അമേ­രി­ക്കയു­ടെ­ തു­റു­പ്പു­ ഗു­ലാ­ൻ


വി.ആർ. സത്യദേവ്

TRUMP: a playing card of the suit chosen to rank above the others, which can win a trick where a card of a different suit has been led.ആംഗലേയത്തിൽ അങ്ങനെ പരത്തിപ്പറയുന്പോഴും അതിന്റെ മലയാള പരിഭാഷ നമുക്ക് എളുപ്പത്തിൽ പറയാനാകും; തുറുപ്പു ഗുലാൻ. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ അതിപ്രശസ്ത സിനിമമൂലം മാത്രമല്ല ചീട്ടു കളിക്കാരും അല്ലാത്തവരുമായ മലയാളികൾക്കൊക്കെ ചിരപരിചിതമാണ് ആ പ്രയോഗം. ഏതു ചീട്ടിന്റെയും ചീട്ടു കീറാൻ ശേഷിയുള്ളൊരു ചീട്ടത്രേ തുറുപ്പു ചീട്ട്. ട്രംപ് എന്ന ഇംഗ്ലീഷ് വാക്കിനർത്ഥം തുറുപ്പു ചീട്ട് എന്നു തന്നെയാണ്. വാക്ക് അന്വർത്ഥമാകുന്നത് ആകസ്മികതയാണ്. അമേരിക്കയിൽ അതു സംഭവിക്കുകയാണ്. വരും കാലങ്ങളിൽ സ്വന്തം നാടിനെ നയിക്കാനുള്ള ഉത്തരവാദിത്ത്വം അവരേൽപ്പിച്ചിരിക്കുന്നത് ഒരു തുറുപ്പു ഗുലാനിലാണ്. A TRUMP CARD. ഒരു യഥാർത്ഥ തുറുപ്പു ഗുലാൻ. ഡൊണാൾഡ് ട്രംപ്. അടുത്ത നാലു വർഷത്തെ അമേരിക്കൻ പ്രസിഡണ്ട്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ സർവ്വസൈന്യാധിപൻ. അശക്തനെന്ന് എഴുതിത്തള്ളിയ മാധ്യമധർമ്മ ശൂന്യതയെ ആത്യന്തികമായ വിജയം കൊണ്ടു വായടപ്പിച്ച അഭിനവ ഗുലാൻ. തുറുപ്പു ഗുലാൻ. 

മലയാളമറിയുമായിരുന്നെങ്കിൽ നമ്മുടെ ചില മലയാള ചാനലുകളുടെ തിരഞ്ഞെടുപ്പവലോകനം കേട്ടു മനം നൊന്ത് അന്പേ പതറി പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ ട്രംപ് തകർന്നടിഞ്ഞേനെയെന്നു മുഖപുസ്തകത്തിൽ കുറിച്ചിട്ടത് പ്രിയസുഹൃത്ത് അംബാസിഡർ അജയകുമാറാണ്. കൃത്യമായ വിശകലനവും ഉന്നം തെറ്റാത്ത പരിഹാസ ശരവുമായിരുന്നു അത്. കേരളത്തിലെ പൊതുജനം PRESTITUTES എന്നു വിളിക്കുന്ന, പ്രത്യയ ശാസ്ത്രാടിമത്തത്തിലൂന്നി മാധ്യമ പ്രവർത്തനം നടത്തുന്ന ഒരു വിഭാഗം ഇത്തരത്തിലുള്ള കൂലിയെഴുത്തു നടത്തുന്നുവെന്നത് പുത്തൻ വാർത്തയല്ല. ഇത്തവണ അത് അമേരിക്കയോളം എത്തി എന്നുമാത്രം. എന്നാലിക്കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്നതാണ് വാസ്തവം. 

