ജീവിതത്തിന്റെ കടൽ കവിതയ്ക്ക് മഷിപ്പാത്രം

കന്മന ശ്രീധരൻ
മലയാളത്തനിമയും താൻപോരിമയും സൗന്ദര്യവും മലയാളനാടിന്റെയും ഭാഷയുടെയും സമഗ്ര സൗന്ദര്യം ഉൾക്കൊള്ളുകയും പുനരാവിഷ്കരിക്കുകയും ചെയ്ത വശ്യവചസ്സ്. ‘കാച്ചിക്കുറുക്കിയ കവിത’യെന്ന് എം.എൻ. വിജയനും ‘മലയാളകവിതയുടെ യുഗപരിവർത്തനത്തിന് ഹരിശീ കുറിച്ച് കവിനാദങ്ങളിൽ ശ്രീ തന്നെയെന്ന്’ ഡോ. എം. ലീലാവതിയും മലയാളത്തിലെ കവിത്രയ സങ്കല്പം എഴുത്തച്ഛൻ, ആശാൻ, വൈലോപ്പിള്ളി എന്നിവരെ സംബന്ധിച്ചാണ് വേണ്ടതെന്ന് എസ്. രാജശേഖരനും വൈലോപ്പിള്ളിയുടെ രചനാ ലോകത്തെ വ്യത്യസ്ത തലങ്ങളിൽ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.
ചങ്ങന്പുഴയും വൈലോപ്പിള്ളിയും ഒരുവർഷം ജനിച്ചവർ. ഒരു നാട്ടുകാർ. ആയിരത്തിത്തൊള്ളായിരത്തി പതിനൊന്ന് മെയ് പതിനൊന്നിന് എറണാകുളത്തെ കലൂരിലാണ് വൈലോപ്പിള്ളിയുടെ ജനനം. അതേവർഷം തൊട്ടടുത്ത ഇടപ്പള്ളി ഗ്രാമത്തിൽ ചങ്ങന്പുഴയും. പതിനാറാമത്തെ വയസുമുതൽ ചങ്ങന്പുഴ കാവ്യമഴയായി തകർത്തു പെയ്തു. മുപ്പത്തിയാറാമത്തെ വയസ്സിൽ, പ്രണയിച്ച് മതിവരാത്ത ആ ഗാനഗന്ധർവൻ തന്റെ അന്ത്യഗാനവും പാടി വിട പറഞ്ഞു. അപ്പോഴൊക്കെ വൈലോപ്പിള്ളി കാവ്യസമാധിയിലായിരുന്നു. മുപ്പത്തിയാറാം വയസ്സിലാണ് അദ്ദേഹത്തിന്റെ കന്നി കൃതിയായ ‘കന്നിക്കൊയ്ത്ത്’ പുറത്തുവന്നത്. അപ്പോഴേക്കും ചങ്ങന്പുഴയുടെ മുപ്പത്തിയാറോളം കാവ്യസമാ ഹാരങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു.
ചങ്ങന്പുഴയുടെ കാൽപ്പനിക ധാരാളിത്തത്തെ മറികടന്ന് യാഥാർത്‍ഥ്യത്തിന്റെ കന്നിവയൽ വിളവൊരുക്കിയ കവിയായിരുന്നു വൈലോപ്പിള്ളി. കന്നിക്കൊയ്ത്ത് എന്ന ആദ്യസമാഹാരം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളുമായാണ് രംഗപ്രവേശനം ചെയ്തത്. മാന്പഴം, കന്നിക്കൊയ്ത്ത്, കാക്ക, സഹ്യന്റെ മകൻ, ആസാം പണിക്കാർ തുടങ്ങിയ കവിതകൾ ഉള്ളടക്കത്തിന്റെ വ്യത്യസ്ത രചനാസൗകുമാര്യം, മാനവികതയുടെ വിളംബരം എന്നിവ കൊണ്ട് വേറിട്ടു നിന്നു. വൈലോപ്പിള്ളി മലയാള കാവ്യലോകത്തിന് പ്രിയങ്കരനായി മാറി. കുയിലും മയിലും വിഹരിച്ച കാവ്യമണ്ധലത്തിൽ കാക്കയ്ക്ക് ഇടം കണ്ടെത്തിയ കവിഭാവനയുടെ അടിവേരുകൾ ആഴത്തിൽ വേരൂന്നിത്തുടങ്ങി.
