നാ­ട്ടു­വഴി­യു­ടെ­ നന്മ മണം..!


മനു കാരയാട്

നാട്ടുവഴിയുടെ തണലും തണുപ്പും ആവോളം അനുഭവിച്ചവരാണ് നമ്മൾ. എന്നാൽ പുതിയ തലമുറയിലെ കുട്ടികൾക്ക് നാട്ടുവഴിയും നാട്ടുനന്മകളും വെറും പഴങ്കഥകൾ മാത്രമാണ്. തങ്ങളുടെ പൂർവ്വികർ പറഞ്ഞു കേട്ട ഗൃഹാതുര സ്മരണകളുടെ വെറും ഓർമ്മച്ചിത്രങ്ങൾ മാത്രം. ഓരോ നാട്ടുവഴികളും ഓരോ പ്രദേശത്തിന്റെയും നാഡീഞരന്പുകളായിരുന്നു. അവയാകട്ടെ ആ പ്രദേശത്തിന്റെ പൈതൃകം സൂക്ഷിപ്പുകാരുമായിരുന്നു. നാട്ടുവഴികളിലൂടെയുള്ള യാത്ര നാമോരോരുത്തർക്കും മനസ്സിന് കുളിർ പകരുന്ന അനുഭവവുമായിരുന്നു. ഇന്ന് നാട്ടുവഴികളെല്ലാം ഇടിച്ചു നിരത്തി അവിടം മുഴുവൻ ടാർ റോഡുകളായി പരിണമിച്ചിരിക്കുന്നു.

വികസനത്തിന്റെ നെട്ടോട്ടത്തിനിടയിൽപ്പെട്ട് അകാല മൃത്യു വരിച്ച ഗണത്തിലെ പ്രഥമ സ്ഥാനം നാട്ടുവഴികൾക്കാണ്. നമ്മുടെ നാട്ടിലെ ഓരോ നാട്ടുവഴികൾക്കും ഒരു നൂറ് കഥകൾ പറയാനുണ്ടാകും. പല നേർക്കാഴ്ചകളും മൂകമായി നോക്കി നിൽക്കാനേ നാട്ടുവഴികൾക്ക് കഴിഞ്ഞിട്ടുള്ളൂ. മാത്രമല്ല പല രഹസ്യങ്ങളുടെയും താക്കോൽ സൂക്ഷിപ്പുകാരനാണ് നമ്മുടെ പ്രിയ നാട്ടുവഴികൾ. എത്രയെത്ര പ്രണയമൊട്ടുകൾ വിരിയുന്നത് കാണാനുള്ള ഭാഗ്യം നാട്ടുവഴികൾക്ക് ലഭിച്ചിട്ടുണ്ടെന്നോ? അതുപോലെ പല പ്രണയ പുഷ്പങ്ങളും കൊഴിഞ്ഞു തീരുന്നതും ഇതേ നാട്ടുവഴികളിൽ തന്നെയാകും.

നാട്ടുവഴികളിലൂടെയുള്ള ഒരുമിച്ചുള്ള യാത്ര എപ്പോഴും സൗഹാർദ്ദത്തിന്റെ പുതിയൊരു പ്രതീകമായിരുന്നു. മുന്പ് തോളോട് തോൾ ചേർന്നായിരുന്നു നാം നാട്ടുവഴികളിലൂടെ യാത്ര ചെയ്തിരുന്നത്. എതിരെ വരുന്നവന് വേണ്ടി ഒഴിഞ്ഞു മാറാൻ മാത്രം വീതിയുള്ളതായിരുന്നില്ല അന്നത്തെ ഭൂരിഭാഗം നാട്ടുവഴികളും. എന്നാലോ എതിരെ വരുന്നവൻ എത്ര അപരിചിതനായാലും അവനുമായി പുതിയൊരു സൗഹൃദം സ്ഥാപിച്ചിട്ടാകും നമ്മുടെ മുന്നോട്ടേക്കുള്ള യാത്ര.

വികസനത്തിന്റെ പേരിൽ സ്വയം ഹോമിക്കപ്പെടുന്പോഴും നാട്ടു നന്മകളുടെ സുഗന്ധം ബാക്കി വെച്ചാണ് നാട്ടുവഴികൾ രക്തസാക്ഷികളാകുന്നത്. ഇന്ന് വീതിയേറിയ റോഡുകളും അതിലൂടെ വാഹനങ്ങളുടെ അനസ്യൂതമായ ഒഴുക്കുമാണല്ലോ. എന്നാൽ ഇതൊന്നുമില്ലാതിരുന്ന പഴയ കാലത്ത് ഈ ധർമ്മം വഹിച്ചിരുന്നതാകട്ടെ നമ്മുടെ നാട്ടുവഴികളായിരുന്നു. ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേക്കുള്ള ചരക്ക്, യാത്രകളുടെ പാതയൊരുക്കിയത് നാട്ടുവഴിമാർഗ്ഗമായിരുന്നു. വികസനത്തിന്റെ പേരിൽ ഇന്ന് നാട്ടുവഴികൾ നഷ്ടമാകുന്പോൾ ശരിയായ പഠനത്തിന് വിധേയമായിട്ടാണോ ഇന്നത്തെ വികസന അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഴക്കാലത്തെ മലവെള്ളപ്പാച്ചിലുകൾ നിയന്ത്രിച്ച് അതിനെ ലക്ഷ്യസ്ഥാനത്തെത്തിക്കുക വഴി നാട്ടുവഴികൾ നമ്മുടെ നാടിനെ ഉരുൾപൊട്ടൽ പോലുള്ള ഭയാനകവിപത്തുകളിൽ നിന്നും രക്ഷപ്പെടുത്തുമായിരുന്നു. ഇന്ന് വീതിയേറിയ പൊതു റോഡുകളിൽപ്പോലും സ്ത്രീ സഞ്ചാരം സുരക്ഷിതമല്ലെന്നിരിക്കേ മുൻകാലങ്ങളിൽ നാട്ടുവഴികളിലൂടെയുള്ള അവരുടെ സഞ്ചാരത്തെ കുറിച്ചോർത്ത് അത്ഭുതപ്പെടുന്നത്. എതിരെ വരുന്നത് ഒരു പെണ്ണാണെങ്കിലും ഉള്ള സൗകര്യമുപയോഗിച്ചവർക്ക് കടന്നു പോകാൻ അവസരം ഒരുക്കാനുള്ള മനസ്ക്കത നമുക്കിടയിലുണ്ടായിരുന്നു.

ഒരു കാലത്ത് നാടിന്റെ നാഡീഞരന്പുകളെന്ന് വിശേഷിക്കപ്പെട്ട നാട്ടുവഴികൾ ഇന്ന് അതേ നാടിന്റെ ശാപമായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടുവഴിക്കരികിലാണ് വീടെങ്കിൽ മുറ്റത്ത് വാഹനമെത്തില്ലെന്ന ഒറ്റക്കാരണത്താൽ അവിടെയുള്ള പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം പോലും ലഭിക്കാത്ത അവസ്ഥയിലേയ്ക്ക് നാട് അധഃപതിച്ചിരിക്കുന്നു.

നാട്ടുവഴികളും, നാട്ടു നന്മകളും കൊണ്ട് സന്പന്നമായിരുന്നു ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങൾ. അവിടെ സ്നേഹസന്പന്നരായ ഒരു ജനതയും. എന്നാൽ ഇന്ന് ചിത്രം മാറിയിരിക്കുന്നു. മാറ്റങ്ങളുടെ കെട്ട് പൊട്ടിച്ച് വികസനമെന്ന ഒറ്റ ലക്ഷ്യത്തിലേയ്ക്ക് ഊക്കറിയാതെ ചാടുന്നുണ്ട് ചിലർ. വികസനം അരുതെന്നല്ല. അത്യാവശ്യം തന്നെയെന്നതിൽ തർക്കവുമില്ല. പക്ഷേ നാടിന്റെ വികസനം എപ്പോഴും അവിടെ നിലനിന്നുപോന്നിരുന്ന പൈതൃകത്തെ ഉന്മൂലനം ചെയ്തുകൊണ്ടാകരുത്. അങ്ങനെയുള്ള വികസനം പലപ്പോഴും ഇല്ലാതാക്കുന്നത് നമ്മുടെ നാടിന്റെ നിലനിന്നുപോന്ന ഐശ്വര്യ സന്പന്നമായ മുഖശ്രീയാണെന്നതിൽ തർക്കമില്ല.

മുന്പ് കാലത്ത് ദിവസം ഒരു നേരമെങ്കിലും നാട്ടുവഴിയിലൂടെ പാദങ്ങളൂന്നി ഓടിക്കളിച്ച കാലം നമുക്കെല്ലാമുണ്ടായിരുന്നു. ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും നാമതിനെ മറക്കാതെ ഇപ്പോഴും നെഞ്ചിൽ സൂക്ഷിക്കുന്നുണ്ട്. നാട്ടുവഴികളും നാട്ടു നന്മകളും നിറഞ്ഞ ആ പഴയ കാലത്തിലേയ്ക്ക് ഒരിക്കൽക്കൂടി തിരിച്ചു പോകാൻ മനസ്സ് വല്ലാതെ വെന്പുന്നുമുണ്ട്. പക്ഷേ യാഥാർത്ഥ്യം മുന്നിൽ പല്ലിളിച്ച് കാട്ടുന്പോഴും മനസ്സ് വീണ്ടും വീണ്ടും കൊതിക്കുന്നത് ആ പഴയ നാട്ടുവഴികൾ തന്നെയാണ്.

ഒരിക്കൽക്കൂടി നമുക്ക് സ്വയം ബാല്യത്തിലേയ്ക്ക് തിരിച്ചു പോകാം. അവിടെ പഴയ നാട്ടുവഴികൾ ഇപ്പോഴും നമ്മുടെ പാദസ്പർശനമേൽക്കാൻ കാത്തിരിക്കുകയാവാം. ഓർമ്മകളുടെ കുപ്പായക്കീശയിൽനിന്നും ഒരു പിടിമുത്തുകൾ വാരിയെടുത്ത് പഴയ കൂട്ടുകാർക്കൊപ്പം അന്ന് ഓടിത്തിമിർത്ത നാട്ടുവഴിയിലൂടെ ഒരിക്കൽക്കൂടി ആടിത്തിമർക്കാം.

You might also like

Most Viewed