ഭൂമി മലയാളത്തിലെതിനു തുല്യമോ അതിലും മോശമോ ആണ് കൂലിയെഴുത്തിന്റെ കാര്യത്തിൽ സാധ്യതകളുടെയും സർവ്വസ്വാതന്ത്ര്യത്തിന്റെയും നാടായ അമേരിക്കയും. ഈ പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ ഇതു ലോകത്തിനു ഒരിക്കൽക്കൂടി വ്യക്തമായി. അടുത്തിടെ ഒക്കൽ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമത്തിൽ സംസാരിക്കുന്പോൾ ‘ഒക്കലിനെക്കുറിച്ച് അന്വേഷിച്ചിട്ട് കാര്യമായി എനിക്കൊന്നും കണ്ടത്താനായില്ല’ എന്നു പരാമർശിക്കാനിടയായി. അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കാതിരുന്നതിനാലാണ് വേണ്ട വിവരം കിട്ടാതെ പോയത് എന്നതായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകനും കെ.സി.എ നായകനുമായ ജോസേട്ടൻ അതിനോടു സ്നേഹപൂർവ്വം നിശിതമായി പ്രതികരിച്ചത്. അതു വാസ്തവമായിരുന്നു. മാധ്യമപ്രവർത്തകനെന്ന നിലയിൽ ഞാൻ എന്റെ പ്രതിബദ്ധത അക്കാര്യത്തിൽ കാത്തുസൂക്ഷിച്ചില്ല. നെറ്റിൽ മാത്രമല്ല നേരിട്ടും എനിക്ക് അന്വേഷിക്കാമായിരുന്നു. സമയ പരിമിതി മൂലം എനിക്കതിനായില്ല. എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് അമേരിക്കൻ തിരഞ്ഞെടുപ്പു റിപ്പോർട്ടിംഗിലെയും വിശകലനത്തിലെയും ലോക മാധ്യമങ്ങളുടെ പിഴവുകൾ വ്യക്തമാക്കുന്നത്. 

അച്ചടിച്ചു വരുന്നതിന് ഒരു വിശ്വാസ്യതയുണ്ട്. അത് സത്യമായിരിക്കും എന്നതിനാലാണ് മനുഷ്യ മനസിൽ അങ്ങനെയൊരു വിശ്വാസം രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ എന്ത് അച്ചടിച്ചാലും അതിനു വിശ്വാസ്യത ലഭിച്ചുകൊള്ളും എന്നായിരിക്കുന്നു പൊതുവെ മാധ്യമങ്ങളഉടെ സ്ഥിതി. അമേരിക്കയിൽ ഫോക്സ് ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങളെല്ലാം ഹിലാരി ക്ലിന്റന്റെ വിജയം പ്രഖ്യാപിച്ചതിനെ ഇങ്ങനെയെല്ലാതെ വിലയിരുത്തുക അസാധ്യമാണ്. 

നേരിട്ടുള്ള റിപ്പോർട്ടിംഗുകളിലൊഴികെ ആഗോള തലത്തിൽ കോളമിസ്റ്റുകളും മാധ്യമപ്രവർത്തകരും പൊതുവെ ആശ്രയിക്കുന്ന വിവിധ പ്രാദേശിക മാധ്യമങ്ങളുടെയും വാർത്താ ഏജൻസികളുടെയും റിപ്പോർട്ടുകളെയാണ്. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഈ രീതിയനുവർത്തിച്ചവരെ തികച്ചും നിരാശരാക്കുന്നതായിരുന്നു അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് ശൈലി. അവരെല്ലാം പ്രവർത്തിച്ചത് ഹിലാരി ക്ലിന്റനെന്ന മുൻ പ്രഥമ വനിതക്കും ഡെമോക്രാറ്റിക് കക്ഷിക്കും വേണ്ടി മാത്രമായിരുന്നു. ലോകപ്രശസ്ത ചാനലായ സി.എൻ.എന്നിനെ ‘ക്ലിന്റൺ ന്യൂസ് നെറ്റ്്വർക്കെ’ന്ന് കളിയാക്കപ്പെടും വിധം അധഃപതിച്ചു ആ ശൈലി. പ്രസിഡണ്ടു തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ചും ജനഹിതത്തെക്കുറിച്ചുമുള്ള സ്വന്തം താൽപര്യങ്ങൾ മാത്രമായിരുന്നു വാർത്തകളും വിശകലനങ്ങളുമെന്ന നിലക്ക് അവരെല്ലാം നമ്മളെ അറിയിച്ചുകൊണ്ടിരുന്നത്. 

കഴിഞ്ഞ മുപ്പതു വർഷമായി അമേരിക്കൻ പ്രസിഡണ്ടാവാൻ ഒരുക്കം തുടങ്ങിയ ഒരു ബിസിനസ് സംരംഭകനെ ഇന്നലെക്കുരുത്ത തകരയായി ചിത്രീകരിക്കാൻ അമേരിക്കൻ മാധ്യമ ഭൂരിപക്ഷത്തിനു കഴിഞ്ഞു.

തങ്ങളെഴുതുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങി അതിനനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന മൂഢ സമൂഹമാണ് അമേരിക്കയെന്ന മാധ്യമ ധാർഷ്ട്യം വഴിമാറിയിരിക്കുന്നു. നിഗൂഢതകളുടെ കരിനിഴൽ വീഴ്ത്തിയ വ്യക്തിത്വം ഹിലാരി ക്ലിന്റനെന്ന ഡെമോക്രാറ്റിനു വിനയായിരിക്കുന്നു. ഒരു വനിതയെ വാഴ്ത്താൻ തക്കവണ്ണം യാങ്കി സമൂഹം പാകതയാർന്നിട്ടില്ലെന്നു വെളിവായിരിക്കുന്നു. എല്ലാറ്റിനും സ്വാതന്ത്ര്യമുള്ള നാടെന്ന അമേരിക്കൻ പ്രതിച്ഛായക്കും മാറ്റം സംഭവിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ പ്രതിരൂപമെന്ന് ലോകം തെറ്റിദ്ധരിച്ച ഹിലാരി ക്ലിന്റനെന്ന ധാർഷ്ട്യത്തിന്റെ മാധ്യമ വിരുദ്ധതയും ലോകത്തിനു വെളിവായിക്കഴിഞ്ഞു. ക്ലിന്റൻ സ്വന്തം പരാജയം അംഗീകരിക്കുമോയെന്നു സംശയമുദിപ്പിച്ച രംഗങ്ങൾ പ്രതിച്ഛായയും യാഥാർത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകൾ കൂടുതൽ വ്യക്തമാക്കുന്നതായിരുന്നെന്നു പറയാതെ വയ്യ.

ഇനിയുള്ളത് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. ഹിന്ദുവിന്റെയും ഭാരതതത്തിന്റെയും ആരാധകനെന്നു പ്രചാരണവേളയിൽ പ്രഖ്യാപിച്ച തുറുപ്പു ഗുലാന്റെ തുടർ നടപടികൾ എത്തരത്തിലാവും? ആശങ്കയുണർത്തുന്ന കാര്യം തന്നെയാണ് ഇത്. എന്നാൽ ഇന്ത്യയെക്കുറിച്ച് അറിവും കരുതലും ഉണ്ടായിരുന്ന ഹിലാരിയുടെയും ഒബാമയുടെയും നടപടികളും നടപടി ദോഷങ്ങളും കൂടി ഇക്കാര്യത്തിൽ നമ്മൾ പരിശോധിച്ചേ മതിയാവൂ. ന്യൂക്ലിയർ ടെസ്റ്റ് ബാൻ ട്രീറ്റിയിൽ ഇന്ത്യയെന്ന പരമാധികാര രാഷ്ട്രത്തെ ആവും വിധമൊക്കെ ഉപദ്രവിച്ച ചരിത്രമാണ് ക്ലിന്റൻ-ഒബാമ പ്രഭൃതികൾക്കുള്ളത്. നമ്മുടെ ആണവോർജ്ജ വികസനത്തെ പരോക്ഷമായി അതു സഹായിച്ചു എന്നുള്ളത് വേറെ കാര്യം. എന്നിരിക്കിലും ഗുണകരമല്ലാത്ത ആ സാഹചര്യത്തിലും മികവായിരിക്കും ട്രംപ് ഭരണകാലത്ത് അമേരിക്കയും ഇന്ത്യയുമായി ഉണ്ടാവുക എന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. 

പ്രചാരണ രംഗത്തെ വെറി പൂണ്ട വ്യക്തിത്വമായിരുന്നില്ല വിജയിയായ ട്രംപിൽ ലോകം കണ്ടത്. പ്രചാരണവേളയിൽ വിജയത്തിനായി ഉപയോഗിക്കുന്ന എല്ലാ ശരിയാക്കൽ പ്രയോഗങ്ങളും ഭരണ കാലത്ത് പ്രായോഗികമായിരിക്കണമെന്നില്ല എന്ന് ഭൂമിമലയാളത്തിലെ അനുഭവം കൊണ്ടു തന്നെ നമുക്കറിയാം. മൂന്നു പതിറ്റാണ്ടായി അമേരിക്കൻ പ്രസിഡണ്ടാവാൻ ശ്രമിക്കുന്ന വ്യക്തിയെ മാധ്യമങ്ങൾക്കു ചിത്രവധം ചെയ്യാനാവും എന്നും ഇന്നു നമുക്കറിയാം. എന്നാൽ ജനഹിതമറിയാതെ സ്വാർത്ഥം നടപ്പാക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ചെറുത്തു തോൽപ്പിക്കുമെന്നും ഇന്നു നമുക്കറിയാം. തുറുപ്പു ഗുലാൻ തുറുപ്പു ഗുലാനാണ്. അതിനെതിരെ നിൽക്കുന്ന മാധ്യമങ്ങൾ അത് അമേരിക്കയായാലും ഇന്ത്യയായാലും സ്വയം വില കെടുത്തുകയാണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പു ഫലം. 

 

You might also like

Most Viewed