നാളെയുടെ വിളക്കുമരങ്ങൾക്കായ്..!
മനു കാരയാട്
പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും ഒരു വശത്ത് തകൃതിയായി നടക്കുന്പോഴും മറുവശത്ത് ശിശുമരണങ്ങളും പട്ടിണിക്കെടുതിയുമായി നമുക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുകയാണ് അട്ടപ്പാടിയും അവിടത്തെ നിസ്സഹായരായ ഒരു കൂട്ടം ജനവിഭാഗവും. ആദിവാസികളെന്നും കാടിന്റെ മക്കളെന്നു മൊക്കെ മുദ്രകുത്തി സമൂഹത്തിന്റെ പിന്നാന്പുറത്തേയ്ക്ക് മാറ്റി നിർത്തപ്പെട്ട ഒരു ജനസമുച്ചയമായാണ് ഇവർ. രാജ്യത്തെ ഏതൊരു പൗരനും ലഭിക്കേണ്ട നീതിയും സമത്വവും ഇവർക്ക് വെറും മരീചിക മാത്രമായി അവശേഷിക്കുന്പോഴാണ് കാടിന്റെ മക്കളെന്നും ആദിവാസികളെന്നുമൊക്കെയുള്ള ലേബലുകളിൽ ഈ വിഭാഗം ഒതുക്കപ്പെടുന്നത്.
സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം കടന്നു പോയിട്ടും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒറ്റത്തുരുത്തുകളിൽ കഴിയേണ്ടി വരുന്ന ഒരു മനുഷ്യ വിഭാഗം നമ്മുടെ രാജ്യത്ത് ജീവിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം അറിഞ്ഞിട്ടും ഉറക്കം നടിച്ച് കിടക്കുന്ന നമ്മുടെ ഭരണ വർഗ്ഗങ്ങളാണ് ഈ ദുരവസ്ഥക്ക് മുഖ്യ കാരണക്കാർ എന്നതിൽ സംശയമില്ല.
കാൽ ലക്ഷത്തോളം വരുന്ന ഒരു ജനസമൂഹമാണ് ഇന്ന് അട്ടപ്പാടിയിലെ ഊരുകളിൽ തങ്ങളുടെ നിലനിൽപ്പിനായി ഊർദ്ധശ്വസം വലിക്കുന്നത്. ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ ശരാശരി ആയിരം കുഞ്ഞുങ്ങളാണ് ഇവിടെ പിറന്നു വീഴുന്നത്. അതിൽ എത്ര കുഞ്ഞുങ്ങളാണ് ’ശിശു മരണം’ എന്ന പേരിൽ പൊലിയുന്നതും ബാക്കി എത്ര കുഞ്ഞുങ്ങൾ ജീവിച്ചിരിക്കുന്നുമെന്നുമുള്ള സംശയങ്ങൾ ബാക്കി നിൽക്കുന്നുമുണ്ട്. ശിശു മരണങ്ങളും ഗർഭഛിദ്രങ്ങളും അട്ടപ്പാടിയുടെ മണ്ണിൽ ഒരു നിത്യസംഭവമായി മാറുന്നു.
സഹായഹസ്തങ്ങൾ നിഷേധിക്കപ്പെട്ട ഒരു സമൂഹമായി ആദിവാസികൾ മാറിയിരിക്കുന്നു. അവിടെയുള്ള ഗർഭിണികളായ സ്ത്രീകളിൽ ഭുരിഭാഗം പേർക്കും സ്വന്തം ആരോഗ്യനില തൃപ്തികരവുമല്ലത്രേ. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ അമ്മക്ക് തീർച്ചയായും പോഷകഗുണമുള്ള ഭക്ഷണങ്ങൾ നിർബന്ധമാണെന്നിരിക്കേ അട്ടപ്പാടിയിലെ ഗർഭിണികൾ ജന്മം നൽകുന്നത് തീർച്ചയായും അനാരോഗ്യം നിറഞ്ഞ കുഞ്ഞുങ്ങളായിരിക്കുമെന്നത് അത്യന്തം വേദനാജനകമായ സത്യമാണ്.
അട്ടപ്പാടിയിലെ അമ്മമാരുടെ ആരോഗ്യം ഉറപ്പു വരുത്തിയാൽ ശിശു മരണം കുറയ്ക്കാമെന്ന സർക്കാർ പഠന റിപ്പോർട്ടിന്റെ ഫലമായാണ് മുന്പ് ആദിവാസി ഊരുകളിൽ ആരംഭിച്ച ’സാമൂഹ്യ അടുക്കള’ കൾക്ക് ആധാരം. പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ പാകം ചെയ്ത് സ്ത്രീകൾക്കും കുട്ടികൾക്കും അതുവഴി നിരാലംബർക്കും വിതരണം ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം.
