പട്ടിക്കൂടും.. ചങ്ങലക്കൊളുത്തും. മുന്നറിയിപ്പ് നൽകുന്ന ചില പ്രതീകങ്ങൾ..!
മനു കാരയാട്
കുന്പസാര രഹസ്യം പുറത്തുവിട്ടു കൂടാ-.!
പട്ടിക്കൂട്ടിലൊരു കറപിടിച്ച ചങ്ങല
ഒഴിഞ്ഞുകിടപ്പുണ്ട്.
വറ്റുണങ്ങിയവക്കു ചുളുങ്ങിയ
കറുത്തീയം തെളിഞ്ഞൊരു അലൂമിനിയ പാത്രവും.
ചെറുമകൻ അതെടുത്ത് വെക്കുന്നുണ്ട്..!
(തെറ്റ്.... ജോസ് ആന്റണി പി.)
വൃദ്ധരായമാതാപിതാക്കൾ മക്കൾക്ക് അധികഭാരമാകുന്ന കാലത്ത് അവർക്കു നേരെയുള്ള ശക്തമായൊരു മുന്നറിയിപ്പെന്ന നിലയിൽ ഈ കവിത എന്നെ വളരെയധികം ആകർഷിച്ചുവെന്ന് മാത്രമല്ല ഈ പംക്തിയുടെ പ്രിയപ്പെട്ട വായനക്കാർ ഇടക്കിടെ ചോദിക്കുന്ന സംശയത്തിന് ഒരു തിരിച്ചുനൽകൽ കൂടിയാണ് ഇന്നത്തെ അക്ഷരക്കുറി. മികച്ച എഴുത്തുകാരെ കൊണ്ട് സന്പന്നമായതും ഭാവി സാഹിത്യ ലോകത്ത് മികച്ച എഴുത്തുകാരെ വാർത്തെടുക്കുന്നതിലും ഇവിടെയുള്ള മാധ്യമങ്ങളും സംഘടനകളും നൽകുന്ന പ്രോത്സാഹനം മറ്റൊരു പ്രവാസ ഇടങ്ങളിലും കാണാൻ ഒരു പക്ഷേ കഴിഞ്ഞെന്നു വരില്ല. അങ്ങനെയിരിക്കേവല്ലപ്പോഴെങ്കിലും ഇവിടെയുള്ള ഏതെങ്കിലും എഴുത്തുകാരുടെ ചില രചനകൾ ‘അക്ഷരക്കുറി’യിലൂടെ വിലയിരുത്തപ്പെടുന്പോഴേ പംക്തിയുടെ പേര് അന്വർത്ഥമാകുന്നുള്ളൂവെന്ന പ്രിയ സുഹൃദ് വലയങ്ങളുടെ അഭ്യർത്ഥന മാനിച്ചു കൂടിയാണ് കുറുംകവിതകളിലൂടെ ശ്രദ്ധേയനായ ഈ കവിയുടെ ‘തെറ്റ്’ എന്ന കവിത ഈ ലക്കം ഞാൻ തിരഞ്ഞെടുത്തത്.
നമുക്കറിയാം വൃദ്ധമാതാപിതാക്കളെ അടുക്കള ചായ്പ്പിൽ ചങ്ങലക്കിട്ട് സ്വീകരണ മുറിയിൽ അവരുടെ ഫോട്ടോയുടെ മുകളിൽ മാല ചാർത്തി അതിഥി സൽക്കാരം നടത്തുന്ന സാമൂഹ്യ അന്തരീക്ഷത്തിൽ ‘അകാലമരണം’ പുൽകുന്നവർ എത്ര ഭാഗ്യവാൻമാരെന്ന് ഈ കവിത വായിച്ചവർ ഒരു പക്ഷേ അൽപ്പനിമിഷം ചിന്തിച്ചുപോയെങ്കിൽ തെറ്റുപറയാനാകില്ല. വൃദ്ധസദനം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയെന്ന് പറയുന്ന ഈ കാലത്ത് ഇത്തരം വാർത്തകൾ നമുക്ക് അതിശയോക്തിയല്ലാതായിരിക്കുന്നു. അച്ഛനും അമ്മയും, മക്കളും ചെറുമക്കളുമൊക്കെ ഒത്തൊരുമിച്ച് സസന്തോഷം വാണഒരു കാലം നമുക്ക് നഷ്ടമായിട്ട് അധികമായിട്ടില്ല. പുതിയ തലമുറ കാലത്തിന് കുറുകെ സഞ്ചരിക്കുവാനുള്ളപുത്തൻ ശീലങ്ങൾ ഗൃഹപാഠം ചെയ്ത് ഹൃദിസ്ഥമാക്കുകയാണ്. അവർക്ക് തങ്ങളുടെ സകാര്യതയിലേക്കുള്ള തിരിഞ്ഞുനോട്ടത്തിനപ്പുറത്ത് പുറം കാഴ്ചകളും ലോക കുതിപ്പിലുമാണ് ചിന്തകളെ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി വരാൻ പോകുന്നത് ‘റൊബോട്ട്’ യുഗമായിരിക്കുമെന്ന് പറയുന്നത് കളിയല്ലെന്നും മനുഷ്യൻ സ്വയം റൊബോട്ടുകളായി മാറുന്ന കാലം വിദൂരമല്ലെന്നു വേണം അനുമാനിക്കാൻ. സ്വന്തം വീട്ടിലെ അംഗങ്ങളുടെ ശരിയായ പേരു പോലും ഓർത്തുവെക്കാൻ ചിന്തയിലിടമില്ലാതെ അവിടം പുതിയ ലോക വിജ്ഞാനത്തിന്റെ വിത്തുകൾ അടവിരിയാൻ കാത്തു വെച്ച പുത്തൻ മാനവ സംസ്കാരത്തിന്റെ ഗുണഭോക്താക്കളായി അറിഞ്ഞോ അറിയാതെയോ നാമും കീഴ്പ്പെടുന്നുണ്ടെന്നതാണ് വാസ്തവം.
