ഉടച്ചു വാർക്കണം വിദ്യാഭ്യാസ രീതി
സുമ സതീഷ്
ഒട്ടനേകം സവിശേഷതകളുള്ള ഒരു കൊച്ചു രാജ്യമാണ് ഫിൻലൻഡ്. വടക്കേ യൂറോപ്യൻ രാജ്യമായ ഫിൻലാൻഡിന്റെ തലസ്ഥാനം ഹെൽസിങ്കിയും നാണയം യൂറോയുമാണ്. സ്വീഡനും നോർവെയും റഷ്യയും ആണ് അതിർത്തി രാജ്യങ്ങൾ. സാന്റാക്ലോസിന്റെ നാടെന്നറിയപ്പെടുന്ന ഫിൻലൻഡ് പ്രാവീണ്യമുള്ള യുവജനങ്ങളാൽ പേരുകേട്ടതും സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരുമാണ്. നിബിഡ വനങ്ങളാൽ സമൃദ്ധമായ മഞ്ഞുമൂടിയ ഈ പ്രകൃതി മനോഹര രാജ്യത്തിൽ കള്ളത്തരമോ വഞ്ചനയോ ജയിലുകളോ ഇല്ല. അവിടുത്തെ വിദ്യാഭ്യാസ രീതി തന്നെ ആണ് ആ നാടിന്റെ അഭിവൃദ്ധിക്ക് കാരണം.
അടുത്ത കാലത്തായി വാർത്തയിൽ നിറഞ്ഞുനിന്ന ഈ കൊച്ചു രാജ്യം നൂതനമായ വിദ്യാഭ്യാസ രീതിയിലെ പരിഷ്കാരങ്ങളുടെ പുതിയ ചുവടുവെപ്പിനു കൂടി നാന്ദി കുറിച്ചു. അതായത് അവരവർക്കാവശ്യമുള്ള വിഷയത്തിൽ പ്രാവീണ്യം നേടിയെടുക്കാനുള്ള സാഹചര്യങ്ങൾ വളരെ ചെറുപ്പത്തിലേ ഒരുക്കി കൊടുക്കുക എന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി സ്വീകരിച്ച് രാജ്യം ലോകത്തിനു മാതൃകയായിരിക്കുന്നു.
സാർവ്വ ജനകീയ വിദ്യാഭ്യാസ രീതി നമ്മുടെ രാജ്യങ്ങളും പിൻ തുടർന്നാൽ രാഷ്ട്രത്തിനും ദേശത്തിനും നാടിനും എന്ന് വേണ്ട ഓരോ കുടുംബത്തിനു പോലും അഭൂതപൂർവ്വമായ ഉയർച്ച നേടിത്തരുമെന്നതിൽ തർക്കം വേണ്ട. ഇന്ന് വിദഗ്‌ദ്ധ സമിതികളിലൂടെ ഉപേദശങ്ങൾ ആരാഞ്ഞു, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഗവൺമെന്റുകൾ നമുക്കുള്ളപ്പോൾ ഇത്തരം സംവിധാനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ.
വളരെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മഹാഭാഗ്യമാണ് വിദ്യഭ്യാസമന്ത്രി എന്ന ശ്രീ രവീന്ദ്രൻ മാഷ്. അദ്ദേഹത്തിൽ നമ്മൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. രാഷ്ട്രീയ−വിഭാഗീയ കരാള ഹസ്തങ്ങൾ പിടിമുറുക്കിയില്ല എങ്കിൽ വിദ്യഭ്യാസ വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിനാകും. നഷ്ടപ്പെട്ടെന്ന് കരുതിയ വിദ്യാലയങ്ങളെ തിരിച്ചു പിടിച്ചത് അതിനൊരുദാഹരണമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്‌ക്കാരങ്ങൾക്ക് പിന്നാലെ പോകുന്ന ഇന്നത്തെ സമൂഹം വിദ്യാലയങ്ങളിലെ പഠനരീതിയും പാഠ്യവിഷയങ്ങളും വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാവണമെന്നു ഇനിയെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ. ഫലവത്തായ നൂതന വിദ്യാഭ്യാസരീതി പടുത്തുയർത്താൻ വൈദഗ്ദ്ധ്യമുള്ളവർ സമിതി ഉണ്ടാക്കി നിർദേശങ്ങൾ ഗവൺമെന്റിനു സമർപ്പിച്ചു നടപ്പിലാക്കാൻ മുതിരണം.
