ജയ് ബഹ്‌റിനോന...
സുമ സതീഷ്
സന്പൽസമൃദ്ധിയുടെ സാമ്രാജ്യമാണ് അറബ് രാഷ്ട്രങ്ങൾ. പ്രൗഢിയുടെ പര്യായമായ ബഹ്റിൻ മലയാളികളുടെ പ്രിയപ്പെട്ട രാഷ്ട്രങ്ങളിൽ ഒന്നാണ്. ബഹ്റിനിലെത്തിയ ഒട്ടുമിക്ക പ്രവാസിയും ഇവിടുത്തെ അനുകൂല സാന്പത്തിക−സാംസ്ക്കാരിക−സാമൂഹിക ചുറ്റുപാടിൽ വർഷങ്ങളോളം മതിമറന്നു ജീവിക്കുകയാണ്. ഈ രാജഭരണത്തിൽ നമുക്കൊരു വിശ്വാസമുണ്ട്. പ്രജകളുടെ ജീവിതമാർഗവും നിലനിൽപും ക്ഷേമവും സസൂക്ഷ്മം നിരിക്ഷിച്ച് ഭരണം നടത്തുന്ന രാജാക്കന്മാരാണിവിടെ. രാജ്യത്തിന്റെ ആകെ ജനസംഖയുടെ മൂന്നിൽ ഒരു ഭാഗം പ്രവാസികളാണ്. പ്രവാസികളോട് ഇത്രയധികം സഹകരിക്കുന്ന വേറെയൊരു ഭരണകൂടവും ഇല്ല തന്നെ.
ദി കിങ്‌ഡം ഓഫ് ബഹ്‌റിൻ, എന്ന പേരിൽ അറിയപ്പെടുന്ന ഏഷ്യൻ വൻകരയുടെ തെക്കു പടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. മധ്യപൂർവ ദേശത്തെ, 665 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തീർണമുള്ള വളരെ ചെറിയൊരു ദ്വീപാണ് ബഹ്‌റിൻ. ‘രണ്ടു കടലുകൾ’ എന്നതാണ് ബഹ്‌റിൻ എന്ന പദത്തിനർത്ഥം. രാജഭരണമുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം മനാമയും നാണയം ‘ബഹ്‌റിൻ ദിനാറു’മാണ്. പരിമിതമായ ജനാധിപത്യമാണ് അനുവദിക്കുന്നതെങ്കിലും ജനപ്രതിനിധികളെ തിരിഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള പൗരന്മാർ തന്നെ ആണ്.
ബ്രിട്ടീഷുകാരിൽ നിന്നും,1971 ഓഗസ്റ്റ് 15−നാണു ബഹ്റിൻ സ്വതന്ത്രമായത്. ലോകത്തെ ഏറ്റവും മികച്ച മുത്തുക്കളുടെ കലവറയായ ബഹ്‌റിൻ 1930−ൽ ഗൾഫ് പ്രദേശത്തു ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ രാജ്യം കൂടി ആണ്. ഡിസംബർ 16−ന് നടക്കുന്ന വർണാഭമായ ദേശീയ ദിനാഘോഷം സ്വദേശികൾക്കൊപ്പം വിദേശികളും പരമമായ പ്രാധാന്യം നൽകി കൊണ്ടാടാറുണ്ട്. അറബ് രാജ്യങ്ങളിൽ വെച്ചു ഏറ്റവും സ്വതന്ത്രമായ സാമൂഹിക− സാന്പത്തിക ഘടനയുള്ള ബഹ്‌റിൻ ഇത്തരം ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും വലിയ സ്ഥാനം നൽകുന്നു. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയൽ രാജ്യങ്ങൾ. സംസ്കാരം, പാരന്പര്യം, കല, സംഗീതം, നൃത്തം, കായികം തുടങ്ങിയതിലെല്ലാം മുൻ നിരയിലുള്ള ബഹ്റിനികൾക്ക് കാൽപ്പന്തു കളിയിലാണ് ഏറെ പ്രിയം. ജനസംഖ്യയിലുള്ള മൂന്നിൽ രണ്ടു അറബികളിലും ഒമാനികളും സൗദികളും വരും. ഇന്ത്യക്കാരടക്കം ലക്ഷങ്ങളാണ് വിദേശികളായുള്ളത്. വൈദഗ്ദ്ധ്യം കുറഞ്ഞ തൊഴിലാളികൾ രാജ്യത്തിന്റെ ഒരു ന്യൂനതയാണ്. അതുകൊണ്ട് വിദേശ നിക്ഷേപത്തെയും തൊഴിൽ സാധ്യതകളെയും പ്രോത്സഹിപ്പിക്കുന്നതിൽ രാജഭരണം എന്നും ഉത്സാഹം കാണിക്കുന്നതാണ്, ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിത മാർഗമാവുന്നത്. ചരിത്ര പ്രസിദ്ധമായ ബഹ്‌റിൻ ടെന്പിൾ, അറാദ് ഫോർട്ട്, റിഫാ ഫോർട്ട്, ബഹ്‌റിൻ ഫോർട്ട്, ബഹ്‌റിൻ നാഷണൽ മ്യൂസിയം, അൽ ഫത്തേ മോസ്‌ക്, ട്രീ ഓഫ് ലൈഫ് എന്നിവ വിദേശീയരുടെ ആകർഷണ കേന്ദ്രങ്ങളാണ്. ഡെൽമൻ കൾച്ചറിന്റെ ഭാഗമായ ബാർബാർ ടെന്പിൾ അതിന്റെ എല്ലാ പ്രാധാന്യത്തോടും സംരക്ഷിക്കുന്നതിൽ ഭരണകൂടം ഇന്നും സന്നദ്ധരാണ്. ട്രീ ഓഫ് ലൈഫ് 400−ലധികം വർഷങ്ങൾ പഴക്കമുള്ള മരുഭൂമിയിലെ അത്ഭുത വൃക്ഷമാണ്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ബഹ്റിൻ ഗവൺമെന്റ് ആരോഗ്യപരിപാലനത്തിൽ വളരെ മുന്നിലാണ്. പ്രധാനപ്പെട്ട മൂന്ന് ഗവൺമെന്റ് ഹോസ്പിറ്റലുകളും മറ്റനേകം ക്ലിനിക്കുകളും ഉള്ള ഈ ദ്വീപിലെ ആശുപത്രി സേവനം മികച്ചത് തന്നെ ആണ്. ആധുനിക സജ്ജീകരണവും ഉയർന്ന നിലവാരമുള്ള യന്ത്രസാമഗ്രികളും ഹൈജീനിക് വ്യവസ്ഥയും അഭിനന്ദനാർഹം തന്നെ. മുഖ്യമായ ഒന്ന് അടിയന്തര ഘട്ടത്തിൽ ആർക്കും സൗജന്യ ചികിത്സ കിട്ടുന്നു എന്നതാണ്. ഒരു CPR (സെൻട്രൽ പോപുലേഷൻ രജിസ്റ്റർ) കൈയിലുള്ള ഏതൊരാൾക്കും എമർജൻസി വഴി പ്രവേശിക്കപ്പെട്ടാൽ വളരെ പരിമിതമായ നിരക്കിൽ ചികിത്സാസൗകര്യം ലഭിക്കുന്നുണ്ട്. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും അശരണർക്കും ഇതൊരു വലിയ ആശ്വാസം തന്നെയാണ്.
മലയാളിയുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഈ ബഹ്റിൻ. ഇവിടെ എത്തപ്പെട്ടവർ വളരെ അപൂർവമായേ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാറുള്ളൂ. ഇവിടെയെത്തുന്നവരിൽ വലിയൊരു വിഭാഗവും ഇരുപതോ മുപ്പതോ വർഷങ്ങളായി ഈ ഭൂമിയുമായി ഇഴുകി കഴിയുന്നു. ജോലിയുടെ കാര്യമായാലും കേറി പറ്റിയ കസേര മാറാനുള്ള ചിന്ത ആർക്കും വരുന്നേ ഇല്ല. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി താരതമ്യേന ചെലവ് കുറഞ്ഞ ജീവിത സാഹചര്യവും ആത്മാർത്ഥതയും ഉറച്ച വ്യക്തിബന്ധങ്ങളുമാണ് ഇതിന്നാധാരം. ഇവിടം കല−ാ സാംസ്കാരിക− സാമൂഹ്യ− രാഷ്ട്രീയ− മത സംഘടനകൾ ധാരാളമുണ്ടെന്നത് തന്നെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യബോധം വിളിച്ചുപറയുന്നു. കേരളത്തിൽ പോലും ഇത്രയധികം സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകൾ കാണില്ല. സൗഹാർദ്ദവും സഹിഷ്ണുതയും കൈമുതലായുള്ള ഈ കൊച്ചു പറുദീസ ലോകത്തിനു തന്നെ എല്ലാ അർത്ഥത്തിലും മാതൃകയാണ്. ഈ രാജ്യം കാണിക്കുന്ന സഹവർത്തിത്വവും ശുഷ്‌കാന്തിയും നമ്മളോരോരുത്തരും ഗൗരവത്തോടെ വീക്ഷിക്കേണ്ടതും പൂർണമായും അംഗീകരിക്കേണ്ടതുമാണ്. ഇവിടം വസിക്കുന്ന കാലത്ത് അതുകൊണ്ട് തന്നെ ഇവിടെയുള്ള ഭരണാധികാരികളോടും, രാജ്യത്തോടും നാമെല്ലാവരും കടപ്പെട്ടിരിക്കണം. ജയ് ബഹ്‌റിനോന (നമ്മുടെ ബഹ്‌റിൻ).