കള്ളപ്പണക്കാരുടെ മുതലക്കണ്ണീർ
എ. ശിവപ്രസാദ്
“നിലവിലുള്ള ആയിരം രൂപ, അഞ്ഞൂറു രൂപ നോട്ടുകൾക്ക് ഇനി കടലാസിന്റെ വില മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ” പ്രത്യേകം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതു പ്രസ്താവിച്ചപ്പോൾ ഭാരതജനത അക്ഷരാർത്ഥത്തിൽ ഞെട്ടി. തുടർന്ന് പ്രധാനമന്ത്രി അതിന്റെ ആവശ്യകതയും ലക്ഷ്യവും വിശദമായി വിവരിച്ചപ്പോഴാണ് ഭാരതജനതയ്ക്ക് കറൻസി പിൻവലിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും സ്പഷ്ടമായത്. ഏതൊരു രാജ്യത്തിന്റെയും നിലനിൽപ്പിന് ആ രാജ്യത്തിന്റെ സാന്പത്തിക അച്ചടക്കം അനിവാര്യമാണ്. എന്നാൽ ഭാരതം പോലുള്ള ബൃഹത്തായ ഒരു രാജ്യത്തിന് ഈ സാന്പത്തിക അച്ചടക്കം എത്രത്തോളം നിലനിർത്താൻ കഴിയുന്നുണ്ട് എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്.
രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയെ ശിഥിലമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് ഘടകങ്ങളാണ് കള്ളപ്പണവും കള്ളനോട്ടുകളും. നിർഭാഗ്യവശാൽ ഇവ രണ്ടും ഭാരതത്തിന്റെ സന്പദ്ഘടനയെ അനേക വർഷങ്ങളായി പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. കള്ളപ്പണമുപയോഗിച്ച് കൊണ്ടുള്ള ഭീകരവാദവും ഒട്ടൊന്നുമല്ല രാഷ്ട്രത്തെ ദുരിതത്തിലാഴ്ത്തിയത്. ഭാരതത്തിലെ പണമുപയോഗിച്ച് ഭാരതത്തിനെതിരെ യുദ്ധം ചെയ്യുമെന്ന് ഭീകരവാദികളും ഈയിടെ പ്രഖ്യാപിച്ചു. ഇത് ഭരണകൂടവും ജനങ്ങളും അതീവ ഗൗരവമായി കാണേണ്ടതാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടാവാൻ തരമില്ല. സ്വാതന്ത്ര്യപ്രാപ്തിയുടെ കാലഘട്ടങ്ങളിൽ തന്നെ അഴിമതിയും കള്ളപ്പണവും ഭാരതീയ ഭരണകൂടങ്ങളെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാൻ. 1948 വി.കെ കൃഷ്ണമേനോൻ ഉൾപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന 80 ലക്ഷം രൂപയുടെ ജീപ്പ് വാങ്ങലുമായി ബന്ധപ്പെട്ട അഴിമതി ഇതിനുദാഹരണമാണ്. അവിടുന്നിങ്ങോട്ട് രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാർ നടത്തിയത് അഴിമതിയുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഉൾപ്പെട്ട ബോഫേഴ്സ് അഴിമതിയാണ് അതിൽ ഏറെ പ്രസിദ്ധം. 65 കോടി രൂപയുടെ അഴിമതിയായിരുന്നു ബോഫോഴ്സ് ഇടപാടിൽ നടന്നത്. 1996ൽ കാലിത്തീറ്റ അഴിമതിയിലൂടെ ലാലു പ്രസാദ് യാദവ് സന്പാദിച്ചത് 950 കോടിയാണ്. യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്ന രാജ നടത്തിയ ഒരു ലക്ഷത്തി എഴുപത്തി ആറായിരം (1,76,000) കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിയോടെ അഴിമതി അതിന്റെ പരകാഷ്ഠയിലെത്തി. സ്വതന്ത്രഭാരതം ഇന്നുവരെ കണ്ട അഴിമതികളിൽ ചിലത് മാത്രം ചേർത്ത് വെച്ചാൽ എൺപത് ലക്ഷം കോടി രൂപയിലധികം വരും. ഇത് കേവലം പിടിക്കപ്പെട്ട അഴിമതിക്കഥകൾ മാത്രം. വെളിച്ചം കാണാതെ പോയ ലക്ഷക്കണക്കിന് കോടികൾ വേറെയും.
