അങ്ങാടീ തോറ്റതിന് ട്രംപിനോട്
വി.ആർ. സത്യദേവ്
ചരിത്രം വഴിമാറിയൊഴുകുകയാണ് അമേരിക്കയിൽ. രണ്ടര നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യ പെരുമയ്ക്ക് പേരുദോഷമുണ്ടാക്കുന്ന വാർത്തകളാണ് സർവ്വ സ്വാതന്ത്ര്യത്തിന്റെ നാട്ടിൽ നിന്നും ഉയർന്നു കേൾക്കുന്നത്. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത് ട്രംപ് അനുകൂലികളെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പു ഫലം വന്നശേഷം അമേരിക്കൻ ഐക്യ നാടുകളിൽ നിന്നു വന്നുകൊണ്ടിരിക്കുന്നത് തെരഞ്ഞെടുപ്പു ഫലത്തെക്കാളും ഞെട്ടിക്കുന്ന വാർത്തകൾ തന്നെയാണ്. മത്സരം എത്ര കടുത്തതായാലും ഫലം വന്നുകഴിഞ്ഞാൽ പിന്നെ അയാൾ ഏതു പക്ഷക്കാരനായാലും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡണ്ടാണെന്നാണ് വെപ്പ്. ഫലപ്രഖ്യാപനത്തിനു പിന്നാലേ പരാജിതൻ വിധിയംഗീകരിക്കുകയും ഇരുവരും ഒന്നിച്ച് ഒറ്റക്കെട്ടായി അമേരിക്കൻ നേട്ടങ്ങൾക്കും മഹത്വത്തിനുമായി സഹവർത്തിത്തത്തോടേ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ഒക്കെയാണ് പതിവ്. അതു ശരിവെക്കും വിധം തന്നെയാണ് ഇതുവരെ എല്ലാ സ്ഥാനാർത്ഥികളും പ്രവർത്തിച്ചു പോന്നിട്ടുള്ളതും.
എന്നാൽ ഇത്തവണത്തെ പ്രചാരണവേദികളിൽ തൊട്ട് കാര്യങ്ങൾ ഇതിനെതിരാകുമെന്നുള്ള സൂചനകൾ വന്നു തുടങ്ങിയിരുന്നു.
ഫലം തനിക്ക് അനുകൂലമല്ലെങ്കിൽ അംഗീകരിക്കില്ലെന്ന പ്രചാരണ വേളയിലെ പ്രഖ്യാപനത്തിലൂടെ ആദ്യ വെടി പൊട്ടിച്ചത് പിന്നീട് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സാക്ഷാൽശ്രീമാൻ ഡൊണാൾഡ് ട്രംപ് തന്നെയായിരുന്നു. ട്രംപ് വിജയിച്ചില്ലെങ്കിൽ തങ്ങൾ വിപ്ലവം നടത്തുമെന്നു പോലും ട്രംപനുകൂലികളിൽ ചിലർ വെടിപൊട്ടിച്ചു. അതൊക്കെ ഹിലരിക്ക് തെരഞ്ഞെടുപ്പിൽ അനുകൂലഘടകങ്ങളായെന്ന് ജനഹിതമറിയാൻ മിനക്കെടാതെ അമേരിക്കൻ മാധ്യമങ്ങളും ചുരുക്കം ചില മലയാള മാധ്യമ വിദഗ്ദ്ധരും വിലയിരുത്തുകയും ചെയ്തു. എന്നാൽ ഫലം പുറത്തു വന്നതോടെ വിധിയംഗീകരിക്കാൻ വിമുഖത കാട്ടിയത് ജനാധിപത്യത്തിന്റെ കാവലാളെന്നു വാഴ്ത്തപ്പെട്ട ഹിലരി തന്നെയായിരുന്നു എന്നതാണ് കൗതുകം.
