മരണപാളങ്ങൾ
വി.ആർ.സത്യദേവ്
കൂടുതൽ വേഗതയ്ക്കും കൂടുതലിടങ്ങളിലേക്കും സ്വാധീനമുറപ്പിക്കുന്നതിനുമുള്ള മനുഷ്യന്റെ ഇച്ഛയുടെയും ശ്രമങ്ങളുടെയും ഫലമാണ് ട്രെയിനുകൾ. ഒരുപാടു വേഗതയിൽ ഒരുപാടാളുകളെയും വസ്തുക്കളെയും ദൂരങ്ങളിലേയ്ക്ക് എത്തിക്കാനുള്ള വാഹന സംവിധാനം. യാത്രയ്ക്കും ചരക്കു നീക്കത്തിനും കുതിരകളെയും കാളകളെയും ഒക്കെയുപയോഗിച്ചിരുന്ന കാലത്തോ അതിനു മുന്പോ ആയിരുന്നു വാസ്തവത്തിൽ റയിൽ റോളുകളുടെ പിറവി. ബി.സി അറുനൂറിനടുത്ത് ലൈംസ്റ്റോൺ കൊണ്ടു തീർത്ത പാളങ്ങൾ ഉപയോഗത്തിലുണ്ടായിരുന്നു. പിന്നീട് ഖനികളിൽ നിന്നുള്ള കൽക്കരിയടക്കമുള്ള വസ്തുക്കൾ കൊണ്ടു വരുന്നതിനുള്ള കുതിരവണ്ടികൾ പാളങ്ങളിലൂടെ കൊണ്ടുപോയിത്തുടങ്ങി. 1804ലാണ് കുതിരകൾക്കു പകരം ആവിയെഞ്ചിനുപയോഗിച്ചുള്ള തീവണ്ടിയുടെ ആദ്യ രൂപമെത്തുന്നത്. റിച്ചാർഡ് ട്രെവിതിക്കായിരുന്നു അതിന്റെ ശിൽപ്പി. ഇന്നത്തെ എഞ്ചിനും ബോഗികളുമൊക്കെ വെച്ചു നോക്കിയാൽ ഒരു കുഞ്ഞൻ ട്രയിൻ.
ആ കുഞ്ഞൻ ട്രെയിൻ വളർന്ന് സൂപ്പർഫാസ്റ്റും ബുള്ളറ്റ് ട്രയിനുമൊക്കെ പാളങ്ങളുടെ രാജാക്കന്മാരായി വിലസുകയാണ്. വലിപ്പവും വേഗവുമൊക്കെ കൂടുന്നതനുസരിച്ച് റയിൽവേയുമായി ബന്ധപ്പെട്ട അപകടങ്ങളും വർദ്ധിച്ചു വരികയാണ്. ചരിത്രം പരിശോധിക്കുന്പോൾ നൂറുകണക്കിനാൾക്കാർ മരിച്ച റെയിലപകടങ്ങൾ തന്നെ നിരവധിയുണ്ട്. ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ റയിലപകടത്തിൽ ഒറ്റയാൾക്കുമാത്രം ജീവൻ നഷ്ടമായപ്പോൾ ആ പട്ടികയിൽ ഇപ്പോഴുള്ള അപകടത്തിലെ മരണസംഖ്യ രണ്ടായിരത്തിനടുത്താണ് എന്ന ഊഹക്കണക്കു മാത്രമാണ് ഇപ്പോഴുമുള്ളത്.
1832ൽ അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ക്വിൻസിയിലായിരുന്നു ഉണ്ടായത്. പുതിയൊരു ട്രയിനിന്റെ പ്രകടനം കാണാൻ ക്ഷണിക്കപ്പെട്ട നാലുപേരായിരുന്നു അപകടത്തിൽപ്പെട്ടത്. ഒരു മലമുകളിൽ വെച്ച് ട്രയിനിൽ നിന്നും തെറിച്ചു വീണ ഇവരിൽ ഒരാൾ മരണമടഞ്ഞു. അതു തൊട്ടിങ്ങോട്ട് ഇന്നു കാലത്ത് ഉത്തർപ്രദേശിലെ പൊക്രായനിലുണ്ടായ റയിൽ ദുരന്തം വരെ ആകുന്പോഴേയ്ക്ക് ഇരുപാളങ്ങളിലുരുണ്ടെത്തിയ മരണം കവർന്നവരുടെ സംഖ്യ ആയിരങ്ങളെന്നേ പറയാനാവൂ.