അറ്റമില്ലാത്തത്ര ഗണിതത്തിലെ സമവാക്യങ്ങൾ എവിടെ ആണ് നമുക്കുപകരിക്കുന്നത്. പാടുപെട്ടു തലയിൽ അടിച്ചേൽപ്പിച്ചത് പരീക്ഷാ ഹാളിൽ നിക്ഷേപിക്കുന്പോൾ എല്ലാം തീരുന്നു. വിഷയത്തോട് അഭിരുചിയുള്ളവരും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പല സമവാക്യങ്ങളും രസതന്ത്രങ്ങളും ഹൃദിസ്ഥമാക്കിയിട്ടെന്തു നേടാനാണ്? നൂറിൽ പത്തോ പതിനഞ്ചോ പേര് കാണും പഠനം ഈസി ആയി കൊണ്ടുപോകാൻ പറ്റിയവർ. അല്ലാത്തവർ എത്ര മാത്രം പരാക്രമങ്ങൾ കാണിച്ചാണ് ഓരോന്നും മനഃപാഠമാക്കി എടുക്കുന്നത്. ഇതിനൊക്കെ മാറ്റം വേണം.
കുട്ടികൾക്ക് വിദ്യാഭ്യാസം ആവേശമാവണം. ഓരോ ദിവസം പിന്നിടുന്പോഴും നാളേക്കുള്ള ജിജ്ഞാസ അണപൊട്ടിയൊഴുകണം. പാഠ്യപദ്ധതികൾ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട, അക്കൗണ്ട്സ്, ബാങ്കിങ്, ബിസിനസ്, കൾച്ചർ, കല, മ്യൂസിക്, പരിസ്ഥിതി, പ്രകൃതി തുടങ്ങി വിവിധ മേഖലകളിൽ താൽപ്പര്യം ജനിക്കുന്ന രീതിയിൽ കുട്ടികളെ വാർത്തെടുക്കാൻ പറ്റുന്നതാകണം. ജീവിതത്തിന്റെ ലളിത സമവാക്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന കണക്കും ബന്ധങ്ങൾ, വിശ്വാസം, സ്നേഹം, കർത്തവ്യം, മനഃശ്ശക്തി, ഏകാഗ്രത, ലക്ഷ്യം എന്നിവയൊക്കെ ഊട്ടി ഉറപ്പിക്കുന്ന പാഠങ്ങളും മഹാന്മാരുടെ ജീവചരിത്രങ്ങളും സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള രാമായണം-മഹാഭാരത കഥകളും നബിയുടെ പ്രസക്ത വചനങ്ങളും ബൈബിളിലെ ആപ്ത വാക്യങ്ങളും ഗീതയിലെ മഹത്തായ ഉപദേശങ്ങളും പുരാണ കഥകളും ഉപനിഷത്തുക്കളും ഒക്കെയും വിഷയമായി സ്കൂളിൽ തന്നെ പഠന വിധേയമാക്കണം. മനുഷ്യമതമായിരിക്കണം നമ്മുടെ അജണ്ട. കുഞ്ഞു ക്ലാസുകളിൽ തന്നെ വിവിധ ഭാഷകൾ സ്വായത്തമാക്കാൻ പറ്റുന്ന നിലപാടെടുക്കണം. സംസ്‌കൃതം നിർബന്ധമാക്കി നഷ്ടപ്പെട്ട എല്ലാ വിദ്യയുടെ സന്പത്തുകളും തിരിച്ചു പിടിക്കണം. ആത്മീയതയുടെ അന്തസത്ത കുട്ടികൾ ഉൾക്കൊള്ളണം. അപ്പോഴേ അന്ധവിശ്വാസത്തെ കുട്ടികൾക്ക് തിരിച്ചറിയാനാകൂ. ഇന്ന് കുട്ടികളുടെ മനഃസാന്നിദ്ധ്യം വർദ്ധിപ്പിക്കാനും