കപടസദാചാരം എയ്ഡ്‌സ് രോഗം വ്യാപിപ്പിക്കുന്നു
കൂക്കാനം റഹ്്മാൻ
ലോകം മുഴുക്കെ ശക്തമായ രീതിയിൽ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. നിശബ്ദതയിലമരുന്ന രോഗാവസ്ഥയാണിത്. എല്ലാം സ്വകാര്യമായി കൈകാര്യം ചെയ്യണമെന്നാണ് ബന്ധപ്പെട്ടവരുടെ നിർദേശം. തീർച്ചയായും അത് പാലിക്കപ്പെടേണ്ട കാര്യം തന്നെയാണ്. സ്ത്രീ ലൈംഗിക തൊഴിലാളികൾ, സ്വവർഗരതിക്കാർ, മയക്കുമരുന്നു കുത്തിവെപ്പുകാർ, ഇതര സംസ്ഥാന തൊഴിലാളികൾ, ട്രാൻസ് ജൻഡേർസ് എന്നിങ്ങിനെ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളെ ഫോക്കസ് ചെയ്തു കൊണ്ടാണ് എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം നടത്തിവരുന്നത്. ഇവരാണ് ഹൈറിസ്‌കിൽ പെട്ടവരെന്നാണ് ഈ മേഖലയിലെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവർ അവകാശപ്പെടുന്നത്.
ഇവിടെ സൂചിപ്പിച്ച എല്ലാ വിഭാഗങ്ങളും തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ വിസമ്മതിക്കുന്നവരാണ്. ഇത്തരം ആളുകളെ കണ്ടെത്തുകയെന്നതും, അവരോട് ലൈംഗികാരോഗ്യ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതും ശ്രമകരമായ പ്രവർത്തിയാണ്. ലിംഗ വിഭജിത സമൂഹത്തിൽ അവർ സ്വയം നിശബ്ദമാക്കപ്പെടുകയാണ് ചെയ്യുന്നത്. അവർ സമൂഹ മധ്യത്തിലേക്ക് തങ്ങളുടെ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്താൻ വിമുഖതയും, ഭയവും പ്രകടിപ്പിക്കുകയാണ്. വിഭജിക്കപ്പെട്ട് പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളാക്കപ്പെട്ടവയിലെ വ്യക്തികളിലും സമൂഹത്തിലും എയ്ഡ്‌സ് വ്യാപനം വളരെ കുറഞ്ഞ നിരക്കിലെയുള്ളൂ. പൊതുസമൂഹത്തിലാണ് ലക്ഷ്യ ഗ്രൂപ്പുകളിലുള്ളതിനെക്കാൾ എത്രയോ മടങ്ങ് കൂടുതൽ എച്ച്.ഐ. വി അണുബാധിതരുള്ളത്. ആയിരത്തിലധികം എച്ച്.ഐ.വി പോസറ്റീവ് വ്യക്തികളുള്ള ഒരു ജില്ലയിൽ ലക്ഷ്യ ഗ്രൂപ്പുകളിൽ പെട്ട എച്ച്.ഐ.വി ബാധിതർ കേവലം വിരലിലെണ്ണാവുന്നവരെയുള്ളൂ.
ലക്ഷ്യ ഗ്രൂപ്പുകളാക്കി ചില വിഭാഗങ്ങളിൽ മാത്രം പ്രതിരോധ പ്രവർത്തനം നടത്തുന്നത് ഉചിതമല്ലെന്ന് ബന്ധപ്പെട്ട നേതൃത്വം ഇനി എന്നാണാവോ തിരിച്ചറിയുക? ഇവിടെ വേണ്ടത് പൊതുസമൂഹത്തെ മൊത്തം ബോധവൽക്കരിക്കുന്ന പ്രക്രിയയാണ്. പ്രത്യേകിച്ച് ഈ രോഗാണുക്കളെ ആവാഹിച്ചു കൊണ്ടുവരുന്ന പുരുഷ പ്രജകളെയും അവരൊപ്പം കഴിയുന്ന ഭാര്യമാരെയുമാണ്.