‘ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിൻ കോടിപ്പടം താഴ്ത്താൻ’
എന്ന മന്ത്ര സമാനമായ ഈരടി മലയാളകവിതയുടെ മാറ്റത്തിന്റെ ധീരമായ പ്രഖ്യാപനമായിരുന്നു. ഓണവും ഓണപ്പാട്ടുകാരും വിഷുവും വിഷുക്കണിയും മറ്റു കാർഷിക സംബന്ധമായ ഉത്സവങ്ങളും ആവർത്തിച്ചാവർത്തിച്ച് നിത്യനൂതനയോടെ കവി ആവിഷ്കരിച്ചു. മലയാളത്തിന്റെ മാത്രമായ ആഘോഷങ്ങളും ആചാരങ്ങളും ഇത്രയധികം കവിതയിൽ ആവാഹിച്ചിട്ടുള്ള കവികൾ വേറെയില്ല. കാർഷിക സംസ്കൃതിയോട് അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശം അദമ്യമായിരുന്നു. സർപ്പക്കാട് വെട്ടിത്തളിച്ച് താൻ യുക്തിവാദിയാണെന്ന് വെളിപ്പെടുത്താനല്ല വളക്കൂറുള്ള ആ മണ്ണ് കൃഷിക്ക് ഉപയുക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഉർവ്വിയെ പുഷ്പിക്കും കലപോൽ നമുക്കത്ര നിർവൃതികരം സർഗ്ഗവ്യാപാരമുണ്ടോ മന്നിൽ’ എന്ന ചോദ്യം ആത്മാർത്‍ഥത മുറ്റി നിൽക്കുന്നത് തന്നെ.
‘ഏത് ധൂസര സങ്കല്പങ്ങളിൽ പിറന്നാലും
ഏത് യന്ത്രവൽകൃത ലോകത്തിൽ പിറന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൽ
മണവും മധുരവും ഇത്തിരിക്കൊന്നപ്പൂവും’
എന്ന ആശംസ കവിഹൃദയം തുറന്നു വെക്കുന്നതാണ്.
കന്നിക്കൊയ്ത്ത്, ശ്രീേരഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, കടൽകാക്കകൾ, കുരുവികൾ, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത്, മിന്നാമിനി, പച്ചക്കുതിര, മുകുളമാല, കൃഷ്ണമൃഗങ്ങൾ, തുടങ്ങിയ സമാഹാരങ്ങളിലായി നാനൂറ്റി അന്പത്തിമൂന്ന് കവിതകൾ വൈലോപ്പിള്ളി നമുക്ക് നൽകിയിട്ടുണ്ട്. ഇതിൽ ഓരോ കവിതയും സവിശേഷപഠനം അർഹിക്കുന്നവയാണ്. ഋഷ്യശൃംഗൻ, അലക്സാണ്ടർ എന്നീ നാടകങ്ങളും കവിയുടെതായിട്ടുണ്ട്. കാവ്യരസം കരകവിയുന്ന ആത്മകഥയാണ് വൈലോപ്പിള്ളിയുടെ ‘കാവ്യലോകസ്മരണകൾ’ അതിലൂടെ എത്രവട്ടം ഊളിയിട്ടു പോകുന്നതും മധുരാനുഭവം തന്നെ.
ൈവലോപ്പിള്ളി കവിതകളുടെ അടിയാധാരമായി വർത്തിച്ചത് മാനവികതാബോധമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ കേരളീയ സമൂഹത്തെ ഉണർത്തിയ പുരോഗമനോന്‍മുഖമായ ചലനങ്ങളുടെ ചാലകശക്തിയായിരുന്നു അത്. മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കർമ്മശേഷിയുടെയും മഹത്വാകാംക്ഷയുടെയും ഒക്കെ വിളംബരമായിരുന്നു ആ കാഴ്ചപ്പാട്. അതിന്റെ അനന്യസാധ്യതകളെ സാക്ഷാത്കരിച്ചു കൊണ്ടാണ് വൈലോപ്പിള്ളിക്കവിത ജീവിത മഹത്വത്തിന്റെ കോടിപ്പടമുയർത്തിയത്.
