മാവോയിസ്റ്റുകൾ: ഉദ്ദേശമെന്ത് ?


അനൂപ് ഒറ്റക്കണ്ടത്തിൽ

ഭാരതത്തെ ശിഥിലമാക്കാൻ‍ വൈദേശിക സഹായത്തോടെ കാടുകളെ വീടുകളാക്കി പ്രവർ‍ത്തിക്കുന്ന ഭീകരസംഘമാണ് മാവോയിസ്റ്റുകൾ‍. അത്യാധുനിക ആയുധങ്ങളും വാർ‍ത്താ വിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് ആളുകളെ കൊന്നും തട്ടിക്കൊണ്ടുപോയി വിലപേശലുകൾ‍ നടത്തിയും പ്രവർ‍ത്തിക്കുന്ന മാവോയിസ്റ്റുകൾ‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാര്യത്തിൽ‍ സംശയമില്ല. അതുകൊണ്ടുതന്നെയാണ് 10 വർ‍ഷം മുന്‍പ് ആ സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. എന്നിട്ടും അവരുടെ പ്രവർ‍ത്തനം തടയാൻ‍ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റിനുള്ള നിരോധനം വർ‍ഷാവർ‍ഷം പുതുക്കി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 2006 ലാണ് ആദ്യമായി നിരോധനം ഏർ‍പ്പെടുത്തിയത്.

സിപിഐ മാവോയിസ്റ്റിന്റെ മുൻ‍നിര സംഘടനകളായ ദണ്ധകാരണ്യ ആദിവാസി കിസാൻ‍ മസ്ദൂർ‍ സംഘ്, ക്രാന്തികാരി ആദിവാസി മഹിളാ സംഘ്, ക്രാന്തികാരി ആദിവാസി ബാലക് സംഘ്, ക്രാന്തികാരി കിസാൻ‍ കമ്മിറ്റി, മഹിളാ മുക്തി മഞ്ച്, ജന്‍തന സർ‍ക്കാർ‍ എന്നിവയും നിരോധിക്കപ്പെട്ടവയിൽ‍ ഉൾ‍പ്പെടുന്നു. ചത്തീസ്ഗഢിലെ ദന്തേവാഡയും ബീജാപ്പൂരം സുഖ്മയും ഉൾ‍പ്പെടുന്ന 40,000 ചതുരശ്ര കിലോമീറ്റർ‍ ബസ്തർ‍ പ്രദേശത്ത് ദശകങ്ങളിലായി സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ‍ ഏറ്റുമുട്ടൽ‍ തുടർ‍ സംഭവങ്ങളാണ്. ഒറീസയിലും ആന്ധ്രയിലുമെല്ലാം ഈ സംഘടന ഒളി പ്രവർ‍ത്തനം നടത്തുകയും അവർ‍ സൃഷ്ടിച്ച സാമ്രാജ്യത്തിൽ‍ മറ്റുള്ളവർ‍ക്ക് പ്രവേശനം നിഷേധിക്കുകയും സമാന്തര ഭരണം നടത്തുകയുമാണ്. അത് തടയാനുള്ള സജീവശ്രദ്ധയും ശ്രമവും അനിവാര്യമാണെന്ന കാര്യത്തിൽ‍ സംശയമില്ല. കേരളത്തിൽ‍ അതുപോലുള്ള ഭീകരപ്രവർ‍ത്തനം സമീപകാലത്തൊന്നും നടന്നിട്ടില്ല.

നാലര പതിറ്റാണ്ട് മുന്‍പ് വയനാടൻ‍ കാടുകൾ‍ കേന്ദ്രീകരിച്ച് നക്‌സലൈറ്റുകൾ‍ നടത്തിയ കഴുത്തറുപ്പൻ‍ സമീപനം സമാധാന കാംക്ഷികളുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ സർ‍ക്കാരിന്റെ നക്‌സൽ‍ വേട്ടയ്ക്ക് പൊതുസമൂഹം പിന്തുണ നൽ‍കുകയും ചെയ്തു. സിപിഎം കണ്ണൂർ‍ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന വർ‍ഗീസിനെ വയനാട്ടിലേയ്ക്ക് പാർ‍ട്ടി നിയോഗിച്ചത് ആദിവാസികളെ സംഘടിപ്പിക്കുന്നതിനാണ്. വയനാട്ടിലെത്തിയപ്പോഴാണ് പാർ‍ട്ടി പഠിപ്പിച്ച ജന്മ−ബൂർ‍ഷ്വാപിന്തിരിപ്പൻ‍ മൂരാച്ചികൾ‍ പാർ‍ട്ടിക്കാർ‍ തന്നെയാണെന്ന് വർ‍ഗീസിന് ബോധ്യമായത്. വർ‍ഗീസിനെ കൊന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്ന് രാമചന്ദ്രൻ‍നായർ‍ എന്ന പോലീസുകാരൻ‍ വർ‍ഷങ്ങൾ‍ക്കുശേഷം വെളിപ്പെടുത്തിയപ്പോൾ‍ കേസിന്റെ മട്ടുംമാതിരിയും മാറി. ചില പോലീസ് മേധാവികൾ‍ പ്രതിക്കൂട്ടിലുമായി. അന്ന് കേരളഭരണത്തിന് നേതൃത്വം നൽ‍കിയത് സിപിഐ നേതാവ് സി.അച്യുതമേനോനാണ്. വർ‍ഗീസിനെ കൊലപ്പെടുത്തിയത് വലിയൊരു നേട്ടമായി രേഖപ്പെടുത്തിയ പാർ‍ട്ടിയാണ് സിപിഐ.

മലപ്പുറം ജില്ലയിലെ കരുളായിമലയിൽ‍ രണ്ട് നക്‌സൽ‍ ഭീകരർ‍ ഏറ്റുമുട്ടലിൽ‍ മരിച്ചതിനെതിരെ മുറവിളി കൂട്ടിയ സിപിഐ ഇപ്പോൾ‍ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. അതിനേക്കാൾ‍ അപകടകരമാണ് സിപിഎമ്മിന്റെ നിലപാട്. കൊടുംകുറ്റവാളിയായ ഭീകരരെ സുപ്രീംകോടതിയുടെ വിധിയെ തുടർ‍ന്ന് വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോൾ‍ കാടടച്ച് പ്രതിഷേധിച്ചവരാണ് സിപിഎമ്മുകാരും അവരുടെ ബുദ്ധിജീവികളും. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ പ്രേരണയോടെയും പിന്തുണയോടെയും പ്രവർ‍ത്തിക്കുന്നവർ‍ വർ‍ഷങ്ങളായി കേരളത്തിൽ‍ കാലുറപ്പിച്ചിരിക്കുകയാണ്. അവരുടെ ക്യാന്പുകളും പരിശീലനങ്ങളും മുറയ്ക്ക് നടക്കുന്നു.

കണ്ണൂരിലെ നാറാത്തും കനകമലയിലും എറണാകുളത്തെ പാനായികുളത്തും ഇടുക്കിയിലെ വാഗമണ്ണിലും പിടികൂടിയവരെ സർ‍ക്കാർ‍ ആദരവോടെ വിട്ടയച്ചതാണ് ചരിത്രം. അവരാണ് രാജ്യമാകെ സ്‌ഫോടനങ്ങൾ‍ക്ക് ഉത്തരവാദികളെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തെ കശ്മീരാക്കുമെന്ന് പ്രഖ്യാപിച്ച് കലാപത്തിന് നേതൃത്വം നൽ‍കിയ മദനിയെ മഹാനായി ചിത്രീകരിക്കുകയാണുണ്ടായത്.

കേരളത്തിൽ‍നിന്ന് അഭ്യസ്തവിദ്യരായ ചില യുവതീയുവാക്കൾ‍ ആഗോള ഭീകരസംഘടനയായ ഐഎസിൽ‍ ചേർ‍ന്നു എന്ന നടുക്കുന്ന വാർ‍ത്തയോട് സിപിഎം തണുപ്പൻ‍ രീതിയിലാണ് പ്രതികരിച്ചത്. ദേശീയ അന്വേഷണ ഏജൻ‍സിയായ എൻ‍ഐഎയാണ് ഈ വിവരം പുറത്തുവിട്ടത്. ഐഎസിനോടു പോലും അനുകൂല നിലപാട് എടുക്കുന്ന സിപിഎം ഇസ്ലാമിക ഭീകരവാദത്തിന് വളംവെയ്ക്കുകയാണ്. ഇപ്പോൾ‍ വയനാട്ടിൽ‍ കൊല്ലപ്പെട്ട നക്‌സലുകൾ‍ക്കും ഐഎസ് ബന്ധമുണ്ടെന്ന് തെളിയുകയാണ്. ഇതിന് വഴിവച്ചതിൽ‍ സിപിഎമ്മിന്റെ മൃദുസമീപനവും ഇടതുമുന്നണി സർ‍ക്കാരിന്റെ പ്രീണനവുമുണ്ട്.

You might also like

Most Viewed