പ്രകോ­പനവും പ്രത്യാ­ഘാ­തവും


വി.ആർ. സത്യദേവ് 

 

ട്രപ് എന്ന വാക്കിനർത്ഥം വിവാദങ്ങൾ എന്നാണോ എന്ന് ആരെങ്കിലു സന്ദേഹിച്ചാൽ കുറ്റം പറയാനാവില്ല. വിവാദങ്ങൾ അത്രകണ്ടു കൂടപ്പിറപ്പുകളാണ് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം മുതൽ സ്ഥിതി ഇതു തന്നെയാണ്. കറുത്ത വർഗ്ഗക്കാർക്കും കുടിയേറ്റക്കാർക്കും ഇസ്ലാം മത വിശ്വാസികൾക്കും ഒക്കെയെതിരെയുള്ള പ്രസ്താവനാ വിവാദങ്ങൾ ട്രംപിന്റെ വിജയ സാദ്ധ്യതകൾ തന്നെ ഇല്ലായ്മ ചെയയ്യുമെന്നായിരുന്നു വിദഗ്ദ്ധരുടെ വിലയിരുത്തൽ. വിദഗ്ദ്ധാഭിപ്രായങ്ങളും വിലയിരുത്തലുകളുമൊക്കെ പാഴായി ട്രംപ് വിജയരഥത്തിലേറിയിട്ടും വിവാദങ്ങൾക്കു മാത്രം മാറ്റമൊന്നുമില്ല. 

പ്രചാരണവേളയിൽ പ്രവചനാതീതമായ പ്രസ്താവനകളും പ്രഖ്യാപനങ്ങളും കൊണ്ട് അമേരിക്കയേയും ലോകത്തെ തന്നെയും ഞെട്ടിച്ച ട്രംപ് പക്ഷേ തികച്ചും പാകതയോടെയായിരുന്നു തന്റെ വിജയ പ്രസംഗം നടത്തിയത്. പ്രചാരണം വേറേ ഭരണം വേറെ എന്നത് വ്യക്തമായറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്ന തോന്നലാണ് ആ പ്രസംഗം സൃഷ്ടിച്ചത്. വൈര്യനിര്യാതന ബുദ്ധിയോടെയല്ലാതെ തികച്ചും പ്രായോഗിക മതിയായി ആവും അദ്ദേഹം അമേരിക്കയെ നയിക്കുക എന്ന തോന്നലാണ് അന്നുണ്ടായത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുകയാണ്. പ്രസ്താവനാ വിവാദങ്ങൾക്കു പിന്നാലേ ഇപ്പോഴുയർന്നിരിക്കുന്നത് ഒരു ഫോൺ വിളിയുണ്ടാക്കിയ കൊടുങ്കാറ്റാണ്. 

കേവലം ഒരു ഫോൺ വിളിക്ക് എന്തു കൊടുങ്കാറ്റാണ് ഉയർത്താനാവുന്നതെന്നാണ് ചോദ്യമെങ്കിൽ തെറ്റി. ഒരുപക്ഷേ ഒരു ശീതയുദ്ധത്തിനു പോലും ഈ വിളിയും സംസാരവും കാരണമായേക്കാമെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ കണക്കുകൂട്ടിയും കിഴിച്ചും വിലയിരുത്തുന്നത്. അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റു തൊപ്പിയിടുമെന്നു വിലയിരുത്തിയ വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് യഥാർത്ഥ ഫലം എന്താകുമെന്ന് കണ്ടുതന്നെ അറിയണം.