റെയിൽവേയുമായി ബന്ധപ്പെട്ട അപകടങ്ങൾ പലപ്പോഴും അതു കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ പിഴവും ശ്രദ്ധക്കുറവും ബോധപൂർവ്വമുള്ള ക്രൂരതയും ഒക്കെക്കൊണ്ടാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചരിത്രത്തിൽ റെയിൽവേയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആൾനാശമുണ്ടായ ദുരന്തത്തിനു കാരണം പ്രകൃതിയായിരുന്നു. സമീപകാല ഓർമ്മകളിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ സുനാമി തന്നെയായിരുന്നു ആ റെയിൽ അനുബന്ധ ആൾനാശത്തിനും വഴിെവച്ചത്.
2001 ഡിസംബർ 26ന് ഇന്തോനേഷ്യൻ തീരത്ത് സമുദ്രാന്തർഭാഗത്തുണ്ടായ അതിശക്തമായ ഭൂകന്പമായിരുന്നു കൂറ്റൻ സുനാമിത്തിരമാലകൾക്കു വഴിെവച്ചത്. ഇന്തോനേഷ്യയിൽ നിന്നും ഇന്ത്യൻ ഉപഘൂഖണ്ധത്തിന്റെ തീരങ്ങളിലും മരണതാണ്ടവമാടിയ സുനാമിത്തിരകൾ നമ്മുടെ തെക്കൻ അയൽ രാജ്യമായ ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. തെക്കുപടിഞ്ഞാറൻ ശ്രീലങ്കയിൽ ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിനപ്പാടേ കടലെടുക്കുകയായിരുന്നു. തെക്കു പടിഞ്ഞാറൻ തീരത്തെ പെരലിയ ഗ്രാമത്തിൽ കടലിൽ നിന്നും 200 മീറ്ററോളം അകലത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന ട്രയിനാണ് സുനാമിത്തിരകൾക്കിടയിൽപ്പെട്ടത്. പ്രകൃതിക്ഷോഭം കണ്ട് നിർത്തിയിട്ട ട്രയിൻ തിരകളിൽ നിന്ന് തങ്ങൾക്ക് കവചമൊരുക്കുമെന്ന് നാട്ടുകാരും കരുതി. തിരയിൽ നിന്നു രക്ഷതേടി അതിനു മുകളിൽ കയറിയവരുമുണ്ടായിരുന്നു. മൂന്നു നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ ആഞ്ഞടിച്ച സുനാമിത്തിരകളിൽ ട്രയിനിലെ യാത്രക്കാർക്കൊപ്പം നാട്ടുകാരിൽ പലരും ഓർമ്മ മാത്രമായി. മരണ സംഖ്യ 1700 എന്നൊരു കണക്കു പറയുന്പോഴും യഥാർത്ഥ സംഖ്യ അതല്ലെന്ന് എല്ലാവർക്കും വ്യക്തമാണ്.
അപകടത്തിനിരകളായവരുടെ ആളെണ്ണത്തിൽ ഒന്നാമതു നിൽക്കുന്ന ദുരന്തം തീർത്തതു പ്രകൃതിയായിരുന്നു എങ്കിൽ തൊട്ടടുത്ത രണ്ടു സ്ഥാനങ്ങളിൽ നിൽക്കുന്ന ദുരന്തങ്ങൾ മനുഷ്യ കൃതമെന്നു പറയേണ്ടി വരും. ഒന്നാം ലോകയുദ്ധകാലത്തായിരുന്നു അവ രണ്ടും സംഭവിച്ചത്. ശാസ്ത്ര സാങ്കേതിക വിദ്യകളും വാർത്താ വിനിമയ സംവിധാനങ്ങളും ഇത്രത്തോളം വളർന്നിട്ടില്ലാത്ത അക്കാലത്തു നടന്ന അപകടങ്ങളിലെ മരണസംഖ്യയുടെ കാര്യത്തിലും അവ്യക്തതയുണ്ട്. രണ്ടിലും മരണസംഖ്യ ആയിരത്തിനു മുകളിലാണ്. ഫ്ര ഞ്ചുപട്ടാളക്കാരെ കുത്തിനിറച്ച ട്രയിൻ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പാളം തെറ്റിയാണ് ഇതിൽ ആദ്യ അപകടമുണ്ടായത്. സെൻ്റ് മൈക്കേൽ ഡി മോറീൻ ദുരന്തം എന്നാണ് ഇത് അറിയപ്പെടുന്നത്. 1917 ഡിസംബർ 12 നായിരുന്നു അപകടമുണ്ടായത്. പട്ടാളക്കാരേ പെട്ടെന്ന് എത്തിക്കുന്നതിനായി രണ്ടു ട്രയിനുകളിലേക്കുള്ള ബോഗികൾ ഒറ്റ എഞ്ചിനുപയോഗിച്ച് സർവ്വീസ് നടത്തിയതായിരുന്നു അപകടത്തിലേക്കു നയിച്ച പ്രധാന കാരണം. പല ബോഗികൾക്കും ബ്രെയ്ക്ക് പോലുമില്ലാതെയായിരുന്നു കൈവിട്ടുള്ള ആ യാത്ര. ഒന്നാം ലോകയുദ്ധം ലോകത്തിനു സമ്മാനിച്ച ഒരു അനുബന്ധ ദുരന്തം.