എച്ച്.ഐ.വി അണുബാധിതരായ വ്യക്തികൾ പങ്കെടുത്ത ഒരു വേദിയിൽ വെച്ച് എനിക്കുണ്ടായ അനുഭവം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഞാൻ അവിടെ സംസാരിക്കാൻ എഴുന്നേറ്റു നിന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. എന്റെ വിദ്യാർത്ഥിയായ ഒരു പെൺകുട്ടി എന്റെ കണ്ണിൽ പെടാതിരിക്കാൻ പെടാപാടുപെടുന്നത് ഞാൻ ശ്രദ്ധിച്ചു. മീറ്റിംഗിന്റെ അവസാനം ഞാൻ അവളുടെ അടുത്ത് ചെന്നു. ‘എന്തേ ഇവിടെ വന്നത്?’ ആരുടേയോ കൂടെ വന്നതായിരിക്കാമെന്നാണ് ഞാൻ കരുതിയത്. അവളുടെ മുഖം വാടുന്നത് കണ്ടു. ‘ഞാനും പെട്ടുപോയി സാർ ഇതിൽ.’ അവൾ ഹാൾ വിട്ടു പുറത്തിറങ്ങി എന്നോടൊപ്പം നടന്നു. ‘അദ്ദേഹം (ഭർത്താവ്) മുംബൈയിലായിരുന്നു. അവിടുന്ന് കിട്ടിയതാവാം. അതെനിക്കും തന്നു. അദ്ദേഹം മരിച്ചു. ഞാൻ ഈ വിധത്തിലുമായി.’ പൊതുസമൂഹത്തിൽ ഇത്തരത്തിൽ എച്ച്.ഐ.വി അണുബാധിതരായവർ നിരവധിയുണ്ട്.
ഇന്നും ലൈംഗികതയും, ലൈംഗിക രോഗങ്ങളും തുറന്നു പറയാൻ വിമുഖത കാട്ടുകയാണ് നമ്മുടെ സമൂഹം. അടുത്ത കാലത്തായി അവിടെയുമിവിടെയുമൊക്കെ നിശബ്ദത ഭേദിക്കപ്പെടുന്നുണ്ട്. സ്വകാര്യമാക്കി വെക്കുന്ന മനോഭാവം ലൈംഗിക രോഗങ്ങളുടെ ചികിത്സയിലും പ്രതിഫലിക്കുന്നുണ്ട്. ഈ രോഗങ്ങൾ ബാധിച്ച വ്യക്തികളോട് വെറുപ്പും അവഗണനയുമാണ് സമൂഹം വെച്ചു പുലർത്തുന്നത്. ഇതൊക്കെ ചികിത്സിച്ച് മാറ്റാൻ പറ്റുന്ന കാര്യമാണെന്നറിഞ്ഞിട്ടും അതുതേടാൻ ആളുകൾക്ക് വൈമുഖ്യമാണ് ഇന്നും. എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതു മുതൽ ലൈംഗിക രോഗ ചികിത്സ തേടാനും ആളുകൾ മുന്നോട്ടു വന്നു തുടങ്ങി. മറ്റ് ലൈംഗിക രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കുകയെന്നത് എയ്ഡ്‌സ് നിയന്തണത്തിന് ആവശ്യമായിരുന്നു. ലൈംഗിക ബന്ധം വഴിയാണ് ഈ രോഗം പകരുന്നത് എന്ന കാര്യം മറച്ചു വെക്കാൻ കഴിയാത്തതിനാൽ കപടമായ ലൈംഗിക സദാചാരം പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു.
ലൈംഗിക തൊഴിലാളികളുടെ പങ്കാളിത്തത്തോടെ മാത്രമെ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം സാധ്യമാകൂ എന്ന നില വന്നു. അതിനാൽ ലൈംഗിക തൊഴിലാളികളെയും പൊതുസമൂഹത്തിന്റെ ഭാഗമായി കാണാൻ സമൂഹം നിർബന്ധിതരായി. ലൈംഗിക തൊഴിലാളി എന്ന പദപ്രയോഗം പോലും അശ്ലീലമായി കാണുകയും അവജ്ഞയും വെറുപ്പും പ്രകടിപ്പിച്ചവർക്ക്‍ ക്രമേണ അവരുടെ നിലപാടുകൾ മാറ്റേണ്ടി വന്നു. സ്‌കൂളുകളിലും കോളജുകളിലും ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന നിർദേശങ്ങളുണ്ടായി. സജീവമായ ചർച്ച ഈ വിദ്യാഭ്യാസ പക്രിയയിലൂടെ കൈവന്നിരുന്നു. കപട സദാചാരവാദികൾ ഈ വിദ്യാഭ്യാസത്തിനെതിരെയും കുഞ്ഞുങ്ങളിൽ മൂല്യബോധം നശിക്കുമെന്ന വികാരമുണർത്തി. അങ്ങിനെ ലൈംഗിക വിദ്യാഭ്യാസത്തെ കുടുംബ വിദ്യാഭ്യാസം, ജീവിത നൈപുണി വിദ്യാഭ്യാസം എന്നൊക്കെയാക്കി മാറ്റി. ബഹിഷ്‌കൃതരായവരുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടതാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു. അവരെയും സമൂഹത്തിന്റെ ഭാഗമായി കാണണമെന്നും, അവർക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും നിരന്തരം ബോധവൽക്കരിച്ചപ്പോൾ സമൂഹത്തിന് അംഗീകരിക്കേണ്ടി വന്നു. ലൈംഗിക തൊഴിലാളിയെന്നും, കോണ്ടമെന്നും, എയ്ഡ്‌സ് രോഗമെന്നും മറ്റും കേൾക്കുന്പോൾ അപഹസിക്കുകയും, ആരോപണമുന്നയിച്ച് പ്രവർത്തകരെ ക്ഷീണിപ്പിക്കുകയും ചെയ്തത് അറിവുള്ള മാന്യവ്യക്തികളാണ്.
