വിപ്ലവ സൂര്യന് വിട
സ്വന്തം ലേഖകൻ
ഫിദൽ നിങ്ങൾ അധീനരുടെ വികാരമാണ്.
ഗ്രാന്റമ എന്ന യാനം... അതിൽ വന്നിറങ്ങി നിങ്ങളുടെ നേതൃത്വത്തിൽ നടത്തിയ 59ലെ ആദ്യ ദിനത്തിൽ വിജയിച്ച വിപ്ലവം വിമോചിപ്പിച്ചത് 3 കോടി ജനതയെ മാത്രമല്ല, ലോകത്തിലെ വേദനിക്കുന്നവരെ വിമോചനത്തിന്റെ ലോകത്തേയ്ക്ക് നിങ്ങൾ കൈ പിടിച്ചുയർത്തി.
അമേരിക്കയിൽ നിന്നും 90 മൈൽ മാത്രം അകലെ 59 മുതൽ സാമ്രജത്വത്തെ വെല്ലുവിളിച്ച രാജ്യത്തിന്റെ ചരിത്രം.അദ്ധ്വാനിക്കുന്നവന്റെ ശബ്ദമായി ക്യൂബയെ മാറ്റിയ, ധീരവിപ്ലവകാരികൾക്കു നേതൃത്വം കൊടുത്ത മഹാനായ മാനവികൻ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടന്ന വിപ്ലവങ്ങളെ ഒന്നൊന്നായി വെട്ടിവീഴ്ത്തി, കൊലവിളി നടത്തി, കൊന്നു തള്ളി, അട്ടിമറിച്ചപ്പോൾ അതിനെ അതിജീവിച്ച ക്യൂബയും നേതാവും വിമോചന സമരങ്ങളുടെ വഴികാട്ടിയാണ്.
ചിലിയുടെ അലന്റെയെ വീട്ടിൽ കയറി വെടിവെച്ചുകൊന്നവർ. കോംഗോയുടെ ധീര അദ്ധ്യക്ഷൻ പ്രാട്രിഷ് ലുമുംബയെ ആസിഡ് ടാങ്കിൽ മുക്കി കൊന്ന ലോക മുതലാളിത്തം. ഗ്വാട്ടിമാലയിൽ വാഴത്തോട്ട കുത്തകകൾക്കായി ബനാന വാർ നടത്തി ജനവികാരത്തെ അട്ടിമറിച്ച ബ്രിട്ടീഷ് ഡച്ച് രാഷ്ട്രീയം. ഇറാനിൽ നടത്തിയ അട്ടിമറി. ഇന്ത്യോനേഷ്യയിലെ സുക്കാർനോയെ പുറത്താക്കി നടത്തിയ രക്തച്ചൊരിച്ചിൽ. എല്ലാ സാമ്രാജത്വ ഇടങ്ങോടിലിനെയും നിഷ്പ്രഭമാക്കിയ മഹാനായ ഫിദലിന്റെയും മഹാനായ സുഹൃത്ത് ഛെയുടെയും നിശ്ചയ ദാർഢ്യത്തെ കണ്ടും കേട്ടും പഠിക്കുവാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് എത്രമാത്രം കഴിയും എന്നത് ഇന്നും അവ്യക്തമാണ്. ഫാസിസവും സാമ്രാജത്യവും ഇന്ത്യൻ ജനാധിപത്യത്തിൽ ശക്തി പ്രകടിപ്പിക്കുന്പോൾ വളരെ പ്രസക്തമായ ചോദ്യമാണ്. ഫിഡൽ കേവലം വികാരമല്ല, പീഢിത ജനതക്ക് വിപ്ലവത്തിന്റെ മഹത്തായ വഴികാട്ടിയാണ്...
ക്യൂബയെ ചുവപ്പണിയിച്ച ആ വിപ്ലവനായകൻ ഇനി വിസ്മൃതിയിൽ. ഒരു കമ്യൂണിസ്റ്റ് എന്താണെന്നതിന് ഫിദൽ കാസ്ട്രോ എന്ന് ഒറ്റവാക്കിൽ പറയാം. ക്യൂബ കടന്ന് നാടിന്റെ നാനാഭാഗത്തും ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഇപ്പോഴും ഈ തലമുറയിലും വിപ്ലവത്തിന്റെ പൊൻതിളക്കത്തോടെയേ ഫിദൽ സ്മരിക്കപ്പെടു.
ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറൻ എന്ന സ്ഥലത്താണ് ഫിദൽ അലെജാൻഡ്രോകാസ്ട്രോ റൂസ് എന്ന ഫിദൽ കാസ്ട്രോയുടെ ജനനം. സ്പെയിൻ വംശജനായ ഏഞ്ചൽ കാസ്ട്രോയാണ് പിതാവ്. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോൺസാലസ്. കാസ്ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്കൂളിലായിരുന്നു. ഹവാനയിലെ ബേലെൻ സ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാസ്ട്രോ നിയമപഠനത്തിനായി 1945ൽ ഹവാന യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1950ൽ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേർപ്പെട്ടു. എന്നാൽ രാഷ്ട്രീയത്തോടും വിപ്ലവപ്രവർത്തനങ്ങളോടുമായിരുന്നു കാസ്ട്രോക്ക് ആഭിമുഖ്യം. തന്റെ മകളേക്കാൾ വലുത് രാജ്യവും രാജ്യത്തെ ജനങ്ങളുമാണെന്ന് പറഞ്ഞ വിപ്ലവകാരി.
സോഷ്യൽ ഡെമോക്രാറ്റിക് ഓർത്തഡോക്സ് പാർട്ടിയിലെ അംഗത്വത്തോടെയാണ് ഫിഡൽ പ്രവർത്തനം ആരംഭിക്കുന്നത്. ഈ പാർട്ടി പ്രസിഡന്റ് ബാറ്റിസ്റ്റയുടെ ദുർഭരണത്തെ ശക്തിയുക്തമായി ഫിഡൽ വിമർശിച്ചുവന്നു. അട്ടിമറിയിലൂടെ അധികാരത്തിലേറിയ ബാറ്റിസ്റ്റയെ അംഗീകരിക്കാൻ കാസ്ട്രോ തയ്യാറായില്ല. വിപ്ലവകാരികളെ സംഘടിപ്പിച്ച് 1953 ജൂലൈ 26ന് സാന്റിയാഗോ ദെ ക്യൂബയിലെ മൊങ്കാട സൈനികത്താവളം ആക്രമിച്ചു. ഈ ആക്രമണം ദയനീയമായി പരാജയപ്പെട്ടു. ഇതിൽ വിപ്ലവകാരികളിൽ ഏറെപ്പേരും വധിക്കപ്പെട്ടു. കാസ്ട്രോയെ 15 വർഷത്തേയും സഹോദരൻ റൗളിനെ 13 വർഷത്തേയും തടവിന് വിധിച്ചു. മൊങ്കാടാ കേസിന്റെ വിചാരണയ്ക്കിടെയാണ് ചരിത്രം എന്നെ കുറ്റവിമുക്തനാക്കു (history will absolve me)മെന്ന വിഖ്യാതമായ പ്രസ്താവന അദ്ദേഹം നടത്തിയത്. മൊങ്കാടാ ആക്രമണം ഫലം കണ്ടില്ലെങ്കിലും ഇത് കാസ്ട്രോക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 1955ൽ ഭരണകൂടം പൊതുമാപ്പ് നൽകിയതിനെ തുടർന്ന് കാസ്ട്രോയെയും സഹോദരനെയും വിട്ടയച്ചു. മെക്സിക്കോയിലെത്തിയ കാസ്ട്രോ അവിടെവെച്ചും വിപ്ലവത്തിന് കോപ്പുകൂട്ടി.
മെക്സിക്കോയിൽ വെച്ച് അദ്ദേഹം 26 ഓഫ് ജൂലൈ മൂവ്മെന്റ് എന്ന വിപ്ലവ പ്രസ്ഥാനത്തിന് രൂപം നൽകി. ക്യൂബയിലേയ്ക്ക് മടങ്ങാനും ബാറ്റിസ്റ്റക്കെതിരെ പൊരുതാനും പദ്ധതിയിട്ടു. 1956 ഡിസംബറിൽ കാസ്ട്രോ, സഹോദരൻ റൗൾ, ചെഗുവേര തുടങ്ങിയവരടങ്ങുന്ന സംഘം ഒരു ബോട്ടിൽ യാത്രചെയ്ത് ക്യൂബൻ തീരത്തെത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കാസ്ട്രോയുടെ സംഘം പരാജയം ഏറ്റുവാങ്ങി. കാസ്ട്രോ ഉൾപ്പെടെ കുറച്ചുപേർ മാത്രമാണ് രക്ഷപ്പെട്ടത്. പർവ്വത പ്രദേശത്തേയ്ക്ക് കടന്ന കാസ്ട്രോ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ഗറില്ലാ സമരമുറ പ്രയോഗിച്ചു. വിദ്യാർത്ഥികളും നഗരവാസികളുമെല്ലാം ബാറ്റിസ്റ്റക്കെതിരെ തിരിഞ്ഞു. നിവൃത്തിയില്ലാതെ 1959 ജനുവരി ഒന്നിന് ബാറ്റിസ്റ്റ പലായനം ചെയ്തു. അങ്ങനെ കാസ്ട്രോ അധികാരത്തിലേറി.
1959 ഫിബ്രവരി 16 മുതൽ 1976 ഡിസംബർ രണ്ടുവരെപ്രധാനമന്ത്രിയായും അതിനുശേഷം പ്രസിഡന്റായും അദ്ദേഹം ക്യൂബ ഭരിച്ചു. രാഷ്ട്രത്തിന്റെ സർവ്വസൈന്യാധിപനും കാസ്ട്രോയായിരുന്നു. താൻ മാർക്സിസ്റ്റ്− ലെനിനിസ്റ്റാണെന്നും ക്യൂബ കമ്യൂണിസം സ്വീകരിക്കുകയാണെന്നും 1961ലാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. കെന്നഡിക്ക് സോഷ്യലിസം ഇഷ്ടപ്പെടാത്തതുപോലെ തനിക്ക് സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. കാസ്ട്രോയ്ക്ക് കീഴിൽ ക്യൂബ ഒരു കക്ഷിമാത്രം നിലവിലുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി.
ഏകാധിപതിയെന്നാണ് എതിരാളികൾ കാസ്ട്രോയെവിളിച്ചുകൊണ്ടിരുന്നത്. പക്ഷെ അതൊന്നും ആ ധീരതയെ തെല്ലുപോലും തളർത്തിയിരുന്നില്ല. എതിർപ്പുകളെ വകഞ്ഞുമാറ്റി കാസ്ട്രോ ദ്വീപരാഷ്ട്രത്തെ മുന്നോട്ടു നയിച്ചു. കാർഷിക പരിഷ്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ദേശസാത്കരണം നടപ്പാക്കി. ക്യൂബയിൽ സൗജന്യ വൈദ്യസഹായം ലഭ്യമാണ്. സാക്ഷരതാ നിരക്ക് 90 ശതമാനത്തിന് മേലെയാണ്. ശിശുമരണ നിരക്ക് ഇവിടെ വളരെ കുറവാണ്. അമേരിക്ക എന്ന ഗോലിയാത്തിനെ നിലംപരിശാക്കിയ ദാവീദാണ് ക്യൂബക്കാർക്ക് ഫിഡൽ.
അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്ന് 216 കി.മീ തെക്കായിട്ടാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. എന്നാൽ യു.എസും ക്യൂബയും മാനസികമായി കോടിക്കണക്കിന് മൈലുകൾ അകലമുണ്ട്. ബാറ്റിസ്റ്റ പലായനം ചെയ്തതോടെ ക്യൂബയും യു.എസും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അവസാനിച്ചു. പാശ്ചാത്യ ലോകത്തുനിന്നും ക്യൂബയെ എന്നും അങ്കിൾസാം ഒറ്റപ്പെടുത്തി. ക്യൂബയെ സാന്പത്തികമായി തളർത്താൻ അതിന്റെ പിറവി മുതൽ തന്നെ യു.എസ് കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. സോവിയറ്റ് യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിയം നിരസിക്കാൻ ക്യൂബയിലെ ഓയിൽ റിഫൈനറികളോട് യു.എസ്. ആവശ്യപ്പെട്ടു.
ക്യൂബയുടെ ജീവനാഡിയായ പഞ്ചസാര വ്യവസായത്തിനും യു.എസ് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബേ ഓഫ് പിഗ്സ് ആക്രമണം, ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നിവ ഇരു രാഷ്ട്രങ്ങളെയും കൂടുതൽ അകറ്റി. 1961 ജനുവരിയിൽ യു.എസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ക്യൂബ വിച്ഛേദിച്ചു. ഹവാനയിലെ യു.എസ് എംബസിയിലെ ജീവനക്കാരോട് രാജ്യം വിടാനും കാസ്ട്രോ ആവശ്യപ്പെട്ടു. 1962ൽ ക്യൂബക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. ഈ ഉപരോധം കൊച്ചുക്യൂബയെ വല്ലാതെ തളർത്തി. കാസ്ട്രോയെ വധിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങളുണ്ടായി. രാജ്യത്ത് ജനാധിപത്യം നടപ്പാക്കുന്നതിന് കാസ്ട്രോ തടസ്സമായി ചൂണ്ടിക്കാട്ടിയത് ഏതു സമയത്തുമുണ്ടായേക്കാവുന്ന യു.എസ് ഇടപെടലായിരുന്നു.