റൊമാനിയയിൽ നടന്ന സമാനമായ മറ്റൊരപകടത്തിലും മരണ സംഖ്യ ആയിരത്തിനടുത്തായിരുന്നു. റൊമാനിയയിലെ സിയൂറിയിൽ 1917 ജനുവരി 13 നായിരുന്നു ആ അപകടമുണ്ടായത്. ജർമ്മൻ ബോംബാക്രമണത്തിനിടെയിലൂടെയുള്ള ട്രെയിനിന്റെ യാത്ര തുടക്കം മുതൽ അപകടപാതയിലൂടെത്തന്നെയായിരുന്നു.
അപകടത്തിൽ പ്പെട്ടവരുടെ ആളെണ്ണം കൊണ്ട് പട്ടികയിൽ നാലാമതുവരുന്നത് ഇന്ത്യയിൽ നിന്നുള്ള ദുരന്തമാണ്. 1981 ജൂൺ ആറിന് ബിഹാറിലായിരുന്നു ലോകത്തെതന്നെ ഞെട്ടിച്ച ട്രെയിൻ ദുരന്തമുണ്ടായത്. അപകടത്തിൽ മരിച്ചത് 800 പേരെന്ന് രേഖകൾ പറയുന്നു. മാൻസിക്കും സഹർസക്കുമിടെ സർവ്വീസ് നടത്തുകയായിരുന്ന ട്രെയിൻ പാളം തെറ്റി ബാഗ്മതീ നദിയിലേക്കു പതിക്കുകയായിരുന്നു. കുലംകുത്തിയൊഴുകുന്ന നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും അഞ്ചു നാൾകൊണ്ട് 200 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. ഈ അപകടത്തിന്റെ കാരണം സംബന്ധിച്ചും അവ്യക്തതയുണ്ടായിരുന്നു. പെട്ടെന്ന് നദിയിലുണ്ടായ വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ് എന്നിങ്ങനെ ഏതെങ്കിലുമൊന്നായിരുന്നിരിക്കാം അപകട കാരണം എന്നാണ് വിലയിരുത്തൽ.
1915 ജനുവരി 22 ന് മെക്സിക്കോയിലുണ്ടായ അപകടത്തിൽ മരിച്ചത് 600 പേരായിരുന്നു. മെക്സിക്കൻ വിപ്ലവകാലത്തായിരുന്നു അപകടം. അനധികൃത യാത്രക്കാരുടെ ബാഹുല്യവും സാങ്കേതിക പ്രശ്നങ്ങളുമായിരുന്നു അപകടത്തിനു വഴിവെച്ചത്.
റഷ്യയിലെ യൂഫയിൽ 1989 ജൂൺ 4 നുണ്ടായ ട്രയിനപകടത്തിൽ മരണസംഖ്യ 575 ആയിരുന്നു. വിനോദയാത്ര കഴിഞ്ഞ് തിരികെവരികെയായിരുന്ന ഏറെ കുരുന്നുകൾ അപകടത്തിൽ മരിച്ചത് വേദന ഇരട്ടിപ്പിച്ചു. റഷ്യ കണ്ട ഏറ്റവും വലിയ റെയിലപകടമായിരുന്നു ഇത്.
രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയിലെ ബാൽവാനോയിലുണ്ടായ റയിൽ ദുരന്തത്തിൽ 500 പേർക്കു ജീവൻ നഷ്ടമായി. 1944 മാർച്ച് 3 നായിരുന്നു അപകടം. യാത്രക്കിടെ ഗലേറിയ ഡെലി ആർമി തുരങ്കത്തിൽ ട്രയിൻ കുടുങ്ങി. എഞ്ചിനിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരുന്നു യാത്രക്കാർ മരിച്ചത്. തുരങ്കത്തിനു വെളിയിലായിരുന്ന അവസാന ബോഗിയിലെ യാത്രക്കാർ ആയുസ്സിന്റെ ബലം കൊണ്ടു രക്ഷപ്പെട്ടു.
1944 ജനുവരി 3ന് സ്പെയിനിലെ ലിയോൺ പ്രവശ്യയിൽ മൂന്നു ട്രയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 500 പേരാണ് മരിച്ചത്. 1985 ജനുവരി 13ന് ആഫ്രിക്കയിലെ ആഡിസ് അബാബയിലേക്കു പോവുകയായിരുന്ന ട്രയിൻ അപകടത്തിൽ പെട്ട് 428 പേർ മരിച്ചു. ആഫ്രിക്ക കണ്ട ഏറ്റവും വലിയ റയിൽ ദുരന്തമാണ് ഇത്. ഒരു എക്സ്പ്രസ് ട്രയിൻ ആവാഷ് നദിക്കു മുകളിൽ വെച്ച് പാളം തെറ്റിയാണ് അപകടമുണ്ടായത്.
ഈജിപ്തിലെ അൽ അയാത്തിൽ 2002 ഫെബ്രുവരി 2നുണ്ടായ റെയിലപകടത്തിൽ മരണസംഖ്യ 383 ആയിരുന്നു. ട്രയിനിന്റെ ഒരു ബോഗിയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായിരുന്നു അപകടകാരണം. പട്ടികയിൽ പതിനൊന്നാമതുള്ളതും ഇന്ത്യയിൽ നിന്നുള്ള അപകടം തന്നെയാണ്. 1995ൽ നടന്ന ഫിറോസാബാദ് ദുരന്തം. പശുവുമായി ഇടിച്ചു നിർത്തിയിട്ട കാളിന്ദി എക്സ്പ്രസിൽ ഡെൽഹി കാൺപൂർ എക്സ്പ്രസ് ട്രയിനിടിച്ചുണ്ടായ അപകടത്തിൽ 358 പേർ മരിച്ചു.
അസമിലെ ഗൈസാലിൽ 1999 ആഗസ്റ്റ് 2നുണ്ടായ അപകടമാണ് ആളെണ്ണം നോക്കിയാൽ ഇന്ത്യയിലുണ്ടായ അപകടങ്ങളിൽ മൂന്നാമതുള്ളത്. അവഥ് അസം എക്സ്പ്രസ് ബ്രഹ്മപുത്ര മെയിലുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 285 പേരായിരുന്നു അപകടത്തിൽ മരിച്ചത്. പഞ്ചാബിലെ ഖന്ന ദുരന്തമാണ് അടുത്തത്. 1998 നവംബർ 26 നുണ്ടായ അപകടത്തിൽ മരിച്ചത് 212 പേർ. ജമ്മു താവി എക്സ്പ്രസ് ഫ്രണ്ടിയർ മെയിലുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
നമ്മുടെ സ്വന്തം കേരളത്തെയും ഞെട്ടിച്ച റയിലപകടങ്ങളിൽ പെരുമൺ ദുരന്തവും കടലുണ്ടി ദുരന്തവം മുന്നിൽ നിൽക്കുന്നു. 1988 ജൂലൈ 8 ന് കെല്ലം ജില്ലയിലെ പെരുമണിൽ അഷ്ടമുടിക്കായലിനു മുകളിൽ വെച്ച് ഐലൻഡ് എക്സ്പ്രസ് പാളം തെറ്റിയായിരുന്നു അന്നു ദുരന്തമുണ്ടായത്. മരണസംഖ്യ 105. വർഷങ്ങൾക്കു ശേഷം 2001ൽ കോഴിക്കോട് കടലുണ്ടിപ്പുഴയായിരുന്നു അടുത്ത ദുരന്തത്തിനു വേദി. ചെന്നൈക്കു പോവുകയായിരുന്ന ചെന്നൈ മാംഗളൂർ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. 57 പേർ അപകടത്തിൽ മരിച്ചെന്നാണ് കണക്ക്. ഇപ്പോൾ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പെക്രായനിൽ വീണ്ടുമൊരു ദുരന്തം സംഭവിച്ചിരിക്കുന്നു. അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുക പ്രായേണ അസാദ്ധ്യമാണ്. എങ്കിലും അതിന്റെ അളവു കുറയ്ക്കാൻ എല്ലാവരും കൂടുതൽ ശ്രദ്ധിക്കാനുള്ള പാഠങ്ങളായിത്തീരട്ടെ ഇത്തരം സംഭവങ്ങളെന്ന് നമുക്കു പ്രത്യാശിക്കാം.