അസ്വസ്ഥതകളൊ­ഴി­യാ­ത്ത വർ­ത്തമാ­നകാ­ലം


വി.ആർ.സത്യദേവ് 

വർഷാന്ത്യങ്ങൾ പലപ്പോഴും അങ്ങനെയാണ്. അസ്വസ്ഥതകളുടെയും പ്രകൃതി ദുരന്തങ്ങളുടെയുമൊക്കെ വലിയ, ഞെട്ടിപ്പിക്കുന്ന വർത്തമാനങ്ങളാവും പലപ്പോഴും വർഷാന്ത്യങ്ങൾ ലോകത്തിനായി കരുതി വച്ചിട്ടുണ്ടാവുക. പല അനുഭവങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരിക്കലും മറക്കാനാവാത്തത് സുനാമി തന്നെയാണ്. വർഷാന്ത്യ മാസമവസാനിക്കാൻ നാലുനാൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ലോകത്തെ ഞെട്ടിച്ചുകൊണ്ട് സുനാമി ആഞ്ഞടിച്ചത്. ഇന്തോനേഷ്യയിലെ അസേയായിരുന്നു അന്ന് ഭൂകന്പത്തിന്റെ  ആഘാതം ഏറ്റവും അധികം ഏറ്റു വാങ്ങിയത്. അന്നു മരണമടഞ്ഞവരുടെ കൃത്യ സംഖ്യയെത്ര എന്നത് ഒരു പ്രഹേളികയാണ്. എന്നിരിക്കിലും അത് ഇന്തോനേഷ്യയിൽ മാത്രം ഒന്നേമുക്കാൽ ലക്ഷമെന്നാണ് ഔപചാരിക കണക്ക്. ആയിരക്കണക്കിന് വീടുകൾ രാജ്യത്ത് തകർന്നടിഞ്ഞില്ലാതായി. ആകെ കോടികളുടെ നഷ്ടം. രാജ്യം സാധാരണ നിലയിലേക്കു തിരികെയെത്താൻ മാസങ്ങളോ വർഷങ്ങളോ തന്നെ വേണ്ടിവന്നു. ഡിസംബർ അവർക്കിന്നും വേദനിപ്പിക്കുന്ന, ഭീതിയുണർത്തുന്ന ഓർമ്മയാണ്.

ഭീതിയുടെ കരിനിഴൽ വീണ്ടുമൊരിക്കൽക്കൂടി സുനാമിയുടെ നാടിനെ ഗ്രസിച്ച കാഴ്ചയാണ് ഈ വാരം ഇന്തോനേഷ്യയിൽ നിന്നുള്ളത്. അതും വീണ്ടുമൊരു ഡിസംബറിൽ. ഇത്തവണയും സുനാമിതന്നെയാണ് രാജ്യത്തിന് വലിയ നാശം വിതച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സുനാമിക്ക് കാരണമായ ഭൂകന്പം രാജ്യത്ത് അനുഭവപ്പെട്ടത്. അതിശക്തമായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപരിശായി. റോഡുകൾ തകർന്നു. ജനജീവിതം താറുമാറായിരിക്കുകയാണ് ഭൂകന്പം ഏറ്റവും ശക്തമായി അനുഭവപ്പെട്ട അസ്സേ പ്രവശ്യ. 

2004ലെ സുനാമിയുടെ പ്രഭവകേന്ദ്രമായ അസ്സേ തന്നെയാണ് കഴിഞ്ഞ ദിവസം ഭൂചലനത്തിന്റെ ദുരന്തവും ഏറ്റവുമധികം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത്.

ഭൂചലനം ഇവിടുത്തെ ആൾക്കാരിൽ ആദ്യമുണർത്തിയത് 2004ലെ സുനാമിയുടെ ഓർമ്മകൾ തന്നെയാണ്. വീണ്ടുമൊരു വർഷാന്ത്യ മാസത്തിൽ ദുരന്തം ആവർത്തിക്കുകയാണെന്ന ആധിയിലാണ് ഇപ്പോഴും അവിടെയുള്ള വലിയൊരു വിഭാഗം ജനങ്ങളും. ഇത്തവണ മരണസംഖ്യ 100 മാത്രമാണെന്ന് അധികൃതർ പറയുന്നു. 23000 പേർ അസേയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പലായനം ചെയ്യേണ്ടിവന്നു. 152 മോസ്കുകൾ തകർന്നു. 157 കടകളും ഇല്ലാതായി. 25 സ്കൂളുകളും ഭൂചലനത്തിൽ മണ്ണടിഞ്ഞു. ആശുപത്രികളിലേക്ക് അനുദിനം എത്തിച്ചേരുന്നവരുടെ എണ്ണം ഏറിക്കൊണ്ടിരിക്കുകയാണ്. ചികിൽസാസൗകര്യങ്ങളൊരുക്കാൻ ആവുംവിധമൊക്കെ ശ്രദ്ധിക്കുന്നുണ്ടങ്കിലും അപര്യാപ്തതകൾ ഏറെയാണ്. 

ഭൂചലനത്തെതുടർന്നുണ്ടാകുന്ന അനുരണനങ്ങൾ ജനങ്ങളുടെ ഭീതി വർദ്ധിപ്പിക്കുകയാണ്. വീണ്ടും ശക്തമായ ഭൂചലനങ്ങളുണ്ടാകാമെന്നും കെട്ടിടങ്ങൾ തകരാമെന്നും ജനങ്ങൾ ഭയപ്പെടുന്നു. അതിനാൽ വീടുകളിൽ താമസിക്കാനും ചികിൽസക്കായി ആശുപത്രികൾക്കുള്ളിൽ തങ്ങാനും ജനങ്ങൾ മടികാട്ടുകയാണ്. ഇത് പകർച്ച വ്യാധികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കുമെന്ന് ആശങ്കയുണ്ട്. ഏതായാലും മറ്റൊരു സുനാമി ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് ലോകം. പക്ഷേ അസേ പ്രവശ്യയിലെ ഹതാശരായ ജനങ്ങൾ ഇപ്പോഴും ഭീതിയുടെ പിടിയിൽ തന്നെയാണ്. 

ഇങ്ങനെ പ്രകൃതി ഒരിടത്ത് താണ്ഡവമാടുന്പോൾ ഇനിയും ചിലയിടങ്ങളിൽ മനുഷ്യൻ തന്നെയാണ് ആൾനാശത്തിന് വഴിവയ്ക്കുന്നത്. ഇങ്ങനെ മനുഷ്യൻ മൂലമുണ്ടായ മറ്റ് മൂന്നു ചോരച്ചൊരിച്ചിലുകളുടെ വർത്തമാനങ്ങളാണ് ആഴ്ചാവസാന ദിവസം നമ്മളിലേക്കെത്തുന്നത്. ഇതിൽ കെന്യയിൽ നിന്നുള്ളത് ഒരു വാഹനാപകടമാണ്. ശനിയാഴ്ചരാത്രി യുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് 33 പേരാണ്. പ്രമുഖ നഗരമായ നൈറോബിയിൽ നിന്നും നൈവാഷയിലേക്കു പോവുകയായിരുന്ന ഒരു കൂറ്റൻ ട്രക്കാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ട്രക്ക് നിരനിരയായി നിന്ന വാഹനങ്ങൾക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അത്യധികം അപകടകാരകമായ രാസവസ്തുക്കൾ നിറച്ച ട്രക്കാണ് അപകടത്തിൽ പെട്ടത്. സംഭവത്തിനുപിന്നിൽ അട്ടിമറിശ്രമങ്ങളൊന്നും ഉള്ളതായി റിപ്പോർട്ടില്ല. 

അടുത്തത് നൈജീരിയയിൽ നിന്നുള്ള വാർത്തയാണ്. അവിടെ കെട്ടിടം തകർന്നായിരുന്നു കൂട്ട ആൾനാശം. 50 പേർ അപകടത്തിൽ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. നൈജീരിയയിലെ ഉയോ പ്രവശ്യയിൽ ഒരു പ്രർത്ഥനാലയം തകർന്നായിരുന്നു അപകടമുണ്ടായത്. അപകടകാരണമെന്തെന്ന് അറിവായിട്ടില്ല. റെയ്നേഴ്സ് ബൈബിൾ ചർച്ചെന്ന ദേവാലയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. പ്രാർത്ഥന നടക്കുന്ന നേരത്തായിരുന്നു അപകടം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം മരണസംഖ്യ ഇത്രത്തോളമുണ്ടോ എന്നകാര്യത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വൈദ്യസഹായ സംവിധാനങ്ങളുടെ അപര്യാപ്തത രക്ഷാപ്രവർത്തനങ്ങളിലുണ്ട്. അതുകൊണ്ട് അപകടത്തിൽ ബോധം മറഞ്ഞവരെയും രക്ഷാപ്രവർത്തകരിൽ ചിലർ മരിച്ചെന്നു വിലയിരുത്തിയുള്ള കണക്കാണ് ഇതെന്നാണ് വിലയിരുത്തൽ. പ്രസിഡണ്ട് മഹമ്മദു ബുഹാരി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നിലും അട്ടിമറി സാദ്ധ്യതകളൊന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

എന്നാൽ അടുത്തത് മനുഷ്യൻ മനുഷ്യനോടു പുലർത്തുന്ന പകയുടെയും വിദ്വേഷത്തിന്റെയും ഫലമായുണ്ടായ ചോരച്ചൊരിച്ചിൽ തന്നെയാണ്. തുർക്കിയിലാണ് സംഭവം. ഈസ്താംബൂളിൽ ഇന്നലെ രാത്രിയുണ്ടായ രണ്ടു സ്ഫോടനങ്ങളിലായി 38 പേർ മരിച്ചെന്നാണ് ഈ കുറിപ്പെഴുതുന്പോഴുള്ള റിപ്പോർട്ട്. ഇതിൽ 27 പേർ പെലീസുകാരാണ്. പ്രമുഖ നഗരമായ ഈസ്താംബൂളിലായിരുന്നു സ്ഫേടനങ്ങൾ. ഈസ്താംബൂളിലെ പ്രമുഖമായ ബെസിക്താസ് ഫുട്ബാൾ ക്ലബ്ബിന്റെ ഒരു മത്സരത്തിന് പിന്നാലെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ഒരു ട്രക്കിനു നേരേ ചാവേറാക്രമണമുണ്ടായത്. ഒരു മറിക്കൂറിനുശേഷം അടുത്ത ചാവേറാക്രമണവും സംഭവിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട പത്തുപേരേ അറസ്റ്റു ചെയ്തു. എന്നാൽ ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘടനയെപ്പറ്റി സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പതിവുപോലെ കുർദ് തീവ്രവാദികളും ഐ.എസ്സും തന്നെയാണ് സംശയത്തിന്റെ മുൾമുനയിൽ.

രാജ്യത്ത് ഇത്തരം ആക്രമണങ്ങൾ സമീപകാലത്തായി അധികരിച്ചിരിക്കുകയാണ്. അഞ്ചും പത്തുമൊക്കെ ആൾക്കാർക്ക് ജീവൻ നഷ്ടമാകുന്ന ആക്രമണങ്ങൾക്ക് കാര്യമായ ശ്രദ്ധ കിട്ടാതായിരിക്കുന്നു. ഇക്കൊല്ലം ഫെബ്രുവരി മുതലിങ്ങോട്ടുണ്ടായ സമാനമായ വലിയ സംഭവങ്ങളിൽ ഇതുവരെ ഇരുനൂറ്റന്പതോളമാൾക്കാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. തുർക്കി വർഷാന്ത്യത്തിൽ കൂടുതൽ അസ്വസ്ഥമാവുകയാണ്. ഇതിനൊപ്പം ഇറാഖിലും സിറിയയിലുമായി നടക്കുന്ന കൂട്ടപ്പൊരിച്ചിലും മനുഷ്യ കൃതമായി മരണങ്ങളുടെ പട്ടികയുടെ നീളം അനുനിമിഷം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ആലപ്പോയിലും പാൽമിറയിലും മനുഷ്യൻ മനുഷ്യനോടേറ്റുമുട്ടുന്പോൾ തകർന്നടിയുന്നത് വിലപ്പെട്ട മനുഷ്യ ജീവനൊപ്പം ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ കൂടിയാണ്. ആസുരതയും അസ്വസ്ഥതകളും പത്തിവിരിച്ചാടുന്ന വർത്തമാനകാലത്ത് പ്രതീക്ഷകൾ കൈവിടാതിരിക്കുക മാത്രമാണ് പിടിച്ചു നിൽക്കാനുള്ള ഏക മാർഗ്ഗം.

You might also like

Most Viewed