ഉറവ വറ്റാത്ത തെളിനീർകുളങ്ങൾ...!
മനു കാരയാട്
കഴിഞ്ഞ കുറെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ആ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഈ അടുത്ത ദിവസമാണ് വീണ്ടും പുനഃരാരംഭിച്ചത്. ഒരു കാലത്ത് ആ ഗ്രാമത്തിലെ ജനങ്ങളെല്ലാവരും തന്നെ ഈ കുളത്തിനെ സ്നേഹിക്കുകയും ഏതു കാലാവസ്ഥയിലും അതിനകത്തെ കുളിരു പകരുന്ന വെള്ളത്തിൽ നീന്തി കുളിക്കുകയും പതിവായിരുന്നു.
നാട്ടുപാതയിൽ നിന്നും മാറി ഗ്രാമത്തിന്റെ ഉൾഭാഗത്ത് ഒരു മലഞ്ചെരിവിലായിരുന്നു കുളം സ്ഥിതി ചെയ്തിരുന്നത്. ചുറ്റും കുറ്റിക്കാടുകൾ നിറഞ്ഞ പച്ച വിരിച്ച ആ പ്രദേശത്തെ കുളത്തിലെ വെള്ളം എപ്പോഴും നല്ല കുളിർമയുള്ളതായിരുന്നു. സ്ത്രീ പുരുഷഭേദമന്യേ നിത്യവും നിരവധി ഗ്രാമവാസികൾ കുളക്കടവിലെത്തി കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് മടങ്ങുക പതിവായിരുന്നു. അങ്ങനെ കഴിഞ്ഞു കൂടുന്ന നേരത്താണ് അപ്രതീക്ഷിതമായി ആ കുളക്കടവിൽ ഒരു യക്ഷിയുടെ സാന്നിധ്യം ഉള്ളതായി പറഞ്ഞു കേട്ടത്. മാത്രമല്ല കുളിക്കടവിലെത്തുന്നവർക്കു നേരെ കല്ലേറും ചിലങ്ക മണി ശബ്ദവുമൊക്കെയായി ഭയപ്പെടുത്തി വിടുകയും ചെയ്യും. ക്രമേണ കുളക്കടവിൽ ആരും വരാതെയായി. എന്നിട്ടും ചിലർ ധൈര്യശാലികളെന്ന് സ്വയം വിശഷിപ്പിച്ചു കൊണ്ട് അവിടെ സന്ദർശനത്തിനെത്തിയെങ്കിലും അവർ പലപ്പോഴും യക്ഷിയുടെ ‘ചാത്തനേറി’ൽ കുരുങ്ങിയ വിവരം ജാള്യതയോടെ മറച്ചുവെച്ചു. പതിയെ ആ കുളം തിരക്കൊഴിഞ്ഞ ആൾ സന്ദർശനമില്ലാത്ത ഒരു പൊട്ടക്കുളമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല. കുളം പൊട്ടയായിട്ടും അവിടുത്തെ യക്ഷിയെ പിടികൂടാൻ അതുവരെ ആർക്കും കഴിഞ്ഞിരുന്നില്ലത്രേ!
ആൾ സന്ദർശനം നിലച്ച യക്ഷിക്കുളത്തിനു ചുറ്റും ചില അനക്കങ്ങൾ ക്രമേണ ഉയർന്നു തുടങ്ങി. കുറ്റിക്കാട്ടിലും കുളപ്പടവിലുമൊക്കെ ചിലരുടെ പാദചലനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യക്ഷികളെന്ന് കരുതി അവിടേക്ക് വരാതിരുന്ന പാവങ്ങൾ ക്രമേണ കുളവുമായുള്ള സന്പർക്കം കുറച്ചു. പതിയെ കുളക്കടവിലും കുറ്റിക്കാട്ടിലും പുതിയ യക്ഷികൾ സ്വൈര്യ വിഹാരം തുടങ്ങി. ഇരുളിന്റെ മറവിൽ പല തരത്തിലുളള പേക്കൂത്തുകളും അവിടെ അരങ്ങേറാൻ തുടങ്ങി. ഇവരൊന്നും കുളത്തിന്റെ നഷ്ടപ്പെടുന്ന നന്മയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരായിരുന്നില്ല. ക്രമേണ വേനൽക്കാലമായി. ആ ഗ്രാമം മുഴുവൻ കടുത്ത വരൾച്ച അനുഭവപ്പെട്ടു. കുടിവെള്ളത്തിന്റെ കടുത്ത ക്ഷാമം ജനങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. ഗ്രാമത്തിലെ മുഴുവൻ നീർ തടാകങ്ങളും ജനയോഗ്യമാക്കുക എന്ന യജ്ഞത്തിന്റെ ഭാഗമായി യക്ഷിക്കുളവും നവീകരണമാരംഭിച്ചു. മലിനമായി കിടന്ന കുളത്തിലെ പുതിയ യക്ഷികളെല്ലാം ഗ്രാമത്തിലെ ചില ഉന്നതരായിരുന്നുവെന്നത് ഗ്രാമവാസികളെ നിരാശരാക്കി. ദാഹജലം പോലും ആവശ്യത്തിന് ലഭിക്കാതെ പൊറുതി മുട്ടിയ ജനങ്ങൾ അത്രയും കാലം തെളിനീർ കൊണ്ട് സന്പന്നമായിരുന്ന കുളത്തിന്റെ ശോചനീയാവസ്ഥയും അതിനു പിന്നിലെ ചിലരുടെ ഗൂഢലക്ഷ്യങ്ങളുമെല്ലാം വേദനയോടെ മനസിലാക്കി.
