നാ­ട്ടി­ലെ­ ഓരോ­ വീ­ടും ഓരോ­ വി­ദ്യാ­ലയമാണ്


കെ.മധു

ങ്കേതിക വികാസത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ജീവിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. ജീവിത നിലവാരത്തെ മാത്രമല്ല മനുഷ്യന്റെ വൈജ്ഞാനിക മാനസിക നിലവാരത്തിലും അതുവഴി കാഴ്ചപ്പാടുകളിലും ഇതു ചെലുത്തുന്ന സ്വാധീനവും മാറ്റവും വിവരണാതീതമാണ്. മാറ്റങ്ങളുടെ പരിണിതഫലം അനുകൂലമോ ്രപതികൂലമോെയന്നത് കാലത്തിന്റെ കണക്കുപുസ്തകങ്ങളിലൂടെ തെളിയിക്കപ്പടേണ്ടതാണെങ്കിലും ഒരു വീണ്ടുവിചാരം എപ്പോഴും ഗുണകരമായിരിക്കും. 

ഏതൊരു പ്രക്രിയയുടേയും അനന്തരഫലങ്ങൾ ഗുണദോഷ സമ്മിശ്രമായിരിക്കുമെന്നത് ഒരു പ്രാപഞ്ചിക സത്യമാണ്. ദോഷങ്ങൾ മറികടക്കാൻ ബുദ്ധിയും അനുഭവപരിചയവും മനോധർമ്മവും ഉപയോഗിച്ച് പരിഹാരം തേടുകയാണ് വേണ്ടത്. അല്ലാതെ മാറ്റങ്ങൾക്കു മുന്പിൽ പകച്ചു നിന്നാൽ അതു സാമൂഹിക വികാസത്തെ പുറകോട്ടു വലിക്കുകയും അത്തരം ജനത പാർശ്വവത്കരിക്കപ്പെടുകയും ചെയ്യും.

സാങ്കേതികതയുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ അതേറെ പ്രയോജനപ്പെടുത്തുന്നവരാണ് കേരളീയർ. പുതുമകളെ ആവാഹിക്കാനുള്ള ഒരു പ്രത്യേക പ്രാവീണ്യം തന്നെയുണ്ട് മലയാളിക്ക്. മലയാളികൾ വിശ്വപൗരന്മാരായി മാറുന്നതിൽ പുതുമയെ സ്വീകരിക്കുന്നതിലുള്ള ഈ പ്രാവീണ്യം വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതേസമയം സാങ്കേതികതയുടെ പ്രത്യാഘാതങ്ങളാൽ ആടിയുലഞ്ഞ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും കാരണം കേരളീയ സമൂഹത്തിൽ പുതിയൊരു പ്രതിസന്ധിയും പിരിമുറുക്കവും രൂപപ്പെട്ടിട്ടുണ്ടെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയാതിരുന്നുകൂടാ. പരസ്പര വിശ്വാസമില്ലാത്ത കുടുംബ ബന്ധങ്ങൾ പുതിയതെല്ലാം അപകടമെന്നു വിശ്വസിക്കുന്ന രക്ഷിതാക്കളും പഴയതെല്ലാം പോക്കാണെന്നു വിശ്വസിക്കുന്ന കുട്ടികളും മൂല്യങ്ങളിലും സാമൂഹികതയിലും വിശ്വാസമില്ലാത്ത യുവത്വം ഇതെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ഉത്കണ്ഠകളും വ്യാകുലതകളും കേരളീയ സമൂഹത്തിൽ ചില അസ്വസ്ഥതകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അനുരഞ്ജനങ്ങളാണ് വ്യത്യസ്ത രീതിയിൽ വ്യത്യസ്ത മേഖലകളിൽ ഇന്നു നാം കണ്ടുവരുന്ന അനാശാസ്യപ്രവണതകൾ. മനസ്സിലാകലിന്റെയും മനസ്സിലാക്കലിന്റേയും അഭാവമാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.

തലമുറകളുടെ അന്തരം

തലമുറകൾ തമ്മിലുള്ള അന്തരം മനുഷ്യരുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കാതിരിക്കില്ല, എന്നാൽ ഇതൊരു പുതിയ പ്രതിഭാസമല്ല. എല്ലാകാലത്തും ഇതുണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. മാറിയ ലോകസാഹചര്യങ്ങൾ ഓരോ വ്യക്തിയിലും വരുത്തിയിട്ടുള്ള രുപഭാവ പരിണാമങ്ങൾ നമ്മുടെ സങ്കല്പത്തിനുമപ്പുറമാണ്. കേരളത്തിൽ ഇന്ന് സാമൂഹികതയെന്നത് ഇടമില്ലാത്ത ഒരു സങ്കൽപ്പമായി മാറിയിരിക്കുന്നു. ഇവിടെ ഓരോരുത്തരും അവനവനിലേയ്ക്ക് ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് പുതുതലമുറ. മുന്പ് തലമുറകൾ തമ്മിലുള്ള അന്തരം ഒരു സാമൂഹിക പ്രശ്നമായി മാറാതിരുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അന്ന് കലാസമിതികൾ, രാഷ്ട്രീയ-സാമൂഹിക-സംഘടനകൾ തുടങ്ങിയ നിരവധി പൊതു ഇടങ്ങളുണ്ടായിരുന്നു. ഇവയിലെല്ലാം വ്യത്യസ്ത പ്രായക്കാർ സമ്മേളിക്കുന്നതു കൊണ്ട് അതത് കാലത്തെ ചിന്തകളും പ്രവണതകളും ഓരോരുത്തരും അറിയാതെ തന്നെ പരസ്പരം ൈകമാറിക്കൊണ്ടിരുന്നു. എന്നാലിന്ന് സ്ഥിതി മാറി. ഒരു കാലത്ത് സാങ്കേതിക വികാസത്തിന്റെ ഔന്നിത്യമായ ടി.വി പോലും ഇന്ന് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. ഇന്റർനെറ്റിന്റെ അപരിമിതമായ ലോകത്ത് അഭിരമിക്കുകയാണ് യുവതലമുറയിൽ ഭൂരിഭാഗവും. കവലകളിലെ ഒഴിഞ്ഞ കോണിൽ ഇരിക്കുന്ന യുവസംഘം പോലും പരസ്പരം സംസാരിക്കുന്നതിനേക്കാൾ മൊബൈൽ ഫോണിലെ കുഞ്ഞു സ്ക്രീനിലേയ്ക്ക് തലതാഴ്ത്തിയിരിക്കുന്ന ചിത്രം കേരളത്തിന്റെ പൊതു ചിത്രമായിരിക്കുന്നു. തന്റെ ചുറ്റുവട്ടത്തുള്ള  സ്നേഹവാത്സല്യമോ സൗഹൃദമോ കാണാനോ ഉൾക്കൊളളാനോ ശ്രമിക്കാതെ ഒരിക്കൽപ്പോലും കാണാനോ ലഭിക്കാനോ ഇടയില്ലാത്ത സ്നേഹ സൗഹൃദങ്ങൾക്കുവേണ്ടി ‘ചാറ്റി’ക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ പുതുതലമുറ. എതിരെ വരുന്ന ഒരാളോട് പ്രത്യേകിച്ച് ചെറുപ്പക്കാരോട് വഴി ചോദിച്ചാൽ പോലും മറുപടി പ്രതീക്ഷിക്കേണ്ടാത്ത അവസ്ഥയാണിത്. മനഃപൂർവ്വമല്ല, നിങ്ങളുടെ ചോദ്യം ചാറ്റിംഗിനിടയിൽ അയാൾ കേൾക്കാഞ്ഞിട്ടാണ്.

രക്ഷിതാക്കളുടെ ഇടപെടൽ

“നാട്ടിലെ ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കൾ അദ്ധ്യാപകരും.” ഗാന്ധിജിയുടെ ഈ വാക്കുകൾ ഓരോ രക്ഷിതാവും മനഃപാഠമാക്കി ഉരുവിട്ടു കൊണ്ടിരിക്കണം. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയതോടെ കേരളീയ കുടുംബ പശ്ചാത്തലത്തിൽ വന്ന മാറ്റം അതിവിപുലമാണ്. നിരവധി അനുകൂലമായ വസ്തുതകൾ ഈ മാറ്റത്തിലൂടെ സംഭവിച്ചെങ്കിലും പ്രതികൂലമായ ചില ഘടകങ്ങളും ഉരുത്തിരിഞ്ഞു. തനിക്കു ലഭിക്കാതിരുന്ന സൗകര്യങ്ങൾ തന്റെ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കാൻ അതെങ്ങനെ ഒരുക്കിക്കൊടുക്കുന്നുവെന്ന് അവരെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു. മാത്രമല്ല തന്റെ കഷ്ടപ്പാടുകളൊന്നും കുട്ടികളറിയരുതെന്ന രക്ഷിതാവിന്റെ നിർബ്ബന്ധം വലിയൊരളവോളം അലസതയാണ് കുട്ടികളിൽ സൃഷ്ടിച്ചത്. തന്റെയും തന്റെ കുടുബത്തിന്റെയും സ്വത്വമോ സംസ്കാരമോ കുട്ടികളിലേക്ക് പകരുന്നതിൽ രക്ഷിതാക്കൾ ദയനീയമായി പരാജയപ്പെട്ടപ്പോൾ കുട്ടികളിൽ തങ്ങൾ നേരിട്ട് സ്വർഗ്ഗത്തിൽ നിന്നു വന്നവരാണെന്ന പ്രതീതിയാണുളവായത്. അവരെ സംബന്ധിച്ചിടത്തോളം രക്ഷിതാക്കൾ ആവശ്യങ്ങൾ നിവൃത്തിച്ചു കൊടുക്കാൻ ബാധ്യതപ്പെട്ട കേവലം ‘Service Provider’ മാത്രമായി മാറി.  സ്നേഹവാത്സല്യങ്ങളോടൊപ്പം ശാസനയും കുട്ടികളുടെ വ്യക്തിത്വരൂപവത്കരണത്തിന് അനിവാര്യമാണെന്ന ബോധം സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാലാകാം രക്ഷിതാക്കൾ വിസ്മരിച്ചു. ശാസിച്ചാൽ കുട്ടികൾ ആത്മഹത്യ ചെയ്യുകയോ നാടു വിടുകയോ ചെയ്യുമെന്നും പൊട്ടയായി മാറിയാലും വേണ്ടില്ല ഞാൻ മരണം വരെ അവനെ കണ്ടിരിക്കാമല്ലോ എന്ന ലളിതവും അതിവൈകാരികവുമായ സമീപനത്തിലേയ്ക്ക് രക്ഷിതാക്കൾ‍ എത്തപ്പെട്ടു. ഇത്തരം ഭീഷണികൾ മുഴക്കി രക്ഷിതാക്കളെ സമ്മർദ്ദത്തിലാക്കുന്ന കുട്ടികളുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. കുട്ടിക്കാലം മുതൽ ശരിയും തെറ്റും നല്ലതും ചീത്തയും വേർതിരിച്ചറിയാൻ കുട്ടികളെ പര്യാപ്തമാക്കാത്തതു കൊണ്ടു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രശസ്ത റഷ്യൻ കവി യെവ് തുഷെങ്കോയുടെ വരികൾ നമുക്കോർക്കാം. 

“കുട്ടികളോടു നുണ പറയുന്നത് െതറ്റാണ്. നുണകൾ നേരാണെന്ന് അവർക്ക് തെളിയിച്ചു കൊടുക്കുന്നതു തെറ്റാണ്. കുട്ടികൾ ജനങ്ങളാണ്. പ്രയാസങ്ങൾക്ക് അറ്റമില്ലെന്ന് അവരോടു പറയുക. തിരിച്ചറിയുന്ന ഒരു തെറ്റിനും മാപ്പു നൽകാതിരിക്കുക. അല്ലെങ്കിൽ പിന്നെയും അതാവർത്തിക്കും പെരുകും.”

ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ഏറെ നിർണായകമായ പങ്കാണ് വിദ്യാഭ്യാസത്തിനുള്ളത്. പലപ്പോഴും രക്ഷിതാക്കളേക്കാൾ കുട്ടികളിൽ സ്വാധീനം ചെലുത്താൻ അദ്ധ്യാപകർക്കു കഴിയും. വൈയക്തിക ഗുണങ്ങളായ സ്നേഹം, വാത്സല്യം, കരുണ, മുതലായ സാമൂഹികബോധവും ഒരു കുട്ടിയിൽ സന്നിവേശിപ്പിക്കാൻ അദ്ധ്യാപകനോളം ബാധ്യത മറ്റാർക്കുമില്ല. ബാല്യകൗമാരങ്ങളിലെ ആശങ്കകളും ഉത്കണ്ഠകളും ജിജ്ഞാസയും ഒരു ‘കൗൺസിലറേ’ക്കാൾ നന്നായി കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്കാവും. എന്നാൽ നിർഭാഗ്യവശാൽ അത്തരം അദ്ധ്യാപകരുടെ എണ്ണം കേരളത്തിൽ കുറഞ്ഞുവരികയാണ്. കേവലം ഒരുജോലി എന്നതിൽക്കവിഞ്ഞുള്ള പ്രതിബദ്ധത നമ്മുടെ അദ്ധ്യാപകർക്ക് എവിടെയോ നഷ്ടപ്പെട്ടു. ധാർമ്മിക ബോധം പകരാനാകാത്ത ഒരു വിദ്യാഭ്യാസ സന്പ്രദായത്തിന് ഒരിക്കലും നല്ല പൗരന്മാരെ സൃഷ്ടിക്കാൻ കഴിയില്ല. പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും പ്രതിഭാധനരും പ്രതിബദ്ധരുമായ അദ്ധ്യാപകർക്ക് വേണമെങ്കിൽ വ്യവസ്ഥിതിയുടെ പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാർത്ഥികളെ മനുഷ്യരാക്കി മാറ്റാൻ കഴിയും.

മനുഷ്യരെ സൃഷ്ടിക്കാനുതകുന്ന ഒരു വിദ്യാഭ്യാസത്തിനു മാത്രമേ നല്ല വ്യക്തികളെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. ഒരു നല്ല സമൂഹത്തിന്റെ അടിത്തറയ്ക്കാധാരവും ഇതു തന്നെ. മറ്റു പലകാര്യങ്ങൾക്കും ഊർജ്ജം ചെലവഴിക്കുന്ന മലയാളി നല്ല വ്യക്തികളെ വാർത്തെടുക്കാനാവശ്യമായ വിദ്യാഭ്യാസ രീതിക്കായി ഇനിയും ശബ്ദമുയർത്തിയില്ലെങ്കിൽ പ്രബുദ്ധ കേരളം അരാജകത്വവും അസഹിഷ്ണുതയും നിറഞ്ഞ കേവലം ഒരു ഭൂപ്രദേശം മാത്രമായി മാറും. “നമുക്ക് നമ്മുടെ ഹൃദയം കൊടുക്കാം. പക്ഷേ അത് മറ്റുള്ളവരുടെ കൈകളിലാവരുത്. കാരണം പ്രാണന്റെ കൈകൾക്കു മാത്രമേ നമ്മുടെ ഹൃദയങ്ങളെ ഉൾക്കൊള്ളുവാൻ കഴിയുകയുള്ളൂ.” വിശ്വകവി ഖലീൽ ജിബ്രാന്റെ വാക്കുകൾ പുതിയ തലമുറയെക്കുറിച്ച് പ്രതീക്ഷയർപ്പിക്കുന്നവർക്കുള്ള താക്കീതാണ്.

You might also like

Most Viewed