പുത്തൻ കറൻസിയും സാധാരണ ജനതയും
മനു കാരയാട്
“ഇടിവെട്ടിയവനെ പാന്പുകടിച്ചു” എന്ന അവസ്ഥയിലാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ. അപ്രതീക്ഷിതമായുള്ള പഴയ നോട്ടുകളുടെ പിന്മാറ്റവും അതുവഴി രണ്ട് മുതിർന്ന നോട്ടുകളുടെ രംഗപ്രവേശവും രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു.
ഏതൊരു രാജ്യത്തിന്റെയും സന്പദ്ഘടനയുടെ സന്തുലിതാവസ്ഥക്ക് ഭീഷണിയാണ് കള്ളനോട്ടും കള്ളപ്പണവുമെന്നതിൽ സംശയമില്ല. അതിനെ മറികടക്കാനും കള്ളപ്പണത്തിന്റെ ഉറവിടമില്ലാതാക്കാനും കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടിയെ ഈയുള്ളവൻ സ്വാഗതം ചെയ്യുന്നു. പക്ഷേ പൊടുന്നനെയുള്ള ഈ കറൻസികളുടെ പിന്മാറ്റം സാധാരണക്കാരെ വിഷമവൃത്തത്തിലാക്കിയെന്നതാണ് വാസ്തവം.
ഓരോ ദിനവും ജോലി ചെയ്ത് കിട്ടുന്ന കൂലി മാത്രം ആശ്രയിച്ച് കുടുംബം പോറ്റുന്ന സാധാരണക്കാരാണ് ഇന്ത്യയിൽ ബഹുഭൂരിപക്ഷവും. ദൈനംദിന വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇത്തരക്കാർക്ക് പുതിയ സാന്പത്തിക നിയന്ത്രണവും നിയമവും വലിയ വിഷമഘട്ടത്തിലേക്കാണ് നയിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്ന പുതിയ നിയമംമൂലം കൈയ്യിലെ ഈ ഒറ്റനോട്ട് കൊണ്ട് ദൈനംദിന കാര്യങ്ങൾ നടത്താൻ പ്രയാസപ്പെടുന്ന പാവങ്ങളുടെ വേദനാജനകമായ കാഴ്ച അന്പരപ്പിക്കുന്നതാണ്.
ഏതൊരു നിയമങ്ങളും നടപ്പാക്കപ്പെടുന്പോൾ അതിന് ഒരു മറുവശം സാധാരണമാണ്. കുറ്റങ്ങളും കുറവുകളും ചർച്ച ചെയ്യപ്പെടുകയും പരിഹരിക്കപ്പെടുകയുമാവാം. പക്ഷേ നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇരുട്ടടി നൽകിക്കൊണ്ടുള്ള തീരുമാനങ്ങൾ നമ്മുടെ ഭരണവർഗ്ഗം നടപ്പാക്കുന്പോൾ ഒരു കരുതൽ വേണ്ടിയിരുന്നുവെന്ന് മാത്രം. പുതിയ നിയമങ്ങളും തീരുമാനങ്ങളുമൊക്കെ എത്രത്തോളം കള്ളപ്പണത്തെ ഇല്ലാതാക്കുമെന്നത് വരും ദിനങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും നാം കണ്ടറിയുകയും ചെയ്യാവുന്ന കാര്യമാണ്. പക്ഷേ ഈ നിയന്ത്രണത്തിന് ഒരു ചെറിയ സമയമെങ്കിലും നൽകിയിരുന്നെങ്കിൽ നമ്മുടെ സാധാരണക്കാർക്ക് അവരുടെ നിത്യജീവിതച്ചിലവുകളുടെ കാര്യത്തിൽ ഒരു മുന്നൊരുക്കം നടത്താനുള്ള അവസരം ലഭിക്കുമായിരുന്നെന്നു മാത്രം.