അർജന്റീനയിൽ ജനിച്ച ഏണെസ്റ്റോ ചെ ഗുവേര ഫിഡൽ കാസ്ട്രോയുടെ ഉറ്റതോഴനായിരുന്നു. 1954ൽ മെക്സിക്കോയിലെത്തിയ ചെ ഗുവേര അവിടെ രാഷ്ട്രീയ അഭയം തേടിയിരുന്ന കാസ്ട്രോയുമായി ബന്ധപ്പെട്ടു. താൻ തേടിക്കൊണ്ടിരുന്ന വിപ്ലവകാരി ഇതുതന്നെയാണെന്ന് ചെ ഗുവേരയ്ക്ക് ബോധ്യപ്പെട്ടു. അങ്ങനെ കാസ്ട്രോ രൂപീകരിച്ച 26 ഓഫ് ജൂലൈ മൂവ്മെന്റ് എന്ന പ്രസ്ഥാനത്തിൽ ചെയും അംഗമായി. ബാറ്റിസ്റ്റക്കെതിരെ വിപ്ലവം സംഘടിപ്പിക്കാനായി പത്തേമാരിയിൽ പുറപ്പെട്ട സംഘത്തിൽ ചെയുമുണ്ടായിരുന്നു. ഗറില്ലാ പോരാട്ടങ്ങൾക്കൊടുവിൽ അവർ ലക്ഷ്യം കണ്ടു. 1959 ജനുവരിയിൽ ഫുൾ ജെൻഷിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഗവണ്മെന്റ് നിലംപതിച്ചു.
വിപ്ലവാനന്തര ക്യൂബയിൽ കാസ്ട്രോയ്ക്ക് ശേഷം രണ്ടാമത്തെ നേതാവായി ചെ ആദരിക്കപ്പെട്ടു. 1959 ഫെബ്രുവരി ഏഴിന് ചെയെ ക്യൂബയിലെ ഒരു പൂർണ്ണപൗരനായി കാസ്ട്രോ പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് ചെ എന്ന് പേരിനോട് കൂട്ടിച്ചേർത്തത്. ഏണെസ്റ്റോ ഗുവേരാ സെർണാ എന്നായിരുന്നു ഈ വിപ്ലവകാരിയുടെ പേര്.
കാസ്ട്രോയെ അധികാരത്തിൽ നിന്ന് നീക്കാൻ അമേരിക്ക ആസൂത്രണം ചെയ്തതായിരുന്നു ബേ ഓഫ് പിഗ്സ് ആക്രമണം. അമേരിക്കയിലെ ക്യൂബൻ പ്രവാസികളെ ഉപയോഗിച്ച് സി.ഐ.എയാണ് ആക്രമണം സംഘടിപ്പിച്ചത്. 1961 ഏപ്രിൽ 17ന് 1400ഓളം പേർ ബേ ഓഫ് പിഗ്സിൽ ഇറങ്ങി. ക്യൂബയിലെ ജനങ്ങൾ തങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് ആക്രമണകാരികൾ കരുതിയത്. എന്നാൽ അതുണ്ടായില്ല. ആക്രമണം പരാജയപ്പെട്ടു. സംഭവത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ആയിരത്തോളം പേർ പിടിയിലായി. എതിരാളികളുടെ രണ്ട് കപ്പലുകൽ ക്യൂബൻ സേന മുക്കി. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് അമേരിക്ക കൈകഴുകി. ഈ സംഭവം കാസ്ട്രോവിന് കൂടുതൽ അംഗീകാരം നേടിക്കൊടുക്കുകയാണുണ്ടായത്.
ഫിഡൽ കാസ്ട്രോയെന്ന ഇതിഹാസ പുരുഷന്റെ ജീവിതകഥ മൈ ലൈഫ് എന്ന പേരിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇഗ്നേഷ്യോ റമോണെറ്റ് എന്ന പത്രപ്രവർത്തകനായിരുന്നു അതിന് നേതൃത്വം കൊടുത്തത്. കാസ്ട്രോയുമൊത്ത് റമോണെറ്റ് രചിച്ച മൈ ലൈഫ് 2006 ലാണ് പുറത്തിറങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.
ഒരു പുസ്തകത്തിനും പറഞ്ഞു തരാൻ കഴിയുന്നതല്ല കാസ്ട്രോ എന്ന കമ്യൂണിസ്റ്റിനെ. ഇന്ന് സൂര്യൻ പടിഞ്ഞാറസ്ഥമിക്കുന്പോൾ തേങ്ങലോടെ ഒരു ചെങ്കൊടി നിലക്കാതെ പാറികളിക്കുന്നുണ്ടാകും...