ലോകരാഷ്ട്രങ്ങളുടെ നായകസ്ഥാനത്തേയ്ക്കടക്കം വിജയിക്കുന്നവരെ അഭിനന്ദിക്കുന്നതും അവരുമായി ബന്ധം പുലർത്തുന്നതും ബന്ധം ഊഷ്മളമാക്കുന്നതുമൊക്കെ നാട്ടുനടപ്പുള്ള കാര്യമാണ്. തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചയുടൻ റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുചിനുമായി സംസാരിച്ചത് ഇതിനുള്ള ഉദാഹരണമാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രസി‍‍ഡണ്ട് നവാസ് ഷെരീഫും ട്രംപുമായി സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിൽ പാകിസ്ഥാനും തീവ്രവാദത്തിനുമെതിരായ സ്വന്തം നിലപാട് ട്രംപ് മയപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതിനെതിരേ ചെറിയ തോതിൽ വിമർശനമുയർന്നിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ ഒരൽപ്പം ആശങ്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതു പോലെയൊന്നുമല്ല ട്രംപിന്റെ പുതിയ ഫോൺവിളി വിവാദം. അമേരിക്ക ചൈന ബന്ധങ്ങളെ അതു സാരമായി ബാധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

തായ്്വാൻ പ്രസിഡണ്ട് സായ് ഇംഗ് വെന്നുമായുള്ള ട്രംപിന്റെ ടെലഫോൺ സംഭാഷണമാണ് വലിയ വിവാദമായിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് ഇത്ര വിവാദമാകുന്നത്. ഇതിന് നമ്മൾ തയ്വാനെക്കുറിച്ചുള്ള ചില ചില്ലറ കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ. പീപ്പിൾസ് റിപ്പബ്ലിക് ഒാഫ് ചൈനയെന്ന മഹാരാജ്യത്തിന്റെ 180 കിലോമീറ്ററോളം കിഴക്ക് കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് തയ്്വാൻ. ഇത് ചൈനാ മഹാരാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. ഒരൊറ്റ ചൈന എന്ന ചൈനീസ് നയം പൊതുവേ ലോകത്ത് എല്ലാ രാഷ്ട്രങ്ങളും അംഗീകരിക്കുന്നതുമാണ്. ചൈനയിലെ കമ്യൂണിസ്റ്റ് വിപ്ലവ വിജയത്തെ തുടർന്നിങ്ങോട്ടു പക്ഷേ, ഇക്കാര്യത്തിൽ തായ്്വാനിലെ വലിയൊരു വിഭാഗമാൾക്കാർക്ക് വ്യക്തമായ അഭിപ്രായ വ്യത്യാസമുണ്ട്. അവർ അന്നുമുതലിങ്ങോട്ടു വിശ്വസിക്കുന്നതും അവകാശപ്പെടുന്നതും തങ്ങൾ റിപ്പബ്ലിക് ഓഫ് ചൈനയെന്ന സ്വതന്ത്ര രാഷ്ട്രമാണ് എന്നാണ്.

ചൈനയിൽ കമ്യൂണിസ്റ്റു വിപ്ലവം വിജയിച്ചപ്പോൾ തയ്്വാനിലേക്കൊതുങ്ങിയ കുമിന്താങ്ങുകളായിരുന്നു ഈ സങ്കൽപ്പത്തിനു ബീജാവാപം ചെയ്തത്. അന്നു മുതലിങ്ങോട്ട് തയ്്വാനിൽ അതിനു വലിയ വേരോട്ടവുമുണ്ട്. മാവോ അധികാരം പിടിച്ച കാലത്തൊക്കെ ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ട്ര സംഘടനകളും പല ലോകരാജ്യങ്ങളും ചൈനയെന്ന പേരിൽ അംഗീകരിച്ചിരുന്നത് റിപ്പബ്ലിക് ഓഫ് ചൈനയെന്ന പേരിലുള്ള തായ്്വാനെ ആയിരുന്നു. എന്നാൽ കാലക്രമത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന കരുത്തരാവുകയും തായ്്വാൻ ഇത്തരം സ്ഥാനമാനങ്ങളും ബന്ധങ്ങളുമൊക്കെ നഷ്ടമാവുകയും ചെയ്തു. തുടക്കത്തിൽ എല്ലാവരെയും പോലെ തായ്്വാനെ അംഗീകരിച്ചിരുന്ന അമേരിക്കയും പതിയെ ചൈനീസ് പക്ഷത്തേക്കു മാറി. 

