ജീവിക്കാൻ ഇപ്പോൾ ഒരു മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്ക്യാ എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ ?


ധനേഷ് പത്മ

ഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യം കടന്നുപോകുന്നത് വളരെ വലിയൊരു മാറ്റത്തിലൂടെയാണല്ലോ. 1000, 500 നോട്ടുകൾ പിൻവലിച്ച തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകം നിരവധി അഭിപ്രായങ്ങൾ വന്നുകഴിഞ്ഞു. പതിനാറ് ദിവസങ്ങൾക്ക് മുന്പ് പ്രഖ്യാപിച്ച ഈ ഒരു മാറ്റത്തെ തുടർന്ന് സാധാരണ ജനം ഏറെ ബുദ്ധിമുട്ടിയുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ കാര്യങ്ങൾ പഴയപടിയായി തുടങ്ങിയെന്നത് ആശ്വാസത്തിന് വക നൽകുന്നു. സാന്പത്തിക ശാസ്ത്രത്തിന്റെ ‘പോളിടെക്നിക്’ പഠിക്കാത്തതുകൊണ്ട് ഇന്ത്യൻ എക്കണോമിയെ ഈ തീരുമാനം എങ്ങനെ ബാധിച്ചു എന്ന് വിശകലനം ചെയ്യാൻ തത്കാലം താൽപ്പര്യപ്പെടുന്നില്ല. പ്രധാനമന്ത്രിയുടെ തീരുമാനം കൊണ്ട് എന്ത് നേട്ടം ഇന്ത്യക്ക് ഉണ്ടായി എന്നതറിയാൻ 50 ദിവസം കാത്തിരുന്നേ മതിയാകു. ഈ ഒരു തീരുമാനം കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടെങ്കിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം, അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നിലവിലെ പ്രധാനമന്ത്രിയെ ഭാരത ജനത ഒരു ദുരന്തമായി പ്രഖ്യാപിക്കും. അതൊക്കെ നമുക്ക് വഴിയെ മനസ്സിലാക്കാം...

നോട്ട് വിഷയം പലരുടേയും തലവേദന കൂട്ടിയിട്ടുണ്ട്. തലവേദന ഇല്ലാത്തവർ കൂളായി നടക്കുന്നു. കയ്യിലുള്ള പത്ത് രൂപയുമായി ഒരു ചായകുടിക്കാൻ ഇറങ്ങിയപ്പോൾ നോട്ട് പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ചും, വിമർശിച്ചും ചർച്ചകൾ ചായക്കടയുടെ ബെഞ്ചിൽ നെടുനീളെ നിരങ്ങുന്നുണ്ട്. അവരുടെ സംഭാഷണം ഇങ്ങിനെ പോകുന്നൂ. 

“എടോ നോട്ട് പിൻവലിച്ചത് നല്ല തീരുമാനം തന്നെയാ, നമ്മൾ സാധാരണക്കാരുടെ കയ്യിലൂടെയാ ഏറ്റവും കൂടുതൽ കള്ളനോട്ട് കൈമാറ്റം ചെയ്യപ്പെടുന്നത്, നമ്മുടെ കയ്യിൽ കള്ളനും വെള്ളയും തിരിച്ചറിയാൻ സാങ്കേതിക വിദ്യയൊന്നും ഇല്ലാത്തതിനാൽ എല്ലാരും വാങ്ങ്വേം ചെയ്യും നമ്മൾ കൊടുക്കേം ചെയ്യും,” പാതി പല്ല് പോയ വായയിലെ തുപ്പല് തുപ്പി നാണുചേട്ടൻ പറഞ്ഞു.

“ദിവാകരാ, ഈ നാണപ്പൻ എന്താ ഈ പറയുന്നത് ? പ്രധാനമന്ത്രി നോട്ട് പിൻവലിച്ച് പുതിയതിറക്കിയാ കള്ളനോട്ട് പിന്നീടുണ്ടാവില്ലേ... പുതിയതിറങ്ങിയാ പിള്ളേര് അത് അടിച്ചിറക്കും. പിന്നെ അവർക്ക് ഇച്ചിരികൂടെ എളുപ്പമാക്കിയിട്ടുണ്ട് ആ തീരുമാനം, മുന്പ് ആയിരോം അഞ്ഞൂറും എറക്കിയാ മതിയായിരുന്നു, അതിപ്പോ 2000 ആക്കി കൊടുത്തു ‘പ്രധാനി’. ഹഹഹ ജോസ് ചിരിക്കാ, ഇതിനിടയിൽ കയറി ദിവാകരൻ “എടോ അതിന് നോട്ടിൽ എന്തോ കുന്ത്രാണ്ടം ഉണ്ടെന്നാണല്ലോ പറയുന്നത്... മാങ്ങാത്തൊലി ചുമ്മാ തള്ളലല്ലേ ദിവാകരാ അതെല്ലാം ജോസ് പറഞ്ഞു. ചായ അടിക്കുന്ന കു‍‍ഞ്ഞിചേച്ചി തലകുലുക്കി പറയുന്നുണ്ട്, പിന്നെ ഈ പറയുന്നവരൊക്കെ പണ്ട് നോട്ടടിക്കുന്ന കമ്മട്ടത്തിലല്ലേ പണിക്ക് പോയിരുന്നത്. കിട്ടിയ ചായ ഒരു വലിവലിച്ച് ഞാനും ഒന്നു ചിരിച്ചു. ചായ പകുതിയായി തുടങ്ങിയിട്ടേ ഉള്ളു... ബെഞ്ചിൽ നിന്നും മുഴങ്ങുന്ന ബഡായികൾക്കിടയിൽ പെട്ടന്നൊരു നിശബ്ദത. “വാർത്തകൾ വായിക്കുന്നത് ശ്രീലേഖ, പ്രധാന വാർത്തകൾ: പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കുന്നതിനെ പിന്തുണച്ച പ്രശസ്ത നടൻ മോഹൻലാലിന് ഫേസ്ബുക്കിൽ ‘പൊങ്കാല’. സൈബർ ആക്രമണത്തിന് വിധേയനായ മോഹൻലാൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി.” കുഞ്ഞിചേച്ചി ചോദിക്കുന്നുണ്ട് അതെന്ത് പൊങ്കാലയാ? ചക്കുളത്ത് പൊങ്കാലയിട്ടതും ഇടാൻ പോയതുമൊക്കെ അറിയാ ഇതെന്താ? അതെ, എന്താ ഈ സൈബർ ആക്രമണം? ജോസ് തിരക്കുന്നുണ്ട്. ഇനി ആ ആക്രമണത്തിൽ ലാലിന് വല്ല പരിക്കും പറ്റിക്കാണ്വോ? അങ്ങേര് ഈ ‘യുദ്ധപടമൊക്കെ’ ചെയ്യുന്നതല്ലേ ഇനിയെങ്ങാനും... നീ കരിനാക്ക് വളക്കല്ലേ ജോസേ നാണുചേട്ടൻ പറഞ്ഞു. അവരത് വ്യക്തമായി അറിയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ബെ‍‍ഞ്ചിൽ നിരങ്ങിയിരുന്നു.

ചായ കുടിച്ച് നടക്കുന്പോൾ എന്റെ ചിന്ത എന്തായിരിക്കും മോഹൻലാലിന് സംഭവിച്ചിരിക്കുക എന്നതായിരുന്നു. നോട്ട് തുറന്ന് (സാംസംഗ് നോട്ടാണെ, കള്ള നോട്ടല്ല !) ഞാൻ ഫേസ്ബുക്കിൽ പരതി. സംഭവം സത്യമാണ് മോഹൻലാൽ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ അനുകൂലിച്ച് ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്. മദ്യത്തിനും ആരാധനാലയങ്ങളിലും സിനിമ കാണാനും ക്യൂ നിൽക്കുന്ന നമുക്ക് രാജ്യത്തിന്റെ നന്മ ആഗ്രഹിച്ച് പ്രധാനമന്ത്രിയുടെ തീരുമാനത്തോട് സഹകരിച്ച് എടിഎമ്മിൽ നിന്നും ലഭിക്കുന്ന നിശ്ചിത പണത്തിനായി വരി നിന്നുകൂടെ എന്നാണ് ബ്ലോഗ്. ബ്ലോഗ് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ എനിക്കും തോന്നി ശരിയാണല്ലോ, ഇതിനെല്ലാം വരി നിന്ന് ക്ഷമകാണിക്കുന്ന നമുക്ക് എന്തുകൊണ്ട് എ.ടി.എമ്മിന് മുന്നിൽ വരിനിന്നുകൂട...?

അല്ല മദ്യത്തിന് ക്യൂ നിൽക്കുന്നത് കാശ്കൊടുത്ത് മദ്യം വാങ്ങാനല്ലേ? ഈ കാശ് എന്റെ അദ്ധ്വാനമല്ലേ? എന്റെ അദ്ധ്വാനത്തിന്റെ ഫലമായി ലഭിച്ച പണമല്ലേ ഞാൻ ബാങ്കിലിട്ടിരിക്കുന്നത്? അതെടുക്കാൻ ഞാനെന്തിനാ ക്യൂ നിൽക്കുന്നത്. മദ്യം വാങ്ങാൻ വീട്ടിലെ അമ്മമാരെയും പെങ്ങൻമാരെയും ആരാ ബിവറേജസിലേയ്ക്ക് വിടുന്നത്. ലാലേട്ടാ ഇങ്ങള് മ്മടെ മുത്ത് തന്നെയാണ് പക്ഷെ ഇത് ശരിയാണോ? ലാലിന്റെ ഫേസ്ബുക്ക് പേജിലെ ഒരു ‘വിമർശി’യുടേതാണ് വാചകകസർത്ത്. ആദ്യം നീ നിന്റെ ആനക്കൊന്പ് കേസ് ഒതുക്കി തീർക്ക്. പ്രധാനമന്ത്രിയെ അനുകൂലിച്ചാ പിന്നെ നിനക്കെതിരെ അന്വേഷണം വരില്ലാലോ, നീ ഇത് മുൻകൂട്ടി അറിഞ്ഞതുകൊണ്ടല്ലേ കുവൈത്തിലോട്ട് പോയി കോടികൾ എന്തിലോ നിക്ഷേപിച്ചത് (അത് എന്തിലാ, ഇതൊന്നും അറിയാതെ ചുമ്മാ കേറി അങ്ങ് പറയുവാണോ? പോസ്റ്റ് വായിച്ച ഞാൻ പോസ്റ്റായി). അവിടേം അപശ്രുതി...

ലാലേട്ടൻ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. വിമർശിക്കുന്നവരുടെ വായിലെ നാക്ക് പോലെ തന്നെയാ അനുകൂലിക്കുന്നവരുടെ വായിലെ നാക്കും. അല്ലാതെ അത് കോൺ തിരിഞ്ഞൊന്നുമല്ല വായ്ക്കകത്ത് കിടക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ നിലപാട് അറിയിച്ചു. നിന്നയൊക്കെ പോലുള്ള ഊളകളുടെ ഇത്തരത്തിലുള്ള ആക്രമണം ഭയന്നാകും പലരും ഇതിലെ അഭിപ്രായം പറയാതെ മുങ്ങി നടക്കുന്നത്... (അത് ലെവൻ ആരെയോ ഉദ്ദേശിച്ചതാണ് !) കറക്ടാ, ഇവൻ കിടുക്കി. പറയുന്നത് ശരിയല്ലേ, അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും ഒരേ നാക്ക് വെച്ചല്ലേ?

അവനപ്പൊ കിട്ടി മറുപടി, മോനെ ലാൽഫാനെ, നാക്ക് കൊണ്ട് പറയുന്ന കാര്യത്തിൽ ബുദ്ധിക്കുമുണ്ട് പങ്ക്. വിവേകമെന്ന് ‘സംസ്കൃതത്തിൽ’ പറയും. കാര്യമറിയാതെ ഇങ്ങനെ കേറി സിൽമാ ഡയലോഗ് പറയുന്ന പോലെ ഓരോന്ന് കേറി പറയരുതെന്ന് പറ നിന്റെ ‘ലോലേട്ട’നോട്... അവിടേം അപശ്രുതി, ഇത്രേം നാൾ ഒരു നല്ല താരപരിവേഷമുണ്ടായിരുന്ന, ഏറെ പേരും സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മോഹൻലാലിനെ ലോലൻ എന്ന്.

പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലായി, ഈ ലാലേട്ടനെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ കേറിയൊക്കെ അഭിപ്രായം പറയുന്നത് മറ്റ് നടൻമാരെയൊക്കെ പോലെ മിണ്ടാതൊരിടത്തിരുന്നാ പോരെ? ചിന്തിച്ചപ്പോൾ പോരാ എന്ന് തന്നെ തോന്നി. നമ്മൾ ജിവിക്കുന്നത് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യത്താണ്. ജയ് ഹിന്ദ്, എന്റെ ആത്മരോഷം ഇരന്പിയാർത്തു, ഇതുകേട്ട് താഴെനിന്ന് അമ്മ ചോദിക്കുന്നുണ്ട് നിക്കെന്താടാ പ്രാന്തായോ... അല്പനേരം നിശബ്്ദത.

അഭിപ്രായ സ്വാതന്ത്ര്യം ഏവർക്കും തുല്യമായി ഉള്ള രാജ്യത്ത് മോഹൻലാലിന് എന്തുകൊണ്ട് ഇങ്ങനെ വിമർശിച്ചുകൂടാ എന്ന് ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റിടാനുള്ള (പോസ്റ്റിടാൻ ഒരു ചൂടൻ വിഷയം കിട്ടിയ എന്റെ ശുഷ്കാന്തി നിങ്ങൾ കാണുന്നുണ്ടല്ലോ ലേ!) തയ്യാറെടുപ്പിലായി ഞാൻ. വിശദാംശങ്ങൾ നോക്കിയപ്പോൾ, വലിയൊരു പ്രമുഖ കൂട്ടം തന്നെയുണ്ട് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട്. എന്തുംവരട്ടെ പോസ്റ്റിടാം...

പോസ്റ്റിന് വേണ്ടി ‘പാസ്റ്റിലേയ്ക്ക്’ പോയപ്പോൾ മോഹൻലാൽ എന്ന നടൻ ഇത്തരം സംഭവങ്ങളിൽ വിമർശനം നേരിട്ടിട്ടുള്ളത് ഇതാദ്യമാണെന്ന് മനസ്സിലായി. പണ്ട് ആനക്കൊന്പ് വിഷയത്തിൽ റെയ്ഡ് നടന്നതിനെ തുടർന്ന് മിതമായിരുന്ന അന്നത്തെ മാദ്ധ്യമപെട്ടികൾ കൊട്ടിഘോഷിച്ചത് മാത്രമുണ്ട് വലിയതോതിൽ വിവാദമായ ഒരു സംഭവം. തിരച്ചിലിനിടയിൽ ദേ കാണുന്നു ഒരു വീഡിയോ, ജോൺ ബ്രിട്ടാസുമായുള്ള ഒരു അഭിമുഖത്തിൽ മോഹൻലാൽ സംഭവം വ്യക്തമാക്കുന്നു. അദ്ദേഹം ലൈസൻസോടെയാണ് ആനകൊന്പ് സൂക്ഷിച്ചിരിക്കുന്നതെന്ന്. താൻ ആനയെ വെടിവെച്ചു കൊന്നൊന്നുമല്ല ആനക്കൊന്പ് വീട്ടിലെത്തിച്ചത്. പണ്ട് പല തറവാട്ടുകളിലും ആനയുണ്ടായിരുന്നു. ആനക്കൊന്പ് എങ്ങനെ കിട്ടിയെന്ന് ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതുമായി യാതൊരു ബന്ധമില്ലാത്തവരാണ് വിമർശിച്ചും വിശദീകരണം തേടിയും എത്തുന്നത് അവരയൊക്കെ ഇതെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമെന്താ? ലാലിന്റെ വിശദീകരണം കേട്ടപ്പോൾ ശരിയാണെന്ന് തോന്നി. കണ്ട കോഴിയേയും പോത്തിനേയും ആടിനേയും പന്നിയേയും വെട്ടി ഇറച്ചിയാക്കി ഭൃഷ്ടാനം ഭോജിക്കുന്നവരാണ് ഒരു ആനക്കൊന്പ് അദ്ദേഹം ‘സൂക്ഷിച്ചതിന്’ കേസും പുക്കാറുമൊക്കെ ഉണ്ടാക്കിയത്.

അങ്ങനെ ഓരോന്ന് നോക്കുന്പോഴാണ് ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടത്. “ഇത് എന്റെ മാത്രം അനുഭവമല്ല... ആശുപത്രിയിൽ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തിൽ മനം നൊന്ത് ശപിക്കുന്നുണ്ട്. ഇവരാരും മദ്യം വാങ്ങാൻ വേണ്ടി ക്യൂവിൽ നിൽക്കുന്നവരല്ല... ജീവൻ നിലനിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്... ഇങ്ങനെ ഒരു ആശുപത്രിയിലെ സംഭവം വിശദീകരിച്ച് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സംഭവം മോഹൻലാലിനിട്ട് കൊട്ടിയതാണെന്ന് ഫാൻസ്കാർ തെറ്റിദ്ധരിച്ച് തെറിവിളി തുടങ്ങിയപ്പോഴേക്കും, ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തി, താൻ മോഹൻലാലിനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിശദീകരണം.

