2016 നഷ്ടങ്ങളുടെ വർഷം


സ്വന്തം ലേഖകൻ

2016ന്റെ കലണ്ടർതാൾ മറയാനിരിക്കെ പോയ വർഷം വളരെ വലിയ നഷ്ടങ്ങളാണ് ലോകത്തിന് സമ്മാനിച്ചത്. ഫിദൽ ക്സ്ട്രോ മുതൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഒഎൻവി കുറുപ്പുവരെ നീളുന്നു ആ പട്ടിക.

2016നെ ഞെട്ടിച്ച് വർഷാരംഭത്തിൽ മലയാള സിനിമയുടെ ചിരിക്കുടുക്ക കൽപ്പനയാണ് ആദ്യം വിടവാങ്ങിയത്. തികച്ചും ആകസ്മികമായിരുന്നു കൽപ്പനയുടെ വിയോഗം. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ എത്തിയ കൽപ്പന ഒരു ദിവസം രാവിലെ തന്റെ മുറിയിൽ മരിച്ചു കിടക്കുന്നു എന്ന വാർത്തയാണ് ആരാധകവൃന്ദം അറിഞ്ഞത്. ചാർലിയിലെ ക്വീൻ മേരിയായും, സ്പിരിറ്റിലെ പങ്കജമായും, ഇന്ത്യൻ റുപ്പിയിലെ മേരിയായും കോമഡിയിൽനിന്ന് ക്യാരക്ടർ റോണിലേയ്ക്ക് എത്തിനിൽക്കെയാണ് കൽപ്പന അരങ്ങൊഴിഞ്ഞത്. ജനവരി 25നായിരുന്നു ആ വിയോഗം.

പിന്നീട് ജോൺസൺ മാസ്റ്ററുടെ മകൾ ഷാൻ ജോൺസൺ ഈ ലോകത്തോട് വിട പറഞ്ഞു. ഗായിക, ഗാനരചന, സംഗീതസംവിധാനം തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച് പിതാവായ ജോൺസൺ മാസ്റ്ററുടെ വഴിയേ ആയിരുന്നു മകളായ ഷാനിന്റെയും സഞ്ചാരം. പിതാവിന്റെയും, സഹോദരനായ റെനിൻന്റേയും മരണത്തിന് പിന്നാലെ ഷാനിന്റേയും മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി.

സാഹിത്യ−സാംസ്കാരിക രംഗത്തെ സൂര്യതേജസ്സായിരുന്ന മഹാകവി ശ്രീ ഒ.എൻ.വിയുടെ വേർപ്പാടാണ് തുടർന്ന് 2016ലെ വലിയ നഷ്ടങ്ങളിൽ ഒന്ന്. ലോകമെന്പാടുമുള്ള മലയാള ഭാഷാസ്നേഹികളെ കണ്ണീർക്കടലിലാഴ്ത്തി ഒഎൻവി വിടപറഞ്ഞു. കവി, അദ്ധ്യാപകൻ‍, പ്രഭാഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഒരപൂർവ്വ പ്രതിഭയുടെ ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സാഹിത്യ സപര്യയുടെ അന്ത്യം കൂടിയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ സംഭവിച്ചത്. 

ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ വിയോഗത്തിനും 2016 സാക്ഷിയായി. മലയാളത്തിൽ എറ്റവുമധികം ഹിറ്റ്‌ സിനിമകൾക്ക് ദൃശ്യഭാഷയൊരുക്കിയത് ആനന്ദകുട്ടനായിരുന്നു.

സംഗീതങ്ങൾ സിനിമയുടെ വിജയത്തെ പോലും സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്ത സംഗീതജ്ഞനായിരുന്ന രാജാമണി നമ്മെ വിട്ട് പോയതും 2016ലാണ്. ലളിതസുന്ദരങ്ങളായ കഥകളിലൂടെ വായനക്കാരുടെ മനം കവർന്ന എഴുത്തുകാരൻ അക്ബർ കക്കട്ടിലും 2016ൽ നമ്മോട് വിടപറഞ്ഞുപോയി. കഥകൾക്ക് പുറമേ നോവൽ, ഉപന്യാസം, നിരൂപണം, നാടകം, ബാലപംക്തി എന്നിങ്ങനെ സാഹിത്യത്തിന്റെ മറ്റു മേഖലകളിലും പ്രാവീണ്യം തെളിയിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. 