അഴിമതിയുടെ കഥകൾ ഇത്രയും സൂചിപ്പിച്ചത് മുകളിൽ സൂചിപ്പിച്ച ഈ പണം എവിടെയാണ് അല്ലെങ്കിൽ ആരുടെ കൈകളിലാണ് എത്തപ്പെട്ടത് എന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ്. ഈ പണം നമ്മുടെ നാട്ടിൽ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും സന്പന്നമായ രാഷ്ട്രമായേനെ! കഴിഞ്ഞ എഴുപത് വർഷമായ നമ്മുടെ നാട് അനുഭവിച്ചു കൊണ്ടിരുന്ന സാന്പത്തിക അധഃപതനത്തിന് ഒരു ‘ഷോക്ക് ട്രീറ്റ്മെന്റ്’ നൽകുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ വിപ്ലവകരമായ തീരുമാനത്തിലൂടെ നടപ്പാക്കിയത്. ഇതിനു മുന്പു തന്നെ കള്ളപ്പണം ഗവൺമെന്റിനെ അറിയിച്ച് നിയമവിധേയമാകാനുള്ള അവസരവും ഗവൺമെന്റ് നൽകിയിരുന്നു. സർക്കാറിലേക്ക് ഒരു നിശ്ചിത ശതമാനം നികുതി നൽകിക്കൊണ്ടായിരുന്നു ഈ പദ്ധതി. ഇതിലൂടെ കേന്ദ്രഗവൺമെന്റ് ഖജനാവിലേയ്ക്ക് ലഭിച്ചത് 29,326 കോടി രൂപയാണ്. ഇത്രയേറെ തുക ഇതിനു മുന്പ് ഒരിക്കലും നികുതിയിനത്തിൽ ഖജനാവിലെത്തിയിട്ടില്ല. അതോടൊപ്പം തന്നെ കള്ളപ്പണക്കാർക്ക് ഇത്രയും വലിയ ഒരു അടി ലഭിച്ചിട്ടുമുണ്ടായിരുന്നില്ല. “ഇന്ത്യയുടെ രൂപ ഉപയോഗിച്ച് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യും” എന്ന് പ്രഖ്യാപിച്ച പാകിസ്ഥാൻ ഭീകരർക്ക് ഇതിലും വലിയ ഒരു പ്രത്യാക്രമണം നടത്തുക സാധ്യമല്ല. പാകിസ്ഥാനിൽ പ്രിന്റു ചെയ്ത ഇന്ത്യൻ കറൻസി നോട്ടുകൾ (ആയിരം, അഞ്ഞൂറ് നോട്ടുകൾ) ഭാരതത്തിൽ വളരെ സുലഭമായി ലഭിച്ചിരുന്നു. അതിന്റെ വലിയ ഒരു ഭാഗം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ചില ഇടങ്ങളിലും എത്തിയിരുന്നു. ഭൂമിയുടെയും മറ്റും വില കുത്തനെ ഉയർത്തി സാധാരണക്കാരന് ഒരു തുണ്ടു ഭൂമി വാങ്ങാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തി. നമ്മുടെ സാമൂഹ്യവ്യവസ്ഥയെ തന്നെ നശിപ്പിച്ച ഈ അവസ്ഥയ്ക്ക് ഒരു പൂർണ്ണവിരാമമിടുന്ന തീരുമാനമാണ് നരേന്ദ്രമോഡി കൈക്കൊണ്ടത്. ഇതോടെ ഭൂമിയുടെ അന്യായവിലക്ക് അറുതി വന്ന് സാധാരണ ജനസമൂഹത്തിന് അൽപ്പമെങ്കിലും ഭൂമി സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
ഭൂമി കച്ചവടത്തേക്കാൾ ഭീകരമായ മറ്റൊന്നാണ് വിദ്യാഭ്യാസക്കച്ചവടം. പിഞ്ചുകുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിന് അയയ്ക്കുന്നത് മുതൽ തുടങ്ങുന്ന തലവരി പണം ഉയർന്ന ക്ലാസുകളിലെത്തുന്നതോടെ എല്ലാ സീമകളും ലംഘിച്ചു മുന്നോട്ട് കുതിക്കുകയാണ്. എൽ.കെ.ജി അഡ്മിഷനു വേണ്ടി ചില സ്കൂളുകൾ വാങ്ങുന്ന തലവരിപ്പണം അന്പതിനായിരം രൂപ വരെയെന്ന് കേൾക്കുന്പോൾ ഇന്നത്തെ ജനതയ്ക്ക് ഞെട്ടലുണ്ടാവുന്നില്ല. അവിടന്നങ്ങോട്ട് എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലെത്തുന്പോൾ തലവരിപ്പണം കോടികളായി മാറുന്നു. പാവപ്പെട്ടവനും സാധാരണക്കാരനുമായ വ്യക്തികളുടെ പഠനസ്വാതന്ത്ര്യം നിഷേധിക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാരുടെ തലക്ക് ഏറ്റ ആഘാതമാണ് പ്രധാനമന്ത്രിയുടെ കറൻസി പിൻവലിക്കൽ തീരുമാനം. സ്വന്തം വിയർപ്പൊഴുക്കാതെ അന്യന്റെ സന്പത്തും ഭക്ഷിച്ച് ആഢംബരത്തോടെ ജീവിക്കുന്നവർക്കും ഈ തീരുമാനം ദോഷം ചെയ്യും. മാത്രമല്ല വിദ്യാഭ്യാസ, വ്യവസായ മേഖലയിലെ ശുദ്ധീകരണവും കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അന്ത്യം കുറിയ്ക്കുകയും നികുതി ഒടുക്കൽ പ്രക്രിയ ദൃഢീകരിക്കപ്പെടുകയും ചെയ്യും. വരുമാനം മുഴുവനായും ഗവൺമെന്റിനെ അറിയിക്കുക വഴി കൃത്യമായ നികുതി പിരിവും സാധ്യമാകും. ഭാരതത്തിന്റെ സന്പദ്ഘടനയെ വെല്ലുവിളിച്ചുകൊണ്ട് സമാന്തര സന്പദ്ഘടന നടത്തിക്കൊണ്ടിരിക്കുന്നവരുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് കറൻസി പിൻവലിക്കലിലൂടെ നരേന്ദ്രമോഡി ചെയ്തത്.
വലിയ നോട്ടുകൾ സർക്കാർ പിൻവലിക്കുന്നത് ഭാരതത്തിൽ ആദ്യമായിട്ടല്ല. 1978ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. മൊറാർജി ദേശായി ജനുവരി 17ന് തന്റെ ഔദ്യോഗിക വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അന്ന് നിലവിലുണ്ടായിരുന്ന ആയിരം, പതിനായിരം, അയ്യായിരം നോട്ടുകൾ പിൻവലിച്ചു. എന്നാൽ അക്കാലത്ത് 10,000, 5,000, 1,000 നോട്ടുകൾ സർവ്വസാധാരണമായിരുന്നില്ല. അതിനാൽ സാധാരണ ജനങ്ങളെ അത് ബാധിച്ചില്ല. എന്നാൽ 1000, 500 നോട്ടുകൾ ഇന്ന് സർവ്വസാധാരണമായിരുന്നു. അതുകൊണ്ടു തന്നെ ഈ കറൻസി പിൻവലിക്കാനുള്ള തീരുമാനം സാധാരണ ജനസമൂഹത്തിന് സാമാന്യം നല്ല രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കി. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ രാജ്യതാൽപര്യത്തിനായി ക്ഷമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ നോട്ടു പിൻവലിക്കൽ പ്രഖ്യാപനത്തിനിടെ തന്നെ അഭ്യർത്ഥിച്ചിരുന്നു. രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനുള്ള ചരിത്രപരമായ തീരുമാനമെടുക്കുന്പോൾ അതിന്റെ പരിണിതഫലത്തെക്കുറിച്ചും പ്രധാനമന്ത്രി ബോധവാനായിരുന്നു. എന്തൊക്കെ സംഭവിക്കുമെന്നും എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും ബാങ്കുകളോട് അദ്ദേഹം വ്യക്തമായ നിർദേശം നൽകിയിരുന്നു. നിലവിൽ രാജ്യത്ത് ആകെയുള്ളത് 17ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ്. അതിൽ 15 ലക്ഷം കോടിയും 500, 1000 നോട്ടുകളാണ്. ഇത്രയും നോട്ടുകൾ പിൻവലിച്ച് പുതിയ നോട്ടുകൾ നൽകുക എളുപ്പമല്ല. എന്നിട്ടും പ്രശ്നപരിഹാരം വലിയ ഒരു അളവുവരെ സാധ്യമായി. ന്യായവും യഥാർത്ഥവുമായ പണത്തിൽ ഒരു രൂപ പോലും നഷ്ടപ്പെടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിന് ഉറപ്പ് നൽകിയിട്ടുമുണ്ട്. ഒരു രാജ്യത്തെ അതിന്റെ പരമമായ വൈഭവത്തിലേയ്ക്ക് നയിക്കാൻ പ്രാപ്തമായ ഒരു തീരുമാനമാണ് കറൻസി പിൻവലിക്കലിലൂടെ പ്രധാനമന്ത്രി നടത്തിയത്. കള്ളപ്പണം, കള്ളനോട്ട്, കൈക്കൂലി, അഴിമതി എന്നീ ചതുർവിത്തുകളെ ഉന്മൂലനം ചെയ്യാനുള്ള ഈ തീരുമാനം രാഷ്ട്രപുരോഗതിയിൽ ഒരു നാഴികക്കല്ലാണ്.
