നാ­ട്ടു­മണമു­ള്ള ചി­ല ‘പേ­രു­’കൾ..!


മനു കാരയാട്

ന്റെ കടഞ്ഞൂൽ കുഞ്ഞിന് നൽകാൻ പറ്റിയ പുതിയതും വ്യത്യസ്തവുമായ ഒരു പേര് നിർദ്ദേശിച്ചു നൽകുവാനുള്ള പ്രിയ സുഹൃത്തിന്റെ വാട്‌സ് ആപ് സന്ദേശമാണ് ഇന്നത്തെ അക്ഷരക്കുറിക്കാധാരം!

ഈ സന്ദേശം ഒരു നിമിഷം എന്നെ ഓർമ്മകളുടെ പിന്നാന്പുറത്തേയ്ക്ക് കൈപിടിച്ചാനയിച്ചുവെന്നതാണ് സത്യം. പ്രവാസത്തിലെ തിരക്കുകൾക്കിടയിൽ ഒരിക്കലും ഓർമ്മകളിലേയ്ക്ക് തിരിച്ചുവരുമെന്ന് ചിന്തിക്കാത്ത കുറെ നല്ല ചിത്രങ്ങൾക്ക് ആ സന്ദേശം നിമിത്തമായതിൽ ഇപ്പോൾ സംതൃപ്തി തോന്നുന്നു.

പണ്ട് കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങൾ പ്രസവിച്ചിരുന്ന ചില ‘പേരു’കളുണ്ടായിരുന്നു. നാട്ടിൻപുറത്തിന്റെ മണമുള്ള പേരുകൾ.അത്തരം പേരുകൾക്ക് എപ്പോഴും ഒരു ഗ്രാമവിശുദ്ധിയുടെ ലാളിത്യം അനുഭവപ്പെട്ടതായി ഓർക്കുന്നു. ലളിത ജീവിതത്തിന്റെയോ അതുമല്ലെങ്കിൽ ആർഭാട ജീവിതങ്ങൾക്ക് വകയില്ലാത്ത സാധാരണക്കാരന്റെ തിരിച്ചറിയൽ രേഖയായി ആ പേരുകൾ അന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു. കുഴന്പിന്റെയും വിയർപ്പിന്റെയും മണമുള്ള പേരുകളായിരുന്നു അവ. മുറുക്കിച്ചുവന്ന ചുണ്ടുകളും ബീഡിക്കറപിടിച്ച  പല്ലുകളും ആ നാമധാരികളുടെ മുഖമുദ്രയായിരുന്നു. കാലിൽ ചെരുപ്പണിയാത്ത, കൈയ്യിൽ വാച്ചില്ലാത്ത അദ്ധ്വാനത്തിന്റെ തഴന്പ് പൂക്കുന്ന ആ പേരുകാരെ ഒരിക്കൽ പോലും തൂവെള്ള വസ്ത്രധാരികളായി കണ്ടിരുന്നില്ല.(മരണ സമയത്താണ് ഇവരെ വെള്ള ധാരികളായി കണ്ടിട്ടുള്ളത്)

നാട്ടുവർത്തമാനവും നാട്ടു ചിന്തുകളുടെ താളവും അവർക്കു ശേഷം ഇന്ന് കേൾക്കാനില്ല. പേരുകൾ പെരുമയായി കാണുന്നവരുടെ കാലത്ത് സ്വന്തം അസ്ഥിത്വം അടിയറ വെയ്ക്കാൻ വിധിക്കപ്പെട്ട ചില നാമങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. നാലുകെട്ടിന്റെ മുറ്റത്തും അകത്തളങ്ങളിലും, അടുക്കളപ്പുകയിലും ആ പേരുകൾ ശ്വാസം മുട്ടി ഉഴറുന്നത് പ്രതിദ്ധ്വനിക്കാതെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുകയായിരുന്നു.

എല്ലുമുറിയെ പണിതിട്ടും വിശപ്പടങ്ങാൻ ഭക്ഷണം കിട്ടാത്ത ചില നാമങ്ങളും അക്കാലത്തുണ്ടായിരുന്നു. ഇഷ്ട ദൈവങ്ങളെതിരുമുന്നിൽ ചെന്ന് വണങ്ങാൻ അത്തരം നാമധാരികൾക്ക് വിഘാതം സൃഷ്ടിച്ച കാലവും ചരിത്രത്തിലുണ്ട്. മാറ് മറയ്ക്കാൻ അവകാശമില്ലാത്തതും കോലോത്ത് തന്പ്രാന് കണി ഒരുക്കേണ്ടതുമായ ചില നാമങ്ങൾ വിചിത്രമെന്ന് തോന്നുമെങ്കിലും കാലത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെട്ടതാണ്. ചിലതാകട്ടെ ഉന്നതകുലജാതികൾക്ക് മാത്രമായി തീറെഴുതി വെച്ചതായിരുന്നു. ആ പേരുകൾക്ക് അധികാരത്തിന്റെ ഹുങ്കും അനാശാസ്യത്തിനുള്ള ലൈസൻസും നേടിയെടുത്ത പോലുള്ള പ്രവർത്തനമായിരുന്നു.