1971ലാണ് ഐക്യരാഷ്ട്ര സഭ തയ്്വാനു പകരം ചൈനയെ അംഗീകരിച്ചത്. വൺ കൺട്രി വൺ സിസ്റ്റം അഥവാ ഒരു രാജ്യം ഒരൊറ്റ സംവിധാനം നയപ്രകാരം 1979ലാണ് അമേരിക്കയും തായ്്വാനെ ഉപേക്ഷിച്ച് ചൈനയെ അംഗീകരിച്ചത്. തായ്്വാൻ തങ്ങളുടെ ഒരു പ്രവശ്യമാത്രമാണെന്ന ചൈനീസ് നയമാണ് ഇതോടേ ആഗോളതലത്തിൽ മേൽക്കൈ നേടിയത്. ഇതൊക്കെയാണെങ്കിലും തായ്്വാന്റെ മനസ്സ് അന്നുമിന്നും ചൈനീസ് അധീശത്വത്തിനെതിരെയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി തുടിക്കുകയാണ്. ഇതിന്റെ പ്രതിഫലനങ്ങൾ ഏറെയാണ്. ആഗോള ശക്തിയെന്ന നിലയിലുള്ള ചൈനയുടെ പ്രമാണ്യം നിലനിൽക്കെ തന്നെയും തികച്ചും സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ തായ്്വാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെയാണ്. ഇന്നും 21 രാഷ്രങ്ങളുമായി അവർ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ഇടപെടുന്നു. ചൈനയുമായി ഒരൊറ്റ രാഷ്ട്ര നയം പാലിക്കുന്പോൾ തന്നെ അമേരിക്കയുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കാനും അവർക്കാകുന്നുണ്ട്. ചൈനയുമായുള്ള ബലപരീക്ഷണത്തിൽ അവർ കരുത്തുകൂട്ടുന്നതിന് ആവശ്യമായ ഏറ്റവും കൂടുതൽ ആയുധങ്ങളെത്തുന്നതും അമേരിക്കയിൽ നിന്നു തന്നെ. ഇവിടെ അമേരിക്ക ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്നു. ഇവിടെ ആയുധ വ്യാപാരത്തിൽ നിന്നുള്ള വിദേശ നാണ്യം മാത്രമാണ് അമേരിക്കയുടെ ലക്ഷ്യം. 

കച്ചവടം ഒരുവശത്തു മുറയ്ക്കു നടക്കുന്പോഴും ചൈനയെ സുഖിപ്പിച്ചു നിറുത്തുന്നതിൽ ബദ്ധശ്രദ്ധാലുക്കളാണ് അമേരിക്കൻ നേതൃത്വം. പ്രസിഡണ്ട് ഹാരി ട്രൂമാന്റെ കാലംതൊട്ടുള്ള ഈ സ്ഥിതി ട്രംപിന്റെ കാലത്ത് തകിടം മറിയുമോ എന്ന ആശങ്കയാണ് ഇപ്പോഴുയരുന്നത്. തായ്്വാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡണ്ടായ സായ് ഇംഗ് വെൻ ഇക്കൊല്ലമാദ്യമാണ് തകർപ്പൻ വിജയത്തിലൂടെ അധികാരത്തിലെത്തിയത്. വെന്നിന്റെ ജനാധിപത്യ പുരോഗമന പാർട്ടി രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കാണുന്നവരാണ്. ഇതു തന്നെയാണ് ട്രംപ്− വെൻ സംഭാഷണം ചൈനീസ് നേതൃത്വത്തെ അസ്വസ്ഥരാക്കാനുള്ള പ്രധാന കാരണം. 

