താമരാക്ഷന്‍റെ നാട്ടുകാർ...
ഉഷ ഗോപാലൻ
ഒരു നൂറ്റാണ്ടിനപ്പുറം നമ്മെ കൈയടക്കി വാണിരുന്ന ഇംഗ്ലീഷ് മണ്ണിലേക്കുള്ള യാത്രയിലെ ചില കാര്യങ്ങൾ ഓർത്തെടുക്കുകയാണിവിടെ. ടൂർ നടത്തിപ്പുകാരുടെ സഹായം തേടാതെ ഹോട്ടലിലുള്ളവരോട് ചോദിച്ചു ചോദിച്ചു മെല്ലെ പോകുന്നതിലായിരുന്നു ഞങ്ങളുടെ ലണ്ടൻ നഗര യാത്രയുടെ രസം. മെട്രോ റെയിലിൽ കയറിക്കൂടിയപ്പോൾ, ആ തിരക്കിലും നിശബ്ദമായ അന്തരീക്ഷം ഇഷ്ടപ്പെടുന്ന അന്നാട്ടിലെ യാത്രക്കാർക്ക് ഞങ്ങളുടെ ശബ്ദസാന്നിദ്ധ്യം അസഹിഷ്ണുതയുണ്ടാക്കിയിട്ടുണ്ടാകാം. യാത്ര തുടങ്ങിയത് മുതൽ കൗമാരപ്പടിയിൽ നിൽക്കുന്ന ഇളയ മകൻ എനിക്ക് അനാവശ്യ നിർദേശങ്ങൾ നൽകി തുടങ്ങിയിരുന്നു. വശ്യസുന്ദരമായ പ്രകൃതിയൊന്നും ആസ്വദിക്കുന്ന പ്രകൃതക്കാരനല്ല കക്ഷി.
യാത്രകൾ ഇഷ്ടമുള്ള അവന്‍റെ ചേട്ടനാവട്ടെ ഇത്തവണ ഒന്നിച്ച് ചേരാനും കഴിഞ്ഞില്ല. അതുകൊണ്ട് ഇവനെ ഈ യാത്ര ആസ്വദിപ്പിക്കേണ്ടത് എന്‍റെ ബാദ്ധ്യതയായിരുന്നു.
തുടർയാത്ര നഗര ബസിലായിരുന്നു. ഞങ്ങൾ കയറേണ്ട നന്പരും വഹിച്ചു കൊണ്ട് ബസ് കൃത്യമായി എത്തിയപ്പോൾ കാത്തുനിൽക്കുന്നവർക്കാർക്കും പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാത്തതു കണ്ടതുകൊണ്ട് ഞാനൊന്ന് ആ വാതിലിന്‍റെ മുന്നിലെത്തി സീറ്റൊഴിവുണ്ടോ എന്നറിയാൻ അകത്തേക്കെത്തി നോക്കി. പിന്നിൽ നിന്നും ആരോ തോളിൽ തട്ടി. സൗമ്യനായ, ഒരു തൊപ്പിക്കാരൻ വൃദ്ധൻ നിർദേശ ഭാവത്തിൽ എന്റെ പിറകിൽ രൂപീകരിക്കപ്പെട്ട ക്യൂവിന്‍റെ പിന്നറ്റത്തേക്ക് ചൂണ്ടിക്കാട്ടി. ങേ! ഇതെപ്പോ വന്നൂ പിന്നിൽ ഈ ക്യൂ എന്നാലോചിച്ച് ഞാനും ഞെട്ടി!! എവിടേയും ക്യൂ നില്‍ക്കാൻ വലിയ താത്പര്യം ഉള്ളവരാണ് ഇവിടെയുള്ളവർ. ക്യൂ നിന്ന് ബസിനുള്ളിൽ കയറിയപ്പോൾ അകത്തിരിക്കുന്നവരിൽ മിക്കവരും വൃദ്ധർ. പതിയെ നോട്ടം പുറത്തെ കാഴ്ചകളിലായി. വൃത്തിയും ചിട്ടയുമുള്ള പരിസരത്തോടൊപ്പം സമാനതകളോടെ കെട്ടിടങ്ങൾ അടുത്തടുത്ത് അടുക്കി വച്ചിരിക്കുന്ന ലണ്ടൻ നഗരം കണ്ടപ്പോൾ ഭിന്നതകളെ മുഴുവൻ പ്രകടമാക്കുന്ന നമ്മുടെ നഗരങ്ങളെ ഓർത്തു പോയി. മിക്കവാറും ആളുകൾക്കും ഒപ്പം അനുസരണയോടെ നടക്കുന്ന ഓരോ നായയുമുണ്ട്. തെരുവുനായ്ക്കളെ പക്ഷെ എങ്ങും കാണാനും കഴിഞ്ഞില്ല.
