പ്രവാസി ദിവസ്: കാതോർത്ത് പ്രവാസലോകം
സ്വന്തം ലേഖകൻ
പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന് ബംഗളൂരുവിൽ തുടക്കമായിരിക്കുകയാണല്ലോ. മുന്പ് വർഷാവർഷങ്ങളായി നടന്നുകൊണ്ടിരുന്ന പ്രവാസി ഭാരതീയ ദിവസ് മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് രണ്ട് വർഷങ്ങൾ കൂടുന്പോൾ നടത്താൻ തീരുമാനമായത്.
ഈ ഒരു ചടങ്ങിന് ലോകമെന്പാടുമുള്ള പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാത് കൊടുക്കുക. എന്നാൽ മുൻവർഷങ്ങളിലെ പോലെ സജീവപങ്കാളിത്തം പ്രവാസി സമൂഹത്തിൽനിന്ന് ഈ വർഷം ഉണ്ടായിട്ടില്ല. കൺവൻഷനിൽ ആകെ നാലായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. വിദേശത്തുനിന്ന് 1300 പ്രതിനിധികൾ പങ്കെടുക്കും. ബാക്കി ഇന്ത്യയിൽനിന്നുള്ളവരും.
രണ്ടുവർഷത്തിലൊരിക്കൽ നടത്തണമെന്നു നരേന്ദ്രമോഡി സർക്കാർ തീരുമാനിച്ചതിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ഒന്നിടവിട്ട വർഷങ്ങളിൽ ഡൽഹിയിൽ ചെറിയതോതിൽ പരിപാടി സംഘടിപ്പിക്കാനും സർക്കാർ തീരുമാനമെടുത്തിരുന്നു.
പിബിഡി (പ്രവാസി ഭാരതീയ ദിവസ്) കൺവെൻഷൻ രണ്ടുവർഷത്തിൽ ഒരിക്കലാക്കാനുള്ള തീരുമാനത്തോടു പ്രവാസി സമൂഹം കടുത്ത ഏതിർപ്പാണ് രേഖപ്പെടുത്തിയിരുന്നത്. പ്രവാസിക്ഷേമത്തിനു പ്രത്യേക പരിഗണന നൽകുന്ന മോഡി സർക്കാരിൽനിന്ന് ഇത്തരമൊരു നീക്കമുണ്ടായതും പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയതും ഏവരേയും ആശ്ചര്യപ്പെടുത്തിയിരുന്നു. ലോകമെന്പാടുമുള്ള പ്രവാസികൾക്ക് ഒത്തുചേരാനുള്ള സുപ്രധാന വേദിയാണ് കൺവെൻഷനെന്നും അതു വെട്ടിച്ചുരുക്കാൻ പാടില്ലെന്നുമാണ് ദീർഘനാൾ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വയലാർ രവി പ്രതികരിച്ചത്.
മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേയ്ക്കു മടങ്ങിയെത്തിയ ദിവസമെന്ന നിലയിലാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചു വരുന്നത്. ജനുവരി ഒന്പതിനായിരുന്നു മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേയ്ക്കു മടങ്ങിയെത്തിയത്. ആയതിനാൽ തന്നെ ഈ ചടങ്ങിന് വലിയതോതിൽ പവിത്രത കൽപ്പിക്കപ്പെട്ടിട്ടുണ്ട്.
നോട്ട് അസാധുവാക്കലിനെ തുടർന്ന് പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും അതിലെ വ്യക്തമായ പരിഹാര മാർഗ്ഗങ്ങളും ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിൽ ചർച്ചയാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ യാതൊരു താൽപര്യക്കുറവും ഉണ്ടായിട്ടില്ലെന്ന് ബിജെപി ആവർത്തിച്ച് ഉറപ്പു നൽകുന്നതും അവർക്ക് ആശ്വാസമേകുന്നു. ഇന്ത്യയുടെ വികസനത്തിൽ പ്രവാസികൾക്ക് ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന തരത്തിലാണ് മിക്കപ്പോഴും പ്രധാനമന്ത്രിയുടെ വിദേശ പരിപാടികൾ സംഘടിപ്പിക്കുന്നത്.
നവീകരിച്ച കൺവൻഷനുകൾ പഴയ കൺവൻഷനുകളേക്കാൾ ഫലപ്രദമാകുമോ എന്നതിന്റെ പരീക്ഷണശാലയാണ് ബംഗളൂരു സമ്മേളനം. പ്രത്യേകം ക്ഷണിക്കപ്പെട്ട 150 പ്രതിനിധികളുമായി മാത്രം സംവാദം നിജപ്പെടുത്താനുള്ള പുതിയ സംവിധാനം പ്രവാസി സമൂഹവുമായുള്ള ഇന്ത്യയുടെ ആശയവിനിമയത്തിൽ ക്രിയാത്മകമായ അധ്യായമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പഴയ കൺവൻഷനായാലും പുതിയ പ്രവാസി കോൺഫറൻസ് ആയാലും തുടർ പ്രക്രിയയായിരിക്കണമെന്നാണ് മിക്കവരുടേയും അഭിപ്രായം. പ്രവാസികാര്യമന്ത്രാലയം രൂപീകരിച്ചപ്പോൾ ആരംഭിച്ച തരത്തിലുള്ള ഇടപെടൽ തുടരണമെന്നാണ് ഭൂരിപക്ഷം പ്രവാസി സംഘടനകളും ആഗ്രഹിക്കുന്നത്.