ആരോഗ്യ സംരക്ഷണത്തിന് ലോകത്തിനു തന്നെ മാതൃകയാണ് കേരളമെന്ന് ഉദ്ഘോഷിക്കുന്പോഴാണ് അട്ടപ്പാടിയിൽ നിന്നും ശിശുമരണ വാർത്തകൾ പുറത്തു വരുന്നത്. ഇത് സംസ്ഥാനത്തിനേറ്റ കനത്ത തിരിച്ചടിയുമാണ്. ആദിവാസി ഉന്നമനത്തിനായി കോടികളുടെ ഫണ്ട് വാഗ്ദാനം ചെയ്യപ്പെടുന്പോഴും അതിൽ ഒരു ശതമാനം പോലും പ്രവർത്തനഫലം കാണാതെ വെറും പ്രസ്താവനകൾ മാത്രമായോ അല്ലെങ്കിൽ ’ചുവപ്പുനാട’ യിൽ കുരുങ്ങി നിൽക്കുകയോ ആണ് ചെയ്യുന്നത്.
ആദിവാസികളും മറ്റെല്ലാവരെയും പോലെ സമൂഹത്തിന് മുന്നിലേയ്ക്ക് നിവർന്നു നിന്നു ജീവിക്കേണ്ടവർ തന്നെയാണ്. മജ്ജയും മാംസവും, ചോരയും നീരും നിറഞ്ഞ മനുഷ്യരാണവർ. കാടിന്റെ ഇരുളിലും, തുരുത്തിന്റെ ഉച്ചിയിലും തളക്കപ്പെട്ട് ഒടുങ്ങേണ്ടവരല്ല. അവരുടെ പിൻമുറക്കാരായി വളരുന്ന കുട്ടികൾക്ക് പർപ്പിടവും ഭക്ഷണവും, വിദ്യഭ്യാസവും ചികിത്സയും നിറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാൻ അർഹതപ്പെട്ടവർ തന്നെ. അതിനുള്ള വഴികൾ കണ്ടെത്തേണ്ടതും സാധിച്ചു നൽകേണ്ടതും ഭരണ വർഗ്ഗത്തിന്റെ ഉത്തരവാദിത്തമാണ്.
തെരഞ്ഞെടുപ്പു സീസണിലെ ’വോട്ടു ബാങ്കുകൾ’ മാത്രമല്ല ആദിവാസികളെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സന്പന്നന്റെ മാത്രം അവകാശമായി ഉന്നത വിദ്യഭ്യാസം മാറുന്ന ഈ കാലത്ത് ആദിവാസി ഊരുകളിൽ നിന്നും ഡോക്ടറും, എഞ്ചിനിയറുമൊക്കെ സൃഷ്ടിച്ചെടുക്കേണ്ടത് അതത് സർക്കാരുകളുടെ കടമയാണ്.
അസുഖകരമായ യാഥാർത്ഥ്യങ്ങൾ മൂടിവെച്ച് പകരം ’പുകമറ’ സൃഷ്ടിക്കുകയെന്നത് ഏതൊരു ഭരണവർഗ്ഗത്തിന്റെയും തന്ത്രമാണ്. അത്തരത്തിലുള്ള ചില തന്ത്രങ്ങളാണ് അട്ടപ്പാടിയിലും മുൻകാലങ്ങളായി പിന്തുടരുന്നത്. അട്ടപ്പാടിയിലെ ശിശുമരണം എൻഡോസൾഫാൻ മൂലമാണെന്ന ചില വിചിത്രവാദങ്ങൾ കഴിഞ്ഞ ഭരണ കാലത്തേ കേട്ടുവരുന്നുണ്ട്. വെറും ബാലിശവും പൊള്ളത്തരവുമായ ഇത്തരം റൂമറുകൾ മറ്റെന്തൊക്കെയോ ലക്ഷ്യം വെച്ചുള്ള അത്തരക്കാരുടെ വെറും തിരക്കഥ മാത്രമായിരുന്നു.
ആദിവാസികൾ കാടിന്റെ മക്കളല്ല അവർ നാടിന്റെ മക്കളാണെന്നും ഭാവി രാഷ്ട്രം പടുത്തുയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കാൻ അവർക്കും ചിലതൊക്കെ ചെയ്യാനും പറയാനുമുണ്ടെന്ന് നമ്മുടെ അധികാരവർഗ്ഗം ഒന്നിരുത്തി ചിന്തിച്ചാൽ മാത്രം മതിയാകും ഈ ജനതയെ നാളെയുടെ വിളക്കുമരങ്ങളായി മാറ്റിയെടുക്കാം! തീർച്ച...!!