അസ്വസ്ഥതകളു­ടെ­ തു­ടർ­ച്ച


വി.ആർ. സത്യദേവ് 

തിയവർഷത്തിന്റെ തുടക്ക നാളിൽ ലോകവിശേഷങ്ങൾ അവലോകനം ചെയ്യുന്പോൾ പ്രധാന വാർത്ത തുർക്കിയിൽ നിന്നുള്ള കൂട്ടക്കുരുതിയായിരുന്നു. പുതുവർഷാഘോഷങ്ങൾക്കിടെ നടന്ന തീവ്രവാദിയാക്രമണം. പുതിയ വർഷത്തിന് ഒരു വാരം പ്രായമാകുന്പോഴേയ്ക്കും അക്രമങ്ങളുടെയും ചോരച്ചൊരിച്ചിലിന്റെയും പട്ടികയിൽ കൂടുതൽ സംഭവങ്ങൾ എഴുതിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലും അസ്വസ്ഥതകളുടെ മണ്ണായി മാറിയിരിക്കുന്ന പശ്ചിമേഷ്യയിലും നിന്നുള്ള വാർത്തകൾ ഇതിൽപ്പെടുന്നു. ഇവയിൽ സിറിയയിൽ നിന്നുള്ള കൂട്ടക്കുരുതികളാണ് എണ്ണം കൊണ്ടു മുന്നിൽ നിൽക്കുന്നത്.

ഡിസംബർ 30 തൊട്ടിങ്ങോട്ട് റഷ്യയും സിറിയയും സംയുക്തമായി പ്രഖ്യാപിച്ച വെടിനിർത്തൽ സിറിയയിൽ നിലവിലുണ്ട്. ഇതിനിടെയാണ് അക്രമം വീണ്ടും അരങ്ങേറിയിരിക്കുന്നത്. വടക്കൻ മേഖലയായ അസാസിലാണ് ഇത്തവണ കൂട്ടക്കുരുതി നടന്നത്. തിരക്കേറിയ കച്ചവടമേഖലയിലേയ്ക്ക് ഇന്നലെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. കാർബോംബു സ്ഫോടനത്തിൽ അന്പതോളമാൾക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിയാൾക്കാർക്കു പരിക്കേറ്റു. 

വിമത നിയന്ത്രണത്തിലുള്ള പ്രദേശമാണ് അസാസ്. ഫ്രീ സിറിയൻ ആർമി പോരാളികളാണ് ഇവിടെ ഭരണം നടത്തുന്നത്. സുരക്ഷാ കാര്യത്തിൽ ഇവർ വരുത്തിയ വീഴ്ചയാണ് സ്ഫോടനത്തിനു കാരണമെന്ന് സ്ഥലവാസികൾ ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ നേരത്തെയും സമാനമായ നിരവധി അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും നടത്തിയത് ഐ.എസ്സായിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ഇത്തവണത്തെ സ്ഫോടനത്തിനു പിന്നിലും ഐ.എസ് തന്നെ ആയിരിക്കാനാണ് സാദ്ധ്യത എന്നു വിലയിരുത്തപ്പെടുന്നു. വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന റഷ്യ, സിറിയ പക്ഷത്തിന്റെ താൽപ്പര്യങ്ങൾക്ക് വാസ്തവത്തിൽ വിഘാതം വരുത്തുന്നതല്ല ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണം. ഫലത്തിൽ അവരുടെ ശത്രുക്കളെ കൂടുതൽ ദുർബ്ബലരാക്കുന്നതുമാണ്. അധികാരമാറ്റമടക്കമുള്ള കാര്യങ്ങളിലാണ് അമേരിക്ക ഇപ്പോൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രശ്നത്തിലെ പ്രധാന കക്ഷികളിലൊന്നായ അമേരിക്ക ഇക്കാര്യത്തിലെ തങ്ങളുടെ നിലപാട് വെളിവാക്കിയിട്ടുമില്ല.

ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതോടേ സിറിയൻ പ്രശ്നത്തിലും റഷ്യയുമായുള്ള ബന്ധത്തിലും അമേരിക്കൻ നിലപാടുകൾ ഇപ്പോഴത്തേതിനു കടക വിരുദ്ധമാകാനുള്ള സാദ്ധ്യത വളരെ ശക്തമാണ്. അതിന് ഇനി 12 നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്.

സിറിയയുടെയും ഐഎസ്സിന്റെയും കാര്യത്തിൽ ഇതുവരെ റഷ്യയും അമേരിക്കയും രണ്ടു തട്ടിലാണ്. അച്ചിക്ക് ഇഞ്ചിപക്ഷം നായർക്കു കൊഞ്ചുപക്ഷം എന്നതാണ് തൽസ്ഥിതി. ഈ വിരോധം ചരിത്രത്തിലാദ്യമായി കഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. അതിന്റെ അലയൊലികൾ ആ രാജ്യത്തു തുടരുകയുമാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റഷ്യയും പ്രസിഡണ്ട് വ്ളാദീമിർ പുചിനും വഴിവിട്ട് ഇടപെട്ടു എന്ന ആരോപണം തെരഞ്ഞെടുപ്പു വേളയിൽ തന്നെ അതി ശക്തമായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി റോഥാം ക്ലിൻ്റണുമായി ബന്ധപ്പെട്ട ഇ മെയിൽ വിവാദങ്ങൾക്കു പിന്നിൽ റഷ്യയുടെയും പുചിന്റെയും കൈകളുണ്ടെന്ന ആരോപണം ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെടുപ്പു കമ്മറ്റിയും ആവർത്തിച്ചുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച വിവാദമാണ് ഇപ്പോൾ അമേരിക്കയിൽ അതിശക്തമായി തുടരുന്നത്.

പ്രസിഡണ്ട് ബറാക് ഒബാമതന്നെ ഈ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് 35 റഷ്യൻ നയതന്ത്ര പ്രതിനിധികളെ രാജ്യത്തു നിന്നും പുറത്താക്കാനും അമേരിക്കൻ ഭരണകൂടം തീരുമാനിച്ചിരുന്നു. സാധാരണഗതിയിൽ അന്താരാഷ്ട്ര രംഗത്ത് വളരെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കൻ മതിയായ സംഭവങ്ങളാണ് ഇത്. എന്നാൽ റഷ്യ ഈ തീരുമാനത്തെ
പാടെ അവഗണിക്കുകയാണ് ചെയ്തത്. സംഭവത്തിൽ പ്രകോപിതരാകില്ലെന്ന് റഷ്യയും റഷ്യ വിവേകപൂർണ്ണമായേ പ്രതികരിക്കൂവെന്ന് നിയുക്ത പ്രസിഡണ്ടും വ്യക്തമാക്കി. ഇതോടെ ഒബാമ ഭരണകൂടത്തിന്റെ നടപടി ഫലത്തിൽ നനഞ്ഞു ചീറ്റിയ പടക്കമായി.

ഇതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് അമേരിക്കൻ രഹസ്യാന്വേഷണ സംഘടന നിയുക്ത പ്രസിഡണ്ടിനു തന്നെ സമർപ്പിച്ചത്. റിപ്പോർട്ടു വാങ്ങിവെച്ച് സുരക്ഷാ വിഭാഗങ്ങളെ വാനോളം പ്രശംസിച്ച് യാത്രയാക്കിയ ട്രംപ് തുടർന്ന് ട്വിറ്ററി‌ൽ കുറിച്ചിട്ടതെല്ലാം ഒബാമ പക്ഷത്തെ നാണം കെടുത്തുന്ന കുറിപ്പുകളായിരുന്നു. തോറ്റന്പിയ ഡെമോക്രാറ്റുകൾ നാണം മറയ്ക്കാനാണ് റഷ്യൻ ഇടപെടലെന്ന ആരോപണവുമായി രംഗത്തെത്തിയത് എന്നതാണ് ആ ട്വീറ്റുകളുടെ സാരം. റഷ്യക്ക് ട്രംപിനോട് വഴിവിട്ട താൽപ്പര്യമുണ്ടായിരുന്നു, ഹിലരിയുടെ വിജയ സാദ്ധ്യത ഇല്ലാതാക്കാൻ അവരുടെയും ഡെമോക്രാറ്റിക് പക്ഷ നേതാക്കന്മാരുടെയും ഈ മെയിലുകൾ ചോർത്തി, വിക്കി ലീക്സ്, ഡി.സി ലീക്സ്ഗൂച്ചീ ഫോർ തുടങ്ങിയവയെയും അവർ ഹാക്കു ചെയ്തു നേടിയ വിവരങ്ങളും ഉപയോഗിച്ചു, തുടങ്ങിയ കാര്യങ്ങളാണ് ട്രംപിനു നൽകിയ റിപ്പോർട്ടിലുള്ളത്. ഹിലാരിക്കെതിരെ നവമാധ്യമങ്ങളും അവയിലെ ട്രോളുകളും വിദഗ്ദ്ധമായി ഉപയോഗിച്ചെന്നും അത് ട്രംപിന്റെ വിജയം ഉറപ്പാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾക്കൊക്കെ റഷ്യയുടെ ഖജനാവിൽ നിന്നുമാണ് പണം മുടക്കിയതെന്ന അതീവ ഗുരുതരമായ ആരോപണവും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ പ്രസിഡണ്ട് പുചിന്റെ പങ്കാളിത്തം തെളിയിക്കാൻ മതിയായ കാര്യങ്ങളൊന്നും റിപ്പോർട്ടിലില്ല. ഇത് ട്രംപിന്റെ കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

അണയാൻ പോകുന്ന തീയുടെ ആളിക്കത്തൽ മാത്രമാണ് ഫലത്തിൽ ഒബാമ ഭരണകൂടത്തിന്റെ നടപടികൾ. വൈര നിര്യാതന ബുദ്ധിയോടെയുള്ള നടപടികളായി മാത്രമേ ഇതൊക്കെ വിലയിരുത്തപ്പെടുകയുള്ളൂ. തങ്ങൾക്കേറ്റ വലിയ തോൽവി ഇതുവരെ മനസ്സുകൊണ്ട് അംഗീകരിക്കാൻ ഡെമോക്രാറ്റിക് പക്ഷം തയ്യാറായിട്ടില്ല. പ്രസിഡണ്ടു പദവിയേൽക്കുന്നതിൽ നിന്നും അവസാന നിമിഷമെങ്കിലും ട്രംപിനെ തടയാമെന്ന് അവരിപ്പോഴും പകൽക്കിനാവു കാണുന്നു എന്നാണ് ഇത്തരം നിഷ്ഫലമായ നടപടികൾ നൽകുന്ന സൂചന. രാജ്യം മറ്റൊരു പ്രസിഡണ്ടിനെ തെരഞ്ഞെടുത്താൽ പിന്നെ നിർണ്ണായക തീരുമാനങ്ങളെടുക്കാതിരിക്കുക എന്നതാണ് കാലാവധി പൂർത്തിയാക്കുന്ന ഭരണാധികാരികൾ കൈക്കൊള്ളേണ്ട നിലപാട്. എട്ടുവർഷത്തെ അധികാര പർവ്വത്തിനൊടുവിൽ ഒബാമ ഇതു മറക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ ശോഭകെടുത്തുന്നതു തന്നെയാണ് ഈ സമീപനമെന്ന് വിലയിരുത്തപ്പെടുന്നു.

ഒബാമപക്ഷം ഇത്തരം നടപടികൾ തുടരുന്പോൾ അമേരിക്ക-റഷ്യ പരസ്പര സൗഹൃദത്തിലൂടെ ലോകത്തെ കൂടുതൽ മെച്ചപ്പെട്ടൊരു ഇടമാക്കി മാറ്റാനാവുമെന്ന നിലപാട് ആവർത്തിക്കുകയാണ് റഷ്യൻ നായകൻ പുചിനും നിയുക്ത പ്രസിഡണ്ട് ട്രംപും. Stupid people oppse good relations with Russia എന്ന് ട്രംപിന്റെ ട്വീറ്റ് ഒബാമപക്ഷത്തിന് നേർക്കുള്ള നേരിട്ടുള്ള താഡനം തന്നെയാണ്. ലോകത്തെ നിരവധി പ്രശ്നങ്ങൾ റഷ്യയുമായി സഹകരിച്ചു പരിഹരിക്കുമെന്ന ട്രംപിന്റെ പ്രസ്താവന കാര്യങ്ങൾ എങ്ങോട്ടാണു പോകുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രമാണ് ഒബാമയ്ക്കും ലോകത്തിനും നൽകുന്നത്.

ഒബാമ ഭരണകൂടത്തിന്റെ നയപരിപാടികളുടെ തിരുശേഷിപ്പുകളൊക്കെ തുടച്ചു നീക്കുന്നതായിരിക്കും തന്റെ സമീപനമെന്നതാണ് ട്രംപിന്റെ നിലപാട്. ഇത് അത്ര എളുപ്പമല്ല. എന്നാൽ കടുത്ത നടപടികളും നിലപാടുകളും തന്നെയായിരിക്കും അദ്ദേഹത്തിന്റേത് എന്ന് നയതന്ത്ര പ്രതിനിധികളുടെ കാലാവധി അവസാനിപ്പിക്കലിൽ വ്യക്തമാകുന്നു. അമേരിക്കയുടെ വിദേശ സ്ഥാനപതിമാരിൽ 30 ശതമാനത്തോളം രാഷ്ട്രീയ നിയമനങ്ങളാണ്. പ്രസിഡണ്ടുമാർ മാറുന്പോൾ അത്തരക്കാരും സ്ഥാനമൊഴിയാറാണ് പതിവ്. പലകാരണങ്ങൾകൊണ്ടും സ്ഥാനമൊഴിയാൻ പലപ്പോഴും അവരിൽ പലർക്കും കൂടുതൽ സമയം അനുവദിക്കാറുണ്ട്. ഇത്തവണ അങ്ങനെയൊരു പ്രത്യേക പരിഗണന കൊടുക്കേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇതുമൂലം ബ്രിട്ടൻ, ജർമ്മനി, കനഡ, ജപ്പാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ എല്ലാമുള്ള അംബാസഡർമാർക്ക് ഉടനടി തിരിച്ചു പോകേണ്ടി വരും. പാക്കിംഗിനായി ഒരാഴ്ചകൂടി ചോദിച്ച ന്യൂസീലാൻഡ് അംബാസിഡറുടെ അപേക്ഷയും പരിഗണിക്കപ്പെട്ടില്ല. 

ഇതിനിടെ റഷ്യക്ക് ഏറെ ഹിതകരമാകാനിടയില്ലാത്ത ഒരു തീരുമാനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതും ശ്രദ്ധേയമായി. ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി ഡാൻ കോട്സിനെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് ഇത്. യുക്രൈൻ പ്രശ്നവേളയിൽ ക്രീമിയയെ രാജ്യത്തോടു കൂട്ടിച്ചേർത്ത റഷ്യൻ നടപടിക്കെതിരെ അതി ശക്തമായ വിമർശനമുന്നയിച്ച വ്യക്തിയാണ് ഡാൻ കോട്സ്.  

അന്താരാഷ്ട്രബന്ധങ്ങൾ അതിവേഗം പുനധ്രുവീകരണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് രാഷ്ട്രീയത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികൾ ഇല്ലാതാക്കുന്നതും ആഗോള സമാധാനത്തിനു ശക്തിപകരുന്ന തരത്തിലുള്ളതും ആവട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.

You might also like

Most Viewed