യാത്രക്കിടെ പുസ്തകങ്ങളും, ദിനപ്പത്രങ്ങളും വായിക്കുന്ന ശീലം ഇപ്പോഴും അവിടത്തെ ആൾക്കാർക്ക് ഉണ്ട്. പുറം കാഴ്ചകൾ കണ്ടു മടുത്ത് അടുത്തിരുന്ന സുന്ദരിയായ വൃദ്ധയോട് കുശലം ചോദിച്ചപ്പോഴാണ് ആ ബസിലെ വൃദ്ധ കൂട്ടായ്മയുടെ കാര്യം പിടികിട്ടിയത്. രാവിലെ 11 മുതൽ വൈകീട്ട് 4 മണി വരെ അവർക്ക് ഈ ബസിൽ സൗജന്യ യാത്രാ സമയമാണത്രെ! ആ സുന്ദര വയോധിക അവരുടെ പഴയ ഒരുസഹപാഠിയെ കാണാൻ പോകുകയാണെന്നും, വിശിഷ്ട ഇനത്തിൽ പെട്ട ഒരു നായ്ക്കുട്ടിയെ അവർ സമ്മാനമായി തരുമെന്നും, മുന്‍പുണ്ടായിരുന്ന നായക്ക് കിഡ്നി പ്രശ്നം മൂലം അകാലവിയോഗം സംഭവിച്ചെന്നും ചുരുങ്ങിയ വാക്കുകളിൽ എന്നെ അറിയിച്ചു.
നിങ്ങൾ ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്ന എന്റെ ചോദ്യം കേട്ട് കഥകളി ഭാവത്തിലുള്ള സന്തോഷത്തോടെ അവർ മകളുടെ ഭർത്താവ് ഡൽഹിക്കാരനാണെന്നും, അവരുടെ വിവാഹസൽക്കാരത്തിനു വന്നിട്ടുണ്ടെന്നും പറഞ്ഞു. ബസിൽ നിന്നും തേംസ് നദിയുടെ തീരത്തെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ നടുവിലേക്കാണ് ഞങ്ങൾ ഇറങ്ങിയത്. ൈകയിലെ ടൂറിസ്റ്റ് ഗൈഡുപയോഗിച്ച് അവിടത്തെ വിഭവങ്ങളോരോന്നും അനുസരണയോടെ ക്യൂ നിന്നു കണ്ടും അനുഭവിച്ചും തീർത്തു. പിന്നീട് പോയത് വിശ്വവിഖ്യാതനായ ഷേക്സ്പിയറിന്‍റെ ജന്‍മനാട്ടിലാണ്. ഇന്ത്യക്കാരെ കണ്ടാൽ അവിടെയുള്ള മ്യൂസിയത്തിലെ ഗൈഡുകൾക്ക് ജോലി കുറഞ്ഞത് പോലെയാണ്. കാരണം സ്കൂളിലും കോളേജിലും മാക്ബത്തിനെയോ സീസറേയോ മനസിൽ അരക്കിട്ടുറപ്പിക്കാതെ ഒരു ഇന്ത്യൻ വിദ്യാർത്ഥി പോലും ഉണ്ടാകില്ലല്ലോ. അവിടെ ഷേയ്ക്സ്പിയർ ജനിച്ച വീടും, പഠിച്ച സ്കൂളും, ഉപയോഗിച്ച ലൈബ്രറിയും, താമസിച്ച ഹോസ്റ്റലും, പോയിരുന്ന നാടകശാലകളും എന്നുവേണ്ട രണ്ട് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനടത്തു തന്നെയുള്ള ഒരു ഐസ്ക്രീം പാർലറിൽ ഇരുന്നപ്പോൾ നാട്ടിലെ അഗ്രഹാരത്തിലെത്തിയത് പോലെയേ തോന്നിയുള്ളൂ. തടികളിൽ തീർത്ത നൂറ്റാണ്ടുകളുടെ പഴക്കം കാക്കുന്നതിൽ ഏതായാലും ഒരു നാടിന്‍റെ മുഴുവൻ ഒത്തൊരുമയുമുണ്ട്.