ഇത് ഒരു പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സംഭവമല്ല. നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും ഇതുപോലുള്ള യക്ഷിക്കുളങ്ങളും യക്ഷി മനകളും യക്ഷിക്കുന്നുകളുമൊക്കെയുണ്ട്. അതെല്ലാം തന്നെ മറ്റെന്തോ ഗൂഢലക്ഷ്യം ഉള്ളിൽ വെച്ച് ഒരു വിഭാഗം വരുത്തി തീർക്കുന്ന ചില പൊറാട്ടു നാടകങ്ങൾ മാത്രമായിരുന്നുവെന്ന് വൈകിയാലും കാലം നമുക്ക് മുന്നിൽ വരച്ചു കാട്ടുക തന്നെ ചെയ്യും.
നമ്മുടെ സമൂഹം ഇന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ചിന്തയും സംസാരവുമൊക്കെ. ജനങ്ങളുടെ പരസ്പര വിശ്വാസവും ഐക്യവും തകർത്ത് അതിനിടയിലൂടെ ചിലരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ നിറവേറ്റുകയെന്ന ഗൂഢലക്ഷ്യം ഇന്ന് പലയിടങ്ങളിലും യഥേഷ്ടം കാണാനാകുന്നുണ്ട്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയെന്നത് ഇത്തരക്കാരുടെ അജണ്ടയാണ്. ഇങ്ങനെ വിഘടിപ്പിച്ച് അവരിൽ വിദ്വേഷത്തിന്റെ വിത്ത് മുളപ്പിക്കുകയും അതുവഴി തങ്ങളുടെ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുകയുമാണ് ഇവരുടെ ആശയം. അതിനു വേണ്ടി അവർ സ്വീകരിക്കുന്ന വഴികൾ ഏതെന്ന് മുൻകൂട്ടി കാണുക പ്രയാസമാകും. ഏതായാലും നാം ജാഗരൂകരായി കാര്യങ്ങളെ പഠിക്കാൻ തയ്യാറാവേണ്ടിയിരിക്കുന്നു. നാമറിയാതെ നമുക്കു ചുറ്റും ഫണം വിടർത്തിയാടുന്ന വിഷപ്പാന്പുകളുടെ നിറവും ലക്ഷ്യന്തെന്ന് മനസിലാക്കാനുള്ള ശ്രമം നമ്മളിൽ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. സമാധാനത്തിന്റെ വിളനിലമായ ഗ്രാമങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തുകയെന്നത് ചിലരുടെ ആവശ്യമാണ്. അതുവഴി മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വെച്ചിട്ടാവും അത്തരക്കാരുടെ നീക്കങ്ങൾ. അത് പൊടുന്നനെ തിരിച്ചറിയാൻ നാം പരിശീലിക്കണം. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ ഇനിയും അമാന്തിച്ചു കൂട.
തെളിനീർ സുലഭമായ പുതിയ കുളങ്ങൾ ഇനിയും നമ്മുടെ നാട്ടിൽ വറ്റാതെ നിലനിൽക്കട്ടെ. അതിലെ കുളിർ ചൊരിയുന്ന വെള്ളത്തിൽ മുങ്ങി നിവരാൻ നാമോരോരുത്തർക്കും സാധ്യമാവട്ടേയെന്ന പ്രതീക്ഷയോടെ.....!