മാതാപിതാക്കൾ പ്രായമാകുന്നതോടുകൂടി അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട മിണ്ടാപ്രാണികളായ് അവർ ഒതുക്കപ്പെടുകയും മനസ്സിലെ വിഷമങ്ങൾ ആർക്കെങ്കിലും മുന്നിൽ തുറന്നു പറഞ്ഞു പോയാൽ വീട്ടിനു പുറത്തെ പുതിയ മുറിയിലേക്കുള്ള (പട്ടിക്കൂട്) വഴി വിദൂരമല്ലെന്നും അവരെ ഓർമപ്പെടുത്തുന്നത് കവിതയിൽ മാത്രമല്ല നമ്മുടെ അകലം കുറഞ്ഞ ജീവിത സായാഹ്നത്തെയും കൂടിയാണ്. ജീവിതത്തിന്റെ സിംഹഭാഗവും മക്കളുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയും അവരെ ഭാവി ജീവിതം കരുപ്പിടിപ്പിക്കാനുള്ള വേദിയിൽ സുരക്ഷിതരായി ഇരുത്തപ്പെടുകയും ചെയ്യുന്പോഴേക്കും മാതാപിതാക്കളുടെ ആയുസ്സിലെ ശാരീരിക ഉറവ വറ്റിത്തീർന്നിരിക്കും. പിന്നീടുള്ളത് മധുരം ഊറ്റിയ കരിന്പിൻ ചണ്ടി പോലെ ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ വീട്ടിന്റെ അകത്തളങ്ങളിൽ ഏതെങ്കിലുമൊരു മൂലയിൽ പ്രതിഷ്ഠിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്. പഴുത്ത പ്ലാവില വീഴുന്പോൾ പച്ച പ്ലാവില ചിരിക്കണ്ട എന്ന ശൈലിയോട് നാമോരോരുത്തരും കടമപ്പെടേണ്ടതുണ്ട്. നമ്മുടെ കൈത്തെറ്റുകളാൽ മാതാപിതാക്കൾ കണ്ണീരു കുടിക്കേണ്ടി വരുന്പോൾ നമ്മുടെ കുട്ടികൾ നമുക്ക് കണ്ണീരു കുടിക്കാനുള്ള പാത്രം ഒരുക്കിവെക്കുന്നത് കാണാം. കൊന്നാൽ പാപം തിന്നാൽ തീരുമെന്നത് ഒരു പഴഞ്ചൊല്ലിനപ്പുറം കൊന്നാലും തിന്നാലും അതിനുള്ള ശിക്ഷ നിന്റെ കണക്കു പുസ്തകത്തിൽ വരവ് ചേർത്തുവെക്കുന്നതാണെന്ന സത്യം എല്ലാവരും മനസ്സിലാക്കുക തന്നെ വേണം. പാടത്ത് പണിയെങ്കിൽ വരന്പത്ത് കൂലിയെന്ന ചൊല്ല് ഇന്ന് നമ്മുടെ ജീവിതത്തിൽ അർത്ഥവത്തായി മാറിയിട്ടുണ്ട്. ചെയ്ത പാപം ഇഹലോകത്ത് അനുഭവിച്ചിട്ടു മാത്രമേ പരലോക പ്രവേശമുണ്ടാകുകയുള്ളൂവെന്ന പുതിയ ‘യമ കൽപ്പന’കൾ ഇത്തരക്കാരുടെ ജീവിതത്തിൽ കടന്നു വരുന്നത് യാദൃശ്ചികമല്ല. മകനും അച്ഛനും തുല്ല്യ പഴക്കമെന്നത് രസകരമായ ചിന്തയെങ്കിലും (ഒരു കുട്ടി പിറക്കുന്ന മാത്രയിൽ മാത്രമാണ് ഒരാൾ അച്ഛനാകുന്നത്) അവരുടെ സംരക്ഷണ കാര്യത്തിലും ഈ തുല്യതയുടെ ഒരംശമെങ്കിലും കടന്നു വന്നെങ്കിലെന്ന് വെറുതെ ആശിച്ച് പോകുന്നു. വാർദ്ധക്യം ഒരു ശാപമല്ലെന്നും ഇഹലോകവാസത്തിലെ മനുഷ്യന്റെ ശാരീരിക അവസ്ഥയുടെ അവസാന പാദമാണെന്നും മക്കളായ നമ്മൾ തിരിച്ചറിഞ്ഞാൽ മാത്രം മതി ഇന്ന് നമ്മുടെ വീടുകളിൽ ഇറ്റി വീഴുന്ന മാതാപിതാക്കളുടെ കണ്ണീരിന് ഒരറുതി വരുമെന്നതിൽ സംശയമില്ല.
വാൽക്കഷണം: എല്ലാവരുടെ വീട്ടിലും ഒരു ഒഴിഞ്ഞ പട്ടിക്കൂട് തുറന്നു കിടപ്പുണ്ട്. അതിൽ കറപിടിച്ച ഒരു ചങ്ങലക്കൊളുത്തും! ഓർക്കുക.. അതിലേക്കുള്ള അകലം വിദൂരമല്ല... മകന്റെ കൈയ്യെത്തും ദൂരത്ത്..!