ട്രംപ് വിജയമുറപ്പാക്കിയ ജനവിധിയെക്കുറിച്ച് പ്രതികരണം ആരായാൻ കാത്തുകെട്ടിക്കിടന്ന മാധ്യമപ്പടയോട് ഹിലരിയുടെ പ്രതിനിധി പറഞ്ഞത് രാത്രിയേറെ വൈകിയതിനാൽ മാധ്യമപ്രതിനിധികൾ ഇനി തങ്ങളുടെ ഇടങ്ങളിൽ പോയിക്കിടന്ന് ഉറങ്ങണമെന്നായിരുന്നു. ജനവിധിയോടുള്ള ഹിലരിയുടെ പ്രതികരണത്തിന്റെ വ്യക്തമായ സൂചന തന്നെയായിരുന്നു അത്. പിറ്റേന്ന് ഗതികെട്ട് മാധ്യമങ്ങളെയും പൊതു സമൂഹത്തെയും അഭിമുഖീകരിച്ചപ്പോൾ അവരുപയോഗിച്ച ഭാഷയിൽ നിറഞ്ഞു നിന്നതും ഈ ദഹനക്കേടും നിരാശയും അതിൽ നിന്നുളവായ രോഷവും തന്നെയായിരുന്നു.
തെരഞ്ഞെടുപ്പു ഫലം നിരാശാജനകവും അപ്രതീക്ഷിതവും വേദനാ ജനകവുമെന്നതായിരുന്നു ഹിലരിയുടെ പ്രതികരണത്തിന്റെ രത്നച്ചുരുക്കം. ഭരിക്കാൻ അയാൾക്ക് ഒരവസരം കൊടുക്കാം എന്ന പ്രയോഗത്തിലും ഈ ഇഷ്ടമില്ലായ്മ മുഴച്ചു നിന്നു. ഉണരൂ, പോരാട്ടം തുടരൂ എന്ന ആഹ്വാനമാവട്ടെ ട്രംപ് വിരുദ്ധരുടെ പ്രതിഷേധാഗ്നി ആളിക്കത്തിക്കാൻ ഉദ്ദേശിച്ചുള്ളതു തന്നെയും ആയിരുന്നു. കുടിയേറ്റക്കാർക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കുമെതിരെയുള്ള വേറുകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാനുള്ള ഹിലരിയുടെ ആഹ്വാനത്തിനു പിന്നിലെ യഥാർത്ഥ ലക്ഷ്യവും ട്രംപ് തന്നെയെന്നതിന് സംശയം വേണ്ട.
മറിച്ച് പ്രചാരണകാലത്തു കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ഥനായൊരു ട്രംപിനെയാണ് ഫലം അനുകൂലമായ ശേഷം അമേരിക്കയും ലോകവും കണ്ടത്. താൻ എല്ലാവരുടെയും പ്രസിഡണ്ടായിരിക്കുമെന്നും അമേരിക്കക്ക് പ്രഥമസ്ഥാനം നൽകുന്പോഴും ലോകത്തെ മറ്റെല്ലാ വിഭാഗങ്ങൾക്കും ന്യായവും നീതിയും ഉറപ്പാക്കുമെന്നുമുള്ള ട്രംപിന്റെ വിജയപ്രസംഗത്തിലെ പരാമർശങ്ങളാവട്ട അതുവരെ മാധ്യമങ്ങളും ട്രംപും നമുക്കു മുന്നിൽ വരച്ചിട്ട പ്രതിരൂപങ്ങൾ മായ്ച്ചെഴുതുന്നതുമായിരുന്നു. തുടർന്നുള്ള അദ്ദേഹത്തിന്റെ ചെയ്തികളും ഇതിന്റെ തുടർച്ച തന്നെയായിരുന്നു. പ്രചാരണവേളയിലെ കടുത്ത നിലപാടുകളിൽ നിന്നും അദ്ദേഹം പിന്നാക്കം പോകുന്നതിന്റെ സൂചനയായാണ് ഒബാമ കെയറിലെ ചില വ്യവസ്ഥകളുടെ കാര്യത്തിലെ നിലപാടു മാറ്റം. എല്ലാ വിഭാഗക്കാരുടെയും ഉന്നമനം തന്നെയാണ് തന്റെ ലക്ഷമെന്നതാണ് ട്രംപ് ഇപ്പോൾ നൽകുന്ന സൂചന. പ്രചാരണ വേളയിലും അതിനുമുന്പുമുള്ള വ്യക്തിയായിരിക്കില്ല ട്രംപെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഒരു പ്രസിഡണ്ടിനും ഒരു സ്വേച്ഛാധിപതിയാകാൻ കഴിയില്ലാത്ത തരത്തിലുള്ളതു തന്നെയാണ് അമേരിക്കൻ ഭരണ സംവിധാനം.
