മഹാമാറ്റങ്ങളുടെ വർഷാന്ത്യം
വി.ആർ. സത്യദേവ്
ലോകം പതിവുപോലെ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങളുടെ ദിശാഗതിയും വേഗതയും അതു നിരീക്ഷിക്കുന്നവരെ തികച്ചും അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. മലയാള ടെലിവിഷൻ സീരിയലുകളുടെ തനതു ശൈലിയിലാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിന്റെ കഥാഗതിയും. ഒരു കഥ പൂർണ്ണമായെന്നു കരുതുന്പോഴായിരിക്കും അതിനൊരു ട്വിസ്റ്റ്. യുക്തിയുമായി പുലബന്ധം പോലുമുണ്ടാവില്ല അത്തരത്തിലുള്ള ഗതിമാറ്റങ്ങൾക്ക്. അതു തന്നെയാണ് അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെയും സ്ഥിതി. ഒരു കൊല്ലക്കാലം നീണ്ട തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ വിജയപ്രഖ്യാപനത്തോടേ പൂർത്തിയായി എന്നതായിരുന്നു പൊതുസമൂഹത്തിന്റെ ധാരണ. എന്നാൽ സംഗതികൾ അവിടം കൊണ്ടൊന്നും അവസാനിച്ചിട്ടില്ലെന്നതാണ് അമേരിക്കയിൽ നിന്നുള്ള പുത്തൻ വർത്തമാനങ്ങൾ വ്യക്തമാക്കുന്നത്.
ട്രംപ് അമേരിക്കയുടെ നിയുക്ത പ്രസിഡണ്ടായിക്കഴിഞ്ഞു. പുതിയ സർക്കാർ രൂപീകരണ നടപടികളുമായി അദ്ദേഹം അതിവേഗം മുന്നോട്ടു പൊയ്ക്കൊണ്ടുമിരിക്കുകയാണ്. അതിൽ പലതീരുമാനങ്ങളും വിവാദങ്ങൾക്കു വഴിമരുന്നിടുന്നുണ്ട് എന്നും നമുക്കറിയാം. അതിൽ ഏറ്റവും പുതിയതാണ് ഇസ്രായേലിലെ പുതിയ അമേരിക്കൻ പ്രതിനിധിയെ സംബന്ധിച്ച തീരുമാനം. തീവ്ര ഇസ്രായേൽ പക്ഷപാതിയായ ഡേവിഡ് ഫ്രീഡ്മാനെയാണ് ട്രംപ് ഈ പദവിയിലേക്കു കണ്ടുവച്ചിരിക്കുന്നത്. പലസ്തീൻ പ്രശ്നം ഇസ്രായേലിന്റെ താൽപ്പര്യത്തിനനുസരിച്ച് പരിഹരിക്കണമെന്ന നിലപാടുകാരനാണ് ഫ്രീഡ്മാൻ. അത് പലരുടെയും നെറ്റി ചുളിപ്പിക്കുന്നുണ്ട്. ട്രംപിന്റെ വിദേശ നയത്തിലെ കടുപ്പത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നതാണ് ഫ്രീഡ്മാനെ നിയമിക്കാനുള്ള തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിനിടെ അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ച ഈമെയിൽ വിവാദത്തിനു വഴിവച്ച ഹാക്കിംഗിനെപ്പറ്റിയും ഒരു വശത്ത് വലിയ വിവാദങ്ങൾ ഉയരുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിൻ്റന്റെ പരാജയത്തിന് ആക്കം കൂട്ടിയ ഈ മെയിൽ വിവാദത്തിനു വഴിവച്ച ഹാക്കിംഗ് നടന്നത് റഷ്യൻ പ്രസിഡണ്ട് വ്ളാദീമിർ പുടിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോഴുയർന്നിരിക്കുന്നത്. ട്രംപ് പുട്ടിന്റെ ആളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നേരത്തേ ഉയർന്നിരുന്നു. ഇപ്പോഴുയർന്നിരിക്കുന്ന ആരോപണങ്ങൾ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമതന്നെ ഗൗരവത്തിലെടുത്തതോടയാണ് കാര്യങ്ങൾ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നത്. ആരോപണം ശുദ്ധ അസംബന്ധമെന്നതാണ് ട്രംപിന്റെ നിലപാട്. ആരോപണങ്ങളിലൊന്നും കൂസാതെ സ്വതസിദ്ധമായ പരുക്കൻ പ്രതികരണങ്ങളും കൂടുതൽ കടുത്ത നിലപാടുകളുമായി ട്രംപ് മുന്നോട്ടു പോവുകയുമാണ്.