പ്രകൃതിയെ തന്റെ സൗകര്യാർത്‍ഥം സ്വയം നിർമിതികളിലൂടെ മാറ്റിത്തീർത്താണ് മനുഷ്യൻ അവന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചത്. ഏത് മഹാപർവ്വതത്തെയും വെല്ലാൻ കഴിയുന്നതാണ് മനുഷ്യന്റെ മാനസിക ശക്തിയെന്ന് കവി ഉറച്ചു വിശ്വസിച്ചു. മനുഷ്യപുരോഗതിയുടെ ആവി വണ്ടിക്ക് ഊളിയിട്ടോടാൻ മല തുരക്കുന്നതിനിടയിൽ ഉയർന്നു വന്ന പ്രതിബന്ധങ്ങളെ നോക്കി ‘മർത്യവീര്യമീയദ്രിയ വെല്ലും’ എന്ന് പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. എങ്കിലും വികസനത്തിന്റെയും പ്രകൃതി ധ്വംസനത്തിന്റെയും മാറ്റത്തെ കവി അപ്പാടെ പിന്തുണച്ചില്ല. മാനവികതാബോധത്തിന്റെ അടിസ്ഥാന ശ്രുതി നിലനിൽക്കുന്പോൾ തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതവും ലയാത്മകവുമായ ബന്ധത്തിലേക്ക് വൈലോപ്പിള്ളിക്കവിത വളരുന്നുണ്ട്. പ്രകൃതിയെ കീഴ്പ്പെടുത്തുന്നവൻ എന്ന നിലയിൽ നിന്ന് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവൻ എന്ന നിലയിേലക്ക് മനുഷ്യനെ ഉയർത്തിക്കൊണ്ടു വന്ന പാരിസ്ഥിതിക ബോധത്തിലേക്ക് ‘മൃതസഞ്ജീവിനി’ എന്ന കാവ്യനാടകം എത്തുന്നുണ്ട്. അതിലെ കുറത്തി കിനാവിൽ കേൾക്കുന്ന പുഴയുടെ തോറ്റത്തിൽ ഈ വികാര വിചാരങ്ങളെല്ലാം വിലയിക്കുന്നതായിക്കാണാം. കീഴാള ജനതയയും പെൺമയെയും പ്രകൃതിയെയും ക്രൂരമായി ചൂഷണം ചെയ്യുന്നതിന്റെയും ഭീതിദമായ ചിത്രം നമുക്കിവിടെ കാണാം. അപ്പോഴും മനുഷ്യൻ കവിതയുടെ കബന്ധ സ്ഥാനത്തുണ്ട്. അതിജീവനത്തിനു പോലും ഭീഷണിയുയരുന്പോൾ മനുഷ്യന്റെ സ്ഥിതിയെന്താണ് എന്ന ഉൽക്കണ്ഠ കവിെയ നയിക്കുന്നു. ഇതുകൊണ്ടൊന്നും മാനവ ഹുംകൃതിയുടെയും പ്രകൃതിയെ വെട്ടിമുറിച്ച് മുന്നേറുന്ന വികസനവാദത്തിന്റെയും കവിയായി വൈലോപ്പിള്ളിയെ മുദ്രകുത്തുന്നതിൽ അർത്‍ഥമില്ല. ആദ്യ കവിതാസമാഹാരത്തിലെ സഹ്യന്റെ മകൻ ഇന്നും നമ്മുടെ മുന്പിലുണ്ട്. സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ മാറ്റൊലിക്കൊണ്ട ആ ശബ്ദം മലയാളിയുടെ മനസിൽ ഇന്നും മുഴങ്ങുന്നുണ്ട്.
നിസ്വവർഗത്തോടുളള സഹാനുഭൂതി, ശുഭാപ്തി വിശ്വാസം, സഹജീവി സ്നേഹം തുടങ്ങിവയെല്ലാം ൈവലോപ്പിള്ളിക്കവിതകളിൽ നിറഞ്ഞുനിന്നു. നെഞ്ചുകീറി നരനെക്കാട്ടാൻ വെന്പൽ കൊള്ളുന്ന കവി വിശ്വമാനവികതയുടെ അന്തർധാരയായി വർത്തിക്കുന്ന മൂല്യബോധമാണ് അദ്ദേഹത്തിന്റെ കവിതകളെ ദീ പ്തമാക്കിയത്.