അടുത്ത ദിവസം ബ്രിമിംങ്ഹാമിൽ നിന്നും മനോഹരമായ ഒരു ട്രെയിൻ യാത്ര. സ്കോട്ലാന്‍റിലേക്ക്! കേട്ടറിഞ്ഞ പോലെതന്നെ അതിമനോഹരമായ കാഴ്ചകളായിരുന്നു ഇരുവശങ്ങളിലും. ഇതിലൊന്നും താല്‍പര്യം കാണിക്കാതെ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മകനോട് ദേഷ്യം തോന്നി. സൗകര്യങ്ങളെല്ലാമുള്ള കംപാർട്ട്മെന്റുകളാണ് എല്ലാം. ആ നാലരമണിക്കൂർ യാത്രയിൽ പക്ഷെ സമയം പോകാനുള്ള വഴി പുറംകാഴ്ചയും വായനയും മാത്രം. ഇരിപ്പിടങ്ങളിലെല്ലാം ആവശ്യത്തിനു മാസികകളും ദിനപ്പത്രങ്ങളും കരുതിയിരിക്കുന്നതു തന്നെ നിശബ്ദമായിരിക്കാൻ ഉള്ള അറിയിപ്പ് പോലെയാണ്. ഒഴിഞ്ഞുകിടക്കുന്ന വിൻഡോ സീറ്റുകളുണ്ടെങ്കിലും സ്വന്തം സീറ്റ് നന്പറിൽ നിന്നും മാറിയിരിക്കില്ലന്ന വാശിയാണെെല്ലാവർക്കും എന്നും തോന്നിപ്പോകും.
എതിർവശത്തെ സീറ്റിലൊരു ഗൗരവക്കാരനായിരുന്നു പത്രം “പഠിച്ചു” കൊണ്ടിരുന്നത്. ചീകിയൊതുക്കിയ മുടിയും കണ്ണടയും, ധരിച്ചിരിക്കുന്ന സ്യൂട്ടും കണ്ടാലറിയാം ഏതോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണെന്ന്. കാത്തിരിപ്പിനൊടുവിൽ പത്രം മടക്കിവച്ച അവസരമുപയോഗിച്ച് അയാളൊരു ബാങ്ക് ഉദ്യോഗസ്ഥനാണെന്നും ജോലിയുടെ ഭാഗമായി പെനിർത്തിലേക്ക് പോകുകയാണന്നും മനസിലാക്കി. പേരിനൊരു മര്യാദക്ക് ഞങ്ങളോടും അദ്ദേഹം തിരിച്ചു ചോദിച്ചു
“ഇന്ത്യക്കാരാണല്ലെ” സന്തോഷത്തോടെ പറഞ്ഞു, “അതെ, സൗത്തിന്ത്യയിലെ കേരളമാണ്. ഗോഡ്സ് ഓൺ കൺട്രി. ടൂറിസ്റ്റുകൾക്ക് പരിചിതമായ സംബോധനയാണത്”. എന്നു ഞാൻ കൂട്ടിച്ചേർത്തു. പക്ഷേ അയാളാണങ്കിൽ കേരളമെന്ന പേരു പോലും കേട്ടിട്ടില്ല. വീണ്ടും മൗനം. പുറത്തെനീണ്ടുകിടക്കുന്ന പാടശേഖരങ്ങൾ കണ്ടു ബാർളിയാണോ ചോളമാണോ എന്നൊരു സംശയം. ഭംഗിയുള്ള പച്ചപ്പരവതാനിയിൽ മേയുന്ന കാലികളുടെ ദൃശ്യം മനോഹരമായിരുന്നു.