താനും തായ്്വാൻ പ്രസിഡണ്ടുമായുള്ള സംഭാഷണം ഊഷ്മളമായിരുന്നുവെന്ന് ട്രംപ് ട്വീറ്റു ചെയ്തിരുന്നു. സംഭാഷണം 10 മിനിറ്റു നീണ്ടു. സംഭാഷണത്തിന്റെ വിശദാംശങ്ങൾ വെളിവായിട്ടില്ല. എന്നാൽ ഇത്തരം രണ്ട് വ്യക്തികൾ തമ്മിൽ പതിറ്റാണ്ടുകളായി നിലവിലില്ലാത്തതാണ് ഇങ്ങനെയൊരു സംഭാഷണം. തായ്്വാന്റെ രാഷ്ടനായകനോ നായികയോ സമീപകാലത്ത് ഒരു അമേരിക്കൻ നായകനുമായി പരസ്യമായി സംസാരിച്ചിട്ടില്ല. ഇത് ഒരു വഴിത്തിരിവാണ്. ഇത് ഏകകക്ഷി ഭരണം നടക്കുന്ന ചൈനയിലെ പാർട്ടി ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമില്ല. 

തായ്്വാന്റെ ഹീന തന്ത്രമാണ് ട്രംപുമായുള്ള അവരുടെ പ്രസിഡണ്ടിന്റെ സംഭാഷണമെന്നാണ് ഇക്കാര്യത്തിൽ ചൈനയുടെ ആദ്യ പ്രതികരണം. ഇത് മുൻപെങ്ങുമുണ്ടായിട്ടുമില്ലാത്തതാണെന്നും ചൈനീസ് വക്താവ് പ്രതികരിച്ചു.

ട്രംപ് അധികാരമേറ്റിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അളവിലധികം ആശങ്കപ്പെടേണ്ട എന്നു വിലയിരുത്തുന്നവരുമുണ്ട്. മാത്രവുമല്ല തയ്്വാൻ പ്രസിഡണ്ടാണ് ട്രംപിനെ വിളിച്ചത്. മറിച്ചായിരുന്നുവെങ്കിൽ അതിനു മറ്റ് അർത്ഥ തലങ്ങളുണ്ടാകാമായിരുന്നു. ഇതിനിടെ ട്രംപിന്റെ ട്രാൻസിഷൻ അഡ്വൈസർ സ്റ്റീഫൻ യേറ്റ്സ് തായ്്വാനിലെത്തിയാണ് ഫോൺ വിളിക്കു കളമൊരുക്കിയതെന്ന റിപ്പോർട്ടുചെയ്ത ഒരു പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമത്തിന് അതു പിൻവലിക്കേണ്ടി വന്നു.വൻ വ്യവസായിയായ ട്രംപിന് തായ്്വാനിൽ വ്യവസായ താൽപ്പര്യങ്ങളുണ്ടെന്ന ആരോപണവും ഇതിനൊപ്പം പരക്കുന്നുണ്ട്. 

സംഭവമെന്തായാലും ഒരൊറ്റചൈന പ്രമാണത്തിൽ നിന്നുള്ള മാറ്റം ലോകക്രമം തന്നെ തകർക്കുമെന്ന ആശങ്കപ്പെടുന്ന വിദഗ്ദ്ധർ ഏറെയാണ്. എന്നാൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നതു തന്നെയാണ് ഇപ്പോഴും ട്രംപിന്റെ നിലപാട്. ചൈനക്കൊപ്പം നിൽക്കുന്പോൾ തന്നെ ചൈനക്കെതിരായ ശാക്തീകരണത്തിന് തായ്്വാന് അമേരിക്ക ആയുധങ്ങൾ നൽകുന്നതിലെ ഇരട്ടത്താപ്പു ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിലെ ട്രംപിന്റെ പുതിയ ന്യായീകരണവും പരിഹാസവും. തോക്കു കൊടുക്കുന്നതിന് കുഴപ്പമില്ല ഞാനൊന്നു സംസാരിച്ചാൽ മഹാപരാധമെന്ന് പറയുന്നതിലെ ന്യായമെന്ത് എന്നതാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.

സംഗതികളൊക്കെ കേൾക്കാൻ നല്ല രസമാണ്. എന്നാൽ വൻശക്തികൾ അധികാരത്തിനും സ്വാർത്ഥതക്കും മേധാവിത്വത്തിനും വേണ്ടി കൊന്പുകോർക്കുന്പോൾ ലോകം എന്തൊക്കെ സഹിക്കേണ്ടി വരുമെന്ന കണ്ടുതന്നെ അറിയണം. 

You might also like

Most Viewed