എന്നാൽ നിർഭാഗ്യവശാൽ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ എതിർക്കാൻ ഭാരതത്തിലെ ചില രാഷ്ട്രീയ കക്ഷികൾ കച്ചകെട്ടിയിറങ്ങി. കള്ളപ്പണക്കാരുടെ കാവലാളന്മാരായ രാഷ്ട്രീയകക്ഷികളായിരുന്നു അവർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ശ്രീമാൻ രാഹുൽഗാന്ധിയും ബഹുമാനപ്പെട്ട കേരള ധനമന്ത്രി ശ്രീ തോമസ് ഐസക്കും ഈ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ്. 1000, 500 രൂപാ നോട്ടുകൾ പിൻവലിച്ചത് ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നായിരുന്നു ശ്രീ. തോമസ് ഐസക്കിന്റെ ആദ്യ പ്രതികരണം. സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിവരും തുടങ്ങി വെപ്രാളത്തിൽ എന്തൊക്കെയോ അദ്ദേഹം പറഞ്ഞു. ഭാഗ്യവശാൽ പിറ്റേന്ന് നേരം വെളുത്തപ്പോൾ ധനമന്ത്രിക്ക് ബോധം വീണ്ടുകിട്ടി. കള്ളപ്പണം ഇല്ലാതാക്കാൻ ഉപകരിക്കുന്ന പ്രവർത്തനമാണെന്നും വേണ്ടത്ര മുന്നൊരുക്കങ്ങൾ വേണമായിരുന്നു എന്നും അദ്ദേഹം തിരുത്തി. ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നു എന്നായിരുന്നു മറ്റൊരു വാദം. ജനങ്ങൾ ക്യൂ നിന്ന് ബുദ്ധിമുട്ടുന്പോൾ സഖാവ് തോമസ് ഐസക്കിന്റെ പാർട്ടിക്കാരായ സമരസഖാക്കളുടെ ബാങ്ക് ഉദ്യോഗസ്ഥ സംഘടന (BEFI - BANK EMPLOYEES FEDERATION OF INDIA) തൊടുപുഴയിൽ മൂന്ന് ദിവസം ലീവെടുത്ത് ബീഫ് ബിരിയാണിയും തിന്ന് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം ആഘോഷിക്കുകയായിരുന്നു. “രാജ്യം പ്രതിസന്ധി നേരിടുന്പോൾ ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ ലീവ് എടുത്ത് സമ്മേളനം നടത്തുന്നത് ഉചിതമാണോ” എന്ന ചോദ്യത്തിന് “നരേന്ദ്രമോഡിയോട് ചോദിച്ചല്ല ഞങ്ങൾ സമ്മേളനം നിശ്ചയിച്ചത്” എന്ന സ്വയം അപഹാസ്യനായി എളമരം കരീം മറുപടി പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായി പ്രധാനമന്ത്രി നടപടി എടുക്കുന്പോൾ ചക്കിട്ടപ്പാറ അഴിമതിയിലൂടെ കോടികൾ നേടി സ്വന്തം പാർട്ടിക്കു പോലും അനഭിമതനായ സി.പി.