കിലോമീറ്ററുകളോളമുള്ള കാഴ്ച. വളരെ ദൂരെ ചെറിയ ടൗണുകളുടെ ലക്ഷണങ്ങളൊഴിച്ചാൽ സർവം ഹരിതമയം. ബാങ്കുദ്യോഗസ്ഥനായ യാത്രക്കാന് ശേഷം ആ സീറ്റിലേക്ക് വന്നത് ഒരു നായയുടെ അകന്പടിയോടെ മദ്ധ്യവയസ്കരായ ദന്പതികളായിരുന്നു. വന്ന ഉടനെ അവർക്ക് ഇരിക്കേണ്ട സീറ്റിന്റെ അടിയിൽ വച്ചിരിക്കുന്ന എന്‍റെ പെട്ടി അവരുടെ വലിയ നായക്കുവേണ്ടി മാറ്റിക്കൊടുക്കുവാൻ ആവശ്യപ്പെട്ടു. അത്രക്കിഷ്ടപ്പെട്ടില്ലെങ്കിലും നായകളെ ഇഷ്ടമുള്ള എന്‍റെ മകൻ അതനുസരിച്ചു. തമ്മിൽ സംസാരിക്കാൻ പോലും സമയമില്ലാത്ത രീതിയിൽ ഒരാൾ നോവലും മറ്റേയാൾ മാസികയുമായിരിപ്പായി. എന്‍റെ വിഷയം വീണ്ടും ആ ഫാമുകളും അവിടിവിടെ കാണുന്ന ജീവനക്കാരും പച്ചവിരിച്ച മൊട്ടക്കുന്നുകളും മാത്രമായി.
ഹൈലാന്‍റിലേക്കുള്ള ബസ് ടൂർ യാത്രയിൽ പലതരം സഞ്ചാരികളുണ്ടായിരുന്നു. ഉൾപ്രദേശങ്ങൾ ചുറ്റിക്കാണിക്കുന്നതോടൊപ്പം ബസ് ഡ്രൈവർ വഴിയിലെ കാഴ്ചകളുടെ വിവരണവും തുടർന്നുകൊണ്ടിരുന്നു. എല്ലാ ഡ്രൈവർമാർക്കും ഇവിടെ ടൂർ ബസ് ഓടിക്കാൻ അനുവാദമില്ലത്രെ എന്ന് ഒരു രഹസ്യം പറയുന്ന രീതിയിൽ അടുത്തിരുന്ന സായിപ്പ് പറഞ്ഞു. കാരണം മൈക്കിലൂടെയുള്ള വിവരണത്തെ ഉറക്കെസംസാരിച്ചോ, ഫോൺ ശബ്ദം കേൾപ്പിച്ചോ തടസപ്പെടുത്തിയാൽ സഹയാത്രികർ ഉടൻ പരാതിപ്പെടും. എന്തായാലും നിശബ്ദരായി കാഴ്ചകളാസ്വദിക്കാൻ അതിനോടകം ഞങ്ങളും പഠിച്ചു തുടങ്ങിയിരുന്നു. അവിടത്തെ മനോഹാരിത, പച്ച മൈതാനങ്ങളുടെ ഇടയിലൂടൊഴുകുന്ന ചെറു നദിയും മേപ്പിൾ മരങ്ങളും തനിയെ തലയുയർത്തിനിൽക്കുന്ന കാസ്സിലുകളുമാണ്. നാടുമുഴുവൻ ഫാമുകളുള്ള ഇവിടത്തെ പേരുകേട്ട പാൽ ഉത്പന്നം വാങ്ങിക്കൊണ്ടുപോകണം എന്നാഗ്രഹത്തോടെ ചോക്ലേറ്റുകൾ വാങ്ങുന്നതിനിടയിൽ കടക്കാരോടു ചോദിച്ചിട്ടും കൃത്യമായ മറുപടി ഇല്ലാത്തതുകൊണ്ട്, അത് അവിടത്തെ ചോക്ലേറ്റു തന്നെയാണന്ന് സ്വയം അനുമാനിച്ചു.ഒപ്പം ചുവപ്പിൽ കറുത്ത കള്ളിവരകളോടെയുള്ള വൂളൻ ഷാളും സ്വന്തമാക്കി. സ്കോട്ലാന്‍റ് നിർമിത ബിസ്ക്കറ്റ് പാക്കറ്റുകളുടെ പുറത്ത് കണ്ടിട്ടുണ്ട് പലപ്പോഴും ആ ഷോളിന്‍റെ ചിത്രം.