അപ്പോഴാണ് ‘മിസ്റ്റർ പുലിമുരുകൻ’ താങ്കൾ മലയാളികളെ അപമാനിച്ചു എന്ന് ആക്രോശിച്ചുകൊണ്ട് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നത് കാണുന്നത്. എൻഎസ് മാധവൻ ആന്റണിപെരുന്പാവൂരെന്ന പണക്കാരനെ പരിജയപ്പെടുത്തി മോഹൻലാലിന്റെ പ്രസ്താവനക്കെതിരെ രംഗത്തുണ്ട്, രാഷ്ട്രീയ പ്രമുഖരായ വിഡി സതീശൻ, എംഎം മണി, എം സ്വരാജ് അങ്ങനെ അങ്ങനെ കുറേപേർ... മന്ത്രിയായി സ്ഥാനമേറ്റ രണ്ടാം ദിനം തന്നെ മണി ശരിക്കൊന്നു ‘കിലുക്കി’ മോഹൻലാലിനെതിരെ. മോഹൻലാലിന് കള്ളപ്പണമുണ്ടെന്ന് മണി പറയുന്നു. ലാൽ വിഡ്ഢിത്തം പറയുന്നു എന്നായിരുന്നു എം സ്വരാജിന്റെ പക്ഷം. “മോഹൻലാൽ എന്ന വ്യക്തിക്ക് എന്ത് നിലപാടും സ്വീകരിക്കാം. ഏത് പാർട്ടിയിൽ വേണമെങ്കിലും അംഗത്വമെടുക്കാം. എന്നാൽ എല്ലാവരാലും ആദരിക്കപ്പെടുന്ന ലാലിനെ പോലെ ഒരാൾ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുന്പോൾ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. ബ്ലോഗെഴുതാനിരിക്കുന്പോൾ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാവേണ്ടതായിരുന്നു. വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നിൽ മാത്രമേ മോഹൻലാലിന് അവകാശമുള്ളൂ. സിനിമയ്ക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങൾ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ല” സ്വരാജിന്റെ ഫേസ്ബുക്ക് പേജിലെ വിശദീകരണമാണ്. വായിച്ച എനിക്ക് ഇതിൽ ഒരു ആജ്ഞയുടെ ധ്വനി അനുഭവപ്പെട്ടു. ‘വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നിൽ മാത്രമേ മോഹൻലാലിന് അവകാശമുള്ളൂ’ എന്ന് സ്വരാജ് പറഞ്ഞപ്പോൾ ഈ അവകാശം ആരാണ് നിശ്ചയിക്കുന്നത് എന്ന് ചിന്തിക്കാൻ തുനിഞ്ഞില്ല... പോസ്റ്റിടാനുള്ള ഡീറ്റെയിൽസ് എല്ലാം കളക്ട് ചെയ്ത് ഞാൻ തയ്യാറായി ഇരുന്നു, പക്ഷെ എന്തെഴുതും? ലാലേട്ടനെ അനുകൂലിച്ചാലോ പ്രധാനമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചാലോ ഞാൻ ‘സംഘി’(ആർഎസ്എസ്) എന്ന ഓമനപ്പേരിൽ അറിയപ്പെടും. ഇനി എതിർത്താലോ കമ്മി(കമ്യൂണിസ്റ്റ്) എന്നും അറിയപ്പെടും. പക്ഷെ എനിക്കുമുണ്ടല്ലോ നിലപാടുകൾ, പോസ്റ്റിടുന്നതിന് മുന്പ് ഞാൻ ഒന്നുറപ്പിച്ചു, ഞാൻ ഇന്നുമുതൽ ആമിർഖാന്റെ കട്ടഫാൻ ആയിരിക്കും... അങ്ങനെ പോസ്റ്റ് എഴുതി തുടങ്ങി...

കേരളത്തിലെ ചില സംഭവങ്ങളിലേയ്ക്ക് പോകുന്നതിന് മുന്പ് അങ്ങ് മുംബൈയിലേയ്ക്ക് ഒന്ന് എത്തിനോക്കി വരാം. അവിടെ ആമിർ ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായി, അഭിഷേക് ബച്ചൻ. തമിഴ്നാട്ടിലേയ്ക്ക് പോയാൽ രജനി കാന്ത്, വിജയ് എന്നിവർ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇവരൊന്നും എന്തുകൊണ്ടോ വിമർശനങ്ങൾക്ക് വലിയ തോതിൽ ഇരയാക്കപ്പെടുന്നില്ല. പ്രധാനമന്ത്രിയുടെ പല നിലപാടുകളോടും വിയോജിച്ചവരാണ് ഇവരിൽ പലരും, പക്ഷെ...

You might also like

Most Viewed