ആത്മശുദ്ധി വരുത്താനും അവരവരിൽ അന്തർലീനമായ ശക്തി അല്ലെങ്കിൽ കഴിവ് എന്താണെന്നു തിരിച്ചറിയാനും ഉതകുന്ന ഒട്ടനേകം മെഡിറ്റേഷൻ വിദ്യകൾ പ്രചാരത്തിലുണ്ട്. അത് വിദ്യാർത്ഥികൾക്കായി സമർപ്പിക്കാനും അത്തരത്തിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരെ കണ്ടെത്താനും സ്കൂളുകൾ തന്നെ മുന്നിട്ടിറങ്ങണം. ലൈഫ്−സ്കിൽ എജ്യൂക്കേഷനിലേയ്ക്കു മാറിയാൽ മാത്രമേ ഇന്ന് കാണുന്ന ലാക്ക് ഓഫ് കണ്ട്രോൾ, ലാക്ക് ഓഫ് യൂണിറ്റിയും നമുക്ക് മാറ്റിയെടുക്കാനാകൂ. ബോധവത്കരണത്തിന്റെ പേരിൽ പല ക്ലാസുകളും ഒരുക്കുന്നത് സ്കൂളിന്റെ നേതൃത്വത്തിലാകണം. എന്നാലേ കുട്ടികൾക്ക് അതിന്റെ ഗൗരവം ഉൾക്കൊള്ളാനാകൂ. ഓരോ വിദ്യാലയത്തിലും പ്രാപ്തരായ മനഃശാത്രജ്ഞരെ നിയമിച്ച് അവശ്യാനുസരണം കുഞ്ഞുങ്ങളെ സാഹചര്യങ്ങൾ നേരിടാൻ സജ്ജരാക്കണം. കായിക കൂട്ടായ്മയിൽ നിന്ന് പോലും ആശയ കൂട്ടായ്മ ഉണ്ടാക്കണം. ഇങ്ങനെ വലിയൊരു വിപ്ലവത്തിലൂടെ മാത്രമേ ഓരോ കുഞ്ഞിനേയും ഉർജ്ജസ്വലരായ പൗരൻമാരാക്കി എടുത്ത് അവനവനിൽ ഉറങ്ങികിടന്നതിനെ ഉണർത്താനും നേരായ മാർഗ്ഗങ്ങളിലേയ്ക്ക് നയിക്കാനും സാധിക്കു. പുതിയ യുഗത്തിലെ കുട്ടികളുടെ വഴി പിഴച്ച സഞ്ചാരത്തിന് അറുതി ഉണ്ടാക്കാൻ ഇത്തരത്തിൽ രാജ്യാന്തര പൊളിച്ചെഴുത്ത് വിദ്യാഭ്യാസ മേഖലയിൽ അത്യാവശ്യമാണ്. യോഗ, പ്രാർത്ഥന, മെഡിറ്റേഷൻ, (ഓരോ പീരിയഡിലും അഞ്ചോ പത്തോ മിനിറ്റ്) ആരോഗ്യ പരിപാലനം, പരിസര സംരക്ഷണം, നിയമ വ്യവസ്ഥ എന്നിവ കുഞ്ഞു ക്ലാസുകളിൽ തന്നെ നിർബന്ധമാക്കണം. അഗതികളോടും പ്രായമേറിയവരോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും കുടുംബത്തോടുമുള്ള കർത്തവ്യബോധവും സമൂഹത്തോടും ലോകത്തോടുമുള്ള പ്രതിബദ്ധതയും ഊട്ടി ഉറപ്പിച്ച് നിശ്ചയ ദാർഢ്യത്തോടെ വർത്തമാനങ്ങളെ നേരിടാൻ കെൽപ്പുള്ള കുട്ടികളാണ് നമുക്ക് വേണ്ടത്. അങ്ങനെ ഉള്ള കുറച്ച് കുഞ്ഞുങ്ങൾ നമുക്കുണ്ടെങ്കിലും സർവ്വരിലും ഇങ്ങനെ വാർത്തെടുക്കാനാകും എന്നതിന് ഉത്തമോദാഹരണമാണ് ഫിൻലൻഡ് എന്ന നമ്മുടെ സ്വപ്നസാമ്രാജ്യം.
ഇന്ന് അദ്ധ്യാപകരും രക്ഷകർത്താക്കളും കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദം ഒട്ടേറെ പിരിമുറുക്കം ഉണ്ടാക്കുന്നു. വിഷയത്തെ പഠിക്കാതെ സ്വന്തമായി എന്താകണമെന്ന തീരുമാനം പോലും എടുക്കാൻ ആകാതെ കൺഫ്യൂഷനിൽ വരുന്ന വിദ്യാർത്ഥികൾ ആണ് ഇന്നേറെയും. മികച്ച കുട്ടികളായാലും പഠനം വല്ലാത്തൊരു ഭാരമായി ഫീൽ ചെയ്യുന്നു. സാർവ്വ ജനകീയ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം കുട്ടികളെ സ്വയം അവരവരുടെ അഭിരുചിക്കനുസരിച്ച് വ്യക്തമായ, ഏകാഗ്രമായ, ശക്തമായ, അനുയോജ്യമായ തീരുമാനം എടുക്കാനാകുന്നു എന്നുള്ളതാണ്. ഈയ്യിടെ കേരളത്തിൽ ‘eduvigil’ പ്രോഗ്രാം എന്ന പേരിൽ തലവരിപ്പണത്തെ നിർത്തലാക്കാൻ കൊണ്ട് വന്ന മാർഗ്ഗരേഖ നല്ല രീതിയിൽ വർത്തിച്ചെങ്കിൽ പ്രശംസനീയമായ നേട്ടം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കാം. ഇപ്പോൾ എടുത്ത നിർബന്ധ പത്താം ക്ലാസ് ബോർഡ് എക്സാം നല്ലൊരു തീരുമാനമാണ്. വിദ്യാഭ്യാസം കച്ചവടമാക്കാതെ അഴിമതി വിരുദ്ധരായ നല്ല പ്രതിഭകളെ ഉൽപ്പാദിപ്പിക്കാൻ ഇത്തരം നടപടികൾ വഴിതെളിയിക്കും. വിദ്യാലയം എന്നും സരസ്വതി നിലയമായി മാറണം.
നമുക്കറിയാം ഇന്ന് വിദ്യാലയങ്ങളും കലാലയങ്ങളും ഗുരുതരമായ പലപ്രശ്നങ്ങളും നേരിടുന്നുണ്ട്. ചിട്ടയായ വിദ്യാഭ്യാസത്തിലൂടെ കുഞ്ഞുങ്ങൾ വിദ്യാലയ അന്തരീക്ഷത്തെ സ്നേഹിച്ചു തുടങ്ങണം. നാളേയ്ക്ക് നമ്മെകൊണ്ട് ലോകത്തിനു നേടാനേറെയുണ്ടെന്ന ബോധം, കുട്ടികളെ മറ്റു ദുഷിച്ച ചിന്തയിൽ നിന്നകറ്റും. ഒരു കുഞ്ഞും കുറ്റവാളിയായി ജനിക്കുന്നില്ല. പല സാഹചര്യങ്ങളാണ് അവരെ അങ്ങനെ ആക്കുന്നത്. ഇവിടെ ഇന്ത്യൻ കുട്ടികളുടെയിടയിൽ ഒരു വെേസ്റ്റൺ കൾച്ചർ കൊണ്ടുവരാൻ പലരും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നു സംശയിക്കണം. പണ്ടൊക്കെ സ്‌കൂളുകളിൽ ചില കുട്ടികളെ മാത്രം ചേർത്ത് കാണാറുളള ഈ പേയറിങ് (pairing) ഇന്ന് മുഴുവൻ കുട്ടികൾക്കും നിശ്ചയിക്കപ്പെടുന്നു. ഗേൾഫ്രണ്ടോ ബോയ്ഫ്രണ്ടോ ഇല്ലാത്ത കുട്ടി ഒന്നിനും കൊള്ളാത്തവനെന്ന ധാരണ ഇപ്പൊ ന്യൂജനിൽ നിലനിൽക്കുന്നുണ്ട്. ഇയ്യിടെ വന്ന ‘കൗമാര പാർട്ടി ന്യൂസ്’ തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും അതിന്റെ പിന്നിലെ അജണ്ട കാണാതെ പോകരുത്. 13−നും 19−നും ഇടയിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ പാർട്ടിയുടെ ഉദ്ദേശം എന്തായാലും ഒരു രക്ഷിതാവിനും അംഗീകരിക്കാനാവില്ല. ക്ലാസ്−പാർട്ടി, സ്കൂൾ−പാർട്ടി, കുടുംബ−പാർട്ടി, സംഘടന−പാർട്ടി ഇങ്ങനെ സെലിബ്രേഷൻ ഒരുപാടുള്ള ബഹ്‌റിനിൽ ഇത്തരം പാർട്ടികളെ അംഗീകരിക്കാനാകില്ല. കുട്ടികൾ നിഷ്കളങ്കരാണ്. അറിഞ്ഞോ അറിയാതെയോ അവരെ ബലിയാടുകൾ ആക്കുകയാണ്. അവരെ കുറ്റക്കാരായി മുദ്രയടിക്കാനും പറ്റില്ല. അമേരിക്കൻ കൾച്ചർ മഹത്തായ എന്തോ ഒന്നാണെന്ന് കരുതി അതിന്റെ പിന്നാലെ കുതിക്കുന്ന ഇത്തരം കുട്ടികളെ നമ്മൾ വളരെ നേരത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. മുളയിലേനുള്ളുക. നാട്ടിലെ റാഗിംഗിന്റെ മറ്റൊരു പതിപ്പായേക്കാം ഇത്. സ്നേഹത്തോടെ ഭവിഷ്യത്തുക്കൾ പറഞ്ഞു ബോധ്യപ്പെടുത്തുക.
വിദ്യാർത്ഥി വിദ്യാലയത്തെ സ്നേഹിക്കണമെങ്കിൽ, അദ്ധ്യാപകരെ ബഹുമാനിക്കാനും മാതാപിതാക്കളെ അനുസരിക്കാനും സമൂഹത്തെ വണങ്ങാനും പഠിക്കണമെങ്കിൽ, വിദ്യാഭ്യാസരീതി അടിമുടി ഉടച്ചുവാർത്ത് പുതിയ സാർവ്വ ജനകീയ രീതികൾ അവലംബിക്കേണ്ടിയിരിക്കുന്നു. ബന്ധപ്പെട്ടവർ ഉണർന്നിരുന്നെങ്കിൽ.
നൂതന ടെക്നോളജിയിലെ...
തലച്ചോറിന് വില പറയുന്ന,
ആധുനിക ടെക്നോളജിയിലെ
ഭീകരതയെ തിരിച്ചറിയാതെ
വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും
എക്സ്−ബോക്സ്−ലും ഇൻസ്റാഗ്രാമിലും
നൂതന ‘വയലെന്റ് ഗെയിംലും’
തളച്ചിട്ട ബാല്യമേ......
ഭവിഷ്യത്ത് ദൂരവ്യാപകമല്ല
ഇന്നാണ് ഇന്ന്..!
ചോരയെ നീരായും
വാളിനെ പേനയായും
വികാരമില്ലാതെ കാണും ന്യൂജൻ.
രക്ഷിതാക്കളെ ജാഗ്രതൈ ???
കാലത്തേ അറിയാതെ..
മാതാവിനെ കാണാതെ..
സമൂഹ ജീവിയാകാതെ..
പോകുന്ന ഈ കുരുന്നുകളെ
നമുക്ക് തിരിച്ചു പിടിക്കണം..
വേണ്ടേ....?