എം നേതാവിന് ഇതിൽ കൂടുതൽ ഒന്നും പറയാൻ കഴിയില്ല. ഒറ്റദിവസവും ദിവസങ്ങളോളവും ഹർത്താലും ബന്ദും നടത്തി ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സി.പി.എംന് ജനങ്ങൾ കുറച്ചു നേരം ക്യൂവിൽ നിൽക്കുന്നത് കണ്ട് വരുന്ന കണ്ണീർ മുതലക്കണ്ണീരല്ലാതെ മറ്റെന്താണ്? രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇവർക്കുള്ളൂ.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആദ്യമൊക്കെ കടുത്ത നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര ധനമന്ത്രി ശ്രീ. അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതോടെ നിലപാട് മയപ്പെടുത്തി. വേണ്ടത്ര മുൻകരുതൽ എടുത്തില്ല എന്നതാണ് പ്രശ്നം എന്നദ്ദേഹം പറഞ്ഞു. സ്കൂൾ തുറന്ന ഓണപ്പരീക്ഷയും കഴിഞ്ഞ് വാർഷിക പരീക്ഷക്ക് നാല് മാസം മാത്രമേയുള്ളൂ എന്നിട്ടും സ്കൂളുകളിൽ പാഠപുസ്തകങ്ങൾ മുഴുവനായും എത്തിക്കാൻ കഴിയാത്തവരാണ് ഒരൊറ്റ രാത്രികൊണ്ട് ഭാരതത്തിലെ ലക്ഷക്കണക്കിന് ബാങ്കുകളിലും ദശലക്ഷക്കണക്കിന് എ.ടി.എം കൗണ്ടറിലും പണമെത്തിച്ചില്ല എന്ന് പറയുന്നത്. തങ്ങളുടെ പാർട്ടിക്കാരായ ബാങ്കു ജീവനക്കാരെ മുഴുവൻ (കേരളത്തിലെ ബാങ്കുകളിൽ ഭൂരിഭാഗവും സി.പി.എം സംഘടനയായ BEFIക്കാരാണ്.) സമ്മേളനത്തിനയച്ചവർ ബാങ്കു സംവിധാനം തരകാറിലെന്ന് വിലപിക്കുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളെ നശിപ്പിക്കാൻ പോകുന്നു എന്നാണ് ഇടതുസഖാക്കളുടെ മറ്റൊരു വാദം. കള്ളപ്പണക്കാരെ തപ്പിയിറങ്ങുന്പോൾ സഹകരണ ബാങ്കുകളും അന്വേഷണ പരിധിയിൽ വരും. അവിടെ കള്ളപ്പണമില്ലെങ്കിൽ പിന്നെ പരിശോധനയെ എന്തിന് ഭയക്കണം. “ഏതു തരം പരിശോധനയെയും നേരിടാൻ തയ്യാറാണ്” എന്ന് സധൈര്യം പറയുന്നതിന് പകരം സഹകരണ ബാങ്കുകൾ തകർക്കാൻ പോകുന്നു എന്ന് മുറവിളി കൂട്ടുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. കേരളത്തിലെ 70% ബാങ്കുകളുടെയും ഭരണം സി.പി.എം നേതൃത്വം നൽകുന്ന മുന്നണിക്കാണെന്ന വസ്തുത കൂടി ചേർത്തു വായിക്കുന്പോൾ നാം ഊഹിക്കേണ്ടതെന്താണ്? കള്ളപ്പണം കൈവശമില്ലെങ്കിൽ എന്തിനാണീ വെപ്രാളം....?
പ്രധാനമന്ത്രിയുടെ ചരിത്രപരമായ ഈ തീരുമാനത്തെ എതിർത്ത് മുന്നിലെത്തിയ മറ്റൊരു നേതാവ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജ്വലിക്കുന്ന യുവത്വത്തിന്റെ പ്രതീകമായ ശ്രീമാൻ രാഹുൽഗാന്ധി (?) യായിരുന്നു. പണം മാറാനായി ബാങ്കിനു മുന്പിൽ ജനങ്ങളുടെ കൂടെ 4000 രൂപയുമായി ക്യൂ നിന്നുകൊണ്ടായിരുന്നു അദ്ദേഹം പ്രതിഷേധമറിയിച്ചത്. ഭൂലോക കള്ളനും സ്വന്തം അളിയനുമായ റോബർട്ട് വധേരയെക്കുറിച്ചോ, സ്വന്തം പാർട്ടി ഭരിക്കുന്പോൾ മുന്നണിയിൽ ഉൾപ്പെട്ട് മന്ത്രിസ്ഥാനം വഹിച്ച് ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കട്ട മന്ത്രി രാജയെക്കുറിച്ചോ ഒരക്ഷരം ഉരിയാടാത്ത മഹാനാണ് രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാൻ മോഡി നടത്തിയ നടപടിയിൽ പ്രതിഷേധിക്കാനായി ബാങ്കിനു മുന്പിൽ ക്യൂ നിൽക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുന്പ് നാഷണൽ ഹെറാൾഡ് കേസിൽ ഉൾപ്പെട്ട് സ്വത്ത് തട്ടിയെടുക്കൽ (സെക്ഷൻ 403), വിശ്വാസവഞ്ചന (സെക്ഷൻ 406), കുറ്റകരമായ ഗൂഢാലോചന, ചതി (സെക്ഷൻ 420) എന്നീ വകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്യപ്പെട്ട് കോടതിയിൽ പോയി ജാമ്യമെടുത്ത് കേസു നടത്തിക്കൊണ്ടിരിക്കുന്ന രാഹുൽഗാന്ധി ബാങ്ക് ക്യൂവിൽ നിന്ന് അപഹാസ്യനാകുകയായിരുന്നു. ഭാഗ്യവശാൽ കോൺഗ്രസിലെ മറ്റുള്ളവർക്ക് കാര്യം മനസിലായതു കൊണ്ട് വാ തുറന്നില്ല.
രാജ്യത്തെ ജനങ്ങൾ ദുരിതത്തിലാണെന്ന് കാണിക്കാൻ മലയാളത്തിലെ മുഖ്യധാര വാർത്താചാനലുകളും പാടുപെടുന്നുണ്ടായിരുന്നു. തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ച് പ്രധാനമന്ത്രിയെ ചീത്ത വിളിപ്പിക്കാൻ അവർ നടത്തിയ ശ്രമങ്ങൾ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. വ്യക്തിപരമായി ഒന്നും നേടാനില്ലെന്നും ഈ ജീവിതവും ജീവനും രാഷ്ട്രത്തിനായി സമർപ്പിക്കപ്പെട്ടതുമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ ഗോവയിലെ പ്രസംഗം ഒന്നു മനസ്സിരുത്തി ഇവരൊക്കെ കേട്ടിരുന്നെങ്കിൽ!
കറൻസി പിൻവലിക്കലിലൂടെ രാജ്യത്തെ സാധാരണക്കാർ ബുദ്ധിമുട്ടി എന്നത് സത്യമാണ്. പക്ഷെ രാജ്യത്തിന്റെ സുരക്ഷക്കും വളർച്ചക്കും വേണ്ടിയാണെന്നു കരുതി അല്പം കഷ്ടപ്പാടുകൾ സഹിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളിലുണ്ടാക്കിക്കൊടുക്കേണ്ട ബാധ്യത നമുക്കോരോരുത്തർക്കുമുണ്ട്. കള്ളനോട്ടുകൾ അച്ചടിച്ച് സമാന്തര സന്പദ്്വ്യവസ്ഥയുണ്ടാക്കി പുറത്ത് നിന്ന് പാകിസ്ഥാനും അകത്തു നിന്ന് ഭീകരരും ഭാരതത്തെ നശിപ്പിക്കാനൊരുങ്ങുന്പോൾ ബാങ്കിൽ ക്യൂ നിന്ന് കാല് കുഴയുന്നതും, കുറച്ച് ദിവസത്തേക്ക് ക്രിയവിക്രയങ്ങൾ നടത്താൻ കഴിയാത്തതുമാണോ പ്രധാനം എന്ന് നാം ചിന്തിക്കണം. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഏതാനും ദിവസങ്ങൾ കൊണ്ട് മാറും. എന്നാൽ ഭാരതം നേരിടുന്ന െവല്ലുവിളികൾ നമുക്ക് എന്നെന്നേക്കുമായി തുടച്ച് നീക്കണം.