‘വിശ്വസംസ്കാര പാലകരാകും വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ ആകുമോ ഭവാന്‍മാർക്കു നികത്താൻ ലോക സാമൂഹ്യ ദുർനിയമങ്ങൾ സ്നേഹ സുന്ദര പാതയിലൂടെ വേഗമാകട്ടെ, വേഗമാകട്ടെ’
എന്ന സഹജീവികളോടുള്ള വൈലോപ്പിള്ളിയുടെ ആഹ്വാനം ഇന്നും ഏറെ പ്രസക്തം തന്നെ.
വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു രചനയാണ്. കവിയുടെ ജീവചരിത്രം കൂടി മനസിൽ വെച്ചുകൊണ്ട്, ദാന്പത്യജീവിതത്തിലെ പ്രണയവും കലഹവും ഊടും പാവുമിട്ട ഒരു രചനയായാണ് ഇത് വായിച്ചു പോരുന്നത്. കാർമൂടിയ ആകാശവും കണ്ണീർപ്പാടവും വെള്ളത്തിൽ മുങ്ങി വഴി കാണാതെ വഴുക്കുന്ന വരന്പിലൂെട തെന്നി നീങ്ങുന്ന ദന്പതിമാരുടെ യാത്രയുമെല്ലാം ചരിത്രത്തെ കാവ്യവൽക്കരിക്കാനും കവിതയെ ചരിത്രവൽക്കരിക്കാനും വൈലോപ്പിള്ളിക്കുള്ള പാടവം കൂടി വെളിപ്പെടുത്തുന്നുണ്ട്.
വൈലോപ്പിള്ളിയുടെ രാഷ്ട്രീയ പ്രബുദ്ധതയും േദശീയബോധവും ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെട്ടത് അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ കവിതകളിലായിരുന്നു. ഏകാധിപത്യത്തിന്റെ ശബ്ദവും രാക്ഷസീയ ഭാവങ്ങളും കവിയെ അസ്വസ്ഥനാക്കി. പ്രതിഷേധം ആളിപ്പടർന്നു. സർക്കാരിന്റെ സെൻസറിംഗിനെയും അതിജീവിച്ച് അടിയന്തിര ക്കവിതകളും കാർട്ടൂൺ കവിതകളും വെളിച്ചം കണ്ടു. ശ്രീവത്സം, കുരങ്ങുമാമൻ, മാേവലി നാടുവാണീടും കാലം, മിണ്ടുക മഹാമുന, പുലിയമ്മ, ഹരിജനങ്ങളുടെ പാട്ട്, തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. അടിയന്തിരാവസ്ഥക്കാലത്തെ പതിനൊന്ന് കവിതകൾക്ക് ‘മകരക്കൊയ്്്ത്തി’ൽ നൽകിയ ഉപശീർഷകം തന്നെ ‘അടിയന്തിരം’ എന്നായിരുന്നു.
1985 ഡിസംബർ 22ന് മഹാകവി നമ്മെ വിട്ടുപിരിഞ്ഞു. നിളാതീരത്തെ അഗ്നിനാളങ്ങൾ ആ ഭൗതികശരീരം വിഴുങ്ങി. എങ്കിലും മലയാളത്തനിമയുടെ നിത്യചാരുതയായി ആ കവിതകൾ ഇന്നും ജീവിക്കുന്നു. ജീവിതഗന്ധികളായ ൈവലോപ്പിള്ളിക്കവിത പുനർവായനക്ക് പലതവണ വിധേയമാകും. പുതിയ രൂപത്തിൽ അവ പുനർജനിക്കും. പുതിയ പുതിയ സൗന്ദര്യസങ്കേതങ്ങൾ ഉയർന്നുവരും. വായിച്ചു തീരാത്ത മഹാകവിതകളുടെ ഉറവിടമായി വൈലോപ്പിള്ളി എന്നെന്നും നമ്മോടൊപ്പമുണ്ടാവും.