അങ്ങനെയുള്ളൊരു സംവിധാനത്തിൽ ജനവിധി തെരഞ്ഞെടുത്ത വ്യക്തിക്കെതിരേ പോരാട്ടത്തിന് പരോക്ഷമായെങ്കിലും നൽകുന്ന പോരാട്ടാഹ്വാനത്തെ കൊതിക്കെറുവെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ കണ്ണടച്ചു കുറ്റം പറയാനാവില്ല. ട്രംപ് ഒരു മണ്ടനാണെന്ന തരത്തിൽ ഇകഴ്ത്തിയായിരുന്നു സ്വന്തം പക്ഷത്തും എതിർ ചേരിയിലുമുള്ളവർ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തിയത്. ശരിക്കും ജനപിന്തുണ നേടാനുള്ള ട്രംപിന്റെ ശേഷി വിലയിരുത്തുന്നതിൽ പരാജയപ്പെട്ട എതിരാളികൾ ഇവിടെ സ്വയം മണ്ടന്മാരാവുകയായിരുന്നു. ജനമനസ്സറിയുന്നതിലും എതിരാളികൾ അന്പേ പരാജയപ്പെട്ടു. പരാജയപ്പെട്ടിട്ടും സ്വന്തം കുറവുകൾ അവരിൽ ചിലർ അംഗീകരിക്കുന്നില്ല. സ്വന്തം പരാജയത്തിന് എഫ്.ബി.ഐ മേധാവി ജയിംസ് കോമിയെയാണ് ഹിലരി കുറ്റപ്പെടുത്തുന്നത്.
സ്വകാര്യ ഈമെയിൽ വിവാദത്തിന്റെ കാറ്റിലാണ് തന്റെ വിജയ സാദ്ധ്യതകൾ ഇളകിയാടിയതെന്നാണ് അവരുടെ കുറ്റപ്പെടുത്തൽ. വോട്ടെടുപ്പിനു രണ്ടാഴ്ച ബാക്കിനിൽക്കെയായിരുന്നു കോമിയുടെ ആരോപണം. അത് ഹിലരിയുടെ ജനപ്രീതിയിൽ ഇടിവുണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാൽ തെരഞ്ഞെടുപ്പിനു മൂന്നു നാൾ ബാക്കി നിൽക്കെ അതേ കോമി തന്നെ കേസിൽ ഹിലരിയുടെ പക്ഷം ചേർന്ന് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ വരുന്പോൾ സംഭവം വാസ്തവത്തിൽ ഗുണകരമാകേണ്ടത് ഹിലരിക്കു തന്നെയാണ്. പക്ഷേ അവരത് അംഗീകരിക്കുന്നില്ല. എങ്കിലും ഹിലരിയുടെ പരാജയ കാരണം വേറേ ചിലതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നിഗൂഢതകൾ ഏറെയുള്ളൊരു വ്യക്തിത്വമാണ് അവരുടേത് എന്ന പ്രതിച്ഛായ അവർക്കു ദോഷം ചെയ്തു. പത്രക്കാരെല്ലാം പിന്തുണച്ചിട്ടും പലരെയും അനാവശ്യമായി അവഗണിച്ചു. അതിലുമേറെയായിരുന്നു തൊഴിലാളി സമൂഹങ്ങളുടെ ആശങ്കകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയാതെ പോയത്.