ആദ്യ ഘട്ടത്തിലുള്ള ഭീഷണി ഇതായിരുന്നു. യാഥാസ്ഥികരല്ല ആദ്യകാല എതിർപ്പിന് കൂട്ടുനിന്നവർ. അറിവുള്ളവരും, രാഷ്ട്രീയ പ്രബുദ്ധതയുണ്ട് എന്ന് മേനി നടിക്കുന്ന വനിതാ പ്രവർത്തക നേതാക്കളാണ് എതിർപ്പുമായി രംഗത്തെത്തിയ ആദ്യ ശത്രുക്കൾ. ഇതേപോലെ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ഇപ്പോൾ ദൃശ്യത കൈവരാൻ തുടങ്ങി. വർഷങ്ങളോളം അദൃശ്യമായി നിലനിന്ന ജീവിത സമരമാണ് ഇന്നിപ്പോൾ ദൃശ്യതയിലേക്ക് കടന്നുവന്നത്. ആത്മഹത്യകളും, കൊലപാതകങ്ങൾക്ക് ഇരയാകലും പോലീസ് മർദനങ്ങൾക്കിരയാകലുമൊക്കെ ഈ വിഭാഗം അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശം തങ്ങൾക്കുമുണ്ടെന്ന ആവശ്യം ഒരു കോടതി ഉത്തരവുമൂലം അംഗീകരിക്കപ്പെട്ടിരിക്കയാണ്. ഇന്നത്തെ ഇരട്ട സദാചാരത്തിൽ ബലിയാടുകളാവുന്നവരാണ് ലൈംഗിക തൊഴിലാളികൾ. അങ്ങേയറ്റം നിശബ്ദമാക്കപ്പെട്ടവരാണിവർ. ഇവർ രോഗം പരത്തുന്നതിനെക്കാൾ കൂടുതൽ രോഗം മറ്റുള്ളവരിൽ നിന്ന് ഏറ്റുവാങ്ങുന്നവരാണ്. എന്നിട്ടും ഇവരാണ് രോഗം പരത്തുന്നവർ എന്ന പഴി കേൾക്കേണ്ടിവരുന്നത് ലൈംഗിക തൊഴിലാളികൾക്കാണ്. പലതരത്തിലുള്ള അക്രമങ്ങൾക്ക് ഇവർ ഇരയാക്കപ്പെടുന്നുണ്ട്. ഇപ്പോൾ ലൈംഗിക തൊഴിലാളികൾ ദൃശ്യരായി കൊണ്ടിരിക്കയാണ്.
എല്ലാവർഷത്തേയും പോലെ ഇത്തവണയും ഡിസംബർ ഒന്ന് എയ്ഡ്‌സ് ദിനമായി ആചരിച്ചു. ‘കൈകൾ ഉയർത്താം എച്ച്.ഐ.വി പ്രതിരോധത്തിനായ്’ എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം. കപട സദാചാരവാദികളും, യാഥാസ്ഥിതികരും, കൺതുറന്ന് യാഥാർത്ഥ്യം കാണുകയും, ലോകത്തെ പിടിച്ചുലയ്ക്കുന്ന ഈ രോഗബാധയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും, ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവരും ഒന്നിച്ച് കൈകൾ ഉയർത്തിയും, കൈകൾ കോർത്തും എച്ച്.ഐ.വിക്കെതിരെ പോരാടാം.