വേ­ട്ടക്കാർ ഭരണവർ‍ഗ്ഗം തന്നെ­; ഇരകളാ­കേ­ണ്ടി­വരു­ന്നത് ഈ പാ­വങ്ങൾ


കൂക്കാനം റഹ്മാൻ

ദിവാസികളായ സ്ത്രീകൾ‍ കൊടുംക്രൂരത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കുന്പോഴും, രോഗം പിടിപെടുന്പോഴും, മരിച്ചു വീഴുന്പോഴും ഭരണകൂടത്തിന്റെയും, സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടേയും അവഹേളനങ്ങൾ‍ക്കും, മാരക പീഡനങ്ങൾ‍ക്കും ഇരകളാവുകയാണ്. നമ്മൾ‍ ഉയർ‍ത്തുന്ന സാമൂഹിക നീതിവാദങ്ങളും, സമത്വവാദങ്ങളും ഫലപ്രാപ്തിയിലെത്തുന്നില്ല. അധഃസ്ഥിതരുടെ നോവുകളിലേയ്ക്ക് കണ്ണോടിക്കാൻ‍ ഭരണാധികാരികൾ‍ക്കാവുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് അധിവസിക്കുന്ന കോടിക്കണക്കായ ദളിതർ‍ വേദന കടിച്ചിറക്കി പ്രതിഷേധാഗ്നി ഉള്ളിലൊതുക്കി ജീവിക്കുകയും, മരിക്കുകയും ചെയ്യുന്നു. അവരുടെ ജീവിതചുറ്റുപാടുകൾ‍ ഭരണവർ‍ഗ്ഗം രാജ്യ വികസനമെന്ന പേരിൽ‍ തച്ചുടയ്ക്കുകയാണ്.

അവരുടെ മണ്ണും, കാടും, വെള്ളവും പണം കൊടുത്തും അല്ലാതെയും പിടിച്ചെടുത്ത് അവരെ കാടിറക്കി കെട്ടുകെട്ടിക്കുകയാണ്. ജീവനോപാധി തേടി അവർ‍ നാടും നഗരവും താണ്ടുകയാണ്. എവിടെയും അവഗണനയാണവർ‍ക്ക്. പ്രത്യേകിച്ച് ആദിവാസി സ്ത്രീകൾ‍ക്ക് അനുഭവിക്കേണ്ടിവരുന്ന വേദന, മനുഷ്യത്വരഹിതമായ സമീപനം ഒരിക്കലും മാറി കിട്ടുന്നില്ല. നമ്മെ വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്ത ഒരു സംഭവമല്ലേ ഒഡീഷയിലെ കളഹന്ദി ജില്ലയിൽ‍ ഈയിടെ നടന്നത്.

അവിടെ ക്ഷയരോഗം പിടിപെട്ട് ആശുപത്രിയിൽ‍ ഒരു ആദിവാസി സ്ത്രീ മരിക്കുന്നു. ആ സ്ത്രീയുടെ ഭർ‍ത്താവിന്റെ കയ്യിൽ‍ കാശില്ല. ശവശരീരം സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോകണം. ആംബുലൻ‍സിന് കൊടുക്കാൻ‍ പണമില്ല. ആരും സഹായിക്കാൻ‍ മുന്നോട്ടുവന്നില്ല. ദിവസങ്ങളോളം പട്ടിണിയിലാണ്. എങ്കിലും ആദിവാസി മനക്കരുത്തുള്ള ദാനാമാഞ്ജി എന്ന മനുഷ്യൻ‍ ആരുടേയും ദയക്കുവേണ്ടി കാത്തു നിന്നില്ല. കാത്തുനിന്നിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സഹായിക്കേണ്ടവർ‍ പുച്ഛത്തോടെയാണ് ഈ ദളിത് മനുഷ്യനെ നോക്കുന്നത്. ആശുപത്രി അധികൃതരും സഹായിക്കാൻ‍ തയ്യാറായില്ല. ദളിതർ‍, കാശില്ലാത്തവർ‍, വിദ്യാഭ്യാസമില്ലാത്തവർ‍ ഇക്കാരണത്താൽ‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. മാഞ്ജി ഭാര്യയുടെ ശവശരീരം തുണിയിൽ‍ പൊതിഞ്ഞു കെട്ടി. തോളിൽ‍ ചുമന്ന് പത്തുകിലോമീറ്റർ‍ അകലേയുള്ള വീട്ടിലേയ്ക്ക് നടന്നു. കൂടെ മകളുമുണ്ടായിരുന്നു. ദരിദ്രനായ ആദിവാസിയെ സഹായിക്കാൻ‍ സർ‍ക്കാർ‍ ആശുപത്രി അധികൃതരും തയ്യാറായില്ല. അധികാരികളുടെ അവഗണന ഈ മനുഷ്യർ‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് ആദിവാസികൾ‍ എന്ന ലേബലുള്ളതു കൊണ്ടുമാത്രമാണ്.

∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗

ഒഡീഷയിലെ ബാലസോർ‍ ജില്ലയിൽ‍ സോറോ എന്ന ഗ്രാമത്തിൽ‍ നടന്ന സംഭവവും നമ്മെ നാണിപ്പിക്കുന്നതാണ്. സാളമണിബാരിക് എന്ന എഴുപത്തിയഞ്ചുകാരി ആദിവാസി സ്ത്രീക്കുണ്ടായ അനുഭവമാണിത്. ഈ ആദിവാസി സ്ത്രീയുടെ മൃതദേഹം ചാക്കിലാക്കി ചത്ത മൃഗത്തെയെന്ന വണ്ണം മുളക്കന്പിൽ‍ കെട്ടിത്തൂക്കി പോസ്റ്റ് മോർ‍ട്ടത്തിനായ് കൊണ്ടുപോവുകയാണ്. ഒതുങ്ങാത്ത മൃതദേഹത്തെ മകൻ‍ നോക്കി നിൽ‍ക്കേ എല്ലുകൾ‍ ചവിട്ടി ഒടിച്ച് പാകത്തിൽ‍ ചാക്കിലാക്കുകയായിരുന്നു.

തീവണ്ടി തട്ടിയാണ് സാളമണി മരിച്ചത്. ആംബുലൻ‍സ് ഇല്ലാത്തതിനാൽ‍ തീവണ്ടിയിൽ‍ കൊണ്ടുപോകുന്ന സൗകര്യത്തിനുവേണ്ടിയാണ് തണുത്തുമരവിച്ച മൃതദേഹത്തെ ഒടിച്ചുനുറുക്കി പൊതിഞ്ഞുകെട്ടിയത്. മൃതദേഹം പരിശോധനയ്ക്ക് കൊണ്ടുപോകാൻ‍ ആശുപത്രിയിൽ‍ ആംബുലൻ‍സ് ഉണ്ടായിരുന്നില്ല. മറ്റ് സംവിധാനങ്ങൾ‍ ഒരുക്കാൻ‍ പോലീസ് തയ്യാറായതുമില്ല. സഹായത്തിന്റെ സർ‍വ്വവഴികളും അടഞ്ഞപ്പോഴാണ് ചവിട്ടി ഒടിക്കലും ചാക്കിൽ‍ കെട്ടലുമുണ്ടായത്. ഒഡീഷയിലെ ദരിദ്രരും ആദിവാസികളുമായ മനുഷ്യരുടെ ജീവിതത്തിന്റെ അനുഭവ ചിത്രങ്ങളാണിത്. ആദിവാസികളോട് പ്രത്യേകിച്ച് സ്ത്രീ ജന്മങ്ങളോട് സമൂഹം കാണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങളുടെ തുടർ‍ച്ച മാത്രമാണിത്.

∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗

ഛത്തീസ്ഗഢിലെ സോണിസോറി എന്ന ആദിവാസി സ്ത്രീക്ക് അനുഭവപ്പെട്ട വേദനയൂറുന്ന പീഡനങ്ങൾ‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. അവർ‍ അദ്ധ്യാപികയാണ്. സമൂഹ്യ പ്രവർ‍ത്തകയാണ്. ആദിവാസി സ്ത്രീകളോട് ഭരണാധികാരികളും, പോലീസും കാണിച്ച ക്രൂരതകൾ‍ അവർ‍ എണ്ണിയെണ്ണി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ്. സോണിസോറി കുറ്റക്കാരിയല്ല. അവരിൽ‍ കുറ്റം ആരോപിക്കുകയാണ്. ആദിവാസികളുടെ നന്മയ്ക്കും, അവരുടെ പട്ടിണിമാറ്റാനും, വിദ്യാഭ്യാസം നൽ‍കാനും കഠിന ശ്രമം ചെയ്യുന്ന സ്ത്രീയാണ് സോണിസോറി. ആദിവാസികളുടെ മണ്ണും, വെള്ളവും കാടും സംരക്ഷിക്കാൻ‍ മുന്നിട്ടിറങ്ങിയ വ്യക്തിയാണ്.