എന്നാൽ ഇപ്പോഴുയർന്നിരിക്കുന്ന ഹാക്കിംഗ് വിവാദത്തിന് മറ്റൊരു തലവുമുണ്ട്. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ ഇതുവരെക്കാണാത്ത വഴിത്തിരിവുകളിലൂടെയാണ് ഇത്തവണ കടന്നു പോകുന്നത്. സാധാരണയായി ഒരുസ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യപിച്ചുകഴിഞ്ഞാൽ എതിരാളി ഉടനടി ആ വിജയം അംഗീകരിക്കാറാണു പതിവ്. എന്നാലിത്തവണ ട്രംപിന്റെ വിജയ പ്രഖാപനത്തോട് കാത്തു നിന്ന മാദ്ധ്യമപ്രവർത്തകരോടു പോലും പ്രതികരിക്കാതെ ഹിലരി ക്ലിൻൺ പിൻവാങ്ങുകയായിരുന്നു. വിജയപ്രഖ്യാപനം പൂർത്തിയായി ട്രംപ് മന്ത്രിസഭാരൂപീകരണനടപടികളുമായി മുന്നോട്ടു പോകുന്പോഴും ട്രംപ് പ്രസിഡണ്ടു പദവിയേൽക്കുന്നതിനെ എങ്ങനെ തടയിടാമെന്ന കൂലംകഷമായ ആലോചനയിലാണ് ഡെമാക്രാറ്റുകൾ. ഇത് അമേരിക്കൻ ഡെമോക്രസിയുടെ കടയ്ക്കൽ കത്തി വയ്ക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
അമേരിക്കക്കാരനുപോലും ശരിക്കറിയാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് അവിടുത്തെ തെരഞ്ഞെടുപ്പു പ്രക്രിയ. പോപ്പുലർ വോട്ടുകൾ കൂടുതൽ നേടിയാലും എലക്ടറൽ വോട്ടുകളുടെ കാര്യത്തിൽ പിന്നാക്കം പോയ വ്യക്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെടാം. ജനാധിപത്യത്തിന്റെ അന്തസത്തയായ ഭൂരിപക്ഷം എന്ന വാക്കിന് ഇവിടെ അർത്ഥം നഷ്ടമാകുന്നു. പ്രസിഡണ്ട് ക്ലിൻറണു പിന്നാലേ അമേരിക്കൻ പ്രസിഡണ്ടു സ്ഥാനത്തേക്കു മൽസരിച്ച അൽ ഗോർ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബുഷ് ജൂണിയറിനോട് പരാജയപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലായിരുന്നു. അന്ന് ലോകത്തിനുമുന്നിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ സത്ത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആ നാണക്കേട് ഒരുപക്ഷേ ഇരട്ടിപ്പിക്കാൻ തന്നെ പര്യാപ്തമാണ് ഇപ്പോൾ ഉയർന്നു വരുന്ന പുതിയ നീക്കങ്ങൾ.