പേരിലല്ല പ്രവർത്തിയിലാണ് കാര്യമെന്ന് പറയുന്പോഴും ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്കായി യോജിച്ച പേരുകൾ തേടിയുള്ള ഉത്രാടപ്പാച്ചിലിലാണ്.

‘പിഞ്ചോമനകൾക്ക് നൽകാൻ ആയിരത്തൊന്ന് പേരുകൾ’ എന്ന പുസ്തകം പോലും വിപണി കീഴടക്കുന്നത് ഇത്തരക്കാരുടെ ആവേശത്തിന്റെ പ്രതിഫലനമാണ്. പല ജ്യോതിഷികളും ആറ്റിക്കുറുക്കി ഹരിച്ച് ഗുണിച്ച് നടത്തുന്ന പേരുകൾ പോലും പിൽക്കാലത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളിലൂടെയും നമുക്ക് പരിചിത നാമങ്ങളായി മാറുന്നുവെന്ന വിരോധാഭാസവും ഇത്തരം പേരു സ്നേഹികളുടെ തലക്ക് കിട്ടിയ കൊട്ടു കൂടിയാണ്.

കോങ്കണ്ണുകാരിയെ മീനാക്ഷിയെന്നും ഒരു ഉറുന്പിന് പോലും ജീവൻ നൽകാൻ കഴിയാത്തവനെ പരമേശ്വരനെന്നും പേരുവിളിക്കുന്ന നാടാണ് നമ്മുടേത്. ഊമപ്പെണ്ണിനെ മധുമൊഴിയെന്നു വിളിക്കുന്നത് പേരിലെ യാഥാർത്ഥ്യം അത് ധരിക്കുന്നവരിൽ ഒരിക്കലും പ്രകടമായിട്ടില്ല എന്ന ധാരണയിൽ തന്നെയാണ്.

പേര് മനുഷ്യന്റെ ഒരു വിലപ്പെട്ട തിരിച്ചറിയൽ മുദ്രയാണ്.ചിലർ പേരിനൊപ്പം ജാതിപ്പേര് ചേർത്തുവെയ്ക്കുന്നു. മതവും ജാതിയുമില്ലാത്തവൻ ഏതു വിഭാഗമെന്ന് പറയാൻ കഴിയാത്ത ഒരു സമൂഹമായി നമ്മുടെ ഇടങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. ചിലരുടെ പേരുകൾ ഒന്നിച്ചു കാണുന്പോൾ ജാതിപ്പേരുകൾ മുന്പത്തെക്കാളും ഉപയോഗിച്ചു കാണുന്നുണ്ടോയെന്ന് പോലും സംശയിച്ചു പോകുന്നു. അക്ഷരമാലയിലെ ഒറ്റയക്ഷരമായി വരും തലമുറയുടെ പേരുകൾ ശുഷ്കിച്ചു വരുന്ന കാലവും വിദൂരമല്ല. പക്ഷേ അപ്പോഴും അവക്കൊപ്പം ഒരു ജാതിപ്പേരും മറയാതെ കിടക്കുന്നുവോയെന്ന് നോക്കിയാൽ മാത്രം മതിയാകും.

ഏതു നാമവും ഏതവനും ധരിക്കട്ടെ. വിളിക്കുന്പോൾ തിരിച്ചറിയാനും വിളിപ്പാടകലെ കാതോർക്കാനും നമുക്കൊരു ‘പേര്’അത്യാവശ്യമാണ്. അതിനു വേണ്ടി ഗുണനഹരണ ക്രിയകളുടെ വഴിക്കണക്കുകൾ ഒരിക്കലും ആവശ്യമില്ല. കേൾക്കുവാൻ ഇന്പവും അർത്ഥങ്ങളുടെ നിഗൂഢതയും ഒളിഞ്ഞിരിക്കുന്ന നാമങ്ങളിൽ പലപ്പോഴും ചില കരിനാഗങ്ങളുടെ മാളം ഒളിഞ്ഞു കിടക്കുന്നുവെന്നത് നാം തിരിച്ചറിയണം. പേരല്ല പ്രശസ്തിയെന്നും നമ്മുടെ കർമ്മഫലങ്ങളാണ് അംഗീകാരങ്ങളെന്നും എപ്പോഴാണോ നാം തിരിച്ചറിയുന്നത് അപ്പോൾ മാത്രമേ നാം ആശിച്ചു നടത്തുന്ന നമ്മുടെ പിഞ്ചോമനകൾക്കുള്ള പുതിയ പേരിടൽ കർമ്മം അർത്ഥവത്താകുന്നുള്ളൂവെന്ന ഓർമ്മപ്പെടുത്തലോടെ സ്നേഹപൂർവ്വം...

You might also like

Most Viewed