ചടങ്ങിന് തിരിതെളിഞ്ഞ് കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയ നേതാക്കന്മാർക്കും ഉദ്യോഗസ്ഥർക്കും അഭിസംബോധന ചെയ്യാനുള്ള വെറും ശ്രോതാക്കളായി മാത്രം പ്രവാസികളെ പരിഗണിക്കുന്നുവെന്ന് പൊതുവെ പരാതികൾ ഉയരാറുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തങ്ങളോടു സംസാരിക്കുന്നത് അവർക്കിഷ്ടമാണെങ്കിലും ചെറു സെഷനുകളിലും ചർച്ചാ പാനലുകളിലും ആതിഥേയരുടെ അപ്രമാദിത്യമായിരിക്കുമെന്നത് അവരെ അലോസരപ്പെടുത്തും. പ്രവാസി പ്രതിനിധികളുടെ കാഴ്ചപ്പാടുകൾ സ്വീകരിക്കാനുള്ള ദൈർഘ്യം പല സെഷനുകൾക്കും ഉണ്ടാകില്ല.
പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ താൽപര്യങ്ങളിലുള്ള വൈജാത്യവും മറ്റൊരു പ്രശ്‌നമാണ്. ഗൾഫ് നാടുകളിലുള്ള ഇന്ത്യൻ പൗരന്മാർ സർക്കാരിൽനിന്നു കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അവരുടെ ആവശ്യങ്ങളിലും പ്രശ്‌നങ്ങളിലും അമേരിക്കയിലും പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലുമുള്ള സന്പന്നരായ ഇന്ത്യക്കാർക്ക് യാതൊരു താൽപര്യവുമില്ല. വിവിധ ഗ്രൂപ്പുകൾക്കായി പ്രത്യേക സെഷനുകൾ സംഘടിപ്പിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാൻ ശ്രമിക്കണം.
ബംഗളൂരു കൺവെൻഷൻ സാമൂഹിക സംരംഭകരിലാവും കേന്ദ്രീകരിക്കുകയെന്നാണ് സർക്കാർ പ്രഖ്യാപനം. ഇരുപതോളം സാമൂഹിക സംരംഭകരെ ഉയർത്തിക്കാട്ടും. മികച്ച സംരംഭകർക്കായി മത്സരം സംഘടിപ്പിച്ചിട്ടുണ്ടെന്നും വിജയികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും വിദേശകാര്യമന്ത്രാലയത്തിലെ പ്രവാസികാര്യ സെക്രട്ടറി ധ്യാനേശ്വർ മുലെ അറിയിച്ചിരുന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികൾക്ക് സർക്കാരുമായി നേരിട്ടു സംവദിക്കാൻ കഴിയുന്ന തരത്തിൽ പ്ലീനറി ഘടനയിലാവും കൺവെൻഷൻ നടത്തുക.
ഓരോ വർഷവും മികവു പ്രകടിപ്പിക്കുന്ന ഒരു ഡസനിലധികം പേർക്കു നൽകുന്ന പ്രവാസി ഭാരതീയ സമ്മാൻ, പ്രവാസി ഇന്ത്യക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പുരസ്‌കാരമാണ്. അവാർഡ് ജേതാക്കൾ ഇന്ത്യയിലും വിദേശത്തും പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനുകളിൽ പങ്കെടുക്കുകയും സാമൂഹികസേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണമെന്നാണ് നിബന്ധന.
യുവപ്രവാസികൾക്കായി ഒരു ദിവസം സമർപ്പിക്കുന്നുവെന്നതാണ് ബംഗളൂരു കൺവെൻഷന്റെ ഏറ്റവും വലിയ സവിശേഷത. നാടുമായുള്ള തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ യുവപ്രവാസികളെ സഹായിക്കുന്ന നിരവധി പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ കൺവെൻഷനുകളിൽ യുവാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.
അതിദേശീയത ഉൾപ്പെടെ ആഗോളതലത്തിൽ ആപത്കരമായ പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ബംഗളൂരു കൺവൻഷൻ അരങ്ങേറുന്നത് എന്നത് ഈ കൺവെൻഷന് ഏറെ പ്രാധാന്യം നൽകുന്നു. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരമേറുന്നതോടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത പ്രവാസികൾക്ക് വലിയ വെല്ലുവിളിയാകും. മറ്റു പല രാജ്യങ്ങളിലും സമാനമായി വിദേശതൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കി തദ്ദേശീയർക്ക് നിയമനം നൽകാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യൻ തൊഴിൽ ശക്തിക്കു ബദലാകാൻ സ്വദേശികൾക്കു കഴിയാത്തിടത്തോളം ഭീഷണിയില്ലെങ്കിലും കാലക്രമേണ നിരവധി ഇന്ത്യക്കാർക്കു നാട്ടിലേക്കു മടങ്ങേണ്ടിവരും. ഇത്തരം ആശങ്കകളും ഭീതികളും മനസിലാക്കാനും സാങ്കേതിക പരിജ്ഞാനമുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവിനെ നേരിടാൻ പാകത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനും കൺവെൻഷൻ ശ്രമിക്കുമെന്നാണ് പ്രവാസികളുടെ വിശ്വാസം.
പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണവും വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യക്ക് അനുകൂലമായി അവർക്കു നേടിയെടുക്കാൻ കഴിയുന്ന രാഷ്ട്രീയ പിന്തുണയുമാണ് പ്രവാസ സമൂഹത്തെക്കൊണ്ടു രാജ്യത്തിനുള്ള ഏറ്റവും വലിയ നേട്ടം. ഇതിനു പകരമായി അവരുടെ ക്ഷേമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയെന്ന ബാധ്യത നിറവേറ്റുക തന്നെ വേണം. അതിന് ബംഗളൂരുവിൽ പുതുക്കിയ പദ്ധതികളുമായി ആരംഭിച്ച പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ വേദിയാകുമെന്ന് പ്രതീക്ഷയോടെ...