ജന ഗണ മന... അറ്റൻഷൻ പ്ലീസ്..

പി.പി
2015 നവംബർ മാസമാണ് ഓണലൈനിലൂടെ ഒരു വീഡിയോ പരക്കെ ഷെയർ ചെയ്യപ്പെട്ടത്. മുംബൈയിലെ ഒരു തീയറ്ററിൽ ദേശീയഗാനം വെച്ചപ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കാതിരുന്ന അഞ്ചംഗ കുടുംബം അവിടെ കൂടിയവരാൽ അക്രമിക്കപ്പെടുന്നതായിരുന്നു ആ വീഡിയോ ദൃശ്യത്തിൽ ഉണ്ടായിരുന്നത്. ഇത്തരം കേസുകൾ കേരളമുൾപ്പടെ പലയിടത്തും പിന്നീട് ആവർത്തിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിധി വരുന്നത് വരേക്കും ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഗോവയിലും മുന്പേ തന്നെ സിനമികൾ തുടങ്ങുന്നതിന് മുന്പ് ദേശീയഗാനം കേൾപ്പിക്കണമെന്ന നിയമം പ്രാവർത്തകമാക്കിയിരുന്നു. ഓരോ പൗരന്റെയും ഉള്ളിൽ ദേശീയത വളർത്താനും, രാജ്യസ്നേഹം വർദ്ധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കുമെന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് റോയും കണ്ടെത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ത്രിവർണ പതാക ഉണ്ടാക്കാനായിരുന്നു നമ്മുടെ അന്നത്തെ ഭരണാധികാരികൾ ആദ്യം ശ്രദ്ധിച്ചത്. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ദേശീയഗാനത്തിന്റെ കാര്യത്തിലൊരു തീരുമാനമായത്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരമായിരിക്കും ദേശീയഗാനമാകുക എന്ന് വലിയൊരു വിഭാഗം ജനങ്ങളും അന്ന് കരുതിയിരുന്നു. ഏകദേശം അരനൂറ്റാണ്ടോളം സ്വാതന്ത്ര്യ സമരകാലങ്ങളിൽ ഈ ഗാനത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. മുഹമ്മദലി ജിന്നയടക്കമുള്ള നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വേദികളിൽ വന്ദേമാതരം ആലപിച്ചിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പക്ഷെ പിന്നീട് ഈ ഗാനത്തിലെ ചില വരികൾ ഇസ്ലാമികമായ വിശ്വാസങ്ങളുമായി ഒത്തുപോകുന്നില്ലെന്ന പരാതിയെ തുടർന്നാണ് ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന് പുതിയൊരു ദേശീയ ഗാനത്തെ അന്വേഷിക്കേണ്ടി വന്നത്. അങ്ങിനെയാണ് 1950 ജനവരി 26ന്, ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക്ക് ദിനത്തിൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, മഹാകവി ടാഗോർ എഴുതിയ ജനഗണമന എന്ന ഗാനത്തിന്റെ ആദ്യ ഭാഗം ഭാരത്തിന്റെ ദേശീയഗാനമായി പ്രഖ്യാപ്പിച്ചത്. വന്ദേമാതരത്തെ ദേശീയ ഗീതമായും അദ്ദേഹം അന്ന് പ്രഖ്യാപ്പിച്ചു. ഇതോടെയാണ് ഈ രണ്ട് ഗാനങ്ങളും ഇന്ത്യൻ ദേശീയതയുടെ അവിഭാജ്യ ഘടകമായി മാറുന്നത്.
ഈ പ്രഖ്യാപനത്തോടെ ഈ രണ്ട് ഗാനങ്ങളും പാടേണ്ട രീതി ഓൾ ഇന്ത്യ റേഡിയോയുടെ സഹായത്തോടെ ഗവൺമെന്റ് തയ്യാറാക്കി. രണ്ട് വ്യത്യസ്ത രീതികളിലാണ് രണ്ട് ഗാനങ്ങളുടെയും പുതുക്കിയ രൂപം പുറത്തിറക്കിയത്. ഒന്ന് വോക്കലും, മറ്റൊന്ന് ഇൻസ്ട്രുമെന്റലും. പാർലിമെന്ററി കമ്മിറ്റി അംഗീകരിച്ചതിന് ശേഷം രണ്ടിന്റെയും ആയിരം കോപ്പികൾ വീതം ഉണ്ടാക്കാൻ അന്ന് ഗ്രാമഫോൺ കന്പനി ഓഫ് ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കുകയും അതിൽ നിന്ന് എണ്ണൂറോളം റേഡിയോ േസ്റ്റഷനുകളിലൂടെ ഈ രണ്ട് ഗാനങ്ങളും ജനങ്ങളുടെ ഇടയിൽ എത്തിക്കുകയും ചെയ്തു. ദിൻകർ കൽക്കിനിയും സുമതി മുത്താത്കറും ചേർന്ന് ആലപിക്കുന്ന വന്ദേമാതരത്തിന്റെ വോക്കൽ സംഗീതം റേഡിയോ േസ്റ്റഷനുകൾ അവരുടെ സിഗനേച്ചർ ട്യൂണായി പ്രഭാതത്തിൽ നൽകണമെന്ന നിഷ്കർഷയും ഗവൺമെന്റ് ഉണ്ടാക്കി. അത് ഇന്നും തുടരുന്നുണ്ട്. അതേ സമയം ജനഗണമന സ്വാതന്ത്ര്യദിനം, റിപബ്ലിക്ക് ദിനം തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ മാത്രമേ റേഡിയോകളിൽ കേൾപ്പിക്കാറുള്ളൂ. ആദ്യകാലങ്ങളിൽ ഈ രണ്ട് ഗാനങ്ങളും റേഡിയോയിൽ വരുന്ന നേരത്ത് അത് കേൾക്കുന്ന പൗരൻമാർ അച്ചടക്കത്തോടെ എഴുന്നേറ്റ് നിന്ന് ഈ ഗാനങ്ങൾ ഏറ്റ് ചൊല്ലാറുണ്ടായിരുന്നുവത്രെ. പിന്നീട് കാലം മുന്പോട്ട് പോയപ്പോൾ ദേശീയഗാനം സ്കൂൾ അസംബ്ലികളെ പിരിച്ചുവിടാൻ മാത്രം കേൾക്കുന്ന ഒരു ചടങ്ങായി മാറി തുടങ്ങി.
1965ലെ ഇന്തോ പാക്ക്് യുദ്ധത്തെ തുടർന്ന്് ദേശീയ വികാരം വീണ്ടും മടക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാശാലകളിൽ ദേശീയ ഗാനം കേൾപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഇത് സിനിമ തീരുന്ന നേരത്ത് കാണിക്കാനായിരുന്നു തീരുമാനിച്ചത്. ആദ്യമൊക്കെ ദേശീയവികാരമുണർന്നെഴുന്നേറ്റ പൗരമാർ ജനഗണമന കഴിയുന്നത് വരേക്കും അച്ചടക്കത്തോടെ നിന്ന് ഒപ്പം പാടി. പക്ഷെ യുദ്ധത്തിന്റെ ഭീതിയൊക്കെ വിട്ടൊഴിഞ്ഞ് 1980കളിൽ എത്തുന്പോഴേക്കും സിനിമ കഴിയുന്നതും ദേശീയഗാനത്തെ ഓർക്കാതെ പുറത്തേക്ക് ധൃതിയിൽ പോകുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ദേശീയഗാനത്തിന് നേരിടേണ്ടി വരുന്ന അവമതി തിരിച്ചറിഞ്ഞ് ഒടുവിൽ ഗവൺമെന്റ് തന്നെ പതിയെ ഈ തീരുമാനം പിൻവലിച്ചു.
1990കളായതോടെ രാജ്യത്ത് പ്രത്യേകിച്ച് മുംബൈ പോലെയുള്ള മഹാനഗരങ്ങളിലൊക്കെ മൾടിപ്ലക്സ് തീയറ്ററുകൾ ധാരാളമായി ഉണ്ടായി. മഹാരാഷ്ട്രയിൽ 1993ൽ അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന ചഗ്ഗൻ ബുജ്ബാൽ തീയറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് തൊട്ടു മുന്പ് ദേശീയ ഗാനം നിർബന്ധമാക്കാൻ തീരുമാനിച്ചു. സിനിമ തുടങ്ങുന്നതിന് മുന്പ് വരുന്ന പരസ്യങ്ങൾക്കും, ജനക്ഷേമ അറിയിപ്പുകൾക്കും ശേഷമായിരുന്നു ദേശീയ ഗാനം കേൾപ്പിച്ചിരുന്നത്. പലരും ഒരു കൈയിൽ ശീതളപാനീയവും, മറുകൈയിൽ ചിപ്സിന്റെ പാക്കറ്റുമായി ദേശീയഗാനം വരുന്പോൾ എഴുന്നേറ്റ് നിന്നുതുടങ്ങി. ദേശീയ ഗാനത്തോടൊപ്പം അന്ന് ദേശീയ പതാക കാണിക്കുന്ന തരത്തിലുള്ള ഒരു മിനിറ്റ് നീണ്ട ചിത്രവും പ്രദർശിപ്പിക്കുമായിരുന്നു. വർഷം രണ്ടായിരമായതോടെ സംഗതി ഡിജിറ്റലായി തുടങ്ങി. ഡിജിറ്റിൽ രീതിയിൽ നീങ്ങുന്ന ദേശീയ പതാകയ്ക്കൊപ്പം എ.ആർ റഹ്മാൻ സംവിധാനം ചെയ്ത് ഭാരതത്തിലെ പ്രധാന സംഗീതജ്ഞർ പാടുന്ന രണ്ട് മിനിട്ട് ഡിജിറ്റൽ വീഡിയോ പ്രദർശിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ സിനിമാ തീയറ്ററിൽ സാധാരണയായി. 2007ൽ മറാത്തി തീയറ്റർ കലാകരനായ പുഷ്കർ ശ്രോത്രി മറാത്തി കലാകാരൻമാരുടെ സഹകരണത്തിൽ ദേശീയഗാനത്തിന്റെ പുതിയൊരു രൂപം പുറത്തിറക്കി. 40 പേരായിരുന്നു ഒരു മിനിട്ട് നീണ്ട് നിൽക്കുന്ന ഈ വീഡിയോയിൽ വന്നത്. 2007 ആഗസ്ത് 15 മുതൽ മഹാരാഷ്ട്രയിൽ ഈ ഗാനമാണ് തീയറ്ററുകളിൽ കാണിക്കുന്നത്.
ഇങ്ങിനെ ദേശീയഗാനത്തെ അതിന്റെ നിഷ്കർഷിച്ച രൂപത്തിൽ നിന്ന് വ്യത്യാസപ്പെടുത്തി പല രീതിയിൽ ഉപയോഗിക്കുന്നതിനെതിരെ നിരവധി പേർ രംഗത്ത് വന്നെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല. സിനിമകളിൽ പോലും വികലമായി ദേശീയ ഗാനവും, ദേശീയ ഗീതവും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കച്ചവട താത്പര്യങ്ങൾക്ക് അനുസരിച്ച് ഈ ഗാനങ്ങളെ ഉപയോഗിച്ച് തുടങ്ങിയപ്പോൾ ദേശീയവികാരങ്ങളൊന്നും ജനിപ്പിക്കാത്ത തരത്തിലുള്ള ഗാനങ്ങളായി അത് പതിയെ മാറി തുടങ്ങി. പുതിയ തീരുമാനത്തോടെ, ഇന്ത്യയൊട്ടാകെ ജനഗണമന മൾട്ടിപ്ലക്സുകളിൽ അലയടിച്ചു തുടങ്ങുന്പോൾ ഇതെത്ര കാലത്തേയ്ക്കുള്ള പരീക്ഷണമായിരിക്കുമെന്ന ആശങ്ക മാത്രം ബാക്കിയാകുന്നു.