറച്ചതും ചിലപ്പോഴങ്കിലും ഒരൽപ്പം കടന്നതുമായ തീരുമാനങ്ങളുമായാണ് ബുഷ് രാജ്യം ഭരിച്ചത്. ബുഷിനെക്കാൾ കടുപ്പക്കാരനാണ് ട്രംപ്. അധികാരമേറ്റയുടൻ ഒബാമ കെയറിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കിക്കഴിഞ്ഞു. അനാവശ്യ വിരോധങ്ങളും വിവാദങ്ങളും അവസാനിപ്പിച്ച് ട്രംപിനും പ്രതിഷേധക്കൂട്ടത്തിനും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനായില്ലെങ്കിൽ ലോകക്രമത്തിൽ അപ്രതീക്ഷിത പൊളിച്ചെഴുത്തുകൾക്ക് അതു വഴിെവയ്ക്കുമെന്നുറപ്പ്. ജനഹിതത്തിനപ്പുറമുള്ള നിക്ഷിപ്ത താൽപ്പര്യങ്ങൾക്കു പക്ഷേ സർവ്വ സ്വാതന്ത്ര്യത്തിന്റെ നാട്ടിൽ സാദ്ധ്യത കുറവാണ്.