കൊള്ളക്കാർക്കൊപ്പമോ കേരള സർക്കാർ ?
അനൂപ് ഒറ്റക്കണ്ടത്തിൽ
ഭാരത ചരിത്രത്തിൽ സാന്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം നയിക്കുകയാണ് നരേന്ദ്രമോഡി. അതിദീർഘനാളത്തെ തയ്യാറെടുപ്പുകളോടെയാണ് 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. കള്ളനോട്ടുകളും കള്ളപ്പണവും കുമിഞ്ഞുകൂടിയ രാജ്യത്ത് ചെണ്ടകൊട്ടിപ്പാടി ഇത്തരം നടപടികൾ ആരംഭിക്കാനാവില്ല.
മുൻകൂട്ടി അറിഞ്ഞാൽ കള്ളനോട്ടുകൾക്ക് രക്ഷ ലഭിക്കില്ലെങ്കിലും കള്ളപ്പണക്കാർ അവസരം മുതലാക്കും. പൂഴ്ത്തിവെച്ച നോട്ടുകളെല്ലാം മാറ്റി പുതിയവ സ്വന്തമാക്കും. നവംബർ 8ന് രാത്രി 8മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തോട് എന്ത് പ്രക്ഷേപണമാണ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയ നേതാക്കൾക്കോ നിശ്ചയമില്ലായിരുന്നു. പലരും കരുതിയത് പാക്കിസ്ഥാന് ചില മറുപടികൾ നൽകാനായിരിക്കുമെന്നാണ്. ആ സംശയം ജനിപ്പിക്കുംവിധം സൈനികമേധാവികളുമായി കൂടിക്കാഴ്ച നടക്കുകയും ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തിന്റെ ഒടുവിലാണ് നോട്ടുകൾ മരവിപ്പിക്കുന്നകാര്യം അറിയിച്ചത്. ഇത് പലരേയും അന്പരപ്പിലാക്കിയെങ്കിൽ ബഹുഭൂരിപക്ഷം ജനങ്ങളും പ്രഖ്യാപനം തികഞ്ഞ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ജനങ്ങളുടെ അനുകൂല പ്രതികരണം രാഷ്ട്രീയ നേതാക്കളെയെല്ലാം നോട്ടുപിൻവലിക്കൽ തീരുമാനത്തെ സ്വാഗതം ചെയ്യാൻ പ്രേരിപ്പിച്ചു. എന്നാൽ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിന് അതൊട്ടും ഉൾക്കൊള്ളാനായില്ല. നോട്ടുകൾ പിൻവലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നേരത്തെ ജനങ്ങളെ അറിയിച്ച് ഈ തീരുമാനം പ്രഖ്യാപിക്കണമായിരുന്നു എന്നൊക്കെയാണ് ഐസക്കിന്റെ വാദം.
അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും ഭീകരപ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കാനെടുത്ത തീരുമാനത്തെ സംസ്ഥാന സർക്കാരും പ്രതിപക്ഷവും എതിർക്കുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്. രാജ്യത്തിന്റെ സന്പദ്ഘടനയെ തകർക്കുന്ന ശക്തികളെ താലോലിക്കുകയും താരാട്ടുകയുമാണോ ഇക്കൂട്ടരുടെ ജോലി? ജനങ്ങളാകെ ആഹ്ലാദത്തോടെ വരവേറ്റ തീരുമാനത്തെ ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്തിനാണ്? കോൺഗ്രസിന്റെ വെപ്രാളം മനസ്സിലാക്കാം.
അവരുടെ കയ്യിൽ കണക്കില്ലാത്ത കള്ളപ്പണമുണ്ട്. 10 വർഷം യുപിഎ കേന്ദ്രം ഭരിച്ചപ്പോൾ 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. അതെല്ലാം കട്ടിലിനടിയിലോ മണ്ണിനടിയിലോ ഇത്രയുംകാലം സുഖനിദ്രയിലായിരുന്നു. പെട്ടെന്നാണ് ഞെട്ടിയുണർന്നത്. അതുമുതൽ കോൺഗ്രസ് നേതാക്കൾക്ക് ഉറക്കമില്ല. പിച്ചുംപേയും പറയുകയാണ്. എല്ലാം കൈവിട്ടുപോകുമല്ലൊ എന്ന ഭീതിയിലാണവർ. കേരളത്തിലെ ഭരണകക്ഷിക്കും ആ ഭീതിയുണ്ടോ? ഉണ്ടെന്നു വേണം കരുതാൻ. ജനങ്ങളുടെ ദുരിതമാണ് അവരുടെ വിഷയം. വിഷമം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു പരിവർത്തനത്തിന് ക്ലേശം സഹിക്കാൻ ജനങ്ങൾ തയ്യാറുമാണ്. ക്യുവിൽനിന്ന് കാലുകുഴയുന്പോഴും നല്ല കാര്യത്തിനാണല്ലൊ എന്നാശ്വാസിക്കുന്ന വാക്കുകളാണ് കേൾക്കാൻ കഴിഞ്ഞത്. ആദ്യ മൂന്നുനാലു ദിവസത്തെ പ്രയാസം ഇപ്പോഴില്ല. ക്യൂവിന്റെ നീളം കുറഞ്ഞു. അത്യാവശ്യത്തിന് പണം ലഭ്യമാകുന്നുമുണ്ട്.
സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢപദ്ധതിയാണ് നോട്ട് അസാധുവാക്കൽ എന്നാണിപ്പോൾ ആരോപിക്കുന്നത്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് മനസ്സിലാകും. കള്ളപ്പണക്കാരെ മുഴുവൻ പിടികൂടുന്പോൾ സഹകരണബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ചിലരും അതിൽ കാണും. സഹകരണ ബാങ്കുകളിൽ ചിലപ്പോൾ പരിശോധന നടത്തേണ്ടിവരും. ഇതിലെന്താണ് തെറ്റ്. കുഴപ്പമൊന്നും ഇല്ലെങ്കിൽ പരിശോധനയെ എന്തിനു പേടിക്കണം. ആർക്കുവേണമെങ്കിലും എപ്പോൾ വേണെങ്കിലും പരിശോധിക്കാം എന്നും പറയുന്നതായിരുന്നില്ലേ സുതാര്യത.
പണം മാറിക്കിട്ടാനുള്ള കാലതാമസത്തെക്കുറിച്ചാണിപ്പോൾ പരാതി. എല്ലാ ബാങ്കുകളിലും ചെന്ന് നരേന്ദ്ര മോഡിയോ അരുൺ ജെയ്റ്റ്‌ലിയോ അല്ലെങ്കിൽ റിസർവ് ബാങ്ക് മേധാവികളോ എത്തി പണം മാറി നൽകില്ല. ബാങ്ക് ഉദ്യോഗസ്ഥന്മാരാണ് അത് ചെയ്യേണ്ടത്. ഭാഗ്യവശാൽ കേരളത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്മാരിൽ ഭൂരിഭാഗവും ബാങ്കിടപാടുകാരെ സഹായിക്കാൻ രാപ്പകൽ പണിയെടുക്കുന്നു. എന്നാൽ ചിലരുടെ നിലപാട് രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ മോഡി വിരുദ്ധരും കേന്ദ്രത്തിന്റെ പദ്ധതി എങ്ങനെ അട്ടിമറിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണിവരിലധികവും.
ജൻധൻ യോജനയും മുദ്രാവായ്പാ പദ്ധതിയും കേരളത്തിൽ അട്ടിമറിക്കപ്പെട്ടതെങ്ങനെ എന്നെല്ലാവർക്കും അറിയാം. അവരാണിപ്പോൾ തോമസ് ഐസക്കിന്റെ വാദം പാഴാകാതിരിക്കാൻ പണിയെടുക്കുന്നത്. നോട്ട് മാറിയെടുക്കാൻ എത്തുന്നവരുടെ മേൽ കുതിരകയറിയും എടിഎമ്മുകളിൽ സമയത്ത് പണം നിക്ഷേപിക്കാൻ താൽപര്യം കാട്ടാതെയും കേന്ദ്രപദ്ധതിയെ പരാജയപ്പെടുത്തുവാൻ നോക്കുന്നു. ജനങ്ങളുടെ പേരിലാണിപ്പോൾ കണ്ണീർ. ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ അന്‍പതോ അറുപതോ പേരാണ് ഒരു ബാങ്കിന് മുന്നിൽ ക്യൂനിൽക്കുന്നത്. അരമണിക്കൂറോ അങ്ങേയറ്റം ഒരു മണിക്കൂർ ക്യൂവിൽ നിന്നാൽ നോട്ട് മാറിയെടുക്കാം.
അനാവശ്യമായി ബന്ദും ഹർത്താലും നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നവർ ജനങ്ങളുടെ പേരിൽ വിലപിക്കരുത്. പ്രശ്‌നങ്ങൾ കാണാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി. നാവിട്ടടിച്ചിട്ട് കാര്യമില്ല. ഡോ. ഐസക്ക് വൻ സാന്പത്തിക വിദഗ്ദ്ധനായിരിക്കാം. എന്നിരുന്നാലും മന്ത്രിയെന്ന നിലയിൽ ജനങ്ങളെ നോവിക്കാനല്ല, സേവിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതില്ലാതാകുന്പോൾ സ്വാഭാവികമായും സംശയിക്കും. കേരളം കൊള്ളക്കാർക്കൊപ്പമോയോ എന്ന്.