വാസ്തവത്തിൽ ജനഹിതമറിയാതെ ഹിലരിയെന്ന പ്രതിബിംബത്തിന് യാഥാർത്ഥ്യത്തെക്കാൾ വലിപ്പം നൽകിയ മാധ്യമ സിണ്ടിക്കേറ്റിനുമുണ്ട് അവരുടെ പരാജയത്തിൽ ചെറുതല്ലാത്ത പങ്ക്. വസ്തുതകൾ വസ്തുതകളായി മനസ്സിലാക്കാൻ കഴിഞ്ഞാലേ പ്രശ്നങ്ങൾക്ക് യുക്തമായ പരിഹാരമുണ്ടാകൂ. ഇഷ്ടങ്ങൾക്കനുസരിച്ച് വസ്തുതകൾ തങ്ങൾക്കനുകൂമായി വളച്ചൊടിച്ചു വിശകലനം ചെയ്താൽ ഒരിക്കലും നമ്മളെത്തിച്ചേരുന്ന നിഗമനങ്ങളും പരിഹാര മാർഗ്ഗങ്ങളും ഉതകണമെന്നില്ല. ഇതു തന്നെയായിരുന്നു ഹിലരി പക്ഷത്തിന് യഥാർത്ഥത്തിൽ സംഭവിച്ചത്. എതിരാളിയുടെ യഥാർത്ഥ വലിപ്പം മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. അധിക്ഷേപങ്ങളിൽ തകർന്നടിഞ്ഞത് ട്രംപിന്റെ പ്രതിച്ഛായയായിരുന്നു ട്രംപ് എന്ന എതിരാളിയായിരുന്നില്ല എന്ന് അവരിനിയും മനസ്സിലാക്കിയിട്ടുമില്ല. അവരുടെ വിജയമംഗീകരിക്കാൻ തുടക്കത്തിൽ അവർ കാട്ടിയ വിമുഖതയും തുടർന്നുള്ള പ്രതിഷേധാഹ്വാനവും ഇതിന്റെ സൂചനയാണ്. അവരുടെ ഹൃദയം നുറുങ്ങിയിരിക്കുകയാണ്. താൻ പ്രസിഡണ്ടായാൽ അവരെ തുറങ്കലിലടയ്ക്കുമെന്ന പ്രചാരണ വേളയിലെ ട്രംപിന്റെ ഭീഷണിയും അതിനുള്ള സാദ്ധ്യതകളും തൽക്കാലത്തേക്കെങ്കിലും ഹിലരി മറന്നിരിക്കുന്നു.
ട്രംപാവട്ടെ താൻ എല്ലാവരുടെയും പ്രസിഡണ്ടെന്നു പ്രഖ്യാപിക്കുന്പോഴും തന്നെ ചൂഴ്ന്നു നിൽക്കുന്ന പ്രവചനാതീത സ്വഭാവം കൂടുതൽ പ്രകടമാക്കുന്ന ശൈലിയും തുടരുകയാണ്. തനിക്കെതിരെ രാജ്യവ്യാപകമായി പ്രകടനം നടത്തുന്ന പ്രതിഷേധക്കാരെ തികഞ്ഞ രാജ്യ സ്നേഹികളെന്നാണ് അദ്ദേഹം പുകഴ്ത്തിയത്. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ അമേരിക്കക്ക് അഭിമാനകരമായ നേട്ടമുണ്ടാക്കാൻ അവർക്കുമാകും എന്ന് ട്രംപ് പറയുന്പോൾ അദ്ദേഹം എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നതെന്ന് അനുകൂലികളും എതിരാളികളും ഒരേപോലെ അത്ഭുതപ്പെടുന്നു. ഒറിഗണിലും വാഷിംഗ്ടൺ ചത്വരത്തിലും ലോസ് ആഞ്ചൽസിലുമെല്ലാം ഇന്നും പ്രതിഷേധങ്ങൾ തുടരുകയാണ്.
ട്രംപ് പ്രസിഡണ്ടായതോടേ കനഡയിലേക്കും ഇംഗ്ലണ്ടിലേക്കും കുടിയേറ്റത്തിനു ശ്രമിക്കുന്നവരും കുറവല്ല. ബഹളങ്ങൾക്കെല്ലാമിടെ ട്രംപിനെതിരെയുള്ള ട്രംപ് യൂണിവേഴ്സിറ്റി കേസ് നടപടികൾ ആരംഭിക്കുന്നതിനെ ചൊല്ലി നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ഭരണഭാരമേൽക്കും വരെ നടപടികളാരംഭിക്കരുതെന്നാണ് ട്രംപ് പക്ഷത്തിന്റെ ആവശ്യം. ഇതിനൊപ്പം ട്രംപിന്റെ വിജയം പ്രവചിച്ച പ്രൊഫസർ അലൻ ലിക്ട്മാൻ ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്ന പ്രഖ്യാപനം നടത്തിയത് എതിരാളികൾക്ക് ആവേശം പകരുന്നുണ്ട്. എന്നാൽ ഇരുസഭകളിലും റിപ്പബ്ലിക്കൻമാർക്കു മേൽക്കയ്യുള്ള സാഹചര്യത്തിൽ ഇതിനുള്ള സാദ്ധ്യത വളരെക്കുറവാണ്. പ്രത്യേകിച്ച് ട്രംപിന് അമേരിക്കൻ ജനതയുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞാൽ.