ദേശം വിടുന്നവരുടെ നിഷ്കളങ്ക ദേശസ്നേഹം
രാജീവ് വെള്ളിക്കോത്ത്
ദേശം വിട്ടാൽ സ്വന്തം രാജ്യത്തോടും അവർ ജോലി ചെയ്യുന്ന രാജ്യത്തോടും നൂറു ശതമാനവും സ്നേഹം കാണിക്കുന്നവരാണ് ഇന്ത്യക്കാർ. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളാണെങ്കിൽ പോലും അവരുടെ ആഘോഷങ്ങളെ വർണ്ണാഭമാക്കാൻ കൈയും മെയ്യും മറന്ന് പ്രയത്നിക്കാൻ ഇന്ത്യക്കാർ തയ്യാറാക്കുന്നു.
ബഹ്റിനിലും സ്ഥിതി വ്യത്യസ്തമല്ല. ദേശീയദിനത്തിൽ ഏറ്റവും കൂടുതൽ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് രാജ്യത്തോട് ആദരവ് പ്രകടമാക്കുന്നതിൽ മലയാളി സംഘടനകൾ മുന്നിൽ തന്നെയാണ്. ബഹ്റിൻ ദേശീയ ഗാനാലാപനത്തിലും മലയാളി കുട്ടികൾ സ്‌കൂളുകളിൽ കാണിക്കുന്ന ഉത്സാഹവും ശ്രദ്ധയും എടുത്തുപറയേണ്ടതാണ്. ബഹ്റിൻ ദേശീയ ദിനത്തോടനുബന്ധിച്ചു പ്രവാസി സംഘടനകൾ നടത്തുന്ന പ്രധാന പരിപാടിയാണ് രക്തദാന ക്യാന്പുകൾ. ബഹ്റിനിലെ പ്രധാനപ്പെട്ട രക്തബാങ്കായ സൽമാനിയ ആശുപത്രി രക്തബാങ്കിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്ന മനുഷ്യസ്നേഹികൾ മലയാളികൾ തന്നെ ആയിരിക്കാം. പ്രവാസ സംഘടനയായ കെ.എം.സി.സിക്കാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ ഉള്ളത്. ബഹ്റിൻ ആരോഗ്യ മന്ത്രാലയം തന്നെ ഇവരെ ഇക്കാര്യത്തിൽ പ്രകീർത്തിച്ചിട്ടുണ്ട്. അപൂർവ്വമായ രക്തഗ്രൂപ്പുകൾ പോലും ഇവരുടെ ഡാറ്റയിലുണ്ട്. ഇങ്ങിനെ സ്വന്തം രക്തം നൽകിയും ദേശീയ ദിനത്തിൽ പല ആഘോഷങ്ങളും നടത്തിയും ദേശസ്നേഹം കാണിക്കുന്ന മലയാളികൾ മറ്റുള്ളവർക്ക് മാതൃകകൾ ആകുന്നു. വിദേശ രാജ്യങ്ങളിൽ വച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും ഗാന്ധിജയന്തിയും റിപ്പബ്ലിക് ദിനങ്ങളും സമുചിതമായി ആഘോഷിക്കുന്നവർ ഇന്ത്യക്കാരെക്കാളും കൂടുതൽ പ്രവാസികൾ ആണെന്നതും ശ്രദ്ധേയമാണ്. 52 സെക്കന്റ് മാത്രമുള്ള ദേശീയ ഗാനാലാപനത്തിന്റെ നേരത്ത് എഴുന്നേറ്റ് നിൽക്കാൻ ശേഷിയില്ലാത്ത മനസുകളും ശരീരങ്ങളും ഉണ്ടായി കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരം ആഘോഷങ്ങൾ നമ്മെ പലതും ഓർമ്മിപ്പിക്കേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ എല്ലാവർക്കും ബഹ്റിൻ ദേശീയദിനത്തിന്റെ ആശംസകൾ.