വികസനം നടപ്പാക്കാൻ‍ എന്ന പേരിൽ‍ ആദിവാസികളെ കുടിയിറക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്ന അവസ്ഥയ്‌ക്കെതിരെ പോരാടുന്നു എന്നതിന്റെ പേരിലാണ് സോണിസോറി എന്ന ആദിവാസി സ്ത്രീക്ക് പറഞ്ഞറിയിക്കാൻ‍ പറ്റാത്ത പീഡനങ്ങൾ‍ സഹിക്കേണ്ടിവന്നത്. സ്വാതന്ത്ര്യദിനത്തിൽ‍ ദേശീയ പതാകയ്ക്ക് പകരം കരിങ്കൊടി ഉയർ‍ത്തി എന്ന കുറ്റം ചുമത്തി സോണിസോറിയെ അറസ്റ്റ് ചെയ്തു. േസ്റ്റഷനിൽ‍ അവരെ പൂർ‍ണ്ണ നഗ്നയാക്കി നിർ‍ത്തി. പിന്നീട് കൊടിയ പീഢനങ്ങൾ. ചോര നിർ‍ത്താതെ ഒഴുകുകയായിരുന്നു. അവരുടെ ബോധം മറഞ്ഞു.

കോടതി ഇടപെടലിലൂടെ ചികിത്സ നൽ‍കാൻ‍ തീരുമാനമായി. സോണിയയുടെ രഹസ്യഭാഗങ്ങളിൽ‍ നിന്ന് ഡോക്ടർ‍മാർ‍ കല്ലുകൾ‍ ഓരോന്നോരോന്നായി എടുത്തുമാറ്റി. മൂന്നു പ്രസവിച്ച സ്ത്രീയാണ് സോണി, പക്ഷേ ആ കല്ലുകൾ‍ എടുത്തുമാറ്റുന്പോഴുണ്ടായ വേദന അതിനേക്കാളേറെ വേദനാജനകമായിരുന്നു. ജയിലിലും അവർ കൊടിയ പീഡനമാണ് നേരിട്ടത്. കൈകൊണ്ടാണ് കക്കൂസ് തുടപ്പിച്ചത്. ആദിവാസി സ്ത്രീയെന്ന നിലയിലാണ് ഈ ക്രൂരതയൊക്കെ അനുഭവിക്കേണ്ടി വന്നത്.

ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീകളോട് സൈനിക ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടിയ മൃഗീയത വെളിപ്പെടുത്തുന്നുണ്ട് സോണിസോറി. പണിസ്ഥലത്ത് നിന്ന് കുഞ്ഞിന് മുലപ്പാൽ‍ കൊടുക്കാൻ‍ സമയമായെന്ന് പറഞ്ഞാൽ‍ ഇത്ര ചെറുപ്പത്തിലേ നിനക്ക് കുഞ്ഞോ എന്ന് പറഞ്ഞ് അവരുടെ ബ്ലൗസ് കീറി മുലകൾ‍ അമർ‍ത്തി പാലൊഴുക്കും. ഈ അടുത്ത സമയത്ത് സോണിസോറി കേരളം സന്ദർ‍ശിച്ചപ്പോൾ‍ മാധ്യമ പ്രവർ‍ത്തകരോട് പറഞ്ഞതാണിതെല്ലാം.

ഇത്രമാരകമായ രീതിയിൽ‍ ആദിവാസി സ്ത്രീകളെ കൊല്ലാകൊല ചെയ്യുന്ന നാടാണ് ഇന്ത്യ. സോണിസോറി ഇന്ത്യൻ‍ ഭരണാധികാരികളോട് ചോദിക്കുന്നു, പശുവിനെ അമ്മയായി കാണുന്നവർക്ക്‍− ഞങ്ങളെ ഒരു സ്ത്രീയായി പോട്ടെ മനുഷ്യരായെങ്കിലും കാണാമായിരുന്നില്ലേ? ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്. മനുഷ്യാവകാശങ്ങൾ‍ ഹനിക്കപ്പെടുകയും, നീതി നിഷേധിക്കപ്പെടുകയും, മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്യുന്ന ഹീന നടപടികളിൽ‍ നിന്ന് ആദിവാസികളും, അവരുടെ സ്ത്രീകളും എന്നാണാവോ രക്ഷപ്പെടുക?

You might also like

Most Viewed