ഒബാമക്കാലം ഓർമ്മയാകുന്പോൾ


വി.ആർ.സത്യദേവ് 

മേരിക്കയ്ക്ക് ഇത് അധികാരമാറ്റത്തിന്റെ വാരമാണ്. ചരിത്രപരമായ ആ അധികാരമാറ്റത്തിന് ഇനി അഞ്ചേ അഞ്ചു നാൾ കൂടി മാത്രം. വരുന്ന വെള്ളിയാഴ്ചയാണ് ഒബാമയിൽ നിന്നും ട്രംപ് ലോകത്തെ ഏറ്റവും കരുത്തുറ്റതെന്നു വിശ്വസിക്കപ്പെടുന്ന അമേരിക്കൻ ഐക്യനാടുകളുടെ അധികാരം ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സിയിലെ ക്യാപ്പിറ്റോൾ ബിൽഡിംഗിന്റെ പടിഞ്ഞാറേ മുഖപ്പിലാണ് പുതിയ പ്രസിഡണ്ടിന്റെ സത്യ പ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ആണ് പുതിയ പ്രസിഡണ്ടിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക. പ്രസിഡണ്ടിനൊപ്പം വൈസ് പ്രസിഡണ്ട് മൈക് സ്പെൻസും അധികാരമേൽക്കും. അസോസിയേറ്റ് ജസ്റ്റിസ്ക്ലാരൻസ് ജോസഫാണ് വൈസ് പ്രസിഡണ്ടിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. 

അമേരിക്കയുടെ നാൽപ്പത്തി അഞ്ചാമതു പ്രസിഡണ്ട് അധികാരമേൽക്കുന്ന ചടങ്ങിൽ മുൻ പ്രസിഡണ്ടുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിൻ്റൺ, ജോർജ് ഡബ്ല്യൂ ബുഷ് തുടങ്ങിയവർ സംബന്ധിക്കും. ഇതിനിടെ ഇത്തവണത്തെ പ്രസിഡണ്ട് ഇനോഗുറേഷൻ ബഹിഷ്കരണം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റുമെന്ന് ഉറപ്പായി. ട്രംപിനോട് എതിർപ്പുള്ള ഡെമോക്രാറ്റ് കക്ഷിയിൽപ്പെട്ട ജനപ്രതിനിധികളിൽ ചിലരാണ് സത്യപ്രതിജ്ഞാ ചടങ്ങു ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോർജിയയിൽ നിന്നുള്ള ജനപ്രതിനിധിയും മുതിർന്ന നേതാവും മനുഷ്യാവകാശപ്രവർത്തകനുമായ ജോൺ ലൂയിസാണ് ഇവരിൽ പ്രധാനി. ഒന്നും ചെയ്യാത്ത വാചക വീരനെന്ന് ലൂയിസിനെ ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചതാണ് ബഹിഷ്കരണത്തിനു കാരണം. ലൂയിസ് വായടക്കി സ്വന്തം ജില്ലയിലെ കാര്യങ്ങൾ നേരേയാക്കാൻ പണിയെടുക്കണമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചിരുന്നു.

ലൂയിസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റു നിരവധി ജനപ്രതിനിധികളും ബഹിഷ്കരണ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലൂയിസിനെ പോലൊരു മുതിർന്ന നേതാവിനോട് ഒരിക്കലും ട്രംപ് അത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് പ്രതിഷേധിക്കുന്ന ജനപ്രതിനിധികളുടെ പക്ഷം. മഹാനായ നേതാവ് മാർട്ടിൻ ലൂഥർ കിംഗിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ലൂയിസ് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരിൽ പ്രമുഖനാണ്. ഇന്ന് തന്നെ അധിക്ഷേപിച്ച ട്രംപ് ഇത് തന്നെപ്പോലെയുള്ള എല്ലാവരോടും തുടരുമെന്ന് ലൂയിസ് പ്രതികരിച്ചു. തന്റെ സമൂഹത്തോടുള്ള ട്രംപിന്റെ നിലപാട് രാജ്യത്തെ കറുത്ത ഭൂതകാലത്തിലേയ്ക്ക് തിരിച്ചു കൊണ്ടുപോകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഡെമോക്രാറ്റുകളുടെ, പ്രത്യേകിച്ച് കറുത്തവർഗ്ഗക്കാരായ നേതാക്കളുടെ ഇത്തരം നിലപാടുകളും നടപടികളും രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വലിയ ഭീഷണിയാണെന്ന് കാര്യത്തിൽ തർക്കമില്ല.