ഒൗപചാരികമായി സാധാരണഗതിയിൽ ഒരിക്കൽപ്പോലും ഒന്നിച്ചു ചേരാത്ത ഇലക്ടറൽ കോളേജ് ഒന്നിച്ചു ചേർന്ന് പ്രസിഡണ്ടു തെരഞ്ഞെടുപ്പുഫലം പുനർ വിചിന്തനം ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് സംജാതമാകുന്നത്. അതാതു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം യോഗങ്ങൾ നടക്കുന്നത്. നാളെയാണ് നിർണ്ണായകമായേക്കാവുന്ന ഇത്തരം യോഗങ്ങൾ നടക്കുന്നത്. നിലവിലെ കണക്കുകൾ വച്ച് അട്ടിമറികൾക്കൊന്നും സാദ്ധ്യതയില്ല. എന്നാൽ ട്രംപ് വിരുദ്ധ നേതൃനിലപാടുകൾ വച്ചു നോക്കുന്പോൾ എന്തായിരിക്കും ആത്യന്തികമായി സംഭവിക്കുക എന്നത് പൂർണ്ണമായി പ്രവചിക്കാനും സാദ്ധ്യമല്ല. ട്രംപിന്റെ കാര്യത്തിൽ വിരോധമുള്ള നേതാക്കളുടെ എണ്ണം ഏറിയായും അത്ഭുതമല്ല. ട്രംപാവട്ടെ സാധാരണ അമേരിക്കൻ പ്രസിഡണ്ടുമാർക്ക് അവശ്യം വേണ്ട പാകതയോ സംയമനമോ ഇല്ലാതെയാണ് പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നേരത്തേ പരാമർശിച്ച ഇസ്രായേൽ നിയുക്ത അംബാസിഡറുടെ കാര്യം മാത്രമല്ല ഇതിനുദാഹരണം. ലോകക്രമത്തിൽ വലിയമാറ്റങ്ങളുണ്ടാക്കുമെന്ന അതിശക്തമായ സൂചനകൾ നൽകുന്നതാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോന്നും. നിയുക്ത അംബാസിഡർ ഫ്രീഡ്മാന്റെ ചില പ്രസ്താവനകളും ഈ സൂചനയാണ് നൽകുന്നത്. ഒബാമ ഭരണകൂടത്തിന്റെ തൊപ്പിയിലെ ഏറ്റവും നല്ല തൂവലുകളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് ഇറാനുമായുള്ള സമാധാനസ്ഥിതി. എന്നാൽ ഇറാനോടുള്ള ട്രംപിന്റെ നിലപാട് വലിയ തോതിൽ വ്യത്യസ്ഥമായിരിക്കുമെന്നാണ് ഫ്രീഡ്മാൻ പറയുന്നത്. ഇത് മേഖലയിലെ സമാധാനസ്ഥിതി കൂടുതൽ അവതാളത്തിലാക്കുമെന്നുറപ്പ്.
ചൈനയുമായുള്ള അമേരിക്കൻ ബന്ധത്തിലും ട്രംപ് അധികാരമേൽക്കുന്നതോടെ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന് ഉറപ്പാണ്. വ്യാഴാഴ്ച അമേരിക്കയുടെ ഒരു അന്തർ വാഹിനി ചൈന പിടികൂടിയിരുന്നു. ഇതിനെച്ചൊല്ലി അമേരിക്ക ചൈന ബന്ധം വഷളായിരിക്കുകയാണ്. മേഖലയിൽ ശാസ്ത്രപര്യവേഷണം നടത്തിക്കൊണ്ടിരുന്ന ആളില്ലാ അന്തർവാഹിനിയാണ് ചൈന പിടികൂടിയത്. ഇത് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ധാരണയായെന്ന് അമേരിക്കൻ സൈനികവൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. ഇതിനിടെ ട്രംപ് ഇക്കാര്യത്തിൽ നടത്തിയ പ്രതികരണവും വിവാദത്തിനു വഴിമരുന്നിടുന്നതാണ്. ചൈന മോഷ്ടിച്ച അന്തർവാഹിനി ഇനി തങ്ങൾക്ക് വേണ്ട, അത് അവർക്കു തന്നെ സൂക്ഷിക്കാം എന്നതായിരുന്നു ട്രംപിന്റെ പ്രസ്താവന. അമേരിക്കയുടെ ചൈനാനയത്തിലും പൊളിച്ചെഴുത്തു നടത്തുമെന്നും ഒറ്റ ചൈനാ നയം പുന പരിശോധിക്കുമെന്നുമൊക്കെയുള്ള ട്രംപിന്റെ പ്രഖ്യാപിത നിലപാടുകളുടെ തുടർച്ചയാണ് ഇത്. ചൈനയുമായി പ്രശ്നങ്ങളുള്ള തായ്്വാന്റെ പ്രസിഡണ്ടുമായി കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ ടെലഫോൺ സംഭാഷണം വിവാദമായിരുന്നു.
അമേരിക്കാ കേന്ദ്രീകൃതമായ രാഷ്ട്രീയ സംഘർഷങ്ങൾ ഇത്തരത്തിൽ പുരോമിക്കുന്പോൾ പശ്ചിമേഷ്യയിലെ സിറിയയും യെമനുമൊക്കെ തങ്ങളുടെ ചരിത്രത്തിൽ രക്തച്ചൊരിച്ചിലിന്റെ പുത്തനദ്ധ്യായങ്ങൾ എഴുതിച്ചേത്തുകൊണ്ടിരിക്കുകയാണ്. സിറിയയിലെ ആലപ്പോയിൽ സർക്കാർ പക്ഷവും വിമതരും തമ്മിലുള്ള ചോരച്ചൊരിച്ചിൽ തുടരുകയാണ്. കുഞ്ഞുങ്ങളും നിരപരാധികളായ സ്ത്രീകളുമടക്കം നൂറുകണക്കിനാൾക്കാർ പൊരിഞ്ഞ പോരാട്ടത്തിൽ ദിനംപ്രതി ആയുസ്സെത്താതെ മരിച്ചു വീഴുന്നു. ഈ പാവങ്ങളെ രക്ഷിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾ കുടിപ്പകകളിലും സ്വാർത്ഥതയിലും തട്ടി തകർന്നടിയുന്നു. ആലപ്പോ ഏതു സമയവും സർക്കാർ പക്ഷത്തിന്റെ നിയന്ത്രണത്തിലാകും. എങ്കിലും അവിടുത്തെ സാധാരണക്കാരുടെ സ്ഥിതി പരിതാപകരമായി തുടരുമെന്ന കാര്യത്തിൽ മാത്രം സംശയമില്ല.
മാറ്റങ്ങളും മാറ്റമില്ലായ്മകളും ഇങ്ങനെ തുടരുന്പോഴും മാറ്റങ്ങളുടെ കാര്യം പറയുന്പോൾ ഇന്ത്യക്കാർക്ക് ഇപ്പോളാദ്യം ഓർമ്മയിലെത്തുന്നതു നോട്ടു മാറ്റം തന്നെയാണ്. ഒരുപാടുപേർക്കു ദുരിതങ്ങൾ സമ്മാനിച്ച നോട്ടുമാറ്റം ആഗോളതലത്തിൽ അത്യപൂർവ്വതയാണെന്നും ആഗോള തോൽവിയെന്നുമൊക്കെ ഒരുപക്ഷം പറയുന്പോൾ അങ്ങു വെനിസ്വേലയിൽ നിന്നുള്ള വാർത്ത നോട്ടുമാറ്റം ഇതിലും ഏറെ ദുരിതം പകരാമെന്ന വാസ്തവമാണ് വ്യക്തമാക്കുന്നത്. വെനിസ്വേല വിപ്ലവത്തിന്റെ നാടാണ്. തെക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള നാട്. ബൊളീവിയൻ വിപ്ലവമെന്ന പേരിൽ വിപ്ലവാനുകൂലികൾക്ക് ഏറെ ആവേശം പകർന്ന മഹാ സംഭവത്തിന്റെ നാട്. നമ്മുടെ സ്വന്തം ഹ്യൂഗോ ചാവേസിന്റെ നാട്. വിപ്ലവം വിജയിച്ചു പുഷ്കലമായപ്പോൾ രാജ്യത്തെ സാന്പത്തികാവസ്ഥ പടുകുഴിയിലായി. പണപ്പരുപ്പത്തോത് ലോകറെക്കോഡിലെത്തി. ഹ്യൂഗോ ചാവേസിന്റെ പിൻഗാമി നിക്കളാസ് മഡുറോയാണ് ഇപ്പോൾ നോട്ടുമാറ്റ ഫോർമുല നടപ്പാക്കി കുഴപ്പത്തിലായിരിക്കുന്നത്. രാജ്യത്ത് അവശ്യസാധന ദൗർലഭ്യമടക്കം ദുരിതങ്ങളുടെ പെരുമഴ തുടരുകയാണ്. തെക്കേ അമേരിക്കയിൽ നിന്നും വീണ്ടും പശ്ചിമേഷ്യയിലെത്തുന്പോൾ അസ്വസ്ഥകകളുടെ നിലയില്ലാക്കയത്തിലകപ്പെട്ട യമനിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തയും ഒരു ചാവേറാക്രമണത്തിൻ്റേതാണ്. ഇന്നുണ്ടായ ചാവേറാക്രമണത്തിൽ ഏദനിൽ കൊല്ലപ്പെട്ടത് 41 പേരാണ്. കുരുതികൾ തുടരുകയാണ്. അസ്വസ്ഥതകളും അസ്ഥിരതയും തുടരുകയാണ്.
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം.