ഒരു­ കത്തും കു­റെ­ സംശയനി­ഴലു­കളും...!


‘മരിച്ചയാളുടെ പേരിൽ ഒരു കത്ത് വീട്ടുമുറ്റത്ത് കിടക്കുന്നു.

മരിച്ചയാൾ തന്നെ കുറിച്ച കത്തായിരിക്കുമോ ? മരിച്ചതിൽ പിന്നെ

മറ്റുള്ളവരുടെ പേരുകൾ മറന്നു പോയതാകുമോ’

(മരിച്ചയാളുടെ കത്ത്: ഫിറോസ് തിരുവത്ര.)

 

രോ വായനയിലും വായനക്കാരിലേയ്ക്ക് ജിജ്ഞാസ ജനിപ്പിക്കുന്ന രീതിയിൽ പിറവിയെടുത്ത കവിതയാണ് ഫിറോസ് തിരുവത്രയുടെ ‘മരിച്ചയാളുടെ കത്ത്’ ബഹ്റിനിലെ പ്രവാസി എഴുത്തുകാരിൽ ശ്രദ്ധേയനായ ഫിറോസ് ഇതിനോടകം തന്നെ വേറിട്ട രചനകളിലൂടെ വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരനാണ്.

മരണ ശേഷവും പരേതനെ തേടി വീട്ടുമുറ്റത്ത് കിടക്കുന്ന ഒരു കത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ കവിത വായനക്കാരനെ നിരവധി ചോദ്യങ്ങളുടെ കെട്ടുകളിൽ ചുറ്റി വരിയപ്പെട്ടിരിക്കുന്നു!

മരണം എന്നത് കാഴ്ചയിൽ നിന്നും മറയപ്പെടുന്പോഴും കാഴ്ചക്കപ്പുറത്ത് ഒരു പക്ഷേ ഒരു നിഴലായോ, നിശ്വാസമായോ പരേതന്റെ ആത്മാവ് ബാക്കി കിടക്കുന്നുണ്ടാവാം. അതുകൊണ്ടു തന്നെ ഈ കത്ത് മരിച്ചയാൾ തന്നെ എഴുതിയ കത്താകാമെന്നും മരിച്ചതിൽ പിന്നെ മറ്റുള്ളവരുടെ പേരുകൾ പരേതൻ മറന്നു പോയതാകാമെന്നും കവി സംശയിക്കുന്നു. എന്നിരുന്നാലും കത്തെഴുതിയ ആളുടെ മേൽവിലാസം കത്തിൽ നിന്നും വായനക്കാർക്ക് വായിച്ചെടുക്കാനാകുന്നില്ലെന്നത് നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരു പക്ഷേ മറുപടി വിലാസം എഴുതാൻ തക്ക വിധത്തിൽ ഒരു സ്ഥാനവും വിലാസവും പരേതന് പരലോകത്ത് ലഭിച്ചിട്ടില്ലാത്തതാവാം അതിന് കാരണം.

മരണശേഷം പരേതർ മേൽവിലാസം നഷ്ടപ്പെട്ടവരാണെന്നും ജനിച്ച മണ്ണിൽ സ്വന്തം പേരുമാത്രം ഓർമ്മിക്കപ്പെട്ടാലും തിരിച്ചറിയാനുള്ള മറ്റ് അടയാളങ്ങൾ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാനുള്ള വഴി തേടലാണ് ഒരുപക്ഷേ പരേതൻ സ്വന്തം പേരിലെഴുതിയ കത്തെന്നും നാം സംശയിക്കപ്പെട്ടേക്കാം.

അതേ കത്ത് തന്നെയാണ് പരേതന്റെ ഭാര്യയെ സംശയത്തിന്റെ മുൾ മുനയിൽ കൊണ്ടു ചെന്നെത്തിക്കുന്നതും.

 എന്ത് ധൈര്യത്തിലാണ് താനീ കത്ത് വായിക്കുകയെന്നും ഒരുപക്ഷേ നീണ്ട കാലം തന്നിൽ നിന്നും ഒളിച്ചുവെയ്ക്കപ്പെട്ട ഒട്ടനവധി രഹസ്യക്കൂട്ടുകളുടെ കലവറ കത്തു രൂപത്തിൽ വന്നതായിരിക്കുമോയെന്നും ഭാര്യ സംശയിച്ചു പോകുന്നുണ്ട്.

ഒരുപക്ഷേ അദ്ദേഹത്തിന്റെ മരണശേഷം അവളുമായി ബന്ധങ്ങൾ സ്ഥാപികുകയോ വിശേഷങ്ങൾ പങ്കുവെയ്ക്കുകയോ ചെയ്യാതെ വന്നപ്പോൾ അതിനുള്ള കാരണങ്ങൾ തേടി അദ്ദേഹത്തിന് വന്ന കത്തായിരിക്കാം ഇതെന്ന് ഭാര്യസംശയിച്ചു പോകുന്നു. അതുകൊണ്ടു തന്നെ കത്ത് തുറക്കുവാൻ വയ്യാതെ അവരും നിസ്സഹായയാവുകാണ്.

ആർക്കാണ് ആ കത്തും അതിലെ ഉള്ളടക്കവും ഒന്ന് തുറന്നു വായിക്കാൻ കഴിയുക? ഭാര്യക്കോ വയ്യ ഇനി ഒരുപക്ഷേ മക്കളെങ്ങാൻ അത് തുറന്നു വായിച്ചിരുന്നെങ്കിൽ അതിലെ രഹസ്യങ്ങളറിയാമായിരുന്നുവെന്ന് കവിതയിലൂടെ നീങ്ങുന്പോൾ നമ്മളും ആശിച്ചു പോകുന്നു.

പക്ഷേ എന്തു ധൈര്യത്തിലാണ് മക്കൾ കത്ത് തുറന്നു വായിക്കുകയെന്ന ഭീതി കവിത നമ്മളുമായി പങ്കുവെയ്ക്കുന്നു. ജീവിതകാലത്ത് പിതാവ് വരുത്തിവെച്ച കടം മരണശേഷം ഒരു കത്തിന്റെ രൂപത്തിൽ മക്കളുടെ കഴുത്തിൽ കുരുങ്ങുമോയെന്ന സംശയം അവരിൽ ജനിപ്പിച്ചു കൊണ്ട്‌ കത്ത് യഥാസ്ഥാനത്ത് കാത്തിരിപ്പ് തുടരുകയാണ്.

ഇതിലെല്ലാമുപരി അത് നിയമ പാലകരുടെ കൈകളിലൂടെ പിറവിയെടുത്ത കത്താവാനുള്ള സാധ്യതയും കവിത തള്ളിക്കളയുന്നില്ല. പണ്ടെങ്ങോ കാലത്ത് പരേതൻ വല്ല സമരവും ചെയ്ത കാരണത്താൽ ജീവിതകാലം മുഴുവൻ കോടതിയലഞ്ഞ് വ്യവഹരിക്കുള്ള മരണ ശേഷമുള്ള നീതിയുമാകാം അതിലെ ഉള്ളടക്കമെന്ന് കത്ത് വിളിച്ചു പറയുന്നതു പോലെ അനുഭവപ്പെടുന്നത് വായനക്കാരിലേക്കും കൂടിയാണ്.

അവിടെയും ഒതുങ്ങിത്തീരുന്നില്ല കത്തിലെ ജിജ്ഞാസ. പകരം ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് ചങ്ങലക്കണ്ണികൾ പോലെ തുടരുകയാണ്.

സ്വർഗ്ഗജീവിതം പ്രതീക്ഷിച്ച് ഒടുവിൽ നരകത്തിലകപ്പെട്ട് അവിടെ ചലം കുടിച്ച് വീർത്ത ഒരാളുടെ ഏറ്റവും പ്രതീക്ഷാനിർഭരമായ നിലവിളി ചുരുണ്ടുകൂടി കിടക്കുന്ന എഴുത്താവാം ആ കത്തിന്റെ ഉള്ളടക്കം പേറി നിൽക്കുന്നതെന്ന പുതിയ തോന്നലിലാണ് കവിത തുടർന്നു പോകുന്നത്.

സ്വർഗ്ഗമെന്നത് വിസ്മയക്കാഴ്ചകളുടെയും ആനന്ദാനുഭവങ്ങളുടെയും പറുദീസയാണെന്നും ഒരു പക്ഷേ അവിടുത്തെ സുന്ദരികളായ തരുണീമണികളെയും, പഴങ്ങളും പൂക്കളെയും പോലുള്ള വിസ്മയാനുഭവങ്ങളുടെ വർണ്ണന വിവരിച്ചെഴുതിയ കത്തുപാട്ടാകാനുമുള്ള സാധ്യത ആ കത്തിൽ തള്ളിക്കളയാനാകുന്നില്ല. അങ്ങനെ നിരവധി സംശയങ്ങളും ആകാംക്ഷകളും കൊണ്ട് മൂടപ്പെട്ട ഒരു കത്തിനെ ചുറ്റിപ്പറ്റി ചിന്തകൾ മേച്ചിൽപ്പുറങ്ങളിലൂടെ അലയുന്പോഴും ഏതൊരു അലച്ചിലിനും ചിന്തകൾക്കും ഒരു പൂർണ്ണ വിരാമം ആവശ്യമാണെന്നും അത് മറ്റെന്തിനേക്കാളുമുപരി ശരിയായി നിൽക്കുന്നത് മരണമെന്ന യാഥാർത്ഥ്യമാണെന്നും കവിത നമ്മെ കൂട്ടിരുത്തി പറയുന്നു. അതുകൊണ്ടു തന്നെ മരിച്ചു കഴിഞ്ഞത് മറവു ചെയ്യുകയെന്നതാണ് പൊതു നിയമമെന്നും കൂടുതൽ സമയം കാത്തു വെച്ചു താമസിപ്പിക്കാനാവില്ലെന്നും സമയം കൂടുന്തോറും മൃതദേഹത്തിന്റെ വയറുപോലെ കത്തിന്റെ കവറും വീർത്തു വരികയാണെന്നും വായനക്കാരനെ ഒരു ഓർമ്മപ്പെടുത്തൽ നടത്തിയാണ് കവിത അവസാനിക്കുന്നത്.

അതെ, മരണം ഒരു യാഥാർത്ഥ്യമാണ്. ഒരാളുടെ മരണശേഷവും നാം അയാളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നുവെങ്കിൽ അതിനർത്ഥം ഓരോ മരണവും നമ്മളിൽ മറ്റെന്തൊക്കെയോ ബാക്കി വെച്ചാണ് കടന്നു പോകുന്നത് എന്നു തന്നെയാണ്.

മരിച്ചിട്ടും മായാത്ത ഒരോർമ്മക്കുറി പോലെ..!

You might also like

Most Viewed