പട്ടികയിലെ അടുത്ത ദിവസത്തെ സ്ഥലമായ യോർക്കിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു ശ്രീലങ്കൻ വംശജരായ കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചു. അവിടെ സ്ഥിരതാമസമാക്കിയവരാണവർ. ഭാര്യയും കുട്ടികളും അവരുടേതായ ലോകത്തുനിന്നും പുറത്തേക്കു വരുന്നതേയില്ല; ഭർത്താവിനാണെങ്കിൽ തന്‍റെ ഹോസ്പിറ്റൽ ജോലിയിൽ പെടാത്ത ഒരു വിഷയത്തെക്കുറിച്ചും അറിയില്ല. കാരണം അവർ ഈ രാജ്യത്തിലെത്തിയിട്ട് തന്നെ വർഷങ്ങൾ ഏറെയായിരിക്കുന്നു. എന്നാൽ ഞങ്ങൾ പൊതുവിജ്ഞാനത്തിന്റെ ഭാണ്ധം അഴിച്ചുവെച്ചു. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ തുടങ്ങി ശ്രീലങ്ക വഴി കേന്ദ്രത്തിലും തൊട്ട് അമേരിക്കയിലെ പ്രസിഡണ്ടിൽ വരെസംസാരം എത്തി. അതൊക്കെ കേട്ട് അയാൾ തന്‍റെ അത്ഭുതം കലർന്ന ആരാധന തുറന്നറിയിച്ചു. കൂടെയുള്ള എന്റെ ഭർത്താവിന്റെ മറുപടി പക്ഷെ മറിച്ചായിരുന്നു. ഇത്രയും വിജ്ഞാനമൊക്കെ ഞങ്ങടെ നാട്ടിൽ തേങ്ങയിടാൻ വരുന്നയാളുകൾക്കുമുണ്ട്. ....!!
ഉത്തരം അയാൾക്കിഷ്ടപ്പെട്ടോ എന്നറിയില്ല. എന്നാൽ പറഞ്ഞത് സത്യമായിരുന്നു. അങ്ങനെയൊരാളുണ്ട് ഞങ്ങളുടെ നാട്ടിൽ. താമരാക്ഷൻ എന്നാണ് പേര്. പാളത്തൊപ്പിയും ധരിച്ച്, തോളത്ത് കയറും തൂക്കി, കറയുള്ള തോർത്തുമുണ്ടും ഉടുത്തെ എവിടെയും പോകൂ. വെറ്റില മുറുക്കിയ കൂട്ടിപ്പിടിച്ച ചുണ്ടിനുള്ളിൽക്കൂടിയുള്ള നിർത്താത്ത മൂളിപ്പാട്ടു കേട്ടാൽ, പറന്പിൽ ആൾ തേങ്ങയിടാനെത്തി എന്ന് അറിയാം. അങ്ങനെ ഒരു ദിവസം ജോലിയൊക്കെ കഴിഞ്ഞു മടങ്ങുന്ന വഴിയിൽ അയാളുടെ മകളുടെ ഒരു ഫോൺ കോൾ വന്നു! ചോദിക്കാതെ തന്നെ അയാൾ സന്തോഷവാർത്ത പങ്കുവച്ചു. മകൾക്ക് ക്യാന്പസ് സെലക്ഷൻ കിട്ടിയ കാര്യം. ഐ.ടിമേഖലയിലെ തുടർ സാദ്ധ്യതകളെ കുറിച്ചും പഠിച്ച വിഷയത്തെക്കുറിച്ചും സംസാരിക്കുന്പോഴും താമരാക്ഷന് അതേ ലാഘവത്വം. അങ്ങനെയാണ് താമരാക്ഷന്‍റെ പൊതുവിജ്ഞാനത്തിന്‍റെ ആഴത്തെക്കുറിച്ചറിയാൻ കഴിഞ്ഞത്. പക്ഷെ പലപ്പോഴും ഇത്തരം താമരാക്ഷന്‍മാരെ സത്യത്തിലാരും തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം.