രാജ്യത്തെ പാവപ്പെട്ടതും സാധാരണക്കാരുമായ ജനവിഭാഗത്തെയും അവരുടെ ജീവിത പ്രതിസന്ധികളെയും കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നവരാകണം നമ്മുടെ ഭരണാധികാരികൾ. എങ്കിൽ മാത്രമേ ആ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ആശാവഹമാകുന്നുള്ളൂ. ഇന്നലെയും ഇന്നുമായി നമ്മുടെ വിപണികളിൽ ഈ മുതിർന്ന നോട്ടുകൾ തിരിച്ചയക്കപ്പെടുകയാണ്. സാധാരണക്കാർ ഇത്തരം നോട്ടുകളുമായി നെട്ടോട്ടമോടുകയാണ്. ഓരോ രാത്രിയും നാമൊക്കെ ഉറങ്ങാനൊരുങ്ങുന്നത് പുതിയ ദിനത്തിലെ പുത്തൻ പ്രതീക്ഷകളുടെ കാൽപ്പെരുമാറ്റമോർത്തു കൊണ്ടായിരിക്കാം. അങ്ങനെയൊരു രാത്രി ഇരുട്ടിവെളുക്കുന്പോഴേക്കും നാം സ്വന്തമായി കരുതി വെച്ച സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ മേൽകരി നിഴൽ പോലെയാണ് ഈ നിയന്ത്രണവും വന്നുപെട്ടത്. വിലപ്പെട്ടതെന്നു കരുതി സൂക്ഷിച്ചു വെച്ചത് വെറും കരിക്കട്ടയായി മാറുന്നതിലെ ദു:ഖം എല്ലാവരിലും നിഴലിക്കുന്നുണ്ട്. തുടങ്ങി വെച്ച പല പദ്ധതികളും പാതിവഴിയിൽ നിലച്ചുപോയ സാധാരണക്കാർ. പെൺമക്കളുടെ വിവാഹ മുറപ്പിച്ച മാതാപിതാക്കൾ എല്ലാവരിലുമുണ്ട് വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടു പോയ വേദനയുടെ മുഖം.
പുതിയ നിയമവും നിയന്ത്രണവുമൊക്കെ രാജ്യത്തിന്റെ സന്പദ്ഘടനക്കും വളർച്ചാ പുരോഗതിക്കുമൊക്കെ ഉന്മേഷം നൽകുന്ന കാര്യമാണെങ്കിലും രാജ്യത്തെ വന്പന്മാരായ കള്ളപ്പണ രാജാക്കന്മാരെ ഇതെത്രത്തോളം ബാധിച്ചേക്കാമെന്നത് വരും നാളുകളിൽ നാം കണ്ടറിയുമോ? വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങൾ പോലും കൃത്യമായി പറയാൻ കഴിയാത്ത ഒരവസരത്തിലാണ് ഈ പുതിയ കറൻസി നിരോധനമെന്നത് ശ്രദ്ധേയമാണ്. പുതിയ സാന്പത്തിക നിയന്ത്രണവും കറൻസിയുടെ രൂപ മാറ്റവുമൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ വിദഗ്ദർ വിശകലനം ചെയ്യുന്പോഴും ഈ ദിവസങ്ങളിൽ രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്ന ക്ലേശങ്ങളെ മുഖവിലക്കെടുക്കാൻ ഒരു ഭരണ കർത്താക്കളും മുന്നോട്ടു വരുന്നുമില്ല.
നിയമങ്ങൾ എന്നും നടപ്പാക്കാനുള്ളതു തന്നെയാണ്.രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ നിയമങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണക്കപ്പെടേണ്ടതുമാണ്. പക്ഷേ അപ്പോഴും ആശങ്ക ബാക്കി കിടക്കുന്നു. നമ്മുടെ സാധാരണ ജനങ്ങൾ നിത്യവൃത്തിക്കുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടെ ഇതു പോലുള്ള ധൃതി പിടിച്ച തീരുമാനങ്ങൾ ഭരണവർഗ്ഗം നടപ്പാക്കുന്പോൾ അവരുടെ മുഖം ഒരിക്കൽ കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
കള്ളപ്പണവും കള്ളപ്പറയുമില്ലാത്ത പുതിയൊരു ഇന്ത്യക്കായി ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ....