ഓർ­മ്മകൾ കി­ലു­ക്കു­ന്ന പു­സ്തകശാ­ലകൾ...!


മനു കാരയാട് 

ഴി നടന്നു വീണ

പുഴക്കരയിലായിരുന്നു

ആ പുസ്തകശാല.

കള്ളുഷാപ്പും, പാർട്ടി ആപ്പീസും

ഒരു ബീഡിക്കുറ്റിയുടെ

പുകച്ചുരുളിൽച്ചുരുങ്ങി

പുസ്തകശാലയിലെ

കാലിടറുന്ന ബെഞ്ചിലിരുന്നിരുന്നു!’

ആധുനിക കവികളിൽ ശ്രദ്ധേയനും ബഹ്റിനിലെ പ്രവാസിയുമായ സിബി ഇലവുപാലത്തിന്റെ ‘പണ്ടു പണ്ടൊരു പുസ്തകശാല’ എന്ന കവിതയിലെ വരികളാണിത്.

ആശയത്തിലെ പുതുമയും ഭാഷയിലെ കൈയ്യടക്കവും കൊണ്ട് മികച്ച കവിതയെന്ന് വിലയിരുത്തപ്പെട്ട ഈ കവിത വായിക്കുന്പോൾ തന്നെ അറിയാതെ നാമോരോരുത്തരും നമ്മുടെ പോയ കാലത്തിലെ വായനാ സൗരഭ്യം തഴുകിയെത്തുന്ന ഒരോർമ്മക്കാറ്റായി നാട്ടിലെ പഴയ പുസ്തകശാലകളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വരും.

ആശാനും വള്ളത്തോളും, ചങ്ങന്പുഴയും കേശവദേവുമൊക്കെ ചില്ലലമാരകൾക്കുള്ളിൽ പ്രസാദവദനരായി തുളുന്പി നിൽക്കുന്പോൾ വായനമുറിയിലെ കാലിളകുന്ന മര ബെഞ്ചിലിരുന്ന് സാഹിത്യ ചർച്ചകൾ നടത്തിയിരുന്ന വായനക്കാരുടെ ചിത്രം അക്കാലത്ത് ഏതൊരു പുസ്തകശാലകളുടെയും മുഖമുദ്രയായിരുന്നു. എന്നും സായാഹ്നങ്ങളിൽ ഇത്തരം പുസ്തകശാലകളിൽ അക്ഷരവിളക്കു  കൊളുത്താനെന്ന പോലെ യുവ വായനക്കാരുടെ നിര പ്രത്യക്ഷപ്പെടുന്നത് വായനയുടെ വസന്തകാലത്തിന് തെളിവാണ്. അവിടെ ചങ്ങന്പുഴയും, ആശാനുമെല്ലാം ചില്ലലമാരകളിൽ നിന്നുമിറങ്ങി വന്ന് അവർക്കൊപ്പം അക്ഷരസദസ്സിൽ നിറഞ്ഞു നിൽക്കും. വായിക്കുകയും വായിച്ച കൃതികളെ അഗാധചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്ന അന്നത്തെ ശൈലി കൊണ്ട് പൊതുവിൽ ഏതൊരു വായനക്കാരനും ഇത്തരം അക്ഷര സദസ്സുകളിൽ നിറസാന്നിധ്യമാകാൻ കഴിയാറുമുണ്ട്. ഒരുപക്ഷേ, എഴുത്തുകാരെക്കാൾ മികച്ച വായനക്കാരുടെ കാലമെന്ന വിശേഷണത്തിന് പഴയ കാലത്തെ സൂചകമാക്കുന്നത് അന്നത്തെ പുസ്തകശാലകൾ പിന്തുടർന്നു വന്ന മാതൃകാ രീതികൾ കൊണ്ടു തന്നെയാവണം. ഗ്രാമ പാതയോരങ്ങളിൽ മാത്രമല്ല പുഴക്കരയിൽ പോലും അത്തരം പുസ്തകശാലകൾ തലയുയർത്തി നിന്നതായി പറയുന്പോൾ ഒഴിവുവേളകളിൽ പോലും വായനയെ നെഞ്ചോടു ചേർത്ത ഒരു പഴയ സമൂഹം നമുക്കു മുന്നിലൂടെ കടന്നു പോയിരുന്നതായി മനസ്സിലാക്കാം. പണ്ടുകാലത്ത് ഗ്രാമത്തിന്റെ ഐശ്വര്യ പ്രതീകങ്ങളായി ആരാധനാലയങ്ങൾക്കൊപ്പം പുസ്തകശാലകളും ഇടം പിടിച്ചത് അന്നത്തെ വായനയുടെ സ്വാധീനം സാധാരണ ജനങ്ങളിൽ എത്ര മാത്രം ഒട്ടിച്ചേർന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ്. പഴയകാലം യുവാക്കൾക്ക് ‘രമണ’നും, ‘ലീല’യുമൊക്കെ ഹൃദിസ്ഥമാക്കാൻ കഴിഞ്ഞത് വായനയിലെ താൽപ്പര്യം വെളിവാക്കുന്നു.

പണ്ട് കാലത്ത് വായനക്കാർ പുസ്തകങ്ങളെ അടച്ചിട്ട ചില്ലലമാരകൾക്കുള്ളിൽ ഒരിക്കലും വെറുതെയിരിക്കാൻ അനുവദിച്ചില്ല. പുസ്തകശാലയിലെ കാലിളകുന്ന ബെഞ്ചിലിരുന്ന് നാലും കൂട്ടിമുറുക്കി, ഒന്നും രണ്ടും പറഞ്ഞ് എപ്പോഴും പുസ്തകങ്ങളെ വായനക്കാർ ഉണർത്തിക്കൊണ്ടിരുന്നുവെന്ന് കവിതയിൽ പറയുന്നുണ്ട്.

രാവേറെ വൈകി കരിയിലകൾ കിരുകിരുന്ന് പുലർകാറ്റുണരുന്നിടം വരെ അക്ഷരങ്ങൾ വായനക്കാരനോട് മുട്ടിയുരുമ്മി നടക്കുകയാണത്രേ... ആറ്റിറന്പിലെ ചേച്ചിയുടെ വളർത്തു പൂച്ചയെ പോലെ! 

ഇത് കവി വരച്ചുകാട്ടുന്നത് കവിതയിൽ മാത്രം ഒതുക്കി നിർത്തിയിട്ടല്ല. പുതു തലമുറയിലെയും പഴയ കാലത്തെയും വായനയിലും വായനക്കാരന്റെ താൽപ്പര്യത്തിലും വന്ന മാറ്റത്തിന്റെ കാതലായ അടയാളങ്ങൾ നമുക്ക് മുന്നിൽ തുറന്നു കാട്ടിയതുമാണ്‌.

ക്രമേണ പഴയ കാലത്തു നിന്നും കവിത വർത്തമാന യാഥാർത്ഥ്യത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ശ്രദ്ധേയമാണ്.

ഇന്ന്, വഴി നടന്നിട്ടും നടന്നിട്ടും പുഴയിൽ വീഴുന്നില്ലെന്നും പുഴയൊഴുകി പുഴപാടും കടന്ന് വഴി തളർന്നു പോയെന്നും കവി വിലപിക്കുന്നു. ഒപ്പം കവിത മൂത്ത കള്ളു കാലവും മുഷ്ടിചുരുട്ടി നെഞ്ചുവിരിച്ച് നടന്ന മുദ്രാവാക്യങ്ങളുമെല്ലാം വഴിക്കൊപ്പം പുഴ കടന്ന് തളർന്നു പോയതും, പുഴ കടത്തിയ പൂച്ച മാത്രം വഴിമറക്കാതെ പുഴ നനയാതെ മടങ്ങി വന്ന് കൂറു കാട്ടിയതും പോലുള്ള ശ്രദ്ധേയ ബിംബങ്ങൾ കവിതയുടെ ആന്തരിക കോശങ്ങളെ ബലപ്പെടുത്തുന്നുവെന്ന് മാത്രമല്ല ആധുനിക വായനയും, സ്വീകാര്യതയും, കൃതികൾ കൈക്കൊള്ളുന്ന നിലപാടുകൾക്കുമൊക്കെ മീതെയുള്ള വിലപ്പെട്ട നിരീക്ഷണവും പ്രതിഷേധവുമാണ് എന്നതിൽ സംശയമില്ല.

ഒരു കാലഘട്ടത്തിന്റെ പ്രതീകമായി നിലകൊണ്ട പഴയ പുസ്തകശാലകളുടെ ഇന്നത്തെ ശോചനീയാവസ്ഥ കവി വരച്ചുകാട്ടുന്നതാകട്ടെ അങ്ങേയറ്റം ഖേദത്തോടെ മാത്രമേ ഓരോ വായനക്കാരനും ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.

കവിതയിൽ ഇങ്ങനെ പറയുന്നു:

‘കാഴ്ചത്തെറ്റുപോലെ

കണ്ണേറുകൊണ്ട

ഒറ്റമുറി പുസ്തകശാല

താഴ് വീണ്, ഇരുളുപുരണ്ടു കിടന്നു.

വഴി വിഴുങ്ങിയ കാട്ടുവള്ളികൾ

ഒറ്റമുറിക്കു നേരെ

വാ പിളർന്നു കിടന്നു !’

അതെ, ഒരു ഓർമ്മ തെറ്റെന്ന പോലെ ഇപ്പോഴും എവിടെയൊക്കെയോ അവശേഷിച്ച് കിടപ്പുണ്ട് ഒറ്റപ്പെട്ട ഇത്തരം പുസ്തകശാലാസ്മാരകങ്ങൾ!

കാട്ടുവള്ളികൾ പന്തലിച്ച്, ഇഴജീവികൾ ഇണചേർന്ന്, തെരുവുപട്ടികൾ ഓരിയിട്ട് അവയുടെ വിഹാരകേന്ദ്രങ്ങായി മാറ്റിക്കൊണ്ട്.

എങ്കിലും നമുക്ക് തിരിച്ചുപിടിക്കാവുന്നതേയുള്ളൂ ഇത്തരം അക്ഷര കോവിലുകളെ... നല്ല വായനയിലൂടെയും വായനക്കാരന്റെ മനസ്സറിഞ്ഞ എഴുത്തിലൂടെയും ! അല്ലെങ്കിൽ വരും തലമുറയോട് നഷ്ടബോധത്തിന്റെ ചുമട് താങ്ങി നാം പറയേണ്ടി വരും ഇവിടം,’ പണ്ടു പണ്ടൊരു പുസ്തകശാല’ തല ഉയർത്തി നിന്നിരുന്നു..!

 

You might also like

Most Viewed