യോർക്കിലെ കാഴ്ചകൾ അധികമൊന്നുമില്ലെങ്കിലും വ്യത്യസ്തമുള്ളവയായിരുന്നു. ഇരുനിലയുള്ള ആ തുറന്ന ടൂർ ബസ്സിലെ ഒരു ദിവസം മതി യോർക്ക് മുഴുവനും കാണാൻ. അവിടെയും ഉണ്ടായിരുന്നു ബസ് ഡ്രൈവറുടെ വിവരണങ്ങൾ. ഒപ്പം യാത്രക്കാരെ കുടുകുടെ ചിരിപ്പിക്കുന്ന ഫലിതമേയല്ലാത്ത ഫലിതങ്ങളും. എങ്കിലും ചെയ്യുന്ന ജോലിയിൽ മാത്രമാണ് അറിവെങ്കിലും അത് പൂർണതയോടെ ആസ്വദിച്ചു സമയനിഷ്ഠയോടെ ചെയ്യുന്ന അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല.
രണ്ടാഴ്ചകൾ നീണ്ട കാഴ്ചകൾക്കൊടുവിൽ മടക്കയാത്രക്കായി തിരക്കേറിയതും വിശാലമായതുമായ ഹീത്രൂ എയർപോർട്ടിലെത്തി. ഇംഗ്ലീഷ് നാടിന്‍റെ പുരാതന ഭംഗി അയവിറക്കിക്കൊണ്ട് ഞങ്ങളുടെ ഗെയ്റ്റ് നന്പറിനായി കാത്തിരിക്കുന്പോൾ അടുത്ത സീറ്റിൽ ഭാണ്ധക്കെട്ടുപോലെയൊരു ഒരു ലോകസഞ്ചാരി സായ്പ് ഇരുന്നു ബാഗിൽ നിന്നും ചില പുസ്തകങ്ങൾ പരതിക്കൊണ്ടിരുന്നു. അയാൾക്ക് ഏഷ്യൻ ഉൾഗ്രാമങ്ങളെക്കുറിച്ചറിയണമത്രെ!!!......
അവർ അങ്ങനെയാണ്. സഞ്ചാരം തുടങ്ങുന്പോൾ മാത്രമേ ആ സ്ഥലത്തെക്കുറിച്ച് അറിയാൻ ശ്രമിക്കൂ. നമ്മൾ ആണെങ്കിൽ സഞ്ചാരമേ ഉണ്ടാവില്ലന്നറിഞ്ഞുകൊണ്ടു തന്നെസ്ഥലങ്ങളുടെയെല്ലാം ചരിത്രം വരെ ഹൃദിസ്ഥമാക്കുന്നു. എന്തായാലും അദ്ദേഹത്തിന് ഞാൻ പരിചയപ്പെടുത്തിക്കൊടുത്തു സൗത്ത് ഇന്ത്യയുടെ അറ്റത്ത് പാവക്കാ രൂപത്തിൽ കിടക്കുന്ന നമ്മുടെ സ്വന്തം നാടിനെ... അവിടെ നാലുകൈകളും മുഖത്ത് നാലു കണ്ണുകളുമുള്ള ഒരു ജനതയെ....... താമരാക്ഷന്‍റെ സ്വന്തം നാട്ടുകാരെ!