ലൂയിസിനെക്കുറിച്ചുള്ള പരാമർശത്തിനൊപ്പം പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും ബഹിഷ്കരണ കാരണമായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. പ്രസിഡണ്ടു തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കാൻ റഷ്യ വഴിവിട്ട് ഇടപെട്ടു എന്ന ആരോപണം ഡെമോക്രാറ്റിക് പക്ഷം അതിശക്തമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യൻ ഇടപെടൽ മൂലം വിജയിച്ച ട്രംപിന്റേത് നിയമസാധുതയില്ലാത്ത പ്രസിഡൻസിയാണ് എന്നതാണ് ഇത്തരക്കാരുടെ നിലപാട്. വാസ്തവത്തിൽ സൂയിസിനെക്കുറിച്ചുള്ള ട്രംപിന്റെ വിവാദ പരാമർശങ്ങൾക്കു വഴിെവച്ചതും ഇത്തരത്തിലൊരു പ്രസ്താവന തന്നെയാണ്. ട്രംപിന്റെ വിജയത്തിന് നിയമസാധുതയില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ലൂയിസ് പറഞ്ഞത്. അതിനുള്ള ചുട്ടമറുപടിയിലായിരുന്നു ട്രംപിന്റെ വായാടിപ്രയോഗം. വിവാദമായത് ട്രംപിന്റെ പ്രയോഗം മാത്രം. 

തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ എന്തൊക്കെ ആരോപണ പ്രത്യാരോപണങ്ങൾ നടന്നാലും ഫലം പ്രഖ്യാപിക്കുന്നതോടേ അമേരിക്കൻ പ്രസിഡണ്ടിനെ എല്ലാ അമേരിക്കക്കാരും അംഗീകരിക്കുകയാണ് ചെയ്യുന്നത്.പോരാട്ടത്തിൽ പരാജയപ്പെടുന്ന സ്ഥാനാർത്ഥി തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുകയും നിയുക്ത പ്രസിഡണ്ടിനെ അനുമോദിക്കുകയും ചെയ്യുന്നിടത്താണ് വാസ്തവത്തിൽ ഇതിനു തുടക്കം. ഇത്തവണ പക്ഷേ അങ്ങനെയൊരു അംഗീകരിക്കലും അനുമോദനവുമൊക്കെ ഉണ്ടായതു തന്നെ ഒരു ദിവസം വൈകിയായിരുന്നു. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പ്രതികരണത്തിനു കാത്തു നിന്ന മാധ്യമപ്രവർത്തകരോട് പോയിക്കിടന്നുറങ്ങാൻ നിർദ്ദേശിച്ച് ഹിലരി ക്ലിന്റൺ വാർത്താ സമ്മേളനം റദ്ദു ചെയ്യുകയായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു പിന്നീടിങ്ങോട്ട് കണ്ടതെല്ലാം. ഇത് അമേരിക്കയിൽ പതിവില്ലാത്തതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യൻ ഇടപെടലുണ്ടായി എന്നാരോപിച്ച് 35 റഷ്യൻ നയതന്ത്ര പ്രതിനിധികളെ ഒബാമ ഭരണകൂടം പുറത്താക്കിയതും ഇതിന്റെ ഭാഗം തന്നെയായിരുന്നു.  ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങു ബഹിഷ്കരണം. ഹിലരിക്ലിന്റണും ഒബാമയ്ക്കും ഡെമോക്രാറ്റിക് പക്ഷത്തിനു പൊതുവെയും തങ്ങളുടെ പരാജയം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല എന്നതാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഇത്തരം ദഹനക്കേടുകൾ പരസ്യമാക്കുന്നതും ഇത്തരം പ്രകോപനങ്ങളും സ്വന്തം ജനാധിപത്യ സംവിധാനങ്ങൾ ദുർബ്ബലമാണെന്ന് ലോകത്തിനു മുന്നിൽ തുറന്നു സമ്മതിക്കുന്നതിനു തുല്യമാണെന്ന കാര്യം തൽക്കാലത്തേക്കെങ്കിലും ഈ പക്ഷം മറക്കുകയാണ്.

ആത്യന്തികമായി പറഞ്ഞാൽ അധികാരമൊഴിയുന്ന വേളയിൽ ഒബാമഭരണകൂടത്തിന്റെ ശോഭ കെടുത്തുന്നതാണ് ഇത്തരത്തിലുള്ള നിലപാടുകൾ. കാര്യമെന്തായാലും സമീപകാല ചരിത്രം കണ്ട ഏറ്റവും മാന്യതയും ജനപ്രീതിയുമുള്ള പ്രസിഡണ്ട് എന്ന വിശേഷണത്തോടെയാണ് ഒബാമ പടിയിറങ്ങുന്നത്. സമാധാനപ്രിയനെന്ന വിശേഷണവും അമേരിക്കയുടെ കറുത്തവർഗ്ഗക്കാരനായ ആദ്യ പ്രസിഡണ്ടിനുണ്ട്. എന്നാൽ ആ സമാധാന പ്രിയം മൂലം ചില കാര്യങ്ങളിൽ പ്രസിഡണ്ട് അന്പ് പരാജയമായെന്നും വിലയിരുത്തപ്പെടുന്നു. മനുഷ്യാവകാശ ലംഘനത്തിന്റെയും കൊടും ക്രൂരതകളുടെയും പേരിൽ സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടും അതു സാധിക്കാനാവാതെ പോയത് ഇതിലൊന്നായി വിലയിരുത്തപ്പെടുന്നു. പ്രസിഡണ്ടു പദവിയിൽ നിന്നും ഒബാമ പടിയിറങ്ങുന്പോഴും സിറിയയിൽ അസദിന് അധികാരം നഷ്ടമായിട്ടില്ല. സിറിയയിലെയും ഇറാഖിലെയും റഷ്യൻ ശക്തി വർദ്ധിച്ചതും പ്രസിഡണ്ട് ഒബാമയുടെ വിദേശ നയത്തിന്റെ കരുത്തില്ലായ്മ മൂലമാണെന്ന് വിലയിരുത്തപ്പെടും. കൊട്ടിഘോഷിച്ച് സൈനിക നടപടികളാരംഭിച്ചിട്ടും ഇറാഖിൽ നിന്നും ഐ.എസ്സിനെ അവസാനിപ്പിക്കാനും ഒബാമയുടെ നായകത്വത്തിനു കഴിഞ്ഞില്ല. ട്രംപിന്റെ വരവോടേ മേഖലയിലെ റഷ്യൻ നിലപാടുകൾക്ക് കൂടുതൽ കരുത്തു ലഭിക്കുമെന്നും ഉറപ്പായി. അമേരിക്കൻ നയങ്ങളിൽ പൂർണ്ണമായ പൊളിച്ചെഴുത്തുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. സിറിയയെച്ചൊല്ലിയുള്ള റഷ്യ അമേരിക്ക കിടമൽസരവും ഒബാമഭരണത്തിനൊപ്പം ഓർമ്മയാവും. 

ഇതൊക്കെയാണെങ്കിലും വികാര നിർഭരമായ വിടവാങ്ങലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്ക ഒബാമയ്ക്കു നൽകിയത്. ഓവൽ ഓഫീസിലോ ഈസ്റ്റ് റൂമിലോ വിടവാങ്ങൽ പ്രസംഗം നടത്തുന്ന പതിവുരീതി വിട്ട് ചിക്കാഗോ നഗരത്തിലായിരുന്നു ഒബാമയുടെ വികാര നിർഭരമായ വിടവാങ്ങൽ പ്രസംഗം. ഒബാമയ്ക്ക് ഏറെ പ്രിയപ്പെട്ട നഗരമാണ് ചിക്കാഗോ. സാധാരണക്കാരൻ ഇടപെട്ടാലേ സാമൂഹ്യമാറ്റങ്ങൾ സാദ്ധ്യമാകൂ എന്നു തന്നെ പഠിപ്പിച്ചത് ചിക്കാഗോയാണെന്ന് മക് കോർമിക് പ്ലെയ്സിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. തന്നെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗം അദ്ദേഹം കണ്ണീരൊപ്പിക്കൊണ്ടാണ് അവസാനിപ്പിച്ചത്. 

ഓരോ പ്രസിഡണ്ടിനും ഓരോ ശൈലിയാണുള്ളത്. തികഞ്ഞ മാന്യനായ ഒബാമയിൽ നിന്നും ഡൊണാൾഡ് ട്രംപിലേയ്ക്ക് അമേരിക്കയുടെ അധികാരം കൈമാറ്റം ചെയ്യപ്പെടുന്പോൾ അമേരിക്ക പഴയ അമേരിക്കയാവില്ല എന്നുറപ്പ്.

You might also like

Most Viewed