അഗ്നി­പഥങ്ങളിൽ ഒരു­ നാ­യകൻ


വി.ആർ സത്യദേവ്

രാജ്യത്തെ പ്രമുഖ പ്രതിരോധ ശാസ്ത്രജ്ഞരിലൊരാളായ ഡോക്ടർ വി.കെ സാരസ്വതിനെക്കുറിച്ചുള്ള പരാമർശം കാര്യമായി ശ്രദ്ധയിൽ പെടുന്നത് അഗ്നിച്ചിറകുകളിലാണ്. മഹാനായ ഭാരത പുത്രൻ ഭാരതരത്നം ഡോ അവുൾ പക്കീർ ജൈനലബ്ദീൻ അബ്ദുൾ കലാമിന്റെ ആത്മകഥാപരമായ രചനയിൽ. അഗ്നിച്ചിറകുകൾ ആ മഹാത്മാവിന്റെ ജീവിതകഥക്കൊപ്പം വരച്ചിടുന്നത് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെയും പ്രതിരോധ ആയുധ വികസനത്തിന്റെയും കൂടി മഹത്തായ ചരിത്രമാണ്. അതിൽ ഒന്നിലേറെത്തവണ പരാമർശമുണ്ട് ഡോക്ടർ സാരസ്വതിനെക്കുറിച്ച്. ഡി.ആർ. ഡി. ഒ. നായകനെന്ന നിലയിൽ ഡോക്ടർ കലാം വിശ്വസ്തതയോടേ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചുകൊടുത്തിരുന്ന യുവ ശാസ്ത്രജ്ഞരിലൊരാളെന്ന ചിത്രമാണ് അഗ്നിച്ചിറകുകൾ ഡോക്ടർ സാരസ്വതിനെപ്പറ്റി നമ്മുടെ മനസ്സിൽ വരച്ചിടുക. 

തലമുറകൾക്കു പ്രചോദനമായ ഡോക്ടർ കലാമിന്റെ പരാമ‍ശങ്ങൾക്കപ്പുറത്ത് വർത്തമാനകാലം ഡോക്ടർ സാരസ്വതിനെ പരിചയപ്പെടുത്തുന്നത് നീതി ആയോഗ് അംഗമെന്ന നിലയിലാണ്. പഴയ പ്ലാനിംഗ് കമ്മീഷന്റെ പുതിയ രൂപമാണ് നീതി ആയോഗ്. നീതി ആയോഗിന്റെ രണ്ടു സ്ഥിരാംഗങ്ങളിൽ ഒരാളാണ് ഡോക്ടർ സാരസ്വത്. എന്നാൽ പുതിയ രൂപമെന്നതിലുപരി പദ്ധതി ആസൂത്രണത്തതിനും ഗുണകരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുമുള്ള ഒരു നൂതന സംവിധാനമാണ് നീതി ആയോഗെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത് പ്ലാനിംഗ് കമ്മീഷനുമായി ഒരു തരത്തിലും സമാനമല്ല. രാഷ്ട്ര വികസനത്തിനുള്ള നല്ല ചിന്തകൾ ഉയർത്തിക്കൊണ്ടുവരികയാണ് നീതി ആയോഗിന്റെ പ്രധാന ദൗത്യം. നമ്മുടേത് ഒരു ഫെഡറൽ സംവിധാനമാണ്. ഇവിടെ വികസനകാര്യത്തിൽ കേന്ദ്രീകൃത സ്വഭാവം പ്രായോഗികമായി ഗുണം ചെയ്യില്ല. പ്ലാനിംഗ് കമ്മീഷന്റേത് തികച്ചും കേന്ദ്രീകൃത സ്വഭാവമായിരുന്നു. തുടക്കത്തിൽ പദ്ധതി രൂപീകരണം മാത്രമായിരുന്നു പ്ലാനിംഗ് കമ്മീഷന്റെ ഉത്തരവാദിത്തം. സ്വതന്ത്ര ഇന്ത്യക്ക് ദ്രുതഗതിയിലുള്ള വികസനം സാദ്ധ്യമാക്കുന്നതിനായുള്ള പണ്ധിറ്റ് ജവഹർലാൽ നെഹ്്റുവിന്റെ ആലോചനകളാണ് റഷ്യൻ മാതൃകയിലുള്ള പഞ്ചവൽസര പദ്ധതികളിലേയ്ക്ക് എത്തിച്ചത്. ഇത് രാജ്യത്തിന്റെ വികസനത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾ വലുതാണ്. എന്നാൽ കാലക്രമത്തിൽ പഞ്ചവൽസര പദ്ധതികൾ അഞ്ചുവർത്തിനപ്പുറത്തേയ്ക്കും നീണ്ടു. ഇതിന്റെ ധനവിനിയോഗകാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. പദ്ധതികളുടെ ഗുണഫലങ്ങളും പദ്ധതി പുരോഗതി പോലും ഫലപ്രദമായി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത അതുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ തകിടം മറിച്ചു തുടങ്ങി. ചുരുക്കത്തിൽ വലിയ തോതിലുള്ള ധനസഹായങ്ങൾക്കുള്ള ഒരു കേന്ദ്രമെന്ന തലത്തിലേയ്ക്ക് കമ്മീഷൻ വഴിമാറിത്തുടങ്ങി.

ഈ സാഹചര്യത്തിൽ രാഷ്ട്ര വികസനത്തിന് ക്രിയാത്മകവും ഗുണപരവുമായി സംഭാവനചെയ്യാൻ ശേഷിയുള്ള വികേന്ദ്രീകൃത സംവിധാനം ആവശ്യമായതിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗിന്റെ രൂപീകരണം. നമ്മൾ ജീവിക്കുന്നത് പുതിയ കാലഘട്ടത്തിലാണ്. ലോകം ഏറെ മാറിയിരിക്കുന്നു. നമ്മുടെ ആവശ്യങ്ങളും സ്വപ്നങ്ങളും തന്നെ മാറിമറിഞ്ഞിരിക്കുന്നു. ഒരു പ്ലാനിംഗ് കമ്മീഷന് ഒറ്റയ്ക്കു ചെയ്യാവുന്ന കാര്യങ്ങളല്ല അടിയന്തിരമായി നടപ്പാക്കേണ്ടത്. കൂട്ടായ ചിന്തയിലൂടെ രാഷ്ടവികസനത്തിന് ആവശ്യമായ പുതിയ ലക്ഷ്യങ്ങളും മാ‍‍ർഗ്ഗങ്ങളും കണ്ടെത്തണം. സംസ്ഥാനങ്ങളുടെയും വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും സഹകരണത്തോടേ അവ നടപ്പാക്കണം. ഇത്തരം കാര്യങ്ങളാണ് നീതി ആയോഗ് ചെയ്യുന്നതെന്ന് മനാമയിൽ ഫോർ പിഎമ്മിനനുവദിച്ച കൂടിക്കാഴ്ചയിൽ ഡോക്ടർ സാരസ്വത് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് അതാതു സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനങ്ങളുടെയും സാദ്ധ്യതകളും ആവശ്യകതയും കൂടുതലറിയാവുന്നത് സംസ്ഥാനങ്ങൾക്കാണ്. പദ്ധതി നടത്തിപ്പിന് പല കാരണങ്ങൾകൊണ്ടും തടസ്സങ്ങളുണ്ടാകാം. കേന്ദ്ര മന്ത്രാലയങ്ങളുടെ ഭാഗത്തു നിന്നും പദ്ധതി നടത്തിപ്പിനു വിഘാതമാകുന്ന തരത്തിലുള്ള സമീപനങ്ങളുണ്ടാകാം. അങ്ങനെയുണ്ടായാൽ അവ പരിഹരിക്കാൻ നീതി ആയോഗ് നടപടികളെടുക്കും. 

കേവലം പദ്ധതി ആസൂത്രണത്തിൽ നിന്നും പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാനുള്ള കുറ്റമറ്റ സംവിധാനങ്ങളും നീതി ആയോഗിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിനെക്കാളേറെ പ്രധാനമാണ് വികസന കാര്യത്തിലെ പുതിയ പരിപ്രേക്ഷ്യം രൂപീകരിക്കുക എന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വാഹനത്തിലേറി മാത്രമേ ഓരോ രാഷ്ട്രത്തിനും വികസനലക്ഷ്യത്തിലേക്കു കുതിക്കാനാകൂവെന്നും ഡോക്ടർ സാരസ്വത് പറഞ്ഞു. ശാസ്ത്രം വലിയ കണ്ടെത്തലുകൾപലതും നടത്തും. എന്നാൽ അത് പൊതു സമൂഹത്തിനു ഗുണകരമാക്കിയാലേ പ്രയോജനമുള്ളൂ. ഇക്കാര്യത്തിൽ നീതി ആയോഗിന് ഏറെക്കാര്യങ്ങൾ ചെയ്യാനാകും. രാഷ്ടവികസനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത് റോക്കറ്റ് പദ്ധതികൾ സാദ്ധ്യമാക്കുന്ന വേഗതയിലും ശൈലിയിലുമായിരിക്കണമെന്ന ഡോക്ടർ കലാമിന്റെ വാക്കുകളാണ് ഇക്കാര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ടത്. ലോകം കുതിക്കുന്നത് അതിവേഗതയിലാണ്. അവിടെ മന്ദഗതിയിലുള്ള സമീപനങ്ങൾക്കു പ്രസക്തിയില്ല. ഡോക്ടർ കലാമുമൊത്തുള്ള പ്രവൃത്തിപരിചയം തന്നെ മാത്രമല്ല ശാസ്ത്രജ്ഞനന്മാരുടെ പല തലമുറകളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. നേതൃത്വം വഹിക്കുന്നതിനൊപ്പം സഹപ്രവർത്തകരിൽ നേതൃഗുണം വളർത്താനും അദ്ദേഹം എന്നും ശ്രദ്ധവച്ചിരുന്നു. താനടക്കം ഒരുപാടു പിൻമുറക്കാർക്കും നമ്മുടെ ശാസ്ത്രസാങ്കേതികരംഗത്തിനു പൊതുവെയും ഇതിന്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടുണ്ട്. 

ഏതു ബാഹ്യശക്തികളെയും നേരിടാൻ കരുത്തുറ്റതാണ് നമ്മുടെ പ്രതിരേധ സംവിധാനങ്ങളെന്ന് ഇന്ത്യൻ സേനയുടെ പ്രതിരോധ പോർമുനകളിൽ പ്രധാനപ്പെട്ട പ്രിഥ്വി മിസൈലിന്റെ വികസനത്തിലെ പ്രധാനിയായ സാരസ്വത് പറഞ്ഞു. അതേസമയം പാകിസ്ഥാൻ ദുർബ്ബലമാകുന്നതിനേക്കാൾ ഇന്ത്യക്കു ഗുണം ആ രാജ്യം കൂടുതൽ ശാക്തീകരിക്കപ്പെടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ ജനാധിപത്യം പാകിസ്ഥാനിലുണ്ടായാൽ അത് നമുക്കും ഗുണകരമാണ്. എന്നാൽ അവിടെ അതുണ്ടാകുന്നില്ല. ഭരണ നിയന്ത്രണം എന്നും സൈന്യത്തിനാണ് എന്നതാണ് അവരുടെ ശാപം. ഇന്ത്യയുമായി ശത്രുത നില നിർത്താനാണ് സൈന്യത്തിന് താൽപ്പര്യം. ഇത് അവർക്കു മേൽക്കയ്യുണ്ടാക്കുന്നു. പാകിസ്ഥാന് വൻതോതിൽ ചൈന സഹായം നൽകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ചൈനയുടെ ഭാഗത്തു നിന്ന് നേരിട്ടൊരു ഭീഷണിക്ക് നിലവിൽ സാദ്ധ്യതയില്ല. എങ്കിലും ചൈനീസ് ഭീഷണി നമുക്കു തള്ളിക്കളയാനാകില്ല. എന്നാലത് സൈനികമായിരിക്കില്ല മറിച്ച് വാണിജ്യ പരമായിരിക്കണം.

ചൈനയിൽ നിന്നുള്ള ഈ ഭീഷണി നമ്മൾ ബുദ്ധി പൂർവ്വമാണ് നേരിേണ്ടത്. നിർമ്മാണ രംഗത്ത് മൂല്യവർദ്ധനം നടത്തുകയും പുതിയ സാങ്കതിക വിദ്യകളുപയോഗിച്ചും മാത്രമേ ഈ ഭീഷണി ഫലപ്രദമായി നേരിടാൻ കഴിയൂ. 

വിവര  സാങ്കേതിക വിദ്യയടക്കമുള്ള മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന തരത്തിലുള്ള പത്തിന കർനമ്മ പദ്ധതിയാണ് പുതിയ പരിപ്രേക്ഷ്യത്തിൽ രാഷ്ട്ര വികസനത്തിനായി വിഭാവനം ചെയ്യുന്നത്. കാലത്തിനനുസരിച്ച് ലക്ഷ്യങ്ങളും സ്വപ്നങ്ങളും നമ്മുടെ വഴികളും മാറിയേ തീരൂ. ആ വഴിയിലൂടെ മുന്നേറാൻ ഇന്ത്യക്കാകും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നേറിയാൽ ആഗോളതലത്തിൽ രാജ്യം കൂടുതൽ കരത്താർജ്ജിക്കുന്നകാലം വിദൂരമല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് രാജ്യാന്തര ഉപരോധങ്ങളുടെ കുരുക്കിപെട്ടു ശ്വാസം മുട്ടിയ ഇന്ത്യൻ മിസൈൽ വികസനമേഖലയ്ക്ക് സ്വന്തം വൈദഗ്ദ്ധ്യവും കർമ്മ കുശലതയും കൊണ്ടു പുതുജീവൻ നൽകിയവരിലെ ഈ പ്രമുഖൻ.

You might also like

Most Viewed