2016 മാർച്ചിലെ മലയാളിയുടെ നഷ്ടം നികത്താനാവാത്ത ഒന്നാണ്. മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെട്ടു. മണിയുടെ മരണവുമായി ഇനിയും തീരാത്ത ദുരൂഹതകൾക്കൊടുവിൽ 2016 ഇവിടെ അവസാനിക്കുകയാണ്. ഒരു നടനെന്നതിലുപരി സാധാരണക്കാരന്റെ വിഷമങ്ങളും യാതനകളും വേണ്ടുവോളം അറിഞ്ഞിട്ടുള്ള മണി മലയാളിക്ക് ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. ചാലക്കുടിക്കാരുടെ കണ്ണിലുണ്ണി, കണ്ണീരുകൊണ്ട് അവർ തീർത്ത ആ ദുഃഖദിനത്തിൽ മണി അന്ത്യവിശ്രമം കൊള്ളുകയാണിപ്പോൾ...

യുവനടൻ ജിഷ്ണുവിന്റെ മരണത്തിനും 2016 സാക്ഷിയായി. അർബുദരോഗബാധയെ തുടർന്നാണ് ജിഷ്ണു മരണത്തിന് കീഴടങ്ങിയത്. സംവിധായകൻ രാജേഷ്പിള്ള, തിരക്കഥാകൃത്ത് ടി.എ റസാഖ്, നടി രേഖ, കാവാലം നാരായണ പണിക്കർ, ജഗന്നാഥവർമ്മ എന്നിങ്ങനെ 2016 കവർന്നെടുത്തത് ഒത്തിരി നല്ല കലാകാരൻമാരെയാണ്.

രാഷ്ട്രീയപരമായ വലിയ നഷ്ടം ലോകത്തിനുണ്ടായത് ജയലളിതയുടേയും ഫിദൽ കാസ്ട്രോയുടേയും മരണമാണ്. പതിറ്റാണ്ടുകളോളം ക്യൂബൻ ഭരണത്തിന്റെ അരങ്ങത്തുണ്ടായിരുന്ന ഫിദൽ കാസ്ട്രോ നവംബർ 25ന് ലോകത്തെമുഴുവൻ കണ്ണീരിളാഴ്ത്തി വിടപറഞ്ഞു. കർ‍ണ്ണാടക സംഗീത കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചതും 2016ലാണ്. സംഗീതലോകത്ത് പകരംവെക്കാനില്ലാത്ത അത്ഭുതപ്രതിഭയായിരുന്നു ബാലമുരളീകൃഷ്ണ.

തമിഴ്നാടിന്റെ അമ്മ ജയലളിതയുടെ മരണമാണ് 2016ന്റെ മറ്റൊരു തീരാനഷ്ടം. പനിയെ തുടർന്ന്  ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത സുഖം പ്രാപിച്ചുവരുന്നു എന്ന ശുഭവാർത്തയ്ക്ക് അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ജയയുടെ മരണവാർത്തയെത്തുന്നത്. നിരവധി അഭ്യൂഹങ്ങൾ ജയയുടെ ആശുപത്രിവാസത്തെ തുടർന്ന് ഉണ്ടായിരുന്നു. ഇപ്പോൾ ജയലളിതയുടെ മണത്തിലും ദുരൂഹത പ്രകടിപ്പിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഒരു തുടരന്വേഷണത്തിന് വഴിവെച്ചാൽ 2017ലെ പ്രധാന പത്രത്താളുകൾ ചിലപ്പോൾ ചില അപ്രിയസത്യങ്ങളുടേതാകും...

You might also like

  • Lulu Exchange
  • Straight Forward

Most Viewed